ഇലകൾ വീഴുമെൻ മുറ്റത്തുകൂടിയാ
ഇരവിൻ ദീപമൊലിച്ചുപോയിന്നലെ
ഇനിയുമോതാൻ മടിച്ചതാണോമനേ
ഇതൾവിടർത്തുമെൻ മോഹങ്ങളത്രയും
തിരികൾ നീട്ടിയാ ആകാശവീഥിയിൽ
തിരയും നക്ഷത്രകന്യകൾ കേട്ടുവോ
ഇനിയൊളിക്കുവാൻ വയ്യ! വരൾച്ചയെൻ
നിനവിൽ നീറിപ്പിടിക്കുന്നു മൂകമായ്
കവിയുമോരോ കിനാവിന്റെ തുളളിയീ-
ക്കവിളിലൂടെ,പ്പടരുന്നവേളയിൽ
കരുണയോടെ പറയുന്നു നീയെന്റെ
കരളിനെന്തിനീ നോവുനൽകീടുന്നു
പ്രഥമ ദർശനമിത്രമേലാഹ്ലാദ
പ്രമദമാക്കിയ നല്ലകാലങ്ങളും
പ്രതിഫലിച്ചു നിൻമിഴികളിൽ നിന്നെന്റെ
പ്രണയമത്രയും വായിച്ചറിഞ്ഞു ഞാൻ
കഥ പറഞ്ഞുചിരിക്കാം ഇടയ്‌ക്കിടെ-
ക്കവിതചൊല്ലിക്കരയാം കറുത്തവാവ-
രികിലെത്തുമ്പോൾ കാക്കൾ ചെയ്യുന്ന
കപടസത്യം മറക്കാം പ്രിയസഖീ
ഇവിടെയൽപ്പം വെളിച്ചം കൊളുത്തുനീ
ഇനിയൊരർദ്ധം തുടങ്ങാം നമുക്കിനി
തമസ്സ് ധന്യമെന്നോതാതിരിക്കുവാൻ
തപസ്സ് ചെയ്യുമീവെട്ടം മനോഹരം…
Generated from archived content: poem_dec31.html Author: anuji_k_bhasi