അലിഗഡിൽ ഒരു പശു എന്ന ഈ കഥ ഒരു ചരിത്ര സംഭവമാണ്. ഒരുപക്ഷേ, ഇതിൽ അർധസത്യമേ ഉണ്ടായിരിക്കൂ. അങ്ങനെയെങ്കിൽ ഇത് പാതി ചരിത്രവും പാതി കഥയുമായിരിക്കും. അല്ലെങ്കിൽ ഇതിൽപ്പറയുന്ന കാര്യങ്ങൾ പൂർണ്ണമായും അസത്യവും ഒരാളുടെ തികഞ്ഞ സങ്കല്പനവും മാത്രമാകാം. അങ്ങിനെയെങ്കിൽ ഇത് എവിടെയും ഒരു കടുകുമണി വ്യത്യാസം പോലുമില്ലാതെ ഒരു കഥ മാത്രമായി നിലകൊളളും.
ഇനി മൂന്നാമതൊരു സാധ്യത കൂടിയുണ്ട്. ഇത് അക്ഷരംപ്രതി സത്യവും അണുവിട മാറ്റമില്ലാതെ സംഭവിച്ചതുമായിരിക്കാം. അപ്പോൾ ഇതിനെ ആദ്യം വിശേഷിപ്പിച്ചതുപോലെ, അല്ലെങ്കിൽ അതിനേക്കാൾ ആഴത്തിൽ ചരിത്രസംഭവമെന്നു തന്നെ വിളിക്കാവുന്നതാണ്. അലിഗഡിലെ പശുവെന്ന ചരിത്രത്തെപ്പറ്റി, അല്ലെങ്കിൽ കഥയെപ്പറ്റി ഇതു വായിക്കുന്ന ആളുകൾക്ക് ലഭിക്കുന്ന അറിവേ ഇതെഴുന്നയാളിനുമുളളൂ. ചരിത്രത്തിന്റേയും കഥയുടേയും അതിരുകൾ തീരുമാനിക്കപ്പെടുന്ന വിളുമ്പിലെവിടെയോ ആണ് അലിഗഡിലെ പശു നാലു കാലുമൂന്നി നിൽക്കുന്നതെന്നു പറയാം.
കഥയെഴുതുന്നയാളിന്റെ പ്രജാപതിത്വം ചരിത്രമെഴുതുന്നയാളിന് അൽപ്പം പോലുമില്ല. ചരിത്രത്തിൽ ഇടപെടുന്നത്-കൈ കടത്തുന്നത് എന്നോ പേന കടത്തുന്നതോ എന്നോ വേണമെങ്കിൽ പറയാം- സാഹസികതയാണ്. ഒരു വസ്‌തുത കേൾക്കുമ്പോൾ അത് കഥയാണോ ചരിത്രമാണോ എന്നു നോക്കാതെയാണ് നമ്മൾ അതിൽ ആണ്ടുപോകുന്നത്. ഒരാൾ വേറൊരാളുടെ ചോര വീഴ്‌ത്താൻപോലും തുനിയുന്നതിനു പിന്നിലെ പ്രേരണ കുറ്റപ്പെടുത്താനാവാത്ത ഈ ആണ്ടുപോകലാണ്. പശുക്കഥ അനീസ് മുഹമ്മദിൽ നിന്ന് കേൾക്കുമ്പോൾ എനിക്ക് പോലും ഏതാണ്ടിങ്ങനെയൊരാണ്ടു പോകൽ അനുഭവപ്പെടുകയുണ്ടായില്ലേ എന്നു ഞാൻ ചിലപ്പോൾ ലജ്ജിക്കുന്നു.
അനീസ് കഥ പറയുമ്പോൾ, ആ കേൾവി ഒരു ചരിത്രാപഗ്രഥനമായിരുന്നില്ല, മറിച്ച് അനുഭവസ്വീകരണമായിരുന്നു. അന്നു ഏറ്റവും നിശ്ചയത്തോടെ തന്നെ ഞാൻ കരുതി, എനിക്കറിയാവുന്നതു തന്നെയാണല്ലോ ഇത്. അല്ലെങ്കിൽ ഞാൻ പ്രതീക്ഷിക്കുന്നത്. അല്ല, ആശങ്കപ്പെടുന്നത്.
ഇതെല്ലാം സംഭവിച്ചിട്ടുണ്ടോ അതോ അനീസ് മുഹമ്മദ് വെറുതെ ഒരു ഭീതിസ്വപ്‌നം കണ്ടതോ. അതുമല്ല, അനീസ് മുഹമ്മദ് വെറുതെ ഒരു ഭീതിസ്വപ്‌നം കണ്ടെന്ന് ഞാൻ വെറുതെ ഒരു ഭീതിസ്വപ്‌നം കാണുകയാണോ.
ഇപ്പോൾ പറഞ്ഞതാവാം ചിലപ്പോൾ ശരിയെങ്കിൽപോലും എവിടെയോ ഒരു അനീസ് മുഹമ്മദ് ഇങ്ങനെയൊരു ഭീതിസ്വപ്‌നം കണ്ടെന്ന് ഞാൻ ഭീതിസ്വപ്‌നം കണ്ടതായി വേറെയെവിടെങ്കിലും ആരെങ്കിലും ഒരു ഭീതിസ്വപ്‌നം കാണാനുളള വിദൂരസാധ്യതയെങ്കിലും ഇവിടെ ഉടലെടുക്കുന്നു. നാമെല്ലാം ഒരേ ഭീതിസ്വപ്‌നത്തിന്റെ പങ്കാളികളോ ഇരകളോ ആണെന്ന വെറും തോന്നൽപോലും എത്രയോ ആശ്വാസപ്രദമാണ്.
ആ ഭീതിസ്വപ്‌നം ആരംഭിക്കുന്നതിനു മുമ്പ് ഞാൻ ഒരു യാത്രയിലായിരുന്നു. ഹൃദയം വെളുപ്പിച്ചു കളയുന്ന തരത്തിലുളള ഒരു പേടിക്കായി പൂർവ്വജന്മാനുഭവം നിർണ്ണയിച്ചൊരുക്കുന്ന മുന്നറിയിപ്പുപോലെയായിരുന്നു ക്ലേശകരമായ ആ യാത്ര. തീവണ്ടിയിൽ പകൽ ഒരു ചൂളയൊരുക്കി. മനുഷ്യരെ നിരത്തിയ അതിലെ ഇരുമ്പിച്ച മുറികൾ വെറുതെ പൊരിവെയിലിൽ കിടന്നുവെന്തു. എന്റെ തൊലി അടുപ്പത്തുവെച്ച പാത്രം പോലെ ചുടുകയായിരുന്നു. മണിക്കൂറുകളോളം, മടുപ്പിക്കുന്ന വിധത്തിൽ തീവണ്ടി വെറുതെ വിജനപ്രദേശങ്ങളിലെ റെയിൽപ്പാളങ്ങളിൽ കിടന്നുരുകി. ഉഷ്‌ണിച്ച കാറ്റും ചുടുകട്ടയുടെ മണവും മുറികളിലെ തിരക്കുകളിലൂടെ കയറിയിറങ്ങി.
പിന്നെ ഇരുട്ടിന്റെ തുരങ്കം ലോകത്തേക്കാൾ വലുതായ രാത്രിയിൽ വണ്ടി എന്നെ തിരുച്ചിറപ്പളളി എന്ന നഗരത്തിന്റെ അപരിചിതത്വത്തിലേക്ക് ഇറക്കിവിട്ടു. നഗരത്തിൽ ഞാനും മഴയും ഒന്നിച്ചാണ് വണ്ടിയിറങ്ങിയത്. മഴ എന്നെ പരിഗണിച്ചതേയില്ല. അത് വിലാപങ്ങളോടെ നഗരത്തിന്റെ വ്യാപ്‌തിയിലേക്ക് ഇറങ്ങിപ്പോയി. വലിയ കരിമ്പടപ്പുതപ്പുകൾ പുതച്ച ഒരു കറുത്ത മന്ത്രവാദിനിയെപ്പോലെ ആർത്തലച്ചു നീങ്ങിയ അതിന്റെ ആദ്യത്തെ നിലവിളിയുടെ മുഴക്കങ്ങൾ എവിടെ നിന്നും മാഞ്ഞുപോയില്ല.
