കഥ

ഞാനൊരു സാംസ്‌കാരിക നായകനാകുന്നു. എന്നുവച്ചാൽ അങ്ങനെയാണ്‌ ഞാൻ എന്നെപ്പറ്റി വിചാരിക്കുന്നത്‌. അല്ലെങ്കിൽ ഞാൻ ഒരു സാംസ്‌കാരികപ്രവർത്തകനാകുന്നു. എന്തെന്നാൽ ഞാൻ ബുദ്ധിജീവികൾക്കിടയിലെ വിവാദങ്ങളിൽ പങ്കെടുത്ത്‌ പരമാവധിപേർ അറിയാനിടയാവുന്ന വിധത്തിൽ മനപൂർവ്വം അഭിപ്രായം പറയാറുണ്ട്‌. ഏറ്റവും കുറഞ്ഞ പക്ഷം ഞാനൊരു സാംസ്‌കാരിക ചിന്തകനെങ്കിലുമാണ്‌. കാരണം നമ്മുടെ സംസ്‌കാരത്തെക്കുറിച്ച്‌ ഞാൻ അറിഞ്ഞോ അറിയാതെയോ ചിന്തിക്കുകയോ ചിന്തിക്കാതിരിക്കുകയോ ചെയ്യാറുണ്ട്‌. സാഹിത്യം എന്റെ തറവാട്ടുവക മേഖലയാകുന്നു. തത്വശാസ്‌ത്രം, മനശാസ്‌ത്രം, ചരിത്രം തുടങ്ങിയവകളിൽ എനിക്ക്‌ നല്ല പിടിപാടുണ്ട്‌. ആസ്‌ട്രോഫിസിക്‌സ്‌ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഗൈഡായി ഉപയോഗിക്കുന്ന ‘തമോഗർത്തം-മിത്തും യാഥാർത്ഥ്യവും’ എന്ന കൂറ്റൻ ഗ്രന്ഥം. ഞാൻ തുടർച്ചയായി നോവലുകൾ എഴുതിത്തളളുന്നതിനിടെ ബോറടിമാറ്റാനായി ഇംഗ്ലീഷിൽനിന്നും തർജ്ജമ ചെയ്‌തുപോയതാണ്‌. ‘ക്രിക്കറ്റ്‌-ആർഷ സംസ്‌കാരത്തിൽ’ എന്നൊരു ഗവേഷണ പ്രബന്ധം രചിക്കാൻ പല മാധ്യമങ്ങളും എന്നിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്‌. വെറുതെ സാ…മട്ടിൽ പറഞ്ഞാൽ ഇങ്ങനെയൊക്കെയാണ്‌ പൊതുവെ എന്റെ അസ്‌തിപരമായ വ്യക്തിത്വം. ഇങ്ങനെ വളരെ വിനയപൂർവ്വം ഈ പ്രപഞ്ചത്തിൽ ജീവിച്ചുവരുന്നതിനിടയ്‌ക്ക്‌ വീണ്ടും അത്‌ സംഭവിച്ചു.

കുറച്ചുനാൾ മുമ്പാണ്‌. രാത്രി; എനിക്ക്‌ ഉറക്കം നഷ്‌ടപ്പെട്ടു. ഒരുപോള കണ്ണടയ്‌ക്കാൻ കഴിഞ്ഞില്ല. എന്നുവച്ചാൽ കഷ്‌ടപ്പെട്ട്‌ ഒരു പോള കണ്ണടയ്‌ക്കുമ്പോൾ ദാ… മറ്റേ പോള തുറന്നിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. നോ രക്ഷ!. ആദ്യം വിചാരിച്ചു പകൽ ഉച്ചയൂണുകഴിഞ്ഞ്‌ രാത്രി ടി.വി സീരിയൽ തുടങ്ങുന്നതുവരെ കിടന്നുറങ്ങിയതു കൊണ്ടായിരിക്കും എന്ന്‌. (പ്രസംഗം ഇല്ലാത്തപ്പോൾ ഞാൻ പകൽ ഉറങ്ങാറുണ്ട്‌. പകൽ സാഹിത്യകാരൻമാർ ഉറങ്ങുന്നത്‌ സ്വന്തം തലച്ചോറിനും സമൂഹത്തിനും നല്ലതാണെന്ന്‌ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു.)

ഇല്ല. അതല്ല. പ്രശ്‌നം സാമൂഹികമാണ്‌. സാമൂഹികപ്രശ്‌നങ്ങൾ പലപ്പോഴും എന്റെ രാത്രി ഉറക്കത്തെയാണ്‌ നേരിട്ട്‌ ബാധിക്കുക. ഇങ്ങനെ കുറച്ചു രാത്രികൾ ഉറങ്ങാതെയിരുന്നാൽ എന്റെ കൈവിരലുകൾ വിറച്ചു തുടങ്ങും. ഇത്‌ അപസ്‌മാരമായെങ്ങാൻ മാറിയാലോ എന്നു കരുതി ഞാൻ ഒരു മുൻകരുതലെടുക്കും. തൂലികയെടുത്ത്‌ കൈയിൽ മുറുകെ പിടിക്കും. അല്ലെങ്കിൽ ഡയറിയിൽ എന്തെങ്കിലും കുത്തിക്കുറിക്കും. പിറ്റേ ദിവസം അത്‌ ടൈപ്പ്‌ ചെയ്‌ത്‌ ഏതെങ്കിലും വാരികയ്‌ക്ക്‌ അയച്ചുകൊടുക്കും. പിന്നീട്‌ ഏതെങ്കിലും പബ്ലിഷർ അമ്മാതിരി കുറച്ചെണ്ണം ഒന്നിച്ചുകൂട്ടി ഒരു തലക്കെട്ടുംകൊടുത്ത്‌ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കും. കഴിഞ്ഞതിന്‌ മുമ്പത്തെ വർഷത്തെ മികച്ച നിരൂപണസമാഹാരത്തിനുളള അക്കാദമി അവാർഡ്‌ ലഭിച്ച കൃതി ഇത്തരത്തിൽ പിറവിയെടുത്തതാണ്‌. (പ്രസാധനം കഴിഞ്ഞ്‌ അവാർഡ്‌ കിട്ടുന്നത്‌ വരെ എന്റെ ആ കൃതിക്കുട്ടിയെ ഇൻകുബേറ്ററിൽ കിടത്തേണ്ടിവന്നു എന്നു പറയുന്നത്‌ പരദൂഷണക്കാർ മാത്രമാണെട്ടോ.) പക്ഷേ ഇപ്പോൾ പ്രശ്‌നം അതല്ല. ആ സത്യം, രാത്രി പവർകട്ട്‌ സമയത്ത്‌ വല്ലവന്റേയും കൈയ്യിലിരുന്ന്‌ എരിയുന്ന സിഗരറ്റ്‌ കുറ്റിപോലെ എന്നെ തുറിച്ചു നോക്കുന്നു. സത്യമെന്തെന്നാൽ ഉറക്കം രാത്രിയുടെ ഈ അതിവിശാലമായ മലഞ്ചെരുവിൽ എന്നെ ഒറ്റയ്‌ക്കുപേക്ഷിച്ചു പോയിരിക്കുന്നു. സാമൂഹ്യപ്രശ്‌നം എന്താണെന്നൊട്ടു പിടുത്തവും കിട്ടുന്നില്ല.

ഞാൻ ഒട്ടകപക്ഷിയെപ്പോലെ കമിഴ്‌ന്ന്‌ കൊണ്ട്‌ തല തലയിണയ്‌ക്കടിയിൽ പൂഴ്‌ത്തിവച്ച്‌ സാമൂഹ്യപ്രശ്‌നം എന്താണെന്ന്‌ എന്റെ തലച്ചോറിൽ ഒന്നു ചികഞ്ഞുനോക്കി. ചികഞ്ഞ്‌ ചികഞ്ഞ്‌ ചിറകു കുഴഞ്ഞപ്പോൾ, പഴഞ്ചൻ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ടി.വി. ഓണായി തെളിഞ്ഞു വരുന്നതുപോലെ കാര്യം എനിക്ക്‌ ബോധ്യപ്പെടാൻ തുടങ്ങി.

തലേദിവസം ‘കോവള’ പാനീയങ്ങൾ മനുഷ്യർ പാനം ചെയ്യുന്നതു മൂലമുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച്‌ ഒരു ബോധവൽക്കരണ സെമിനാർ അതിഗംഭീരമായി ഉദ്‌ഘാടനം ചെയ്‌തിട്ട്‌ ഒരു ഏമ്പക്കവും വിട്ട്‌ ബസിൽ തിരികെ വരുമ്പോൾ വായിച്ച സായാഹ്ന പത്രത്തിലെ വാർത്തയാണ്‌ പ്രശ്‌നഹേതു. വാർത്ത ഇതാണ്‌.

