കടല്‍ ചോദിക്കുന്നു…

അനുദിനമൊരുസുതന്‍ മരണത്തെയറിയുന്നു
കയ്പ്പാദ്യമുയരുന്ന മധുരത്തെയറിയുന്ന
ഹൃദയതിരുമുറിവില്‍നിന്നുതിരുന്ന രുധിരമാം
മുത്തുപോല്‍ തൂലികത്തുമ്പില്‍ത്തുളുമ്പുന്നു.

മുനകൂര്‍ത്ത വാക്കേറ്റിടനെഞ്ചു തകരവേ,
പാപികളില്ലാത്തയുലകിതെന്നറിയുന്നു
കണ്ണുകള്‍ കഴുകുകള്‍ക്കൊണ്ടുപോയീടിലും
നിപതിച്ച ഭാവിതന്‍ പല്ലുകള്‍ തിരയുന്നു.

മൂകമായകമേ,യൊതുങ്ങാത്ത യൗവ്വനം
കവനനദിയായിത്തിരിഞ്ഞൊഴുകുമ്പോഴും
കനവുകള്‍വെന്തചിലരുളളില്‍ക്കുറിച്ചിട്ട
വരികളില്‍ തലചായ്ച്ചുനില്‍ക്കുന്നു-ജീവിതം.

നിരയറ്റ പുലരികള്‍ മാഞ്ഞുപോയീടവേ,
തിരവീശിയഴലാല്‍വിളിക്കുന്നു; സാഗരം
വര്‍ത്തമാനം നൃത്തമാടുമെന്നന്‍പോടെ
പ്രവചിക്കയാണു കാക്കാലത്തി പിന്നെയും.

ചിന്തയില്‍പ്പടരുന്ന സന്ധ്യാസമാനമായ്
നീറുന്നുലകിന്റെ നയനങ്ങളാകെയും
വീഥിയില്ലിനിമുന്നിലെന്നറിഞ്ഞീടിനാല്‍
നിറവോടെ പാഥേയമെറിയുന്നു കാകനും.

വ്യഥയില്‍നിന്നിറ്റിടും കാവ്യസുരരക്തവും
മൃത്യുവിന്‍ വര്‍ണ്ണമായ്‌ത്തീരുന്ന രാവിതില്‍
തിരിതാഴ്‌ത്തിനില്‍ക്കുമീ, താരാഗണങ്ങള്‍ക്ക്
വഴിവിളക്കേതിന്നഭയമായ്‌ത്തീര്‍ന്നിടും?

Generated from archived content: poem1_oct11_13.html Author: anwersasha_umayanallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here