ഞാൻ ഓട്ടോറിക്ഷയ്‌ക്കായി അലഞ്ഞു. ആകാശം കലക്കിയൊഴിച്ചതുപോലെയുളള വെളളമായിരുന്നു താഴേക്ക് വീണുകൊണ്ടിരുന്നത്. അത് വിയർപ്പ് ഇറുകിമുറ്റിയ എന്റെ നാറുന്ന ദേഹത്ത് ഒലിച്ചിറങ്ങി എന്റെ രൂപത്തെ ഇനിയുമിനിയും പ്രാകൃതമാക്കി. എന്നിൽനിന്ന് പുകച്ചുരുളുകളെന്നോണം ഉയരുന്ന കെട്ടമണത്തെ ഞാൻ അറിയുന്നുണ്ടായിരുന്നു.
വൻനഗരങ്ങളിൽ മഴവെളളം എത്ര പെട്ടന്നാണ് വെളളപ്പൊക്കമുണ്ടാക്കുന്നത് എന്ന് എനിക്ക് ശരിക്കറിയാമായിരുന്നു. എന്നിട്ടും ഞാൻ അന്തംവിട്ടുപോയി. മഴവെളളം നിമിഷനേരം കൊണ്ട് തിരുച്ചിറപ്പളളിയുടെ മണ്ണിനെ അടിചോരാത്ത ഒരു പാത്രമാക്കി മാറ്റി. ആ മഹാപാത്രത്തിൽ വെളളം നിറഞ്ഞു തുളുമ്പി. അതിൽ പുതിയ മഴത്തുളളികൾ വീണുതുളളി. മലവും മൂത്രവും പന്നിമണവും ജലത്തിന്റെ ഹൃദയമായി. ഞാൻ വാടകയ്‌ക്കെടുത്ത ഓട്ടോറിക്ഷ ഏതോ തെരുവിൽ, ആളില്ലാത്ത ഒരിടത്ത്, വെളളത്തിന്റെ കലാപശബ്‌ദങ്ങൾ മാത്രം ഉയർന്നു നിൽക്കെ, നിന്നുപോയി. നിവൃത്തിയില്ലാതെ ഞാൻ മുട്ടോളം, അരയോളം, നെഞ്ചോളം വെളളത്തിലിറങ്ങി ഓട്ടോറിക്ഷ തളളി. മലത്തിന്റെ വഴുക്കുന്ന തുരങ്കത്തിലൂടെ നടക്കുന്നതു പോലെയായിരുന്നു അത്. ഒടുവിൽ മണിക്കൂറുകൾ നീണ്ടതെന്നു തോന്നിച്ച ക്ലേശസഞ്ചാരത്തിനൊടുവിൽ എവിടെവെച്ചോ ഞങ്ങൾ ആ കറുത്ത വെളളത്തിനു പുറത്തുകടന്നു.
ഇനി പോകാനില്ലെന്നു പറഞ്ഞ ഓട്ടോക്കാരൻ കൂലി ചോദിച്ചു. നേരത്തേ പറഞ്ഞ നൂറു രൂപയ്‌ക്കുപകരം ഞാൻ മനസ്സലിവോടെ ഇരുനൂറു രൂപ നീട്ടി. പക്ഷേ, അയാൾ കത്തിയെടുക്കുകയാണ് ചെയ്‌തത്. പണമെട്, മുഴുവൻ. ഇല്ലെങ്കിൽ ഈ കറുത്ത വെളളത്തിൽ നിന്റെ ശവം ഒഴുകിയൊഴുകി….
എവിടെയും ഏതു നിമിഷത്തിലും ഒഴുകിത്തുടങ്ങാവുന്ന ഒരു ശവം മാത്രമായ ഞാൻ രാത്രിയും മഴയും അനുഭവിച്ചുതീർത്ത് ഒടുവിൽ എന്റെ സ്‌നേഹിതനും ബന്ധുവുമായ കമാലിന്റെ വീട്ടിലെത്തി. അവിടെ വെച്ചാണ് ഞാൻ അനീസ് മുഹമ്മദിനെക്കാണുന്നത്. സ്‌നേഹവാനും എത്രയും വേഗത്തിൽ മിത്രഭാവം സ്ഥാപിക്കുന്നവനുമായ അനീസ്. പിന്നെയും ചിലർ. നമീൽ അക്രം, റാഊഫ് റഹ്‌മാൻ, കബീർ ഇബ്‌നു ഈസാ, സാകിർ ഹുസൈൻ…. അങ്ങിനെ ചിലർ. അഥവാ ചില പേരുകൾ.
അവർ തിരുച്ചിറപ്പളളി ജമാൽ മുഹമ്മദ് കോളെജിൽ എം.സി.എയ്‌ക്കു പഠിക്കുകയായിരുന്നു. പേരുകൾ തെളിയിക്കും പോലെ എല്ലാവരും മുസ്ലീങ്ങൾ.
ഏതാനും ദിവസത്തെ മാത്രം താമസത്തിനെത്തിയതായിരുന്നു ഞാൻ. യാത്ര എന്ന ഒഴുക്ക് മാത്രം ഉദ്ദേശിച്ച്. കുറച്ചുനാളായി തീ പിടിച്ച ഒരു തീവണ്ടി ഇടക്കിടക്ക് ഉറക്കത്തിൽ വന്ന് അലറിയിരുന്നു. അപ്പോഴൊക്കെയും ഞെട്ടിയുണരുമ്പോൾ എന്റെ തലമുടിയിഴകളിൽ കത്തുന്ന ഏതോ ഒരിന്ധനത്തിന്റെ മണം തങ്ങിനിൽക്കുന്നതായി, പിന്നെ മെല്ലെ ഒഴുകിയിറങ്ങുന്നതായി തോന്നുകയും ചെയ്‌തിരുന്നു. തീവണ്ടിമുറികളിൽ, സത്രത്തളങ്ങളിൽ, സുഹൃദ്‌ഭവനങ്ങളിൽ എന്നിങ്ങനെ ഉറക്കത്തിന്റെ ഏതു മണൽത്തിട്ടിൽ വെച്ചും ആ സ്വപ്‌നം എന്നെ നേരിട്ടു. ഭയപ്പെടുത്തി. അപ്പോഴൊക്കെയും കത്തുന്ന തീവണ്ടിയെപ്പോലെ അലറിവിളിച്ച് കൊണ്ട് ഞാൻ ചാടിയെണീറ്റു. കമാലിന്റെയും മറ്റും വീട്ടിൽവെച്ചും ഞാൻ ഉറക്കത്തിന്റെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് ഉറക്കെ അലറി. രക്തത്തിന്റെ ചുവന്ന താടിയാണു ഞാൻ എന്നായിരുന്നു സ്വപ്‌നം. ഏകാന്തവിജനമായ ഇരുണ്ട മറുകരയിലേക്ക് നിലവിളിച്ചുണരുമ്പോൾ അവിടെ നിന്ന് ഒരു മറുവിളി പ്രതീക്ഷിച്ചിരുന്നില്ല ഞാൻ. പക്ഷേ, ഇവിടെ അതുണ്ടായി. നിലവിളി ആശ്വാസദായകമാകുന്നതെങ്ങിനെ എന്നു ഞാനറിഞ്ഞു. അത് അനീസായിരുന്നു. ഒരേ സ്വപ്‌നം കണ്ടുണർന്ന സുഷുപ്‌തിയിലെ സഹസഞ്ചാരി. അന്ന് ഞങ്ങൾ ഏതോ കൊളുത്തുകളിൽ എക്കാലത്തേക്കും ഇണങ്ങി.
