പത്താംക്ലാസിലെ മാർക്ക് അവളെ സംബന്ധിച്ചിടത്തോളം താഴ്‌ന്നതായിരുന്നു. മാർക്കിൽ ഉയർച്ചയുടെ മേച്ചിൽപ്പുറങ്ങളായിരുന്നു. പക്ഷേ, കിട്ടിയതുകൊണ്ട് അവൾക്ക് തൃപ്‌തിപ്പെടേണ്ടി വന്നു.
പതിനൊന്നാം ക്ലാസിലെ സയൻസിന്റെ നിർവചനങ്ങളും, അക്കങ്ങളിൽ കുരുങ്ങിക്കിടന്ന കണക്കും ആണ് ജീവിതത്തിന്റെ അർത്ഥശൂന്യത അവൾക്ക് മനസ്സിലാക്കിക്കൊടുത്തത്. തത്വചിന്തകൾക്ക് അവളുടെ മനസ്സ് പാകപ്പെട്ടതും അങ്ങനെയാണ്.
അങ്ങനെയിരിക്കെയാണ് പ്രാക്‌ടിക്കൽ ക്ലാസ്സുകളുടെ കാലം വന്നത്. രസതന്ത്രത്തിൽ ലായിനികളുടെ നിറം മാറിയതിനേക്കാളും, ഭൗതികശാസ്‌ത്രത്തിൽ പെൻഡുലങ്ങൾക്ക് ആക്കം വർദ്ധിച്ചതിനേക്കാളും അവളെ ആകർഷിച്ചത്, ജന്തുശാസ്‌ത്രത്തിന്റെ പണിപ്പുരയിൽ മരക്കട്ടയിൽ കുത്തിത്തറയ്‌ക്കപ്പെട്ട പാറ്റകളുടെ ഹൃദയത്തുടിപ്പുകളായിരുന്നു.
കീറിമുറിയ്‌ക്കപ്പെട്ട പാറ്റ തന്റെ കൈകൾ ഇരുവശത്തേക്കും നീട്ടി, “ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ” എന്നു പറയുന്നതായി അവൾക്കു തോന്നിയിരുന്നു.
അങ്ങനെയൊരു ദിവസത്തിലാണ് അശ്രദ്ധമൂലം അവളുടെ പാറ്റയുടെ നട്ടെല്ലു തകർന്നുപോയത്. അതിനു ശിക്ഷയായി മൂന്നുപാറ്റകളെ വധശിക്ഷക്കു വിധിക്കാനാണ് ടീച്ചർ ആവശ്യപ്പെട്ടത്.
കൂടെയുണ്ടായിരുന്ന കുട്ടികളെല്ലാം പഠനമുറിയിലേയ്‌ക്കു പോയിക്കഴിഞ്ഞു. അധ്യാപികയും മുറിവിട്ടുപോയി.
തനിച്ചിരുന്ന് പാറ്റയെ കൊന്നുകൊണ്ടിരിക്കുമ്പോഴാണ് അവൾ ചുറ്റും നോക്കിയത്. മണ്ണിലലിഞ്ഞു ചേരാത്ത, മണ്ണായിത്തീരാൻ വിധിയില്ലാത്ത ജീവികളുടെ ശവപ്പറമ്പായിരുന്നു അത്. പഞ്ഞിനിറയ്‌ക്കപ്പെട്ട പാമ്പുകളുടെ വാലുകൾ അവ അടയ്‌ക്കപ്പെട്ട കുപ്പികളിലെ ലായിനിയിൽക്കിടന്ന് ആടിക്കൊണ്ടിരുന്നു.
ആ കാഴ്‌ചകൾ കാണാൻ, പാറ്റയെവിട്ട് അവൾ അവയ്‌ക്കടുത്തേക്കു നടന്നു. നക്ഷത്രമത്സ്യങ്ങളും, ആടുകളും ആണിയടിക്കപ്പെട്ടിരുന്ന പൂമ്പാറ്റകളും, കുരുവികളും ചുവന്ന കണ്ണുകളുളള പ്രാവുകളും കടന്നു പോന്നപ്പോഴാണ് ഒരു ചെറിയ കുപ്പിയെ അവൾ ശ്രദ്ധിച്ചത്.