ബസിൽ അനാശാസ്യം- നഗരത്തിൽ ഏഴ്‌ സ്ഥലങ്ങളിൽ നിന്നായി പതിനെട്ട്‌ പുരുഷന്മാർ കസ്‌റ്റഡിയിൽ. അവന്മാരുടെ പേരുവിവരങ്ങളും ഫോട്ടോയും കൊടുത്തിട്ടുണ്ട്‌. വെറും ഏഴ്‌ സ്ഥലങ്ങളിൽനിന്ന്‌ പതിനെട്ട്‌ പേരെങ്കിൽ ഒരു നൂറു സ്ഥലത്ത്‌ നിന്ന്‌ എത്രപേർ അകത്തായാനേ. ഓ ഇത്‌ ശരിക്കും ഒരു പ്രശ്‌നം തന്നെ. വെറുതെയല്ല ഉറക്കമില്ലാത്തത്‌. തക്കതായ കാരണം ഉണ്ട്‌. സമൂഹത്തിന്റെ പോക്ക്‌ അത്ര പന്തിയല്ല. സിംഹവാലൻകുരങ്ങ്‌ പ്രശ്‌നത്തിലും, ആണവ പ്രശ്‌നത്തിലും, ആദിവാസി പ്രശ്‌നത്തിലും ഇടപെട്ട്‌ സർഗ്ഗത്മകസൃഷ്‌ടി നടത്തി പരിഹരിച്ചപോലെ ഈ പ്രശ്‌നത്തിൽ ഇടപെടാൻ ഞാൻ തീരുമാനിച്ചു. നാളെ നേരം ഒന്നങ്ങട്‌ വെളുത്തോട്ടെ. ഒരു മാതൃകാസാഹിത്യകാരനെപ്പോലെ അദൃശ്യനായി ബസ്‌ യാത്രയിൽ യാത്രക്കാരെയും അവരുടെ പെരുമാറ്റങ്ങളെയും സസൂക്ഷ്‌മം നിരീക്ഷിക്കുക, അവരുടെ മാനസിക ചലനങ്ങൾ ടെലിപ്പതി വഴി മനസ്സിലാക്കുക, കാര്യങ്ങൾ ചൂടോടെ കടലാസിൽ പകർത്തുക. പിന്നെ ഞാൻ ആർജ്ജിച്ച തത്വശാസ്‌ത്ര, മനശ്ശാസ്‌ത്ര, ചരിത്രപശ്ചാത്തലത്തിൽവച്ച്‌ വിശകലനം ചെയ്യുക, എന്നിട്ട്‌ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തുക. പിന്നെ കാര്യങ്ങളും വിശകലനവും പരിഹാരവും കൂടി പാകത്തിൽ മിക്‌സ്‌ ചെയ്‌ത്‌ മസാലയാക്കി, തൊലിപൊളിച്ച ബ്രോയിലർ ചിക്കനിൽ പുരട്ടി വഴിതെറ്റി ഓടിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്‌ പച്ചയ്‌ക്കോ, പുഴുങ്ങിയോ, വറുത്തോ തിന്നാനായി എറിഞ്ഞുകൊടുക്കുക. എന്നിട്ട്‌ ശേഷിക്കുന്ന രാത്രികളിൽ സുഖമായി കിടന്നുറങ്ങുക.

അങ്ങനെ പിറ്റേന്ന്‌ ഞാൻ അദൃശ്യനായി ബസ്‌ സ്‌റ്റോപ്പിലെത്തി. ദാ, വരുന്നു ഒരുവൻ; അവനെത്തന്നെ പരിശോധിച്ച്‌ നിരീക്ഷിച്ചു തുടങ്ങാം.

അവൻ കഴിഞ്ഞ കുറെ നാളായി അങ്ങനെയാണ്‌. ബസ്‌ അടുത്തുവരുമ്പോൾ ഹൃദയത്തിൽ സമ്മർദ്ദങ്ങളുടെ ഒരു വേലിയേറ്റം. തിരക്കുണ്ടാവുമോ? മുന്നിൽ കയറാൻ പറ്റുമോ? കണ്ടക്‌ടർ പുറകിലേക്കിറക്കി നിർത്തുമോ? തുടങ്ങി കുറേ ചോദ്യങ്ങൾ. ബസ്‌, സ്‌റ്റോപ്പിൽ നിർത്തുമ്പോഴേക്കും അവന്റെ മനസ്സിലൂടെ ഒരു തുലാമാസസന്ധ്യയിലെ ശാന്തമായ അന്തരീക്ഷത്തിൽ പെട്ടെന്ന്‌ വന്ന്‌ തല കാണിച്ചിട്ട്‌ പോകുന്ന അപ്രതീക്ഷിതമായ ഇടിമിന്നൽ പോലെ മിന്നിമറയും. ഇത്രയും ചിന്തകൾക്ക്‌ വന്ന്‌ മറഞ്ഞുപോകാൻ ഏതാനും മില്ലിസെക്കന്റുകൾ മാത്രം മതി. പക്ഷേ അവയുടെ തീക്ഷ്‌ണത ശരീരത്തിലെ ഓരോ സിരാതന്തുവിനേയും പിടിച്ചുകുലുക്കിയിട്ടാണ്‌ കടന്നുപോകുന്നത്‌. ഫലമോ മനസ്സ്‌ വലിഞ്ഞു മുറുകിയ ഒരു ഗിറ്റാർ കമ്പിപോലെ ടെൻഷനിലായിരിക്കും. എന്തായാലും ഇന്ന്‌ ഭാഗ്യമുളള ദിവസമാണ്‌. ബസ്‌ കുറച്ച്‌ പുറകിലേക്ക്‌ ഇറക്കിയാണ്‌ നിർത്തിയിരിക്കുന്നത്‌. സാധാരണ അവൻ ബസ്‌സ്‌റ്റോപ്പിൽ നിൽക്കുന്നത്‌ കുറച്ച്‌ മുന്നിലേക്ക്‌ കയറിയായിരിക്കും. ബോധപൂർവ്വം തന്നെ. ചില പിഴച്ച ഡ്രൈവർമാർ ബസ്‌ മുന്നിലേക്ക്‌ കയറ്റി നിറുത്തിക്കളയും- അതും ബോധപൂർവ്വം തന്നെ. അപ്പോൾ ചോരത്തിളപ്പുളള പുരുഷപ്രജകൾക്ക്‌ ബസിന്റെ പുറകിലെ ഡോറിലൂടെ തന്നെ കയറേണ്ടിവരും. പിന്നെ യാത്ര തീരുംവരെ, ഓരോ ഗട്ടർ ചാടുമ്പോഴും, സഹപുരുഷയാത്രികരുടെ മുട്ടുകൈയ്യുടെ കുത്തും, ലെതർ ബൂട്ടിന്റെ അയേൺസോളിന്റെ ചവിട്ടും കൊണ്ട്‌, നീണ്ട അറുബോറൻ, മുഷിപ്പൻ, മനസ്സുമടുപ്പൻ യാത്ര. ജീവിതം എന്തോരു നരകം എന്ന തോന്നൽ. ഏറ്റവും അസഹനീയം മുന്നിൽ ചില ഭാഗ്യവാൻമാർ പുറകിലേക്കിറങ്ങിനിൽക്കുന്ന ചേച്ചിമാരുടെ പുറകുഭാഗത്ത്‌ മുട്ടിയുരുമ്മി റോഡിലെ ഹമ്പുകളും ഗട്ടറുകളുമാകുന്ന ആനന്ദസാഗരങ്ങളിലോരോന്നിലും നീന്തിത്തുടിച്ച്‌ യാത്രയുടെ ഓരോ നിമിഷങ്ങളും ആസ്വദിച്ചു കൊണ്ടിരിക്കയാണെന്ന ഇടയ്‌ക്കിടെ മനസ്സിലേക്ക്‌ തികട്ടിവരുന്ന തിരിച്ചറിവും. അവരോട്‌ ഓരോ നിമിഷങ്ങളിലും തോന്നുന്ന നാരങ്ങയുടെ മണമുളള അസൂയയും ആകുന്നു. ഇതിലും ഭേദം കൂർത്തുമൂർത്ത മുളളുകൾ നിറഞ്ഞ റോസാച്ചെടിയുടെ തണ്ടുകൾ കൊണ്ടുളള മെത്തയിൽ കമിഴ്‌ന്ന്‌ കിടന്ന്‌ തണ്ടിനറ്റത്തുളള പുഷ്‌പത്തിന്റെ സൗരഭ്യം നുകരുകയാണ്‌.

ടൈമിംഗിലാണ്‌ കാര്യമിരിക്കുന്നത്‌. ബാറ്റിംഗിൽ മാത്രമല്ല, ബസിൽ കയറുന്നതിലും അങ്ങനെ തന്നെ. ബസിനടുത്തേക്ക്‌ ഓടുമ്പോൾ അവൻ ഓട്ടത്തിന്റെ സ്‌പീഡും ഓരോ കാലടിയുടേയും ദൈർഘ്യവും നിയന്ത്രിച്ചു. കറകറക്‌ട്‌! സ്‌റ്റോപ്പിൽ നിന്നിരുന്ന അവസാനത്തെ സ്‌ത്രീയും മുൻഡോറിന്റെ സ്‌റ്റെപ്പിൽ കയറിയ സമയത്തുതന്നെ അവൻ ഡോറിന്‌ മുന്നിലെത്തി. കിറുകൃത്യം. ഒരു കാലടി അല്‌പം നേരത്തെ ആയിരുന്നെങ്കിൽ ചേച്ചി ഡോറിനുമുന്നിൽ താഴത്ത്‌ നിൽക്കുകയായിരിക്കും, പുറകിലെ ക്രൂരൻ കിളി തന്നെ പുറകിലേക്ക്‌ വിളിക്കും. പിന്നെ ഇന്നത്തെ യാത്ര മുഴുപട്ടിണി. ഒരടി വൈകിയിരുന്നെങ്കിൽ പൗരുഷമുളള മറ്റ്‌ പുരുഷൻമാർ വന്ന്‌ മുന്നിൽ കയറും. അപ്പോൾ താൻ പുറകിലേയ്‌ക്ക്‌ പോകേണ്ടിവരും. അപ്പോഴും പട്ടിണി!

വലതുകാൽ മുൻഡോറിലെ രണ്ടാമത്തെ സ്‌റ്റെപ്പിൽ വയ്‌ക്കുമ്പോൾ അവന്‌ തന്റെ ഇന്നത്തെ ടൈമിംഗിൽ അഭിമാന പുളകിതനാവാതിരിക്കാൻ കഴിഞ്ഞില്ല. ഇല്ല! കളിയുടെ ആദ്യത്തെ സ്‌റ്റേജ്‌ മാത്രമേ കഴിഞ്ഞുളളൂ. മിഡിൽഗെയിമും കൺക്ലൂഷനും ഭംഗിയാക്കണം. ഒരു ചെസ്സ്‌ ടൂർണമെന്റിൽ സെമിഫൈനലിൽ തന്റെ പെഡ്രോഫ്‌ ഡിഫൻസ്‌ ഓപ്പണിംങ്ങിൽ ആദ്യം തന്നെ C-4 ഉം C-5 ഉം ഭംഗിയായി കളിച്ച ഗ്രാന്റ്‌ മാസ്‌റ്റർ വിശ്വനാഥൻ ആനന്ദിന്റെ പക്വതയോടെ, അവൻ തന്റെ മനസ്സിൽ ബിയറിന്റെ പതപോലെ നുരഞ്ഞു പൊങ്ങിയ ആവേശത്തെ നിയന്ത്രിച്ചുകൊണ്ട്‌ തലയുയർത്തി ബസ്സിനകം ഒന്നു വീക്ഷിച്ചു. ഛേ! ഒരു പറ്റുപറ്റിപ്പോയി…! ഈ മുൻഡോറിലെ കിളി വിളിച്ചുകയറ്റിയതുകൊണ്ടാണ്‌. അല്ലെങ്കിൽ ഞാൻ പുറകിൽ പോയി കയറിയേനേ. ഈ സ്‌ത്രീകൾ എന്നു പറയുന്ന വർഗ്ഗം എന്റെ ശരീരത്ത്‌ മുട്ടുന്നതുതന്നെ എനിക്കലർജ്ജിയാണ്‌. മേലിൽ ഞാൻ ജീവിതത്തിലൊരിക്കലും ബസിന്റെ ഫ്രണ്ട്‌ഡോറിലൂടെ കയറുകയില്ല. ഇത്‌ സത്യം…! സത്യം…! സത്യം…! എന്ന മുഖഭാവത്തോടുകൂടി അവൻ പരിചയക്കാരായ വല്ല കശ്‌മലൻമാരും തന്നെ വീക്ഷിക്കുന്നുണ്ടോ എന്നറിയാൻ ഒന്ന്‌ പാളി നോക്കി. ആരും ഇല്ല!