എങ്കിലും എല്ലാക്കാര്യങ്ങളിലും എനിക്ക് പറ്റിയവനായിരുന്നില്ല അനീസ്. നമീൽ അക്രവും സാകിർ ഹുസൈനും മറ്റും ഇണങ്ങുന്ന ചതുരങ്ങളിൽപ്പോലും ചിലപ്പോൾ അനീസ് തിക്കുമുട്ടിയെന്നിരിക്കും. അതിലൊന്നായിരുന്നു സ്വയംഭോഗത്തെപ്പറ്റിയുളള വിചാരങ്ങൾ. ഒരു ഉത്തമ ഇസ്ലാമികഐക്യത്തിൽ അടിയുറച്ചു നിലകൊണ്ടിരുന്നവരായിരുന്നു അവരെല്ലാം തന്നെ. എന്നിട്ടും അവരുടെ വീട്ടിൽ ഒരു രഹസ്യമുറിയുണ്ടായിരുന്നു. സ്വയംഭോഗത്തിനായി സജ്ജീകരിച്ച ഒരു മുറി. അതേ മുറി തന്നെയായിരുന്നു അവരുടെ നിസ്‌കാരമുറിയും. ഇതു തിരിച്ചു പറയുകയായിരുന്നു ശരി എന്നെനിക്കിപ്പോൾ തോന്നുന്നു. അതായത്, നിസ്‌കാരത്തിനായി സജ്ജീകരിച്ച ഒരു മുറി. അതു തന്നെയായിരുന്നു അവരുടെ സ്വയംഭോഗമുറിയും. രണ്ടിനും രണ്ടു മുറികൾ അവിടെ നിവൃത്തിയില്ലാത്ത ഒരു സൗകര്യമായിരുന്നു.
ഏതായാലും അവിടെ ഒരു പൂപ്പലോ പായലോ പിടിച്ചു കറുത്ത ഒരു പലകവാതിലിനുമേൽ ഒട്ടനവധി ചിത്രങ്ങൾ അവർ തൂക്കിയിരുന്നു. എല്ലാം മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഉളള സിനിമാസുന്ദരികളുടെ ചിത്രങ്ങൾ. നഗ്നതയിലേക്ക് ചായുന്ന അവയവങ്ങളുമായി നടികൾ അവിടെ ഉടൽ കുലച്ചു നിന്നു.
ആ മുറിയിലേക്ക് പ്രവേശിക്കുവാൻ, ഓരോ നിസ്‌കാരവേളകളിലും അനീസ് വിസമ്മതിച്ചു. ചുവർ നിറഞ്ഞു നിന്ന ഉടലഴകത്ഭുതങ്ങൾ ഏതെങ്കിലും പളളിയുടെ കലണ്ടർ വീണു മറയുമ്പോൾ മാത്രം അനീസ് അതിപ്പോൾ മറ്റൊരു മുറിയായിക്കഴിഞ്ഞു എന്ന വിചാരത്തോടെ അതിനുളളിൽക്കടന്നു. ഗുദഭോഗവും സ്വയംഭോഗവും ഇസ്‌ലാം അതിശക്തമായി നിരോധിച്ചിരിക്കുന്നു എന്ന ഓർമ്മ എക്കാലവും ആ കൈകളെ വിലക്കിക്കൊണ്ടിരുന്നു. നമീലിനും മറ്റും ഈ നിരോധം അറിയാഞ്ഞിട്ടല്ല. അവരെ അവരുടെ ശരീരത്തിനുളളിലെ പിശാച് എപ്പോഴും വേട്ടയാടി. മാംസത്തിന്റെ കാതരമായ വേട്ടയിൽ നിന്ന് സർവ്വശക്തിയും സംഭരിച്ചു കുതറിമാറാതെ അവർ, ഉരുകി നിന്നുകൊടുത്തു.
ചുവരിലെ ചലിക്കാത്ത ഉടലുകളിൽ കൊതി പൂർത്തിയാകാതെ, അപൂർവ്വം ചിലപ്പോൾ അവർ ഓലക്കൊട്ടകളിലെ മൂട്ടക്കസേരകളിൽ ചെന്നിരുന്ന് ഇരുണ്ട സിനിമകളും കണ്ടിരുന്നു. ഞാൻ കൂടിച്ചെന്നപ്പോൾ അതിഥിസൽക്കാരപ്രിയതയുടെ പേരിൽ അവർ ഒരുങ്ങി. ജനുസ്സുമാറ്റമില്ലാത്ത ഒരു തനിപെൺമേനിപ്പടത്തിന്. ഞാൻ ശരിയെന്നു വിചാരിച്ചു. എന്നാൽ അനീസ് വരുന്നില്ലെന്നു പറഞ്ഞപ്പോൾ, ഞാൻ വിമുഖനായി. ഞാൻ പറഞ്ഞു, ഇത് കൂട്ടിന്റെ ഒരു ആഘോഷമായിക്കണ്ടാൽ മതിയനീസ്. വരൂ, നമുക്ക് ഒരുമിച്ചു പോകാം.
എന്നിട്ടും അനീസ് സമ്മതിച്ചില്ല. അപ്പോൾ ഞാൻ എല്ലാവരോടുമായി പറഞ്ഞു.
എനിക്കും അനീസിനെപ്പോലെ തന്നെ ഇക്കാര്യത്തിൽ താൽപ്പര്യമില്ല. അനീസ് പറയുന്ന കാരണമല്ല എന്റേത് എന്നു മാത്രം. എന്റെ ഉടലിളക്കത്തെ ഞാൻ നേരിടുന്നത് വേറെ മട്ടിൽ. അതുപോട്ടെ. ഇപ്പോൾ നമുക്ക് ഒരുമിച്ചു പോകാം. നിങ്ങൾ പറഞ്ഞ സിനിമ വേണ്ട. വേറെ ഏതെങ്കിലും സാധാരണ സിനിമ.
എല്ലാവരും സമ്മതിച്ചു. അതോടെ അനീസിന്റെ വിസമ്മതത്തിന് നിറം മങ്ങി. അങ്ങിനെ ഞങ്ങളുടെ ഇളംജാഥ കൊട്ടകയിലേയ്‌ക്ക്. കൊട്ടകയിൽ തമിഴ്‌പടം. കിഴക്കുകരൈയെന്നോ കിഴക്കുദുരൈയെന്നോ പാണ്ടിദുരൈയെന്നോ ആ പടത്തിന്റെ പേര്. അതോർക്കാൻ കഴിയാത്തതിൽ ഇപ്പോഴെനിക്കു ഖേദമുണ്ട്. കാരണം കഥയിലല്ലെങ്കിലും ചരിത്രത്തിൽ നിർണ്ണായകമാണാ സിനിമ. എന്തിന്റെ പേരിൽ? അനീസ് മുഹമ്മദ് ആ സിനിമ തുടങ്ങി അധികം വൈകാതെ തല താഴ്‌ത്തിയിരിക്കുകയും പിന്നീട് സിനിമ അവസാനിച്ചിട്ടു മാത്രമേ അവൻ തന്റെ ശിരസ്സ്, കൃത്യമായിപ്പറഞ്ഞാൽ കണ്ണുകൾ ഉയർത്തിയുളളൂ എന്നതും കൊണ്ടു തന്നെ. അതു നിസ്സാരമല്ല. അനീസ് മുഹമ്മദ് ഒരു വ്യക്തിയല്ല, ഒരു അടയാളമാണ്. ചരിത്രത്തിലെ ഒരു നിർണ്ണായക അടയാളം. വെറുതെ ഒഴുകിപ്പോകുമ്പോഴും പ്രത്യേകം എടുത്തറിയിക്കുന്ന ഒരു നിറം.
എന്തിനായിരുന്നു ആ നിസ്സാരസിനിമയോട് അനീസ് അങ്ങിനെയൊരു നിഷേധാത്മക സമീപനം സ്വീകരിച്ചത്. കേൾക്കുമ്പോൾ തികച്ചും ബാലിശമെന്നു തോന്നുന്നതും ആഴത്തിൽ ചിന്തിച്ചാൽ ഒരു കത്തിയെടുത്ത് ഓടുന്ന ചോര നിറഞ്ഞ ഒരു ശരീരത്തിലേക്ക് കുത്തിയിറക്കുന്നതുപോലെ തമാശ നിറഞ്ഞതുമായിരുന്നു അനീസിന്റെ കാരണം. ചിത്രത്തിൽ നായകനായ പ്രഭു നായികയായ കുശ്‌ബുവിനെ പ്രേമിക്കുന്നു. പതിവു തന്നെ. എന്നാൽ ഞങ്ങൾ കണ്ട സിനിമയിൽ നായകന്റെ പെങ്ങളുടെ മകൾ ആണ് നായികയും കാമുകിയുമായ കുശ്‌ബു. അത് ചിന്തിക്കാൻ പോലുമാകാത്ത ഒരശ്ലീലമായതിനാൽ അനീസ് അത് കാണുന്നതിൽ നിന്ന് തന്റെ കണ്ണുകളെ വിലക്കുകയായിരുന്നു. എനിക്ക് സത്യത്തിൽ അതു മനസ്സിലാക്കാൻ സാധിച്ചതേയില്ല. തമിഴ്‌നാട്ടിലെ ഒരു പാരമ്പര്യമാണ് പെങ്ങളുടെ മകളെ വിവാഹം കഴിക്കുക എന്നത്. കേരളത്തിൽ നായന്മാരുടെ മുറച്ചെറുക്കൻ-മുറപ്പെണ്ണ് പോലെ തന്നെ ആഴത്തിൽ വേരോടിയ ഒരു പാരമ്പര്യം. മുറൈമാമൻ. അതിൽ അവർ അശ്ലീലം മണക്കുന്നില്ല. ശരി, നമുക്ക് ആദ്യം കേൾക്കുമ്പോൾ അമ്പരപ്പുണ്ടാകുക തന്നെ ചെയ്യും. എങ്കിലും തല താഴ്‌ത്തി അതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്തിന്? കുടൽ വെളിയിൽവരും വിധത്തിൽ മനം പിരട്ടലനുഭവിക്കുന്നതെന്തിന്? ഞാൻ അനീസിന്റെ കുനിഞ്ഞതും വാടിയതുമായ മുഖത്തേയ്‌ക്ക് ഉറ്റുനോക്കി. ആരാണവനെ ഭീതിപ്പെടുത്തിയത്?
