ഒരുകോടി സ്വപ്നങ്ങൾ നെയ്‌തുനാം
സങ്കൽപ്പച്ചിറകുവെച്ചങ്ങിനെ സഞ്ചരിക്കെ
വിടരുമാമിഴികളിൽ നോക്കിനിന്നാനന്ദ-
ച്ചുടുകണ്ണീർ നാം തമ്മിൽ പങ്കുവയ്‌ക്കെ…
നിറമെഴും സൗഭാഗ്യപുഷ്‌പ്പങ്ങളാശയാൽ
നിരുപമേ നിൻമുടീൽച്ചേർത്തുവെയ്‌ക്കെ
വിരിയുമാമോഹന നേത്രങ്ങൾ രണ്ടും ഞാൻ
വിരലുകൊണ്ടേവം മറച്ചുവെയ്‌ക്കെ…
ലജ്ജയാൽ നിൻമുഖപത്‌മ,മാമാത്രയിൽ
ലക്ഷ്‌മീവിലാസമായ് പ്രോജ്ജ്വലിക്കെ..
ഞെട്ടറ്റു വീണൊരു താരകം പോലെനിൻ
നെറ്റിയിൽ ചന്ദനമുജ്ജ്വലിക്കെ…
മാറോടൊതുക്കിനീവെയ്‌ക്കും കിനാവിന്റെ
മാധുര്യം തമ്മിൽ നുകർന്നുനിൽക്കെ
മാകന്ദസൗരഭം വീശിവീശിക്കുളിർ-
മാരുതൻ നൃത്തം ചവുട്ടിനിൽക്കെ…
രാവിൻ നിലാത്തിരിമായവെ മുഗ്ധമാം
രാഗം നിൻ കാതിൽ ഞാൻ മൂളിനിൽക്കെ
രാജീവലോചനേ പ്രേമോത്സുകങ്ങളാം
കാകളി നമ്മിൽ തുളുമ്പിനിൽക്കെ…
മഞ്ജീരശിഞ്ചിതം കേൾക്കെയെന്നാത്‌മാവിൽ
മൗനസ്വരങ്ങൾ പ്രതിധ്വനിക്കെ
ആകാശഗംഗ തൻ തീരമെത്താൻ ചൈത്ര
പൗർണ്ണമിക്കാഗ്രഹമേറിനിൽക്കെ…
ഈ വനവീഥിയിലോമനേ നീയൊരു
നീഹാരമായെന്നിൽച്ചേർന്നുനിൽക്കെ
ആരമ്യവർണ്ണവികാരവിനോദങ്ങൾ
ചേതോഹരങ്ങളായ് പൂത്തുനിൽക്കെ
വാസന്തകാലം മറപിടിച്ചങ്ങിനെ
വാർതിങ്കളിന്റെ മിഴികൾ പൊത്തി
ഈ വർണ്ണസ്വപ്‌നങ്ങൾ നിനക്കുമാത്രം
ഈ നീലരാവോ നമുക്കു സ്വന്തം…
Generated from archived content: poem_feb13.html Author: anuji_k_bhasi