ഗന്ധർവ്വപർവ്വം

നാഗദൈവങ്ങളുടെ കാവു തീണ്ടി

കോലച്ചമയങ്ങളുടെ കാഴ്‌ചപ്പുറം കടന്ന്‌

ഗന്ധർവ്വൻ വരാതിരിക്കില്ല.

ഉൾപൊട്ടി വിടർന്ന ഈ കാക്കപ്പൂക്കളുടെ ആത്മാവിലും

ശാപക്കറ ചുറ്റിയ സാലഭഞ്ജികകളുടെ മൗനത്തിലും

അശാന്തിപ്പിറാവുകളുടെ നേർത്ത വിലാപങ്ങളിലും

അസ്ഥിത്തറകളുടെ നിലക്കാത്ത മന്ത്രണങ്ങളിലും

ഗന്ധർവ്വൻ നിർത്താതെ പെയ്യുന്നുണ്ട്‌.

രാപ്പൂക്കളുടെ മണമുളള

മുളങ്കാടുകളുടെ സ്വരമുളള

നനഞ്ഞ മണ്ണിന്റെ നിശ്വാസമുളള

നക്ഷത്രക്കണ്ണുകളുളള

ഗന്ധർവ്വൻ.

കണ്ണാടിയുടെ മുഖമുളള ഒരു പെൺകാഴ്‌ചയിലേക്ക്‌

ഭ്രാന്തു ചൊരുക്കുന്ന പകൽപ്പിറവുകളിലേക്ക്‌

ഉഷ്‌ണം മണക്കുന്ന പകലറുതികളിലേക്ക്‌

ഉറഞ്ഞു കറുത്ത ശാപക്കല്ലുകളുടെ ഉടയാത്ത മൗനത്തിലേക്ക്‌

ചന്ദനനിറമുളള വിരലുകളിലെ നീണ്ട നഖങ്ങൾ

ഗന്ധർവ്വൻ ആഞ്ഞിറക്കുന്നുണ്ട്‌.

വെളിപ്പെടലുകൾ അകത്ത്‌ ചുര മാന്തുമ്പോൾ

കണ്ണാടികൾ പേടിപ്പെടുത്തുമ്പോൾ

അഴികൾക്കകത്തു നിന്ന്‌ ഒരു തൂവലില്ലാപ്പക്ഷി

ചോരച്ച അനന്തതയിലേക്ക്‌….

Generated from archived content: poem1_may27.html Author: anupama_e

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here