പെട്ടെന്ന് എന്നോട് കത്തികാട്ടി പണം വാങ്ങിയ ഓട്ടോക്കാരന്റെ മുഖം എനിക്കോർമ്മ വന്നു. സിനിമ നടക്കുന്ന തിരശീലയിൽ തെളിഞ്ഞുമാഞ്ഞ മുഖങ്ങളിലൊന്ന് അയാളുടേതായിരുന്നുവോ എന്ന് ഞാൻ എത്രയോ സംശയിച്ചു. കൊട്ടകയിൽ ഒഴുകിയ ഉടലുകളിലൊന്നായിരുന്നോ അയാളുടേത് എന്നും ഞാൻ സംശയാലുവായി. പിന്നെ കൊട്ടകയിൽ നിന്നുളള ഒഴുക്കിൽ ചെളിയും മലവും നിറഞ്ഞ നദിയുടെ ഇക്കരെനിന്ന് അക്കരയിലേക്ക് മഹാവിലാപത്തിന്റെ ആവർത്തനം. അപ്പോൾ മറുവിളിയുമായി അനീസിന്റെ മറുകരമുഖം. ഞാനും അനീസ് മുഹമ്മദും ഒരേ ഭീതിസ്വപ്‌നത്തിന്റെ പങ്കാളികളാണെന്ന് അല്ലെങ്കിൽ ഇരകളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് മുഖത്തേറ്റ ചുട്ടുപൊളളുന്ന പുകയായിരുന്നു. ഒന്നുമവശേഷിപ്പിക്കാതെ, പുറമേ, യാതൊരടയാളങ്ങളും കുറിച്ചിടാതെ പുക കണ്ണാടിയിലൂടെ മന്ത്രവാദിനിയെന്നപോലെ കടന്നുപോയി. ആഭിചാരവിചാരത്തിൽ എന്റെ ആത്മധൈര്യം അടുപ്പേറിയ ചെമ്പുകിടാരമായി.
തിരുച്ചിറപ്പളളിവാസത്തിന്റെ ദിനങ്ങളിൽ ഞാൻ പകൽനേരം മുഴുവൻ അലഞ്ഞുകൊണ്ടിരുന്നു. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രത്തിന്റെ പരിസരങ്ങളിൽപ്പുതഞ്ഞു കടന്ന നൂറ്റാണ്ടുകളിൽ, കുംഭകോണത്തും ശ്രീരംഗത്തും അമ്പലങ്ങളിലെ തിരുവിളയാടൽ മാഹാത്മ്യങ്ങളുടെ ഭസ്‌മക്കാറ്റിൽ, ചിദംബരത്തിന്റെ നിതാന്താകാശത്തെളിമയിൽ….
അമ്പലങ്ങളിലേതോ ഒന്നിന്റെ പുറംചുവരിലെ പ്രാചീനത ദ്യോതിപ്പിക്കുന്ന ലിഖിതം ഇപ്പോഴും ഓർമ്മ വരുന്നു. ‘ഇന്തുച്ഛക്തിയെ ഏവരാലും തടുക്കമുടിയാത്’ എന്ന ദ്രവിഡാക്ഷരങ്ങളോരോന്നും അന്ന് അതിന്റെ വടിവുടവുകളിൽ എന്റെ ഉടലിനെക്കൊരുത്തു. ഞാൻ നടുങ്ങിയോ? വെളളിയാഴ്‌ചകളിൽപോലും പളളിയിൽ നിന്നകലം പാലിക്കുന്നവനായ ഞാനെന്ന, ശരീരം മതത്തിന്റെ അടയാളമാക്കിയവൻ ഭയന്നോ? നോക്കെന്നുന്നിടത്തെങ്ങും ദൈവത്തിന്റെ ഒരടയാളവും കാണാതെ ഞാൻ ആകാശത്തിനു കീഴിൽച്ചുരുങ്ങി.
ഭൂപ്രദേശങ്ങളിൽ മനുഷ്യരെക്കണ്ടു. പരന്നുകിടന്ന സമനിലങ്ങളിൽ പന്നികൾ മലം ഭുജിക്കുന്ന ംലേച്ഛദൃശ്യം. മരക്കൊമ്പുകളിൽ നാറുന്നവയും ചാരനിറം പൂണ്ടവയുമായ കുരങ്ങുകൾ മെല്ലെ ചാഞ്ചാടിക്കൊണ്ടിരുന്നു. കഴുതകൾ മേഞ്ഞുനടന്നു. വാളൻ പുളിങ്ങപോലെ ചുരുണ്ടുണങ്ങിയ ദേഹമുളള കറുത്ത പെണ്ണുങ്ങൾ ചെളിനിറമുളള ചേലയുടുത്ത് നടന്നു. കുട്ടികൾ കറുത്തുമെലിഞ്ഞ ഒഴിഞ്ഞ പാതകളുടെ നടുക്കും വിരിഞ്ഞു കിടന്ന വലിയ വഴിയുടെ അരികുകളിലും യഥേഷ്‌ടം മലവിസർജനം നിർവഹിച്ചു. റോഡിൽ ബസ്സുകൾ നിറയെ യാത്രക്കാരുമായും വിലകൂടിയ വാഹനങ്ങൾ ആഡംബരവിഭൂഷകളോടും സഞ്ചരിച്ചു. ആകാശത്തിന്റെ പശ്ചാത്തലത്തിലെമ്പാടും കാക്കകൾ. നെഞ്ചിനുകുറുകെ എല്ലുകളുടെ കുപ്പായമിട്ട വൃദ്ധർ ചായക്കടയായി കെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലുകൾക്കു മുമ്പിൽനിന്ന് എരുമപ്പാലൊഴിച്ച ഒട്ടുന്ന ചായ ഉണ്ടാക്കി വിറ്റു. ഞാൻ പരതുകയായിരുന്നു, ആരാണിത് എഴുതിയിട്ടുണ്ടാകുക. എനിക്ക് ഒന്നും സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല.
ദുർവ്യാഖ്യാനിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന മനസ്സുലച്ചിലുകളോടെ ഞാൻ വെളളപ്പൊക്കത്തിൽ പാമ്പൊഴുകിയതിന്റെ കാഴ്‌ച നേരിട്ടു കണ്ട വഴിത്താരയിലൂടെ, ആ ഓർമ്മ കാലിലുരസുന്നതറിഞ്ഞ് കൊണ്ട് അതേ വീട്ടിലേയ്‌ക്ക് നടന്നു. അവിടെ ചെന്നു കയറി അനീസിന്റെ ഉറക്കത്തിന്റെയും അതിനുളളിൽ എന്നെത്തേയ്‌ക്കും പന്തലിച്ചു നിന്ന ദുസ്വപ്‌നത്തിന്റെയും നീണ്ട വാവിട്ടു കരച്ചിലിന്റെയും ഇങ്ങേക്കരയിലെ തിട്ടിൽ കിടന്നുറങ്ങി. എപ്പോൾ ഉണർന്നാലും പരസ്‌പരം ഉണർന്നതായി കാണാമെന്ന രമ്യമായ ആശ്വാസത്തോടെ.