എന്നാൽ ബസ്സിന്റെ മധ്യഭാഗത്ത്‌ സ്‌ത്രീകളുടെ തൊട്ടുപുറകിലായി തീ പാറുന്ന കണ്ണുകളോടെ നിൽക്കുന്ന മറ്റ്‌ മാന്യരായ പുരുഷപ്രജകൾക്ക്‌, ഈ പുതുതായി കയറി വന്നിരിക്കുന്ന ചെകുത്താന്റെ മനസ്സിൽ, ഗ്രഹണി പിടിച്ചവന്‌ പരിപ്പ്‌ പായസത്തോടുളള ആർത്തിയാണ്‌ പെണ്ണുങ്ങളോടുളളതെന്ന്‌ നന്നായിട്ടറിയാം. പ്രത്യേകിച്ചും വലതുവശത്തെ വരിയിലെ മൂന്നാമത്തെ സീറ്റിന്റെ കമ്പിയിൽ ചാരി നിൽക്കുന്ന പാവം അമ്മാവന്‌. പാന്റും ഷർട്ടുമാണ്‌ വേഷം. ചെറുതായി നരവീണ്‌ തുടങ്ങിയ തല. ഒരു കൈയ്യിൽ ഒരു ഓഫീസ്‌ ബാഗ്‌. വയസ്സാവാൻ തുടങ്ങിയ ശരീരത്തിനുളളിലെ വയസ്സാവാൻ സമ്മതിക്കാത്ത മനസ്സിനെയും, ആ മനസ്സിലെ ഇപ്പോഴും സ്‌മാർട്ട്‌ ആയ കാമദാഹത്തേയും സൂക്ഷിച്ചു നോക്കിയാൽ മാത്രമേ കാണാനാവൂ. പെണ്ണുങ്ങളെ അലർജിയാണല്ലേ…? പരിഹാരമുണ്ട്‌! പുറകിൽ മൂന്നാൾക്ക്‌ നിൽക്കാനുളള സ്ഥലമുണ്ട്‌, വരുന്നവരവിൽത്തന്നെ അങ്ങോട്ട്‌ നടന്നോളൂ. ഞാനാണെങ്കിൽ ഇവിടെ കമ്പിയിൽ ചാരി നിൽക്കുകയാണ്‌. അതുകൊണ്ട്‌ മോൻ പുറകിലേയ്‌ക്ക്‌ പൊയ്‌ക്കോളൂ, എ​‍ുന്നുളള അർത്ഥവത്തായ ഒരു നോട്ടത്തോടെ അമ്മാവൻ മുകളിലെ കമ്പിയിൽ വട്ടം പിടിച്ചിരുന്ന ഇടതുകൈ താഴ്‌ത്തി അവന്‌ പോകാൻ ഭവ്യതയോടെ വഴിയൊരുക്കിക്കൊടുത്തു. അതേസമയം തന്നെ ഇടതുവശം രണ്ടാമത്തെ സീറ്റിന്റെ കമ്പിയിൽ ചാരി ഞാനൊന്നുമറിഞ്ഞില്ലേ… എന്ന മട്ടിൽ നിന്ന ജീൻസിട്ട ചേട്ടനും ഒതുങ്ങിനിന്നു കൊടുത്തു.

പണിപാളി ‘കംബയിന്റ്‌ യൂഗോസ്ലാവ്‌ അറ്റാക്ക്‌!’ എതിരാളി പരിചയസമ്പന്നനാണ്‌. ഇപ്പോൾ എന്തെങ്കിലും ചെയ്‌തില്ലെങ്കിൽ താൻ പുറകിലേക്കിറങ്ങി നിൽക്കേണ്ടിവരും. ചെസ്സിൽ centre coloumnsൽ ആധിപത്യമുളളവൻ കളി ജയിക്കാറുളളതുപോലെ, ബസ്സിൽ സ്‌ത്രീകളുടെയും പുരുഷൻമാരുടെയും സ്‌റ്റാന്റിംങ്ങ്‌ പൊസിഷനിടയിലുളള സ്ഥലത്ത്‌ നിയന്ത്രണമുളളവനാണ്‌ നല്ല നീക്കങ്ങൾക്ക്‌ കൂടുതൽ സാധ്യത.

ബസ്‌ അടുത്ത സ്‌റ്റോപ്പിൽ എത്തിക്കഴിഞ്ഞു. അമ്മാവനും മുന്നിലുളള മഞ്ഞസാരിച്ചേച്ചിക്കും ഇടയിൽ ഒരു അര ആളുടെ ഗ്യൂപ്പ്‌ ഉണ്ട്‌. അവന്റെ തലച്ചോർ ഉണർന്നു പ്രവർത്തിച്ചു. ഒരു നിമിഷം അവൻ ദൈവത്തെ ധ്യാനിച്ചു. രണ്ടും കല്പിച്ച്‌ പോക്കറ്റിൽ കയ്യിട്ട്‌ തിരിഞ്ഞുകൊണ്ട്‌ കണ്ടക്‌ടറോട്‌ പറഞ്ഞു. മൂന്നമ്പത്‌!

പൈസ കൊടുത്തു ടിക്കറ്റ്‌ വാങ്ങുന്നതിന്‌ ഒരു 20 സെക്കന്റ്‌ എടുത്തു. ടിക്കറ്റ്‌ കിട്ടിക്കഴിഞ്ഞ്‌ തിരിഞ്ഞുനോക്കി. കണക്കുകൂട്ടൽ വീണ്ടും റൈറ്റ്‌! നൂറിൽ നൂറ്റിപ്പത്ത്‌ മാർക്ക്‌. അമ്മാവന്റെ പുറകിലെ ഗ്യാപ്പിൽ ഈ സ്‌റ്റോപ്പിൽ നിന്നു കയറിയ പുരുഷൻമാർ വന്ന്‌ fill ആയിരിക്കുന്നു. ഇനി അവശേഷിക്കുന്ന ഗ്യാപ്പ്‌ മഞ്ഞസാരിക്കു പുറകിലാണ്‌. തികഞ്ഞ നിസ്സംഗതയോടുകൂടി അവൻ അവിടേക്ക്‌ കയറി ഒതുങ്ങി വിനയത്തോടുകൂടി നിന്നു.

“എന്നോടുകളിക്കേണ്ടെന്റെ ലോകരു കൂട്ടം….

എന്നോടു കളിച്ചാനിങ്ങള്‌ കളി പഠിക്കും…”

നാടൻപാട്ടിന്റെ ഈരടി അവന്റെ മനസ്സിൽ ഹർഷാരവത്തോടുകൂടി മുഴങ്ങി. അമ്മാവൻ നെഞ്ചുകൊണ്ടുന്തിയും, തലമുടി ഷർട്ടിലുരച്ചും അവനെ പുകച്ച്‌ പുറത്ത്‌ ചാടിക്കാനുളള ശ്രമം തുടർന്നെങ്കിലും ‘അഡിലേയ്‌ടിലെ’ ബാറ്റിംഗ്‌ പിച്ചിൽ നന്നായി നിലയുറപ്പിച്ച സച്ചിൻ മക്‌ഗ്രാത്തിന്റെ ഇടയ്‌ക്കിടെയുളള ഔട്ട്‌സ്വിംഗറുകളെ ലീവ്‌ ചെയ്യുന്ന ലാഘവത്തോടുകൂടി അതിനെയെല്ലാം സഹതാപപൂർവ്വം അവഗണിച്ചു. ബസ്‌ വിട്ടുകഴിഞ്ഞു. വിശന്നു വലഞ്ഞ പട്ടി ഇറച്ചിക്കഷണത്തെ എന്നപോലെ അവൻ മുന്നിലെ ചേച്ചിയെ നോക്കി. കൊളളാം. ഇന്നത്തെ തന്റെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു. നന്ദിയുണ്ട്‌ ദൈവമേ! നന്ദി! ഇനി ഞാൻ കൈകാര്യം ചെയ്‌തുകൊളളാം എങ്കിലും അബദ്ധവശാൽ വന്നു പെട്ടേക്കാവുന്ന പിഴവുകൾ ഒഴിവാക്കി അനുഗ്രഹിക്കേണമേ… ചേച്ചിയെ നോക്കുന്തോറും അവന്റെ അരക്കെട്ടിൽ സമ്മർദ്ദം വർദ്ധിച്ചു. ടെൻഷൻ. ഒന്നു ടെസ്‌റ്റ്‌ ചെയ്‌തു നോക്കാം. അവൻ തന്റെ മുട്ടുകാൽ ചെറുതായി ചേച്ചിയുടെ കാലിന്റെ പിൻഭാഗത്ത്‌ ചെറുതായി ഉരസി.