വിലക്കപ്പെട്ടിരുന്നതെങ്കിലും അവൾ അതു കൈയിലെടുത്ത് ശ്രദ്ധയോടെ നോക്കി. ആ ചെറിയ കുപ്പിക്കുളളിൽ ഒരു കുഞ്ഞിനോടു സാമ്യമുളള എന്തോ കിടന്നിരുന്നു. അവൾക്കു ചിരി വന്നു.
വെറുതെ, ആ കുഞ്ഞിക്കൈകളിലെ വിരലുകൾ അവൾ എണ്ണി.
“അഞ്ചു കുഞ്ഞിവിരലുകൾ.”
അവൾ വാത്സല്യത്തോടെ ആ കുപ്പി തിരിച്ചും, മറിച്ചും നോക്കി. ആ കുഞ്ഞു ഭ്രൂണം ലായിനിയിൽ തിരിഞ്ഞും മറിഞ്ഞു കളിച്ചു. അവൾക്കു രസമായി. കുപ്പിയിൽ നിന്നു വീണ ലായിനിയുടെ ഗന്ധം ആദ്യം അവളെ അസ്വസ്ഥയാക്കിയെങ്കിലും പിന്നീട് അവളതിൽ ഉന്മത്തയായി.
പതിയെ ആ കുപ്പിയുടെ അടപ്പുതുറക്കാനായി അവൾ ആഞ്ഞു. അപ്പോഴാണ് മറ്റാരെങ്കിലും അതു കണ്ടെങ്കിലോ എന്ന ചിന്ത അവൾക്കുണ്ടായത്. വാതിൽ അകത്തുനിന്ന് ഭദ്രമായി അടച്ച് അലമാരിയുടെ ഒരു മൂലയിൽ ഒതുങ്ങിനിന്ന്, കുപ്പിതുറന്ന് അവളാ കുഞ്ഞിനെ കൈയിലെടുത്തു.
ഉറക്കമുണരുന്നതുപോലെ ആ കുഞ്ഞ് കൈകാലുകൾ അവളുടെ കൈത്തട്ടിൽ കിടന്നു കളിച്ചു. അവൾ ആ കുഞ്ഞിനെ എറിഞ്ഞു പിടിച്ചു. ലാബിലെ, മത്സ്യങ്ങളുടെ പുറത്തേറി അവൾ കുഞ്ഞുമായി യാത്രചെയ്‌തു. അവൾ തറച്ചുവച്ചിരുന്ന പാറ്റ ആണിയൂരി അവൾക്കു ചുറ്റും പറന്നു കളിച്ചു.
രാത്രിയായപ്പോൾ മൂങ്ങയും വാവലും കുപ്പിയിൽനിന്നു പുറത്തുചാടി ഉണ്ടക്കണ്ണുരുട്ടി. അവൾ ചെറുതായി ഭയന്നു.
അവളുടെ കുഞ്ഞും ചെറിയ കുപ്പിയിലേക്ക് ആഴ്‌ന്നിറങ്ങാൻ തുടങ്ങി. അവൾ അതിനെ പുറത്തേക്കു വലിച്ചെടുത്തു. ആ കുഞ്ഞ് ബീഭത്സമായ രൂപമെടുത്തു. ആയിരക്കണക്കിന് ലബോറട്ടറികളിൽ സൂക്ഷിക്കപ്പെടുന്ന ആയിരക്കണക്കിന് കുഞ്ഞുഭ്രൂണങ്ങൾ അവൾക്കു ചുറ്റും കൂവിയാർക്കാൻ തുടങ്ങി.
അവർ അവളുടെ കഴുത്തിൽ മുറുക്കിപ്പിടിച്ചു ഞെരിച്ചു. അവൾ നിലത്തുവീണു പിടഞ്ഞു. കുഞ്ഞുങ്ങൾ കൂട്ടം കൂട്ടമായി കുപ്പികളിലേക്കു തിരികെപ്പോയി.
നേരം പുലർന്നു. പക്ഷേ അന്ന് ജന്തുശാസ്‌ത്ര ലാബിൽ ഉറുമ്പുകളും ഈച്ചകളും സമ്മേളിച്ചതും, വിദ്യാലയത്തിന് അവധി നൽകപ്പെട്ടതും എന്തിനായിരുന്നു?
Generated from archived content: story_mar17.html Author: anuja_akathoot
Click this button or press Ctrl+G to toggle between Malayalam and English