പിറ്റേന്ന് പകൽ മുഴുവൻ കിടന്നുറക്കമായിരുന്നു. നെടുനിദ്ര. സായാഹ്നത്തിന്റെ ഭസ്‌മനിറത്തിലേയ്‌ക്ക് ചെമ്പോത്തിന്റെ കണ്ണുകൾ തുറന്നപ്പോൾ കണ്ണുകളിലേയ്‌ക്ക് അവരെല്ലാം നിറഞ്ഞു. അവർ കുതികുതിച്ച് ഒരുങ്ങുകയായിരുന്നു. അന്ന് രാത്രിയിൽ അവരുടെ (താൽക്കാലികമായിപ്പോലും എന്റേതല്ലാത്തവിധം അവരുടെ മാത്രമായ) വീട്ടിൽ, അവരുൾപ്പെട്ട മതസംഘത്തിന്റെ നേതാക്കൾ വരുന്നുവെന്നായിരുന്നു ഒരുക്കത്തിന്റെ അർഥം.
നമീൽ പറഞ്ഞു, ഇന്ന് നിങ്ങൾ നിസ്‌കരിക്കണം ഭായ്. ഞങ്ങളെല്ലാം കൂടി ഒന്നിച്ച് നിസ്‌കാരവും ചർച്ചയുമുണ്ട്. മാറിനിൽക്കരുത്. പിന്നെ മുഹമ്മദ് സാറും മറ്റുമായി സംസാരിച്ചാൽ മതത്തോടുളള ഇപ്പോഴത്തെ നിഷേധവും മാറാതിരിക്കില്ല.
തലകുലുക്കുകയും ചിരിക്കുകയും ചെയ്‌ത ഞാൻ ഇരുട്ട് ഒരു കൂർത്ത വെളിച്ചത്തിനു മുനയാകാൻ മാത്രം പാകത്തിൽ വഴിയെ ചുരുക്കിയപ്പോൾ കൂട്ടുകാരെ വിട്ട് വീടിന്റെ ടെറസിൽ കയറിപ്പറ്റി. വന്ന കൂർത്ത വെളിച്ചങ്ങൾ അവരായിരുന്നു. താടി നീട്ടിയവർ. അവർ സ്‌കൂട്ടറുകൾ അതാതിന്റെ കാലുകളിൽ ചാരിവെച്ച ശേഷം ആകാശത്തിലേയ്‌ക്ക് ഉയരുംവിധം കറുത്ത അക്ഷരങ്ങളിൽ ഉദീരണം ചെയ്‌തുകൊണ്ട് അകത്തേയ്‌ക്ക് പ്രവേശിക്കുന്നതു മുകളിലിരിക്കുന്ന ഒരാളായി ഞാൻ കണ്ടു. പിന്നെ ഉളളിൽ നിന്ന് ശബ്‌ദങ്ങളിലൂടെ സംഭവങ്ങളെ അറിഞ്ഞു. രാത്രിയെയും എന്റെ ദൃഷ്‌ടിയിൽ മരക്കൊമ്പിൽ തൂങ്ങുന്ന നിലാവിനെയും സംഗീതമാക്കിയ ബാങ്കുവിളി വീട്ടിൽ നിന്നുയർന്നു. ബാങ്കുവിളി ഒരു പുകപടലം പോലെ വീട്ടിനുളളിൽ നിന്ന് പുറത്തേയ്‌ക്ക് കടന്നു പോകുന്ന ചിമ്മിനിയാണ് മേൽക്കൂരയിലെ ഞാൻ എന്നെനിക്ക് തോന്നി. പിന്നെ നിസ്‌ക്കാരത്തിന്റെ താഴ്‌മയേറിയ വണക്കങ്ങൾ. എല്ലാം ശബ്‌ദമായിരുന്നു. ശബ്‌ദം എന്നോട് കുറുകിക്കൊണ്ടിരിക്കെ മഴ പെയ്യാൻ തുടങ്ങി. തിരുച്ചിറപ്പളളിയിൽ വന്നിറങ്ങിയ ദിവസം പെയ്‌തതുപോലെയല്ലെങ്കിലും കഠോരമായ മഴ. നിസ്‌കാരത്തിൽ നിന്നൊഴിഞ്ഞ എന്നെ നനയ്‌ക്കാൻ മാത്രമായി ദൈവഹസ്‌തം ഉയരത്തിൽ നിന്ന് വിടർത്തിയിട്ട പടുതയാണ് ആ മഴയെന്ന് എനിക്ക് മനസ്സിലായി. ഞാൻ നിശ്ശബ്‌ദമായി ദൈവത്തെ സഹിച്ചു. അത് പീഡയായിരുന്നില്ല. ആമോദമായിരുന്നു. പീഡയെന്നപോലെ ആമോദവും സഹിക്കേണ്ടതാണല്ലോ എന്നും ഞാനറിഞ്ഞു.
അന്ന് മഴയുടെ വഴുക്കുന്ന കോൺക്രീറ്റുപായയിൽ കിടന്നാണ് ഞാനുറങ്ങിയത്. പായലിന്റെ ഈറൻമണമായിരുന്നു എന്റെ നിദ്രയിൽ നിറഞ്ഞു നിന്നിരുന്നത്.
പിറ്റേദിവസം വൈകുന്നേരം ഞങ്ങൾ നടക്കാൻ പോയി. വഴിയിലെങ്ങും പുരുഷന്മാരെ കണ്ടില്ല. ഒരു ദിവസം മുമ്പ് എരുമപ്പാലൊഴിച്ച ചായ വിൽക്കുന്നതായി ഞാൻ കണ്ട ചായക്കടകളും അവിടെ മഴവില്ലുപോലെ ചായയെ അന്തരീക്ഷത്തിൽ വളച്ചിരുന്ന വൃദ്ധരും അപ്രത്യക്ഷരായത് എന്നെ അമ്പരപ്പിച്ചു. ഞാൻ എവിടെ ഇന്നാട്ടിലെ ആൺപ്രജകൾ എന്നുറക്കെ ചോദിച്ചുപോയി. അപ്പോൾ നമീൽ അക്രം എന്നോട് പറഞ്ഞു, കോയമ്പത്തൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി വരുന്നതു പ്രമാണിച്ച് തിരുച്ചിറപ്പളളിയിൽ പലേടത്തും മുൻകരുതൽ അറസ്‌റ്റ് നടക്കുന്നുണ്ടെന്ന്. മുസ്ലീങ്ങളായ ആണുങ്ങളിൽപ്പലരേയും കൊണ്ടുപോയെന്ന്. തലേന്ന് കൂട്ടായ നിസ്‌കാരത്തിനും ചർച്ചയ്‌ക്കും വന്നപ്പോൾ മുഹമ്മദ്‌സാർ പറഞ്ഞത്, അവരും സൂക്ഷിക്കണം. പരദേശികളും മുസ്‌ലീങ്ങളുമായ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇവിടെയിങ്ങനെ ഒളിച്ചു താമസിക്കുന്നുവെന്നറിഞ്ഞാൽ അവർ അതെപ്പറ്റി അന്വേഷിക്കാതിരിക്കില്ല എന്നാണെന്നും അവൻ പറഞ്ഞു. അപ്പോൾ എനിക്ക് ഒഴിക്കാനാവാത്തവിധം മൂത്രംമുട്ടി. ഉടലിലെ ഓരോ ഞരമ്പിലും മൂത്രം നിറഞ്ഞുനിൽക്കുന്നതായുളള തോന്നൽ. എന്റെ ഉടലിന്റെ അഗോചരമായ സൂക്ഷ്‌മഗ്രാഹികൾ ത്രസിച്ചുനിന്നു. അതൊന്നും ഞാൻ ആരോടും പറഞ്ഞില്ല.