പ്രതികരണമില്ല. ടെൻഷൻ കൂടുന്നു. willing ആയിരിക്കും. അവൻ മുട്ടുകാൽ ഒന്നുകൂടി അമർത്തി നോക്കി. ദൈവമേ! ചില സ്‌ത്രീകൾ പെട്ടെന്നായിരിക്കും സ്വഭാവം മാറുന്നത്‌, എന്തു സംഭവിക്കുമെന്ന്‌ പറയാൻ പറ്റില്ല. ചിലപ്പോൾ വീട്ടിലുളള അമ്മയുടെയും പെങ്ങന്മാരുടെയും നാമത്തിൽ രണ്ട്‌ പുളിച്ച ചീത്തയിൽ ഒതുങ്ങിയേക്കാം. എന്നാൽ ആളുകൾ ഇടപെട്ടാൽ ഈ നിൽക്കുന്ന മാന്യന്മാരെല്ലാം ആവേശപൂർവ്വം തന്നെ നിർദ്ദയം പൊക്കിയിട്ടിടിക്കും. മാനഹാനി പുറമെ. ഡും…ഡും… അവന്‌ തന്റെ ഹൃദയം ഒരു പെരുമ്പറപോലെ തോന്നി. ശ്വാസകോശങ്ങൾ ഒരു കാറ്റു നിറച്ച ഫുട്‌ബോൾ പോലെ വീർത്തു പൊട്ടാറായി. അരക്കെട്ടിൽ രക്തം തിളച്ചു നിൽക്കുന്നു. നെഞ്ചിനകത്താകെ ഒരു എരിച്ചിൽ പോലെ. അവൻ മുട്ടുകാൽ മഞ്ഞസാരിക്കാരിയുടെ രണ്ട്‌ കാൽമുട്ടുകൾക്കുമിടയിലായി place ചെയ്‌തുകൊണ്ട്‌ ശ്വാസമടക്കി പുറത്തേക്ക്‌ നോക്കി നിന്നു. കുഴപ്പമില്ലെന്നു തോന്നുന്നു! അവന്റെ മനസ്സ്‌ മന്ത്രിച്ചു. ഏതായാലും അവൻ അവധാനപൂർവ്വം തന്റെ കാൽ ക്രിയകൾ തുടർന്നു.

എന്നാൽ മറുഭാഗത്ത്‌ കാര്യത്തിന്റെ കിടപ്പ്‌ മറ്റൊരു വിധത്തിലായിരുന്നു. നമ്മുടെ സ്‌ത്രീ കഥാപാത്രം ഒരു സ്ഥിരം ബസ്‌ യാത്രക്കാരി ആയിരുന്നില്ല. ആയതിനാൽ സ്ഥിരം ബസ്‌ യാത്രയുടെ അവിഭാജ്യഘടകമായ തിരക്കിനെക്കുറിച്ചും തിരക്കിനിടയിൽ നടക്കുന്ന അത്യന്തം സങ്കീർണ്ണവും പുറത്തുപറയാൻ കൊളളാത്തതുമായ ചെറിയ ചെറിയ വലിയ കാര്യങ്ങളെക്കുറിച്ചും വേണ്ടവിധത്തിൽ ബോധവതിയായിരുന്നില്ല. എന്നുമാത്രമല്ല, അത്തരമൊരു പ്രത്യേക സാഹചര്യത്തിൽ ഉൾപ്പെടുന്ന പക്ഷം പ്രായോഗികമായി എങ്ങനെ പെരുമാറണം, പ്രതികരിക്കണം എന്നിവകളെക്കുറിച്ച്‌ തികച്ചും അജ്ഞയുമായിരുന്നു. പുളളിക്കാരി വീട്ടിലെ കാര്യങ്ങളെക്കുറിച്ചും, ദാമ്പത്യജീവിതത്തിലെ ചില ചെറു സ്വരക്കേടുകളെക്കുറിച്ചും മനോരാജ്യത്തിൽ മുഴുകി സീറ്റിന്റെ കമ്പിയിൽ ചാരി നിൽക്കുമ്പോഴാണ്‌ പുറകിൽ നിന്നൊരു മുട്ടുകാൽ വന്നു മുട്ടിയത്‌. അത്‌ അവൾ കാര്യമായെടുത്തില്ല. എന്നാൽ മുട്ടുകാലിനും വിരലുകൾ ഫിറ്റു ചെയ്‌തിട്ടുണ്ടോ എന്ന്‌ തോന്നുന്ന വിധത്തിലേക്ക്‌ പ്രകടനം എത്തിയപ്പോൾ കാര്യം മനസ്സിലായി. തിരിഞ്ഞുനിന്ന്‌, പുറകിൽ നിൽക്കുന്നയാളുടെ മുഖമടച്ച്‌, ഒരടി കൊടുക്കാനാണ്‌ അവൾക്കാദ്യം തോന്നിയത്‌. എന്നാൽ ഇത്രയും തിരക്കിൽ അത്‌ പ്രായോഗികമല്ല. ചിലപ്പോൾ അയാളുടെ കാൽ കൊളളുന്നത്‌ മനപ്പൂർവ്വമായിരിക്കില്ല തന്നെ! അവൾ സമാധാനിക്കാൻ ശ്രമിച്ചു. എന്നാലും ഇങ്ങനെയുണ്ടോ ഒരു മുട്ടൽ? അവൾ കണ്ണുകൾ കൊണ്ട്‌ വശങ്ങളിലേക്ക്‌ പാളി നോക്കി. ഉം നല്ല തിരക്കുണ്ട്‌! ഇത്രയും തിരക്കിൽ മുട്ടുന്നു തട്ടുന്നു എന്നൊക്കെപ്പറഞ്ഞ്‌ പരാതിപ്പെട്ടാൽ താൻ പരിഹാസ്യയാവും. അവൾ ഡ്രൈവറുടെ പിറകിൽ ഫിറ്റ്‌ ചെയ്‌തിരിക്കുന്ന ചില്ലിലേക്ക്‌ നോക്കി. ഒരു കണ്ണാടിയിലെന്നപോലെ ആ വശത്ത്‌ നിൽക്കുന്നവരെയെല്ലാം പ്രതിഫലിച്ചു കാണാം. തന്റെ പുറകിൽ നിൽക്കുന്നത്‌ ഒരു പയ്യനാണെന്നു തോന്നുന്നു. മീശ മുളച്ച്‌ വരുന്നതേയുളളൂ. പുറത്തേയ്‌ക്ക്‌ നോക്കിയുളള ചെറുക്കന്റെ നില്‌പ്‌ കണ്ടാല്‌ മുട്ടുകാൽ ഉണ്ടെന്ന്‌ തോന്നുകയേയില്ല! നിഷ്‌കളങ്കൻ! അവന്റെ മുഖഭാവവും മനസ്സിലിരിപ്പും തമ്മിലുളള അന്തരത്തെക്കുറിച്ച്‌ ആലോചിച്ചപ്പോൾ അവൾക്ക്‌ മനസ്സിൽ ചിരിവന്നു.

അവന്റെ പ്രവൃത്തിയെക്കുറിച്ചാലോചിച്ചപ്പോൾ ലേശം നാണവും തോന്നി. ഏതായാലും മുന്നിൽനിന്നും തന്നെ ശരീരം കൊണ്ട്‌ പുറകിലേക്ക്‌ തിക്കുന്ന വല്യമ്മയെ എതിർത്ത്‌ കൊണ്ട്‌, താൻ നിന്നിരുന്ന സ്ഥാനം നിലനിർത്താനുളള, അവളുടെ ബോധപൂർവ്വമായ പരിശ്രമത്തിന്‌ ഹേതുവായദ ഉപബോധമനസ്സിന്റെ ആത്മാർത്ഥതയിൽ അവളറിയാതെ തന്നെ ഒരു ചെറിയ ശതമാനം കുറവ്‌ സംഭവിച്ചു.

അപ്പോൾ അവന്റെ മനസ്സ്‌ ഇത്രയും നേരം പതുക്കെപ്പതുക്കെ പോന്നിരുന്ന പോക്കറ്റ്‌ റോഡിൽ നിന്നും ഒരു തിരിവെടുത്ത്‌, ആത്മവിശ്വാസത്തിന്റേതും എടുത്തുചാട്ടത്തിന്റേതുമായ ഒരു നാഷണൽ ഹൈവേയിൽ പ്രവേശിച്ചു. ഉം. നിൽപ്പുകണ്ടാൽ പരിവ്രതയാണെന്നേ തോന്നൂ. കണ്ണുമടച്ച്‌ പൂച്ച പാലു കുടിക്കുന്നതുപോലെ താൻ ചെയ്യുന്നതെല്ലാം ആസ്വദിക്കുകയാണ്‌. ഇനി ഒട്ടും അമാന്തിച്ചുകൂടാ. അവൻ ക്ലച്ച്‌ പോലും ഉപയോഗിക്കാതെ ഗിയർ ലിവർ വലിച്ച്‌ സെക്കന്റിൽ നിന്നും നേരേ ഫോർത്ത്‌ പൊസിഷനിലേക്കിട്ടു. എന്നിട്ട്‌ ആക്‌സിലേറ്ററിൽ തന്റെ മുട്ടുകാലമർത്തി ‘കിങ്ങ്‌ റിച്ചാർഡിന്റെ’ ലൈറ്റ്‌ ബ്ലൂ ഷെയ്‌ഡ്‌ ഷർട്ട്‌, ആഷ്‌ കളർ ‘ലീ’ പാന്റ്‌സ്‌ നീറ്റായി ഇൻസർട്ട്‌ ചെയ്‌ത, തികച്ചും ഒരു എക്‌സ്‌ക്യൂസിവ്‌ മാന്യനായ അവന്റെ അരക്കെട്ടിന്റെ മുൻഭാഗം മഞ്ഞസാരിക്കാരിയുടെ പുറകുഭാഗത്തേക്ക്‌ അമർന്നു. അവന്റെ ഹൃദയം ഒരു പാടത്തുനിന്നും വെളളം വറ്റിക്കുന്ന 5 H.P പമ്പുപോലെ രക്തം ഞരമ്പുകളിലേയ്‌ക്ക്‌ പമ്പ്‌ ചെയ്‌തു. ​‍ാതിന്റെ വിറയൽ അവന്റെ ശരീരത്തിലെ ഓരോ കോശത്തെയും ചൂടുപിടിപ്പിച്ചു. തെർമ്മോ ഡൈനാമിക്‌സിന്റെ 1st law അനുസരിച്ച്‌ താപനില കൂടിയ ഒരു ലോഹം അതിനോട്‌ സ്‌പർശനത്തിലുളള താപനില കുറവുളള മറ്റൊരു ലോഹത്തെ ചൂടാക്കുന്നതുപോലെ, ആ ചൂട്‌, അവളിലേക്ക്‌ പകർന്നു. ചൂട്‌ കൂടുന്നതനുസരിച്ച്‌ അവളുടെ ഉളളിലും ഒരെരിച്ചിൽ. അവൾക്ക്‌ തന്റെ ഭാരം കുറയുന്നതുപോലെ തോന്നി. ദൈവമേ എനിക്കിതെന്തുപറ്റി! ഞാൻ ഇതിന്‌ വഴങ്ങിക്കൊടുക്കുന്നതെന്തിന്‌! ചെറിയ തോതിലാണെങ്കിലും ഞാനും ഭർത്താവിനെ വഞ്ചിക്കുകയല്ലേ… അടുത്തു നിൽക്കുന്ന ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ… അവൾ ചെവി കൂർപ്പിച്ചു. ഒന്നു പുറകിലേക്കിറങ്ങി നിന്നുകൂടെ? ഇത്രയും തിരക്ക്‌ കണ്ടുകൂടെ…? കണ്ടക്‌ടർ ഏതോ സ്‌ത്രീയെ ശാസിക്കുകയാണ്‌.

