കുമിളകള്‍

പുലരിയായുണരവേ,യാരമ്യ നിരകളി-
ലതിശ്രേഷ്ഠമായൊരുക്കീടുമിപ്പൂക്കളില്‍
നീയിതാമന്ദംകുറിക്കുന്നു കവിതകള്‍
നാരായമാക്കിടുന്നുടനെയീ,ചിന്തകള്‍.
ധമനികളാംനദികളുരുവിടും കവനങ്ങ-
ളോരോന്നിലുമേനറിയുന്നു,തിരുഹിതം
കുഞ്ഞിളമരുവികള്‍ മൂളുന്ന വരികളി-
ലുയരുന്നതും തിരു-നാമങ്ങളനുദിനം.

വിശിഷ്ടമീ വൃഷ്ടിയും മമ സമസൃഷ്ടിയും
ഗ്രാമീണഭംഗിയു,മുപരിയെന്നുലകിതും
രുചിരമായൊരുധന്യ കവനസ്സമാനമാ-
യുരചെയ്‌വനുദിനമാ,ധര്‍മ്മവൈഭവം
നിന്ദിപ്പവര്‍ക്കുമി,ന്നലിവാര്‍ന്നതാമകം
നല്‍കിടുന്നോനെ, പിറന്നയീ മണ്ണിലും
തുറന്നേകിയെങ്കിലും-കണ്ടില്ലപലരുമീ-
പാരെന്ന,പാരായണാര്‍ഹമാംപുസ്തകം.

ജീവന്റെതുഴയെറിഞ്ഞിന്നുമേനീവിധം
ജന്മാഴിതന്‍പാതിയോടടുത്തെത്തവേ,
ഹൃദ്കാവ്യസ്പന്ദംനുകര്‍ന്നപോലിന്നുമീ-
യോളങ്ങള്‍ താളംപിടിക്കുന്നകമെയും
സന്ധ്യയാകട്ടെയീ,മനമാകെ-പിന്നിതാ,
ഭക്തിതന്‍നിറദീപമിന്നുംതെളിക്കുന്നു
വ്യക്തമാകുന്നു: മഹാവിഭോ,യീവിധം!
ഹൃത്താളസാമ്യം; തവസ്നേഹമേവതും.

നേരല്ലിതെന്നുര ചെയ്തീടുമെന്നപോല്‍
നേരമില്ലെന്നു,പുലമ്പുവോര്‍ക്കായിതാ
താരങ്ങളേകസ്വരത്തില്‍വിവരിപ്പൊരു;
ദര്‍ശനം! കരവിരുതിന്മഹാ സുസ്മിതം
ഹൃഷ്ടയാമീ,ജന്മഗ്രാമത്തിലേയ്ക്കുഞാന്‍
ദൃഷ്ടിപായിക്കവേയറിയുന്നു,പിന്നെയു-
മെന്നത്യുദാരനേ, തവകര്‍മ്മവൈഭവം
ചിന്തനീയം; പരമോത്കൃഷ്ടമാകെയും.

മന്ത്രാക്ഷരങ്ങളായ്‌പ്പൊഴിയുന്നയീമഴ-
ത്തുള്ളികള്‍പോലുംനമിച്ചോതിടുന്നയ-
ത്തന്ത്രീലയസ്സുസമന്വിത ശ്ലോകത്തെ,
നന്നായ് ഹൃദിസ്ഥമാക്കീടുന്ന-കാലമേ,
സാക്ഷിയെന്നറിന്നുനിത്യം! മഹാസത്യ-
മാകുമാ,യേകന്റെയേതുകര്‍മ്മത്തിനും
“വിസ്‌മരിച്ചീടുന്നു; വിശ്വൈകനാഥനേ,
നശ്വരരെന്നറിയാത്തപോല്‍-മാനവര്‍!”

Generated from archived content: poem2_apr17_14.html Author: anwersasha_umayanallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here