അങ്ങനെ ഞാൻ കാജാമലൈ എന്ന കുന്നുംപുറത്തെത്തി. കുത്തനെയൊരു കുന്നായിരുന്നു കാജാമലൈ. ചെങ്കുത്തായ ഗോപുരംപോലെ പടവുകളുടെ കൽഗോവണി ഉയർന്നുപോയി. അതിനു മുകളിൽ ഒരു ചെറിയ മുസ്‌ലീംപളളി. ഏതോ കാജാ അടങ്ങിയ പളളി. പടവുകളിലെങ്ങും സ്‌ത്രീകളെക്കണ്ടു. അവർ കാജാമലൈപ്പളളിയുടെ മഖ്‌ബറയ്‌ക്കു മുമ്പാകെ എത്തി, അവിടെനിന്ന് തേങ്ങിക്കരഞ്ഞു. ഭർത്താക്കന്മാരെയും മക്കളെയും പോലീസ് സ്‌റ്റേഷനുകളിൽ നിന്ന് വേഗം തിരിച്ചെത്തിക്കണേയെന്ന പ്രാർത്ഥനയ്‌ക്ക് നേർച്ചയായി എന്തൊക്കെയോ അവർ സമർപ്പിച്ചു. കൂടുതൽപ്പേരും കോഴിമുട്ടയാണ് കൊണ്ടുവന്നിരുന്നത്. മഖ്‌ബറയ്‌ക്കു മുമ്പിൽ കോഴിമുട്ടകൾ പെരുകി. ചിലത് പൊട്ടി, തലയിലെമ്പാടും ജീവന്റെ മെഴുക് പരന്നു.
മുഷിഞ്ഞ പെൺകുഞ്ഞുങ്ങൾ കളിമറന്ന നിലയിൽ മൂക്കൊലിപ്പിച്ച് ഉമ്മമാരുടെ കരച്ചിലുകൾക്ക് അരികുപറ്റി നിന്നു. എനിക്ക് കാഴ്‌ചകൾ അസഹനീയങ്ങൾ എന്നു തോന്നി. പച്ചച്ചായമണിഞ്ഞ പളളി ഒരു രക്ഷയും ആർക്കും നൽകുന്നില്ലെന്ന് ഞാൻ കണ്ടു. ഞാൻ അനീസിനെ നോക്കി. അവൻ എന്റെ മറുകരയിൽ നിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ ഉയർന്നു മുഴച്ചുനിന്നിരുന്ന ഒരു പാറമേലിരുന്നു. അവിടിരുന്നാൽ താഴെയുളള നാടു മുഴുവൻ കാണാമായിരുന്നു. ജീവിതത്തിന്റെ സ്ഥിരമായ ഇടവേളകളിൽ ഇതുപോലെ ആണുങ്ങൾ ഒന്നടങ്കം അപ്രത്യക്ഷരാകുകയും വീണ്ടും ഒരു പറ്റമായി തിരിച്ച് പ്രത്യക്ഷപ്പെടുമ്പോൾ അതിൽ ചിലർ മാഞ്ഞ വിടവുകൾ അവശേഷിക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യ ഇതിനുമുമ്പും പരിചയിച്ച നാടുപോലെ തോന്നിച്ചു. ഉയരത്തിൽ നിന്നുളള കാഴ്‌ചയിൽ ഭൂഭാഗഭംഗികളുടെ മനുഷ്യവടിവുകൾ. ചെങ്കുത്തായ പാറകളിൽ ആടുകൾ അതിവിദഗ്‌ദ്ധമായി നിലകൊണ്ടു. അതും അതിന്റെ മുനമ്പുകളിൽ. അവിടെ അവയെങ്ങനെ നിൽക്കുന്നു എന്ന് ഞാൻ അമ്പരന്നു. കുളമ്പുകളുടെ ഉപയോഗം അവ എങ്ങനെ അറിയുന്നു. ഇപ്പോഴും ശരീരം കൊണ്ട് എവിടെ എങ്ങനെ പെരുമാറണമെന്നറിയാത്ത ഇര മനുഷ്യൻ മാത്രമാണെന്ന് അപ്പോൾ എനിക്ക് ഒരു ഉൾബോധമുണ്ടായി.
“ശരീരം കൊണ്ട് എവിടെ എങ്ങനെ പെരുമാറണമെന്നറിയാത്ത ഇര മനുഷ്യൻ മാത്രമാണ്” ആടുകളുടെ അയത്‌നലളിതമായ അഭ്യാസം കൺപാർക്കവെ, അനീസ് പറഞ്ഞു. ഞാൻ കിടുങ്ങിപ്പോയി. എങ്ങിനെ അനീസിനതു പറയാൻ കഴിഞ്ഞു. അപ്പോൾ എന്നെ നോക്കി, നടുങ്ങേണ്ട എന്ന ഭാവത്തിൽ അനീസ് പറഞ്ഞു, “ഈ ആടുകളെക്കണ്ടപ്പോൾ എനിക്ക് ഞാൻ പരിചയിച്ച ഒരു പശുവിന്റെ കഥ ഓർമ്മ വന്നു. പശുവിനെ വെച്ചുനോക്കുമ്പോൾ ഞാനൊന്നും ആ കഥയിൽ കഥാപാത്രങ്ങളേയല്ല. കാരണം ഒരു ഭൂപടത്തിന്റെ വലിപ്പത്തിൽ നിറഞ്ഞു നിൽക്കുന്നൊരു പശുവാണത്. അതു കഥയാണോ എന്നെനിക്കറിയില്ല. കഥയാണെങ്കിൽ ഞാനാ കഥ പറയട്ടെ.”
ഞങ്ങൾ അനീസിനെ കഥ പറയാൻ അനുവദിച്ചു. അങ്ങിനെയാണ് ആ ചരിത്രം, ചരിത്രത്തിന്റെ കഥയായി വാർന്നു വീണത്.
പശുക്കഥ
1993. ഞാൻ അലിഗഡിൽ പഠിക്കുകയാണ്. അത് വളരെ സങ്കീർണ്ണമായ ഒരു കാലമായിരുന്നെന്ന് ഓർത്താൽ നിങ്ങൾക്ക് ഓർമ്മവരും. ബാബറി മസ്‌ജിദ് മറിച്ചിട്ടതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അതുവരെ നാം പരിചയിച്ച ഒരിന്ത്യ അല്ലാതായിക്കഴിഞ്ഞിരുന്നു. എങ്കിലും മുറിവുണങ്ങുമെന്നും ഇതിനു മുമ്പ് എത്രയോ മുറിവുകൾ ഉണങ്ങിയിട്ടുണ്ടെന്നും ഞാൻ വെറുതെ പ്രതീക്ഷിച്ചു.
പക്ഷേ, ഇത് മുറിവായിരുന്നില്ല. അർബുദമായിരുന്നു. അത് അതിന്റെ ചിലന്തിക്കാലുകൾ ഒരു കറുത്ത നിഴലെന്നപോലെ എല്ലായിടത്തേയ്‌ക്കും നീട്ടിക്കൊണ്ടിരുന്നു.
അങ്ങിനെയുളള ദിവസങ്ങളിലൊന്നിൽ പൊടുന്നനെ ആ അർബുദത്തിന്റെ തലസ്ഥാനം ഉത്തർപ്രദേശിൽ നിന്ന് മഹാരാഷ്‌ട്രയിലേയ്‌ക്ക് മാറ്റപ്പെട്ടു. പരുത്തിയുടെ മണമുളള മുംബൈയുടെ മണ്ണിൽ പലപല മണങ്ങൾ കൂടിക്കലർന്നു. മണങ്ങൾ മനുഷ്യരായി മുളച്ചു വന്നില്ല. പക്ഷേ, മനുഷ്യർ മണങ്ങളായി അത് തിരിച്ചറിയാൻ കഴിയുന്നവരുടെമേൽ മാറാതെ തങ്ങിനിന്നു. ആ മണങ്ങൾ കരഞ്ഞുകൊണ്ടിരുന്നു. ആ മണങ്ങൾ തിരിച്ചറിഞ്ഞവരും കരഞ്ഞുകൊണ്ടിരുന്നു. അർബുദം ഓരോരുത്തരെയും ഓരോ വിലാപഭവനമാക്കി മാറ്റി.