എന്തിനാണ്‌ ഇത്രയ്‌ക്ക്‌ ബഹളം വയ്‌ക്കുന്നത്‌. കുറച്ചുപേർക്ക്‌ അടുത്ത വണ്ടിയിൽ വന്നാൽ പോരെ. തിരക്ക്‌ കണ്ടാൽ ഈ ബസ്‌ പോയാൽ ലോകം അവസാനിക്കുമെന്നുതോന്നും. അവൾ ആലോചിച്ചു. ഛെ… ഈ ചെറുക്കൻ… ഇയാൾക്ക്‌ നാണമില്ലെ… തിരക്കിനിടയിൽ എന്തൊക്കെയാണ്‌ ചെയ്യുന്നത്‌. തന്റെ ഭർത്താവിതെങ്ങാനും കണ്ടാൽ… ഉം അങ്ങേരും അത്ര പുണ്യവാളനൊന്നുമല്ല! കല്യാണവീട്ടിൽ ചെല്ലുമ്പോൾ മറ്റു സ്‌ത്രീകളോടുളള, ആ ശൃംഗാരവും, അണിഞ്ഞൊരുങ്ങി മദിച്ച്‌ നടന്നുപോകുന്ന കോളേജ്‌ കുമാരികളെ കാണുമ്പോഴുളള ആ ഒരു നോട്ടവും, രാത്രി മുഴുവൻ കമ്പ്യൂട്ടറിനു മുന്നിലുളള ആ ഒരു പരുങ്ങലും, എല്ലാം എനിക്കറിയാം. അതിലുളള മദാമ്മകളുടെ പിറന്ന പടിയുളള ചിത്രങ്ങളും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളും ഒരു ദിവസം വാതിലിന്‌ വിലവിലൂടെ ഞാനും കണ്ടതാണ്‌. എനിക്കെന്താണൊരു കുറവ്‌? സൗന്ദര്യമില്ലേ? സൗന്ദര്യമില്ലാഞ്ഞിട്ടാണോ മറ്റു പുരുഷന്മാർ കഴുകന്മാരെപ്പോലെ ഇങ്ങനെ നോക്കുന്നത്‌. തന്നെ ഒന്നിനും കൊളളില്ലെങ്കിൽ ഈ ചെറുക്കൻ ഇങ്ങനെയൊക്കെ ചെയ്യുമോ? അയ്യേ ഇതെന്താണ്‌. അയാൾ തന്റെ പുറകുവശത്തിട്ടിഴയ്‌ക്കുന്നു. എനിക്ക്‌ എതിർക്കാനും കഴിയുന്നില്ലല്ലോ.. ഞാനും ആസ്വദിക്കുകയാണോ? ആരെങ്കിലും കണ്ടാൽ… അവളുടെ ശരീരം വിറച്ചു. കൊഴിഞ്ഞുപോയ ഒരു തൂവൽപോലെ താൻ കാറ്റിൽ ഒഴുകി നടക്കുകയാണോ..?

ലഹരിപിടിച്ച മിനിറ്റുകൾ വളരെ പതുക്കെ കടന്നുപോയി. പെട്ടെന്ന്‌ അവളുടെ കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി. മുന്നിൽ ഭർത്താവിന്റെ അനുജനും രണ്ട്‌ കൂട്ടുകാരും. ഇവനിവിടെ നിൽപ്പുണ്ടായിരുന്നോ, ദൈവമേ എല്ലാം തകർന്നല്ലോ. എന്നെ ഇവൻ സംശയിക്കില്ലേ. ചേടത്തി ഒരു അഴിഞ്ഞാട്ടക്കാരിയാണെന്ന്‌. ഇല്ല. അവൻ ഈ സ്‌റ്റോപ്പിൽ നിന്നും കയറിയതാണ്‌. എന്നാലും അവനെന്തോ മനസ്സിലായിരിക്കുന്നു. അവന്റെ കണ്ണിൽ പുച്ഛമുണ്ട്‌. അതോ വെറുപ്പ്‌ കലർന്ന ദേഷ്യമാണോ. മോനേ ചേടത്തി അവൾക്ക്‌ ചുണ്ട്‌ തുറക്കാൻ പറ്റിയില്ല. മുഖമാകെ വിയർത്തുപോയി. അവന്റെ മുഖഭാവം കണ്ടിട്ട്‌….

എന്നാൽ സത്യം മറ്റൊന്നായിരുന്നു. അവന്റെ മുഖഭാവത്തിന്റെ അടിസ്ഥാനകാരണം ചമ്മൽ ആയിരുന്നു. ദൈവത്തിന്റെ സൃഷ്‌ടിവൈചിത്ര്യം കൊണ്ട്‌ അത്‌ അവന്റെ മുഖത്തുകൂടി പ്രകടിപ്പിക്കപ്പെട്ടപ്പോൾ ചേടത്തിക്കത്‌ കോപമായി തോന്നി. തിരക്കുളള ബസിന്റെ ഫ്രണ്ട്‌ ഡോറിലൂടെ സ്‌ത്രീകളുടെ ഇടയിലേയ്‌ക്ക്‌ അവൻ തിക്കിക്കയറിയത്‌ നമ്മുടെ കഥാനായകന്റേതിന്‌ സമാനമായ ഉദ്ദേശലക്ഷ്യങ്ങളോടെയായിരുന്നു. എന്നാൽ സ്‌ത്രീകളുടെ ഇടയിൽ ചേടത്തിയെ അവൻ സ്വപ്‌നേപി പോലും പ്രതീക്ഷിച്ചില്ല. അവൻ ശരിക്കും ചമ്മിപ്പോയി. എന്നാൽ തലച്ചോറിലെ ചിന്തകൾക്ക്‌ അനുരൂപമായി പ്രവർത്തിക്കേണ്ട മുഖത്തെ ചില പേശികൾ വർക്ക്‌ ചെയ്യാത്തതുകൊണ്ട്‌ ചെറുപ്പം മുതലേ അവന്റെ ചമ്മൽ ദേഷ്യമായാണ്‌ മറ്റുളളവർക്ക്‌ തോന്നുക. അത്‌ അവന്റെ കുറ്റം അല്ലതാനും. എന്തായാലും പ്രസ്‌തുത സന്ദർഭത്തിൽ ഇത്‌ ഗുരുതരമായ ഭവിഷ്യത്തുകൾ വരുത്തിവെച്ചു.

തന്റെ കുടുംബജീവിതമാകുന്ന കൊതുമ്പുവഞ്ചി മുങ്ങിപ്പോൻ തന്നെ കാരണമാകുന്നവിധത്തിൽ അതിന്റെ അടിപ്പലകയിൽ ഒരു തുള വീണിരിക്കുന്നതായി ഭയന്നുപോയ മഞ്ഞസാരിക്കാരി, ആ തുളയിലൂടെ ചാരിത്ര്യസംശയമാകുന്ന വെളളം തളളിക്കയറുന്നത്‌ തടയാൻ തളളവിരൽ കൊണ്ട്‌ ബദ്ധപ്പെട്ട്‌ അടച്ചുപിടിക്കുന്നതുപോലെ, വെപ്രാളപ്പെട്ടുകൊണ്ട്‌, ഭർത്താവിന്റെ അനുജനോട്‌ ചില വാക്കുകൾ മൊഴിഞ്ഞു. അത്‌ ഇപ്രകാരമായിരുന്നു.

ഇയാൾ… എ….ന്നെ. ശല്ല്യപ്പെടുത്തുന്നു!!

ഇത്‌ കേട്ടപാതി കേൾക്കാത്ത പാതി അനുജന്റെ തലച്ചോറിൽ യുക്തിചിന്തയ്‌ക്കാധാരമായ ഭാഗം വേഗം പ്രവർത്തിച്ചു. അനുജന്‌ ദൈവം മുഖത്തു കൊടുക്കാതിരുന്ന പേശികൾ പലിശസഹിതം കൈയ്യിൽ കൊടുത്തിട്ടുണ്ടായിരുന്നു. കാണാൻ ഭംഗിയില്ലെങ്കിലും ഇരുമ്പുലക്കയ്‌ക്കുസമാനം കരുത്തുണ്ടായിരുന്ന ആ കൈ അതിശീഘ്രം മുഷ്‌ടിചുരുട്ടിയ നിലയിൽ, ആനന്ദസാഗരത്തിൽ മുങ്ങി മതിമയങ്ങിനിൽക്കുകയായിരുന്ന കഥാനായകന്റെ കണ്ണിന്‌ താഴെയും കവിൾത്തടത്തിന്‌ തൊട്ടുമുകളിലായുമുളള ‘അപാംഗം’ എന്ന മർമ്മ സ്ഥാനത്ത്‌ പതിച്ചു. ഹമ്മേ… കഥാനായകന്റെ പ്രപഞ്ചം ഇരുട്ടിലാണ്ടു. സെക്കന്റിൽ 23 എന്നതോതിൽ ഒന്നേമുക്കാൽ സെക്കന്റ്‌ നേരം നക്ഷത്രങ്ങളുടെ എണ്ണമെടുത്തപ്പോഴേയ്‌ക്കും അടുത്ത ഇടി. നാഭിയിൽ! അവൻ മലർന്ന്‌ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്‌ക്ക്‌ വീണു. അത്രയും നേരം അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്ന റൊമാന്റിക്‌ സെന്റിമെന്റൽ മ്യൂസിക്ക്‌ ടോൺ തുടച്ചു മാറ്റിക്കൊണ്ട്‌ സംഘർഷം നിറഞ്ഞ ശബ്‌ദങ്ങളാൽ സംഘട്ടനരംഗം മുഖരിതമായി.

കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. അവനെ ശരിക്കും പെരുമാറണം…. അമ്മാവൻ

“ഇവനൊക്കെ നാലുകിട്ടിയാലെ പഠിക്കൂ. ഇനി ആവർത്തിക്കരുത്‌.” – വല്ല്യമ്മ

“എടാ പട്ടീ.” പ്‌ധും…ഡും…ഡിഷ്‌- അനുജന്റെ കൂട്ടുകാരുടെ വക ഇടി.

“അവനെ ഇടിച്ച്‌ പരിപ്പ്‌ ഇടക്കണം.” – മറ്റു യാത്രക്കാർ

“ഒരു സെക്കന്റ്‌ പ്ലീസ്‌-ഞ്ഞാനും കൂടി ഒന്നു കൈ വെച്ചോട്ടെ..” ഇടിക്കാൻ അവസരം കിട്ടാതിരുന്ന മറ്റൊരു യാത്രക്കാരൻ.

“വണ്ടി പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക്‌ പോകട്ടെ.” – കണ്ടക്‌ടർ.

സംഭവവികാസങ്ങളുടെ അനന്തരഫലം

കഥാനായകന്റെ ശാരീരികാരോഗ്യത്തിന്‌ ഗുരുതരമായ വിധത്തിൽ കേടുപാടുകൾ സംഭവിച്ചു. പോലീസ്‌ സ്‌റ്റേഷനിൽ സ്‌ത്രീപീഢനത്തിന്‌ കേസ്‌ രജിസ്‌റ്റർ ചെയ്യപ്പെട്ടു. കഥാനായകന്റെ കുടുംബം മാനഹാനിയെത്തുടർന്ന്‌ വീട്‌ വിറ്റ്‌ നാട്‌ വിട്ട്‌ പോവേണ്ടിവന്നു. മാത്രമല്ല കഥാനായകൻ ഏതോ മാനസികരോഗാശുപത്രിയിൽ ചികിത്സയിലാണെന്നു കേൾക്കുന്നു.

മഞ്ഞസാരിക്കാരി – കുടുംബിനിയായിതന്നെ ജീവിക്കുന്നു. സ്വഭാവദൂഷ്യത്തെക്കുറിച്ച്‌ നാട്ടിലെ പരദൂഷണക്കാരുടെ ഇടയിൽ പരന്ന അപവാദപ്രചരണങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.

അനുജൻ- പ്രസ്‌തുത സംഭവത്തിൽ ‘മാൻ ഓഫ്‌ ദി മാച്ച്‌’ ആയതിലൂടെ ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രശംസയ്‌ക്ക്‌ പാത്രമായെങ്കിലും കുറെനാൾ കഴിഞ്ഞ്‌ സമാനമായ സംഭവത്തിൽ പ്രതിസ്ഥാനത്ത്‌ പിടിക്കപ്പെടുകയും വെറുതെ കിട്ടിയ സകല ഇമേജും കളഞ്ഞ്‌ കുളിക്കുകയും ചെയ്‌തു.

അമ്മാവനും ജീൻസുകാരനും- കുറച്ചുനാൾ ബസ്സിന്റെ പിൻവാതിലിലൂടെ കയറി പിൻഭാഗത്തുതന്നെ നിന്ന്‌ യാത്ര ചെയ്യുക എന്ന ശീലം വളർത്തിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

മറ്റു യാത്രക്കാർ – ബസിനുളളിലെ തിരക്കിന്റെ passive components Active KA components KA ആയി ബസ്‌ യാത്ര എന്ന പ്രതിഭാസത്തെ സജീവമായി നിലനിർത്തുന്നു.

ബസ്‌ – ആളു നിറയുമ്പോൾ തിരക്കുണ്ടാകുന്നു. ആളില്ലാത്തപ്പോൾ ശൂന്യമാകുന്നു എന്ന തിയറി അക്ഷരം പ്രതി പാലിക്കുന്നു.

മേൽപ്പറഞ്ഞ സാഹചര്യങ്ങളും സംഭവവികാസങ്ങളും സംസ്‌കാര സമ്പന്നമെന്ന്‌ വീമ്പിളക്കുന്ന ഒരു സമൂഹത്തിന്‌ ഒട്ടും ഭൂഷണമല്ല. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബങ്ങളിൽ ചിലതിനെ ബാധിച്ച പ്രശ്‌നങ്ങൾ (അത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ലെങ്കിൽ) തീർച്ചയായും ഒരു സാമൂഹികപ്രശ്‌നം തന്നെയാണ്‌. മേൽ പറഞ്ഞ കഥയിലെ മഞ്ഞസാരിക്കാരി സത്യത്തിൽ പ്രശ്‌നത്തിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. അത്‌ ഒരു സ്‌ത്രീ ആയിപ്പോയതുകൊണ്ടാണുതാനും. (നായകൻ പുരുഷൻമാരുടെ മേൽ ചാരി നിൽക്കാൻ ശ്രമിച്ചില്ല എന്നത്‌ ശ്രദ്ധിക്കണം.) ഒരു സ്‌ത്രീക്ക്‌ സ്‌ത്രീ ആയിപ്പോയതുകൊണ്ട്‌ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത്‌ ഏത്‌ സ്‌ത്രീക്കും സംഭവിച്ചേക്കാം. അങ്ങനെ സമൂഹത്തിലെ ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്‌ത്രീകളെ ബാധിക്കുന്നത്‌, എന്ന നിലയിലും ഇത്‌ ഒരു സാമൂഹിക പ്രശ്‌നമാണ്‌. നമ്മുടെ കഥയിൽ കുറച്ച്‌ പുരുഷന്മാരെയും പ്രശ്‌നം ബാധിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അങ്ങനെ ഈ പ്രശ്‌നം ഏത്‌ വിധത്തിൽ നോക്കിയാലും ഒരു സാമൂഹിക പ്രശ്‌നമാണ്‌. ഇപ്പോൾ നമ്മുടെ മുന്നിൽ മൂന്ന്‌ വസ്‌തുതകളുണ്ട്‌.

1. സമൂഹത്തിൽ ഒരു പ്രശ്‌നമുണ്ട്‌

2. അത്‌ സ്‌ത്രീകളെ ബാധിക്കുന്നു.

3. അത്‌ പുരുഷന്മാരെയും ബാധിക്കുന്നു.

എന്താണ്‌ ഈ പ്രശ്‌നം (Problem- A thing that is difficult to deal wit or understand, a question to be answered or solved) നമുക്ക്‌ മുന്നിലുളള പ്രശ്‌നം എന്താണ്‌ എന്ന്‌ വ്യക്തമായി മനസ്സിലാക്കുന്നതിന്‌ അല്ലെങ്കിൽ നിർവ്വചിക്കുന്നതിന്‌ ഉളള ഒരു വഴി ലഭ്യമായിട്ടുളള വസ്‌തുതകളെ കൂടുതൽ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്‌. വസ്‌തുതകളെ രണ്ട്‌ വിധത്തിൽ നോക്കിക്കാണാൻ കഴിയും. ഒന്ന്‌ അവയെ ഓരോന്നിനേയും തനിച്ചെടുത്ത്‌, ചുറ്റുപാടുകളിൽ നിന്ന്‌ വേർപെടുത്തി മൈക്രോസ്‌കോപ്പിന്‌ താഴെയിരിക്കുന്ന മാതൃകയെ ശാസ്‌ത്രജ്ഞനെന്നപോലെ പരിശോധിക്കുക. മറ്റേത്‌ – അകന്ന്‌ നിന്ന്‌ അവയെ ബാധിക്കുന്ന അവയ്‌ക്ക്‌ ചുറ്റിലും കിടക്കുന്ന മറ്റെല്ലാമായും ബന്ധപ്പെടുത്തിക്കാണുക. നമുക്ക്‌ ഈ ലേഖനത്തിന്‌ രണ്ടുരീതികളും മാറി മാറി ഉപയോഗിക്കേണ്ടിവരും.

ആദ്യം തന്നെ നമുക്ക്‌ പ്രശ്‌നം ഉണ്ടെന്ന്‌ സംശയിക്കപ്പെടുന്ന സാഹചര്യത്തിലെ പ്രസക്തമായ ഘടകങ്ങൾ ഏതെല്ലാം എന്ന്‌ നോക്കാം.

ബസ്‌, ഡ്രൈവർ, കണ്ടക്‌ടർ, കിളി, നായകൻ, അമ്മാവൻ, ജീൻസിട്ട ചേട്ടൻ, മഞ്ഞസാരിക്കാരി, ഭർത്താവ്‌, വല്ല്യമ്മ മറ്റു പുരുഷന്മാർ, മറ്റു സ്‌ത്രീകൾ (അവസാനരംഗത്തിലെ കഥാപാത്രങ്ങളായ അനുജനെയും കൂട്ടുകാരെയും തത്‌കാലം മാറ്റി നിർത്താം.)

കഥാഗതിയിലുളള പ്രാധാന്യത്തെ മാനദണ്‌ഡമാക്കുകയാണെങ്കിൽ നമുക്ക്‌ നായകനെയും നായികയെയും ഒഴിച്ചുളള മറ്റെല്ലാ ഘടകങ്ങളെയും തിരക്ക്‌ എന്ന ഘടകത്തിന്റെ ഉപഘടകങ്ങളായി കണക്കാക്കാം. ചുരുക്കിപ്പറഞ്ഞാൽ കഥ സംഭവിക്കുന്നതിന്‌ മൂന്ന്‌ അവിഭാജ്യഘടകങ്ങളുണ്ടെന്ന്‌ കാണാം. 1. നായകൻ 2. നായിക, 3. തിരക്ക്‌. ഈ മൂന്ന്‌ ഘടകങ്ങൾ എവിടെയെല്ലാം ഒന്നിച്ചുവരുന്നുവോ അവിടെയെല്ലാം കഥ സംഭവിക്കാനുളള സാധ്യതയുണ്ട്‌ എന്നും അനുമാനിക്കണം. ഇവയെ വീണ്ടും വിശകലനം ചെയ്‌തു നോക്കാം.

