ആപാദമധുരമാം സംഗീതമെന്നപോ-
ലാസ്വദിച്ചീടാന്‍ കൊതിക്കയാണെന്‍മനം
സന്ധിയില്ലിനിയൊരുകാലവുമാ,യെന്റെ-
യന്ത്യം കുറിച്ചുവയ്ക്കട്ടെഞാനീക്ഷണം.
അന്തരംഗത്തിലൂടൊഴുകിവന്നെത്തിയോ-
രീനല്ലചിന്തയില്‍ ചന്ദനംചാര്‍ത്തണം
നോവിന്‍രുചിയിന്നൊരാള്‍ക്കും പകര്‍ന്നിടാ-
നാവില്ല! നാവിലൂറുന്നതിന്‍ തേന്‍കണം.
സന്ധ്യമയങ്ങുന്നതിന്‍മുന്‍പുതന്നെയെന്‍
ബന്ധങ്ങളില്‍നിന്നു മുക്തിപ്രാപിക്കണം
ബന്ധുരമല്ലാത്തൊരീജീവിതത്തെയി-
ന്നെന്തിന്നു പൊന്‍നിധിപോലെകാത്തീടണം?
നിന്നെക്ഷണിച്ചുകൊണ്ടാശയോടിത്രനാള്‍
കാത്തിരുന്നാരാധകനാകുമീയിവന്‍
സത്യത്തില്‍ നീ വിസ്മരിച്ചുപോയോ, വരൂ!
മൃത്യുവാംതോഴാ, നിനക്കുസുസ്വാഗതം.
ഒരുമാത്രയാസ്വദിച്ചീടുവാനല്ലെങ്കി-
ലെങ്കിലീയുലകില്‍നാം നൊന്തുജീവിക്കണം;
ഗാത്രംവളര്‍ന്നുപോയെങ്കിലുമിന്നുമെന്‍
നേത്രങ്ങളില്‍നിന്നുതിരുന്നു നീര്‍ക്കണം.
ചങ്കുപൊട്ടിപ്പാടിയൊന്നുതീര്‍ക്കട്ടെയെന്‍
സങ്കടം, സങ്കീര്‍ണ്ണമാണിന്നു ജീവിതം
നൊമ്പരക്കടലാണുചുറ്റിലു,മറിയുകെന്‍
പങ്കായവും തിരമാലകള്‍ കൊണ്ടുപോയ്.
ഒരു സ്നേഹമഴയെന്നുണര്‍ത്തുപാട്ടാകവേ-
മിഴിനീരിലെന്‍വഴിയൊഴുകിമറഞ്ഞുപോയ്
പിരിയട്ടെയൂഴില്‍നിന്നുമെന്‍ തോഴരേ-
യിനിയില്ലയൂഴവും, നേരവുംതീര്‍ന്നുപോയ്.
ഭീരുവല്ലിന്നുഞാ,നീഭാരതത്തിന്റെ-
യഭിമാനമാകാന്‍ പിറന്നവനെങ്കിലും
ഭാവിയിന്നെന്‍നേര്‍ക്കു കൂരമ്പയക്കയാല്‍
ഭൂതലത്തില്‍നിന്നകന്നുമാറട്ടെഞാന്‍.
ഒഴുകിവന്നെത്തുമെന്‍ കാവ്യങ്ങളൊരുകുളിര്‍-
ത്തെന്നലായൊരുകാലമുയരുമെന്‍ സ്മരണകള്‍
അതുവഴി നുകരുമെന്നാത്മാവൊരിക്കലെന്‍
ജീവിതം നല്‍കാതിരുന്ന, തേന്‍പുലരികള്‍!!
Generated from archived content: poem1_may26_14.html Author: anwersasha_umayanallor
Click this button or press Ctrl+G to toggle between Malayalam and English