അലിഗഡിലെ ക്യാമ്പസിൽ ഞങ്ങൾക്ക് ഭയപ്പെടാൻ ഏറെയുണ്ടായിരുന്നു. തിരുച്ചിറപ്പളളിയിലെ ഈ കുഗ്രാമത്തിൽ ‘തമിൾനാട് കുടിനീർ വടിക്കുൾ വരിയം’ എന്ന പണി തീരാത്ത കോർപ്പറേഷൻ കെട്ടിടത്തിൽ കളളപ്പണം കൊടുത്തു താമസിക്കുന്ന നമ്മൾക്കുളളതു പോലെയോ അതിലേറെയോ ഞങ്ങൾക്ക് വെറുതെ ഭയപ്പെടാനുണ്ടായിരുന്നു. എന്നിട്ടും ക്യാമ്പസ് ഒരു സുരക്ഷിതസങ്കേതമെന്നു തന്നെ കരുതി ഞങ്ങൾ കഴിഞ്ഞുകൂടി. ചരിത്രത്തിന്റെ ലൈബ്രറിയിൽ ഭിത്തി കീഴടക്കിക്കിടന്ന ഭൂപടത്തിൽ അയോധ്യയും മുംബൈയും അലിഗഡിന് എത്ര അടുത്താണെന്ന് കണ്ട് ഞാൻ ഭയന്നിരുന്നു ആ ദിവസങ്ങളിൽ. ഒന്നു കൈ നീട്ടിയാൽ മുംബൈയ്‌ക്ക് അലിഗഡിനെ പിടിക്കാം, എന്റെ വിചിത്രമനസ്സ് ചിന്തിച്ചു.
സർവ്വകലാശാലയുടെ ഉളളിലെ വലിയ വഴികളിലൂടെ അങ്ങനെയൊരു പശു നടന്നു പോയത് കണ്ടവരാരുമില്ല. പക്ഷേ, അതു ചത്ത നിലയിൽ ക്യാമ്പസിന്റെ ഉളളിലെവിടെയോ വെറുതെ കിടന്നപ്പോൾ പെട്ടെന്ന് എല്ലാവരുമതിനെ കണ്ടു. എല്ലാവർക്കും കാണാൻ പാകത്തിൽ അത് വളർന്നു പൊന്തുകയായിരുന്നു. ചത്ത ഒരു പശു. വയറുന്തി, ചീഞ്ഞ മണം പരത്തി, കണ്ണ് തുറുപ്പിച്ച് ചത്ത ഒരു പശു. അതിന്റെ നിഴൽ അതിവേഗമാണ് അതേ ചിലന്തിയുടെ നിഴൽപോലെ വളർന്നു പന്തലിച്ചത്.
ആരാണ് ആ പശുവിനെ കൊന്നത്? അപ്രതീക്ഷിതവും ആപത്‌കരവുമായ ഒരു ചോദ്യം അലിഗഡിന്റെ അടക്കങ്ങളിലേയ്‌ക്ക് ഇറങ്ങിവന്നു.
ആ ചോദ്യം കേൾക്കവേ, ഞാനല്ല ആ പശുവിനെക്കൊന്നത് എന്ന നട്ടെല്ലുരുക്കത്തോടെ ഓരോ മുസ്ലീം വിദ്യാർത്ഥിയും അവനവനിലേയ്‌ക്ക് ചുരുണ്ടുകൂടി. ഒരുത്തരവും പരിണമിച്ചു വരാതെ അപരിചിതവും ക്രൂരവുമായ ചോദ്യഭാവം കനത്തുനിൽക്കുന്നതിനിടയിൽ ആരോ ആ പശുവിന്റെ ജഡം കുഴിവെട്ടി മൂടുകയും ചെയ്‌തു. മണ്ണു വീണതോടെയാണ് ആ ജഡത്തിന്റെ അർത്ഥം പൂർണ്ണമായത്. അതിവേഗം അവരൊരു ഉത്തരം സൃഷ്‌ടിച്ചു. പശുവിനെ അലിഗഡ് ക്യാമ്പസിലെ ജന്തുശാസ്‌ത്രവിദ്യാർത്ഥികളായ മുസ്‌ലീങ്ങൾ കൊന്നതാണ്. അവർ അവർക്കായി ഉറപ്പിച്ചു. പശുവിന്റെ കൊലപാതകത്തിന്റെ കൂട്ടാളിയായ ഒരൊറ്റ മുസ്‌ലീമിനെയും വെറുതെ വിടില്ലയെന്നും അവർ നിസ്സാരമായി പ്രഖ്യാപിച്ചു. പ്രഖ്യാപിത ഇരയെന്ന നിലയിൽ ഓരോ മുസ്ലീം വിദ്യാർത്ഥിയും സ്വയം തിരിച്ചറിഞ്ഞതെത്ര വേഗമാണെന്നോ? അവർ സ്വന്തം മുറികളിൽ ചടഞ്ഞു കൂടി. ആരും ഒന്നും പങ്കു വെച്ചില്ല. മൗനം ക്യാമ്പസിന്റെ വികാരമായി മാറി.
പശുവിന് വേഗമൊന്നും പരിഹാരമാവില്ലെന്ന് അവർ അറിയിച്ചു. നിയമം നടത്തേണ്ടവർ വേണ്ടവിധത്തിൽ പ്രതികരിച്ചില്ലെങ്കിൽ അവരെ അവഗണിക്കുമെന്നും ക്യാമ്പസിനുളളിൽ കടന്നുകയറി ഗോഹത്യ നടത്തിയവരെ കൈകാര്യം ചെയ്യുമെന്നും പ്രഖ്യാപനമുണ്ടായി. പൊതുസമ്മേളനങ്ങളും റാലികളും നടന്നു. ഗോഹത്യ നടത്തിയവരെ തങ്ങൾക്ക് അറിയാമെന്ന് അവർ പറഞ്ഞതോടെ ഓരോ വിദ്യാർത്ഥിയും ആ പട്ടികയിൽ തന്റെ പേരുണ്ടാവുമോ എന്ന ഭീതിയിൽ സദാ കുലഞ്ഞു.
ദിവസങ്ങൾ നീങ്ങവേ സംഘർഷം ഏറിവന്നു. ഓരോ ദിവസം ക്യാമ്പസ് മതിലിന്മേൽ ശൂലനിഴലുകൾ ഇരുണ്ടുമാഞ്ഞു. ദംഷ്‌ട്രകൾ നീണ്ടുനിറഞ്ഞ ഒരു സ്വപ്‌നമായിത്തീർന്നു ജീവിതം. ക്യാമ്പസിനുളളിൽ ഏതുനിമിഷവും ആരെങ്കിലും കയറിവരാമെന്ന് തോന്നിച്ചു. അപ്പോൾ നിവൃത്തികെട്ട് ജില്ലാകലക്‌ടർ പശുവിന്റെ ജഡം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്യാൻ കല്‌പനയിട്ടു.
പോസ്‌റ്റുമോർട്ടത്തിന്റെ തലേന്നു രാത്രി രണ്ടു വലിയ വാനുകൾ ക്യാമ്പസിന്റെ കവാടം കടന്നുവന്നു. നിഴലുകൾ മരച്ചില്ലകളിലൂടെ ഊർന്നിറങ്ങുകയും ശബ്‌ദങ്ങൾ ഹുങ്കാരപ്പെടുകയും ചെയ്‌തപ്പോൾ ഞങ്ങൾ ശത്രുക്കളെയാണ് സങ്കൽപ്പിച്ചത്. പക്ഷേ, അത് കലക്‌ടറും പോലീസുകാരുമായിരുന്നു. പോലീസുകാരെ ഞങ്ങൾ ഭയന്നു. പക്ഷേ, കലക്‌ടർ പറഞ്ഞു, “ഭയക്കേണ്ട, ഇന്നു രാത്രി നിങ്ങളെ ഇവിടെ നിന്ന് കടത്തേണ്ട ചുമതലയാണ് ഞാൻ ഇവരെയേൽപ്പിച്ചിരിക്കുന്നത്. കാരണം നാളെ പോസ്‌റ്റുമോർട്ടത്തിൽ പശു മരിച്ചത്, ഒരുവേള സ്വാഭാവിക കാരണങ്ങളാലല്ലെന്നെങ്ങാനും തെളിഞ്ഞാൽ….
അപ്പോൾ മാത്രമാണ് ഞങ്ങൾ അങ്ങിനെയൊരു വാൾ ഞങ്ങളുടെ മേൽ തൂങ്ങിനിൽക്കുന്നത് ഓർത്തെടുത്തത്. ശരിയാണ്. പോസ്‌റ്റ്‌മോർട്ടത്തിൽ തെളിയുന്നത്, പശുവിനെ ആരെങ്കിലും കഴുത്തറുത്ത്, അല്ലെങ്കിൽ തലയ്‌ക്കടിച്ച് കൊന്നതാണെന്നുമാകാമല്ലോ. അങ്ങിനെ വന്നാൽ? പിന്നെ ക്യാമ്പസ് ഒരു രക്ഷാകവചമായിരിക്കുകയില്ല. വേട്ടക്കിണങ്ങിയ കാടായിരിക്കും അപ്പോഴത്. അവിടെ കാലുവെന്ത മുയലുകളുടെ ഓട്ടമാകുമോ ഞങ്ങളുടെ എളിയ ജീവിതങ്ങൾ.