എന്തുകൊണ്ട്‌ തിരക്ക്‌

കഥയുടേതിന്‌ സമാനമായ നിരവധി ഉദാഹരണങ്ങളെ വിശകലനം ചെയ്യുമ്പോൾ തിരക്കിന്‌ മൂന്ന്‌ ധർമ്മങ്ങളുണ്ടെന്ന്‌ കാണാം. a) നായികാനായകന്മാരുടെ കണ്ടുമുട്ടൽ വേദി എന്ന ധർമ്മം b) തുടർന്നുളള പ്രവർത്തികൾക്ക്‌ ഒരു initiative എന്ന നിലയ്‌ക്ക്‌ നായികാനായകന്മാരുടെ വികാരങ്ങളെ ഉണർത്തി തലച്ചോറിലുളള inhibitive tendency കളെ മറികടന്ന്‌ മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കുന്ന stimulent ആയി c) സമൂഹത്തിൽ വച്ച്‌ നിർവ്വഹിക്കപ്പെടുന്ന പ്രവർത്തികളുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനുളള ഒരു മറ എന്ന നിലയ്‌ക്ക്‌ (സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു അസാന്മാർഗ്ഗിക പ്രവർത്തി ആയതിനാൽ).

ഈ മൂന്ന്‌ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന, മറ്റ്‌ ഏത്‌ തരം ഘടകത്തിന്റെയും സാന്നിദ്ധ്യത്തിൽ നമ്മുടെ കഥയ്‌ക്ക്‌ സംഭവിക്കാം എന്നും അനുമാനിക്കണം.

എന്തൊക്കെയായാലും തിരക്ക്‌ സ്വന്തമായി തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ കഴിയാത്ത ഒരു inanimate phenomenon ആയതിനാൽ നമുക്ക്‌ തിരക്കിന്റെ morality (ധാർമ്മികത)യെ ചോദ്യം ചെയ്യാനാവില്ല. അതുകൊണ്ട്‌ നമുക്ക്‌ രണ്ട്‌ അനിവാര്യഘടകങ്ങളിലേയ്‌ക്ക്‌ കടക്കാം. a) പുരുഷൻ. b) സ്‌ത്രീ.

ഈ രണ്ട്‌ ഘടകങ്ങളെ വിശകലനം ചെയ്യുമ്പോൾ ശ്രദ്ധയിൽപ്പെടുന്ന ഒരു കാര്യം സംഭവത്തിൽ Active ആകുന്ന പുരുഷനും സ്‌ത്രീയും അന്യോന്യം ശാരീരികബന്ധം പുലർത്തുന്നതിന്‌ സാമൂഹ്യമായി അംഗീകരിക്കപ്പെട്ട ഒരു കരാറിൽ (ഉദാഃ വിവാഹം) ഏർപ്പെടാത്തവരാകുന്നു എന്നതാണ്‌. മറ്റൊരർത്ഥത്തിൽ സമൂഹം അതിലെ senior members (വൃദ്ധർ)ന്റേയും, junior members (കുട്ടികൾ)ന്റേയും maximum security, prosperity) എന്നിവ ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുളള കുടുംബം എന്ന അടിസ്ഥാന സ്ഥാപനത്തിന്റെ ഉത്തരവാദിത്തങ്ങളിലും ബാധ്യതകളിലും നിന്ന്‌ ഒഴിഞ്ഞുമാറിനിന്നുകൊണ്ട്‌, പ്രസ്‌തുത സ്ഥാപനം പ്രദാനം ചെയ്യുന്ന facilityകളിൽ ഒന്നിനെ (sexual attempt) മാത്രം, ഒട്ടും ഉത്‌പാദനപരവും, പുരോഗമനപരവും അല്ലാത്തവിധത്തിലും, തികച്ചും സ്വാർത്ഥമായും ആസ്വദിക്കാനുളള ഒരു അവിഹിതശ്രമമാണ്‌ നമ്മുടെ നായകനും നായികയും തമ്മിലുളളത്‌. ഇതു തന്നെയല്ലേ നമ്മൾ അന്വേഷിച്ചുവന്ന പ്രശ്‌നവും. അങ്ങനെ നമ്മുടെ നാലാമത്തെ വസ്‌തുതയും ലഭിച്ചുകഴിഞ്ഞു.

നിലവിലുളള ഒരു പ്രശ്‌നത്തിലേക്ക്‌ വെളിച്ചം വീശിയതുകൊണ്ട്‌ മാത്രമായില്ല. അതിന്‌ പരിഹാരം നിർദ്ദേശിക്കുന്നതിനുളള ശ്രമവും കൂടിയാകുമ്പോഴേ, ഒരു ലേഖനത്തിനെ സൃഷ്‌ടിപരമായ പരിശ്രമം എന്ന്‌ വിലയിരുത്താൻ കഴിയൂ. ആവർത്തനസ്വഭാവമുളള പ്രശ്‌നമാണെങ്കിൽ, അത്‌ പരിഹരിക്കാനുളള ഒരു വഴി പ്രശ്‌നത്തിന്റെ കാരണത്തെ കണ്ടുപ്പിടിച്ച്‌ eliminate ചെയ്യാൻ ശ്രമിക്കുക എന്നുളളതാണ്‌.

എന്താണ്‌ കാരണം (Cause)

ഇത്‌ കണ്ടുപിടിക്കുന്നതിനായി നാം നേരത്തെ പറഞ്ഞിട്ടുളളതിൽ രണ്ടാമത്തെ വിശകലനരീതി, നമുക്ക്‌ ലഭ്യമായിട്ടുളള വസ്‌തുതകളുടെമേൽ പ്രയോഗിച്ച്‌ നോക്കുന്നു. ഒരു വസ്‌തുതയും പൂർണ്ണമായും ഒരു സംഭവമോ ഒരു ചിത്രമോ അല്ല. എല്ലാത്തിന്റെയും അസ്ഥിത്വം സ്ഥലത്തിലും കാലത്തിലുമായി വ്യാപിച്ചു കിടക്കുന്നു. അതുകൊണ്ട്‌ ഒരു വസ്‌തുതയെ പഠിക്കുമ്പോൾ അതിന്റെ വർത്തമാനസാഹചര്യങ്ങളോടൊപ്പം തന്നെ അതിന്റെ വളർച്ചയുടെയും മാറ്റത്തിന്റെയും പശ്ചാത്തലത്തെയും പരിഗണിക്കേണ്ടതുണ്ട്‌.

കഥയിലെ നായകന്റെ പ്രവർത്തികളെ മനശ്ശാസ്‌ത്രത്തിൽ ഫ്രോട്ടിയൂറിസം, ടച്ചറിസം (Frotievrism, Toucherism) എന്നിങ്ങനെ വ്യക്തികൾക്കുണ്ടാകുന്ന മനോരോഗങ്ങളായാണ്‌ പരിഗണിക്കുന്നത്‌. (സ്‌ത്രീകളെ രഹസ്യമായി അവരുടെ അറിവോ സമ്മതമോ കൂടാതെ സ്‌പർശിക്കുന്നതും അതുവഴി പകൽക്കിനാവുകളിൽ മുഴുകുന്നതുമാണ്‌ പ്രധാന രോഗലക്ഷണം) എന്നാൽ ലേഖനത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ ഇത്‌ ഒരു വൈയ്യക്തിക മനോരോഗം മാത്രമല്ല, മറിച്ച്‌ ഒരു സാമൂഹിക മൂല്യച്യുതി തന്നെയാണെന്നാണ്‌. (കേരളത്തിലെ സ്‌ത്രീകളിൽ 73.3% പേർ ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരം അനുഭവങ്ങളെ നേരിട്ടിട്ടുണ്ട്‌ എന്ന്‌ അടുത്ത കാലത്ത്‌ നടത്തിയ ഒരു സർവ്വേ വെളിപ്പെടുത്തുന്നു.) അപ്പോൾ ഇതിന്‌ സാമൂഹികമായ കാരണങ്ങൾ കൂടിയുണ്ടാവുമെന്ന്‌ ചുരുക്കം. അവയെന്തെല്ലാം എന്ന്‌ നമുക്ക്‌ പരിശോധിക്കാം.

ജീവശാസ്‌ത്രപരമായ പശ്ചാത്തലം

ഇവിടെ നമ്മുടെ പുരുഷന്റെ ജനനേന്ദ്രിയത്തിന്റെ ഒരു പ്രത്യേകസ്വഭാവം കണക്കിലെടുക്കുന്നത്‌ നന്നായിരിക്കും. ചില അശ്ലീല പുസ്‌തകങ്ങളിൽ പറയുന്നതുപോലെ He is rather impudent അവൻ അനുസരണയില്ലാത്തവനും എടുത്തുചാട്ടക്കാരനുമാകുന്നു. ഇന്ദ്രിയങ്ങളെ കീഴടക്കാൻ കഴിവുളള മഹായോഗികളുടെയും സന്യാസിമാരുടെയും കാര്യത്തിലൊഴികെ, സാധാരണക്കാരെ സംബന്ധിച്ച്‌, ഒരിക്കൽ ഉത്തേജിക്കപ്പെട്ടുകഴിഞ്ഞാൽ തലച്ചോറിനെ അതിവേഗം സ്വാധീനത്തിലാക്കി മറ്റു Voluntary actionsന്റെയെല്ലാം Driving seatൽ കയറിയിരുന്ന്‌ നിയന്ത്രിക്കാൻ വിരുതനാണവൻ. ഇവനാണ്‌ പാവം പുരുഷനെക്കൊണ്ട്‌ അത്യന്തം BCscU -u operations ന്‌ പ്രേരിപ്പിക്കുന്നത്‌. Froteurismത്തിന്‌ ഒരിക്കൽ adict ആയിക്കഴിഞ്ഞാൽ, നാം നേരത്തെ പരിശോധിച്ച്‌ ഭൗതികസാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്നു മാത്രമെയുളളുവെങ്കിൽ പോലും പുരുഷൻ ഈ പ്രേരണയ്‌ക്ക്‌ വശംവദനായി പോകുന്നു.

