ആളരുതൊരിക്കലും;
പുറംകാഴ്‌ച വിലക്കുന്ന
ചുറ്റുമതിലുകളുടെ
പുക പിടിച്ച ഗർവ്വിനുമപ്പുറം!
ഒഴുകരുതൊരിക്കലും;
നാളെയുടെ സ്വപ്‌നങ്ങളിൽ
വറുതി വിതച്ചു നിവർന്നുനിന്ന
അണക്കെട്ടുകൾക്കപ്പുറം!
പറക്കരുതൊരിക്കലും;
ആകാശങ്ങൾ കൊതിച്ച്…
മുഷിഞ്ഞ നിയമങ്ങളുടെ
മേൽക്കൂര മറികടന്ന്!
വളരരുതൊരിക്കലും;
ഇരുട്ടു മാറാല ചുറ്റിയ
ഇടുങ്ങിയ മനസ്സുകളുടെ
കാഴ്‌ചപ്പുറം കടന്ന്!
തളിർക്കരുതൊരിക്കലും;
കാവൽദൈവങ്ങൾ
വരൾച്ച വിതച്ചു കൊയ്യുന്ന
മരുപ്രദേശങ്ങളിൽ!
പൂക്കരുതൊരിക്കലും;
ഗന്ധങ്ങൾ തിരിച്ചറിയാത്ത
മരവിച്ച മൂക്കുകളുടെ
ശ്വാസവായുവിൻ കീഴിൽ!
പടരരുതൊരിക്കലും;
അറിവും കനിവുമായി
അയൽഗോത്രത്തിലെ
ആൺഞ്ഞരമ്പുകളിൽ!
കനിയരുതൊരിക്കലും;
ശത്രുപാളയത്തിൽ
വിശപ്പു ചവയ്‌ക്കുന്ന
കുഞ്ഞിന്റെ നിലവിളിയിൽ!
ചെറുക്കരുതൊരിക്കലും;
വിചാരണയ്‌ക്കു മുമ്പേ
വിധി കല്പിച്ചവരുടെ
പടപ്പുറപ്പാടുകളെ!
അറിയരുതൊരിക്കലും;
അണമുറിയ്‌ക്കാനായുന്ന
ആത്മരോഷത്തിന്റെ
പൊളളുന്ന ചീളുകളെ!
Generated from archived content: poem2_oct20.html Author: anupama_e