ഓണം..പൊന്നോണം..

സപ്‌തവര്‍ണ്ണങ്ങളാലവനിതന്‍ കനവുകള്‍
നൃത്തമാടിക്കുമെന്‍ ശാലീനചിങ്ങമേ,
സ്മരണീയ സുകൃതമലയാളപൊന്നോണമേ,
അമൃതേകിടാനരികിലണയുന്ന പുണ്യമേ
മഞ്ജുശലഭങ്ങളീ മമ സൗമ്യകൈരളി-
ക്കതിരറ്റയാനന്ദമേകുമീ വേളയില്‍
പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ-
ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍
വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍
സുസ്മിതംതൂകിനില്‍ക്കുന്നേറെ; നോവുകള്‍
നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നു
ചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍.

രമ്യഭാവങ്ങളാലരുണനീ, പടവുകള്‍
നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,
ഒച്ചയുണ്ടാക്കാതിളംകാറ്റുവന്നിതെന്‍
കൊച്ചോമനതന്‍ മിഴിപൊത്തിനില്‍ക്കയാല്‍
ലതികകള്‍തോറുംനിറയുന്ന പുഞ്ചിരി
ചെഞ്ചുണ്ടിലേയ്‌ക്കു പകര്‍ത്തുന്നമാതിരി
തളിരിളംകൈകളാലരുമതന്‍ ചൊടികളി-
ലതിലോലസ്മേരമൊന്നെഴുതുന്നു കൈരളി
ശ്രുതിമധുരമായ്‌പ്പാടിടുന്നാത്മനിര്‍വൃതി
ശ്രീലകമായിതെന്‍ മാതൃമനോഗതി
ശ്രാവണമാസമേ, നിന്‍ഹൃദ്യപൂവിളി
ശ്രവണസുഖമേകിടുന്നേറെയി;ന്നെന്‍സ്‌തുതി.

വര്‍ഷങ്ങളെണ്ണിമാറ്റീടവേ, കാലമെന്‍
പുലരിക്കു പുതുവര്‍ണ്ണമേകുമീയവനിയില്‍
പിടിതരാതകലേയ്ക്കുപോയയുത്സാഹമെന്‍
കാല്പാടുകള്‍നോക്കിയെത്തുന്നു ഝടിതിയില്‍
നിസ്‌തുലസ്നേഹം പരക്കുമീവേളയില്‍
സ്വസ്ഥതയൊന്നായ് നുകരുന്നു സോദരര്‍
വിസ്‌തൃതഭൂവിതിലില്ലസ്‌തയമൊ-
ന്നെന്നുണര്‍ത്തീടുന്നതിമോദരാവുകള്‍
ബന്ധംപുതുക്കിനീങ്ങുന്നു; പരസ്‌പരം
കയ്‌പ്പുനീരേകിയിരുന്ന മനസ്സുകള്‍
കന്മഷമാകെയകറ്റി, നവോന്മേഷ-
നിമിഷങ്ങളേകുന്നു-പൊന്നോണനാളുകള്

-2-
ഹരിതമീ മലയാളഭൂമിതന്‍ നല്‌പ്പുതു-
വര്‍ഷോത്സവം ഹര്‍ഷമായിടാന്‍ സാദരം
തുളസികളെന്നാര്‍ദ്രചിന്തപോല്‍ സന്തതം
പ്രാര്‍ത്ഥനാനിരതമാക്കീടുന്നു സന്ധ്യകള്‍
അര്‍പ്പിപ്പു കൈരളീദേവിതന്‍മുമ്പിലായ്
നാളീകേരങ്ങളീ കല്‌പവൃക്ഷങ്ങളും
കളിചിരി,കുസൃതിക,ളതിമോദപുലരൊളി-
യെങ്ങുംപരക്കുകയാണെന്നുലകിതില്‍
ഈഹര്‍ഷമീവര്‍ഷമിതുപോലെതുടരുകി-
ലതിലേറെയില്ലൊന്നുമെന്നറിഞ്ഞീടുകില്‍
സ്‌തുത്യര്‍ഹസേവകരാകനാം; നന്മതന്‍
നിത്യവസന്തംവരുത്തുവാനവനിയില്‍.

Generated from archived content: poem1_agu27_14.html Author: anwersasha_umayanallor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here