സ്‌ത്രീയുടെ കാര്യത്തിലാണെങ്കിൽ അവൾ ഒരു Froteurist അല്ലെങ്കിൽ സാധാരണഗതിയിൽ ഒരു initiationന്‌ ശ്രമിക്കാറില്ല. എന്നാൽ ഒരു പുരുഷൻ വന്ന്‌ അവളെ ചാരിനിൽക്കുമ്പോൾ അവളുടെ തലച്ചോറ്‌ സ്വാഭാവികമായി കൈക്കൊളളുന്ന inihibitive tendency (by social reasons) തന്നെ തികച്ചും വിപരീത ദിശയിൽ ശരീരത്തിൽ ഒരു Sexual stimulation ആയി വർത്തിക്കുന്നു. (സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ)

ഈ വക കാര്യങ്ങളിൽ നമുക്ക്‌ അവയവങ്ങളെ കുറ്റം പറയാൻ പറ്റില്ല. കാരണം പൂർണ്ണ വളർച്ചയെത്തിയിട്ടുപോലും യഥായോഗ്യം പ്രവർത്തിക്കാൻ അവസരം കൊടുക്കാതെ ബന്ധനത്തിലിട്ടിരിക്കുന്ന ഒരേയൊരു അവയവമാണത്‌. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കഥയിലെ സംഭവത്തിന്റെ അടിസ്ഥാന കാരണം മനുഷ്യരാശിയുടെ സാംസ്‌കാരിക സാമൂഹ്യ പുരോഗതിയിലേക്കുളള പ്രയാണത്തിനിടയിൽ ഒരു biological needനെ വേണ്ടവിധം സമന്വയിപ്പിക്കുന്നതിൽ വരുത്തിവച്ച പിഴവ്‌ ആണെന്നു കാണാം.

സാമൂഹ്യ പശ്ചാത്തലം

മേൽപറഞ്ഞ രണ്ട്‌ പശ്ചാത്തലങ്ങളെയും ഇതിൽ ചേർത്തു കാണുമ്പോഴാണ്‌ സാമൂഹികമൂല്യവ്യതിയാനത്തിന്റെ കൂടുതൽ അർത്ഥവത്തായ ചിത്രം ലഭിക്കുന്നത്‌. അടുത്ത കാലത്തായി മൂല്യത്തിന്‌ ശോഷണം സംഭവിച്ചുവെങ്കിൽ അതിനർത്ഥം ശോഷണത്തിന്‌ കാരണമായ സംഭവവികാസങ്ങൾ അടുത്തകാലത്തായി ആവിർഭവിച്ചതാണെന്നുളളതാണ്‌. ഇത്‌ എത്രമാത്രം ശരിയാണ്‌. പഴയകാലത്തെ സ്‌ത്രിപുരുഷന്മാർക്ക്‌ ഇന്നത്തെ തലമുറയെ അപേക്ഷിച്ച്‌ മൂല്യവാന്മാരും മൂല്യവതികളും, ആയിരിക്കാൻ എങ്ങനെ സാധിച്ചു. എന്താണ്‌ ഇന്നത്തെ സാമൂഹ്യപശ്ചാത്തലത്തിലെ വ്യത്യാസം.

ഒരു സ്‌ത്രീ ഏകദേശം 13-14 വർഷം കൊണ്ടും പുരുഷൻ 16-19 വയസ്സുകൊണ്ടും sexual grothപൂർത്തിയാക്കുന്നതായി മെഡിക്കൽ ജേർണലുകൾ പറയുന്നു. എന്നാൽ ഭരണഘടന അനുവദിച്ചിരിക്കുന്ന വിവാഹപ്രായം സ്‌ത്രീയ്‌ക്ക്‌ 18 ഉം പുരുഷന്‌ 21ഉം ആകുന്നു. നമ്മുടേത്‌ പോലുളള സാമൂഹ്യചുറ്റുപാടുകളിൽ ഇത്‌ സ്‌ത്രീയ്‌ക്ക്‌, around 25 ഉം പുരുഷന്‌ around 30 ഉം ആകുന്നു. ചുരുക്കിപ്പറഞ്ഞാൽ Sexual organsന്റെ പ്രായപൂർത്തി സമയവും പ്രയോഗസമയവുമ തമ്മിൽ വർഷങ്ങളുടെ വ്യത്യാസം. ഈ കാലയളവിൽ Sexual needs satisfy ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ (യഥാർത്ഥവ്യക്തികൾ, ചിത്രങ്ങൾ, dreams തുടങ്ങിയവ) imagesന്റെ രൂപത്തിൽ തലച്ചോറിൽ ദീർഘകാലം ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ ശേഖരത്തില നമ്മൾ ശ്രദ്ധിക്കേണ്ട വസ്‌തുത അതിലെ വൈവിദ്ധ്യമാണ്‌. ഒരു വ്യക്തിയുടെ Sexual organന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ തലച്ചോറിൽ ഒന്നിലധികം imageകൾ എന്നത്‌ ഒരു പുരുഷൻ +ഒരു സ്‌ത്രീ- ഒരു കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാന ഘടനയ്‌ക്കും അതിന്റെ നിലവിലുളള ചട്ടക്കൂടിനും നിരക്കാത്തതാണ്‌. ഇതുതന്നെയാണ്‌ നമ്മൾ അന്വേഷിച്ചുവന്ന കാരണവും.

സാംസ്‌കാരികമായ ചരിത്രപശ്ചാത്തലം

മേൽ പറഞ്ഞ കാരണത്തിന്‌ ഉപോദ്‌ബലകമായ വസ്‌തുതകൾ ചരിത്രത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. ഭാരതത്തിൽ പുരാതനകാലം മുതൽ നിലനിന്നിരുന്ന ബാല്യവിവാഹം എന്ന സമ്പ്രദായം നമ്മുടെ നിഗമനങ്ങൾക്ക്‌ ശക്തിപകരുന്നതാണ്‌. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പറ്റിപ്പിടിച്ച്‌ മലിനമായ ഈ സമ്പ്രദായത്തെ അവസാനം ഗവൺമെന്റ്‌ ഇടപെട്ട്‌ നിരോധിക്കുകയായിരുന്നു. എന്തൊക്കെയായാലും പ്രസ്‌തുത സമ്പ്രദായത്തിനുണ്ടായിരുന്ന ഒരു ഗുണമെന്തെന്നാൽ പ്രായപൂർത്തിയാവുന്നതിന്‌ മുമ്പേ വിവാഹിതരാവുന്ന കുമാരീകുമാരന്മാർ തങ്ങളുടെ sexual knowledge ശേഖരിക്കുന്നത്‌ തന്റെ പങ്കാളിയോടൊപ്പമാണ്‌. തന്മൂലം ഈ വിഷയത്തിൽ അവരുടെ തലച്ചോറിൽ സാധാരണഗതിയിൽ തങ്ങളുടെ പങ്കാളിയുടെ image ആയിരിക്കും. ഇത്‌ സമൂഹത്തിന്റെ കുടുംബസങ്കല്പത്തിന്‌ തികച്ചും അനുയോജ്യമാണ്‌. അതേസമയം തന്നെ വ്യക്തി സമൂഹത്തിൽ ഇടപഴകുമ്പോൾ നേരിടേണ്ട എതിർ genderലെ മറ്റു വ്യക്തികൾക്ക്‌ നേരെ ഒരു sexual inhibition ആയി വർത്തിക്കുകയും ചെയ്യുന്നു. ഇത്‌ പരോക്ഷമായി കുടുംബഭദ്രതയെ പരിപോഷിപ്പിക്കുന്നു.

പഴയ മാമൂൽ സമ്പ്രദായങ്ങളെ പൊക്കിയെടുത്തുകൊണ്ടുവന്ന്‌ സമൂഹത്തിൽ പ്രതിഷ്‌ഠിക്കണമെന്നില്ല, മറിച്ച്‌ ആധുനിക സമൂഹത്തിന്‌ യോജിക്കുന്ന രീതിയിൽ ഭൂതകാലനന്മകളെ സമന്വയിപ്പിക്കണമെന്നാണ്‌ ലേഖകൻ വിവക്ഷിക്കുന്നത്‌. വിശദീകരിക്കേണ്ടതായ പല ഘടകങ്ങളെയും, രചനാദൈർഘ്യത്തെ ഭയന്നും വിശ്വസനീയമായ Dataകളുടെ അഭാവം മൂലവും മനഃപൂർവ്വം തന്നെ ഒഴിവാക്കിയിട്ടുണ്ട്‌. വായനക്കാരുടെ തിരുത്തലുകളുടേയും ക്രിയാത്മകമായ നിർദ്ദേശങ്ങളുടെയും പശ്ചാത്തലത്തിൽ മാത്രമേ ലേഖനത്തിന്‌ ജീവൻ ലഭിക്കൂ എന്ന്‌ ലേഖകൻ വിശ്വസിക്കുന്നു.

ഇന്നലെ രാത്രി ഞാൻ സുഖമായി ഉറങ്ങി. തിങ്ങിനിറഞ്ഞ രണ്ട്‌ ടൂറിസ്‌റ്റ്‌ ബസുകളെ സ്വപ്‌നവും കണ്ടു. ഞാൻ-സാംസ്‌കാരികനായകൻ – ഇന്ന്‌, ഇപ്പോൾ നിൽക്കുന്നത്‌ ബസ്‌സ്‌റ്റോപ്പിലാണ്‌. എന്നുവച്ചാൽ സ്‌റ്റോപ്പിന്‌ അൽപം മുമ്പിലായി. ഞാനിപ്പോൾ അദൃശ്യനല്ല; അതാ…ബസ്‌ വരുന്നു. ആ ഇരമ്പൽ എന്റെ മനസ്സിന്റെ താളമായി മാറുന്നു. ഹൃദയമിടിപ്പിന്റെ വേഗത കൂടി ഒരു പെരുമ്പറപോലെ മുഴങ്ങുന്നു… ഡും…ഡും…ഡും…

(തിയറി) നിയമപ്രകാരമുളള മുന്നറിയിപ്പ്‌

1. ഫിക്ഷനും ഗദ്യവും തമ്മിലുളള വിടവ്‌ ചെറുതാകുന്നു.

2. വ്യവസ്ഥിതിയ്‌ക്കകത്തിരുന്നുകൊണ്ട്‌ വ്യവസ്ഥിതിയെ (സംഘർഷരഹിതമായി) നിരീക്ഷിച്ച്‌, വിമർശിച്ച്‌ നന്നാക്കിക്കളയാം എന്നു കരുതി തുനിഞ്ഞിറങ്ങിയാൽ എന്റെ ഗതി വരും…

3. ………………………………………………

Generated from archived content: story1_july6_05.html Author: anup_naranattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here