ഇരുട്ടിന്റെ കറുപ്പായി ഞങ്ങൾ ഉടുത്ത വേഷത്തോടെ പോലീസ് വാനുകളിൽ കയറിപ്പറ്റി. പുകയൊച്ചകളുമായി വാഹനം ഭീതി വിടാതെ കുതിച്ചു. റെയിൽവേ സ്‌റ്റേഷനിലേയ്‌ക്കായിരുന്നു യാത്ര. അവിടെ ഒരു മുറി ഞങ്ങൾക്ക് ഒളിവിടമായി ഒരുക്കിയിരുന്നു. ഓരോ സ്ഥലങ്ങളിലേയ്‌ക്കുമുളളവർ അവരവരുടെ നാട്ടിലേയ്‌ക്കുളള തീവണ്ടി വരുമ്പോൾ കയറിപ്പോകുക. അല്ലെങ്കിൽ അവിടെത്തന്നെ പതുങ്ങിയിരിക്കുക. എന്നിട്ട് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പശുവിനും അതിന്റെ ആൾക്കാർക്കും എതിരാണെങ്കിൽ മാത്രം മെല്ലെ ശവക്കുഴിയിൽ നിന്നെന്നപോലെ എഴുന്നേറ്റുവരിക. അയായിരുന്നു ഞങ്ങൾക്കു കിട്ടിയ നിർദ്ദേശം.
അന്നുരാത്രി അതിഭീകരമായ ഒന്നായിരുന്നു. സ്‌റ്റേഷനിലെ ഒളിവിടത്തിന്റെ പുറത്തു കേട്ട ഓരോ ശബ്‌ദവും അതിക്രമിച്ചെത്തിയ ചില നിഴലുകളും ആ ഒളിവിടത്തിന്റെ സുരക്ഷിതത്വത്തിൽ വീണ വിളളലുകളായിട്ടാണ് ഞങ്ങൾ കണ്ടത്. ശരിക്കും വേട്ടയാടപ്പെടുന്നവന്റെ പീഡയെന്തെന്ന് അറിഞ്ഞ രാത്രി. ചിലർക്ക് നാട്ടിലേയ്‌ക്കുളള വണ്ടി വന്നിട്ടുപോലും പോകാൻ കഴിഞ്ഞില്ല. കാരണം വണ്ടി പ്ലാറ്റ്‌ഫോമിൽ നിന്ന് ചൂളം കുത്തുമ്പോഴായിരിക്കും രക്തകുങ്കുമം തൊട്ട ഒരുവന്റെയും അവന്റെ കയ്യിലെ ശൂലത്തിന്റേയും നിഴൽ ഹിച്ച്‌കോക്കിന്റെ ഫ്രെയിമിലെന്നപോലെ ഞങ്ങളുടെ കൂനിയ ഉടലുകൾക്കുമേൽ പതിക്കുക.
പിറ്റേന്ന് നേരം പുലർന്നതും ഇരുട്ടിയതും ഞങ്ങൾ അവിടിരുന്ന് എണ്ണിയെണ്ണിക്കുറച്ചെടുത്ത സമയമായായിരുന്നു. ഒറ്റയ്‌ക്കൊറ്റയ്‌ക്ക് വണ്ടി കയറിപ്പോകാൻ പലരും ധൈര്യം കാട്ടിയില്ല. ഏതു തിരക്കിലും തീവണ്ടിക്കമ്പാർട്ടുമെന്റിലും താൻ തിരിച്ചറിയപ്പെടുമെന്നൊരു തോന്നൽ. തന്റെ ശരീരം, തന്നെ ഒറ്റുകൊടുക്കുമെന്ന് വലിയ തിരിച്ചറിവ്.
നിമിഷങ്ങളെണ്ണിയിരിക്കവെ, ഞാൻ മനസ്സിൽക്കണ്ടത് പോസ്‌റ്റുമോർട്ടമായിരുന്നു. ഡോക്‌ടർമാർ, മറകെട്ടുന്ന തൊഴിലാളികൾ, മണ്ണു മാന്തുന്നവർ, ഒടുവിൽ മെല്ലെ മണ്ണിന്റെ ഒരു പശുരൂപമായി ഉയർന്നുവരുന്ന പശു. എല്ലാത്തിനേക്കാളും വലുതായ പശു. പശു മണ്ണിന്റെ കോട്ടകൾ തകർത്ത് ഉയർന്നു വരുന്നു. അതിന്റെ ചീർത്ത ദേഹത്തിൽ വീഴുന്ന കത്തികൾ. പോസ്‌റ്റുമോർട്ടത്തിൽ എന്താണു തെളിയിക്കപ്പെടാൻ പോകുന്നത്. ഈ പശു ചരിത്രത്തിൽ എന്താണു തെളിയിക്കാൻ പോകുന്നത്.
പിറ്റേന്ന് രാവിലെയാണ് സ്‌റ്റേഷൻ മാസ്‌റ്റർ കൊണ്ടുവന്ന പത്രത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് കണ്ടത്. പശു കൊല്ലപ്പെട്ടതായിരുന്നില്ല. അത് വെറുതേ, വെറുതേ, വെറുതേ ചത്തു പോയതായിരുന്നു. അതിന്റെ, ഏറിപ്പോയാൽ ദൈവത്തിന്റെയും സ്വന്തം അഭീഷ്‌ടപ്രകാരം മാത്രം.
കഥ നിർത്തി അനീസ് എന്നെ മാത്രം നോക്കി. ഞാൻ വായുവിന് വഴങ്ങിക്കൊടുക്കുന്ന ആടുകളെ നോക്കി. കാജാമലൈയിൽ കാറ്റുവീശുന്നുണ്ടായിരുന്നു. പെണ്ണുങ്ങൾ ഇപ്പോഴും അവിടവിടെ നിന്ന് കരച്ചിലുതിർത്തിരുന്നു. നേർച്ചയാക്കപ്പെട്ട മുട്ടകളിൽ നിന്ന് പരന്ന മെഴുകുണങ്ങി ജീവന്റെ കണ്ണുകൾ വറ്റാൻ പോകുന്ന പ്രകാശമായി എന്നെ നോക്കി. ആകാശത്തിൽ കാറ്റു മാത്രമല്ല, ഇരുട്ടിന്റെ ആദ്യതെളിവുകൾകൂടി വീശിത്തുടങ്ങിയിരുന്നു. കാജാമലൈയിലെ പളളിച്ചുമരുകളെ നനച്ചുകൊണ്ട് ഒരു പുരുഷശബ്‌ദം കിണുങ്ങി. മഗ്‌രിബിന്റെ ബാങ്കായിരുന്നു അത്. ഇതിപ്പോൾ എവിടെ നിന്നു വന്നു ഒരു പുരുഷശബ്‌ദം. ഏതായാലും അത് ആകാശത്തോട് കിണുങ്ങിക്കൊണ്ടിരുന്നു. മറ്റുളളവർ എഴുന്നേറ്റു. എനിക്ക് ചലിക്കാൻ തോന്നിയില്ല. അവർ ആരായാലും അവരെല്ലാം എഴുന്നേൽക്കുന്നതും ചലിക്കുന്നതും എനിക്ക് കാണാം. ആടുകളും മനുഷ്യരും മരങ്ങളും കാറ്റിലിളകുന്ന ഇരുണ്ട നിഴൽരൂപങ്ങളെന്നോണം എന്റെ മനസ്സിൽ കുടികൊണ്ടു. അപ്പോൾ, മുമ്പ് പലപ്പോഴുമെന്നപോലെ, ഞാൻ തനിച്ച് ഇരുട്ടിന്റെ കച്ചയിലേയ്‌ക്ക് പ്രവേശിക്കുകയാണെന്നെനിക്കു കരുതാതെ വയ്യാതായി.
Generated from archived content: story1-comp.html Author: anwar-abdullah