സ്നേഹിതാനുഭവ..

ശൗരിതന്‍ നയന,മതേഗാത്രമത്രമേല്‍
സൗമ്യം ശുഭസ്മിതരൂപം; തേജോമയം!
ആരിതെന്‍ മുന്നില്‍നില്‍ക്കുന്നതാമീ,മഹാ-
തേജസ്വി! കൈകൂപ്പിനില്‍പ്പിതേന്‍ സാദരം.
ഹേമവര്‍ണ്ണംപോല്‍ നിറഞ്ഞൂപ്രഭ; യതിന്‍-
മീതെയായേനറിഞ്ഞിന്നു-തിരുഹിതം
വീണുപോയ് ചരണാംബുരുഹ യുഗ്മത്തിലേ-
നറിയാതെ തല്‍ക്ഷണം; മന്ദം വിടര്‍ന്നകം.
വിധിശാസനാല്‍വന്നരികിലായ് നിന്നതോ,
മമ മുക്തസംഭ്രമ മനഃചഞ്ചലത്തിനോ?
തത്ര തവചാരെ ചിരിതൂകിയെത്രപേര്‍
കൃത്യമായര്‍ത്ഥിച്ചിതേന്‍-പരിപാഹിമാം.
അനന്തരം മൃദുമന്ദഹാസംവിടര്‍ന്നുടന്‍
തൃക്കൈകള്‍ മൂര്‍ദ്ധാവില്‍വച്ചൂ ഗദാഗ്രജന്‍
ഹൃദയപരിതാപവുമൊന്നായ് ശമിച്ചുടന്‍
ഗുരുചരണപത്മേ നമിച്ച പ്രതീതിയില്‍.
ധര്‍മ്മപരമാനസ സന്നിധിയില്‍നില്‍ക്കവേ,
ഖിന്നതയെല്ലാമലിഞ്ഞുപോയ്, ധന്യനായ്
പിന്നാലെവന്നു ചിതാനന്ദ,മതിശക്ത-
തുല്യമായ്‌ത്തീര്‍ന്നുടല്‍ നീങ്ങിയെന്നാധികള്‍
മുഖാംബുജംകണ്ടു ലയിച്ചുനില്‍ക്കുന്നയെന്‍
ലംബിതഹാര,മല്പംതാഴ്ന്നു; പിന്നെയും
ജഗന്നാഥഭാവമില്ലതികരുണമാം നയന-
മാവോളമേന്‍നോക്കി നിന്നുവത്യാദരം
വൈരേണ പോകുന്നന്നതാരാണുതിരികെ,പി-
ന്നൊരുദിനമാ,സ്മിതാസ്യത്തേയറിയുകില്‍?
കൈരാതവേഷമണിഞ്ഞുചെന്നീടിലും
വൈകാതെയാകുമാരുംമര്‍ത്യജാതിയില്‍.
പ്രപഞ്ചൈക കര്‍ത്താ, തിരുമുമ്പിലടിയന്നു-
മിത്ഥം നമിക്കുവാനായതേ,യത്ഭുതം!
ഏനരുണപങ്കജം കണ്ടുമതിയായതി-
ല്ലറിയാതുണര്‍ന്നുപോയ്,ഭൂതലേ;യീവിധം!!

Generated from archived content: poem2_jan13_14.html Author: anwersasha_umayanallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here