നടത്തത്തെക്കുറിച്ച് പല മുൻധാരണകളും ഉളളവരായിരിക്കാം നമ്മൾ. എന്നാൽ അവയിൽ പലതും വർഷങ്ങളോളം, ആഴ്‌ചകളോളം നീണ്ടുനില്‌ക്കുന്നവയായിരിക്കാം. എന്നാൽ യുഗങ്ങൾക്കപ്പുറം, ബ്രഹ്‌മവർഷങ്ങൾക്കപ്പുറം, ചരിത്രപുരുഷനുമപ്പുറം നടത്തം തുടരുന്ന ഒരു സ്‌ത്രീത്വമുണ്ടായിരുന്നു.
യുഗം-ദ്വാപരം. പശുക്കൾക്ക് ആവശ്യക്കാരുണ്ടായിരുന്ന ദ്വാരകയിൽ കൃഷ്‌ണനും ഗോപികമാരും ഉണ്ടായിരുന്നു. പതിനായിരം ഭാര്യമാർ ഉണ്ടായിരുന്നു. എന്നാൽ ഗോകുലം മുഴുവൻ അറിയപ്പെടുന്നത് രാധയായിരുന്നു. ദ്വാരകയിലേക്ക് കൃഷ്‌ണൻ പോയതോടെ രാധ തനിച്ചായി.
രാധ യുഗങ്ങളിൽനിന്നും യുഗങ്ങളിലേക്ക് നടക്കുകയാണ്. ഇത് കലിയുഗമാണ്. രാധയുടെ മുഖത്ത് ചുളിവുകൾ വീണിട്ടില്ല. ഇരവുപകലുകളില്ലാതെ നടന്നിട്ടും അവളിലേക്ക് കൃഷ്‌ണവർണ്ണംപോലും തിരിഞ്ഞുനോക്കിയിരുന്നില്ല.
ഇരുട്ടിൽ രാധയ്‌ക്കു ചുറ്റും വാഹനങ്ങൾ ചീറിപ്പാഞ്ഞു. ഗോവർദ്ധനപർവ്വതംപോലെ കൂറ്റൻ കെട്ടിടസമുച്ചയങ്ങൾ രാധയ്‌ക്കു ചുറ്റുമുയർന്നുനിന്നു.
രാധ തെരുവിലൂടെ നടന്നു. ഒരു ചില്ലുകൂടാരത്തിലെത്തി. (കലിയുഗത്തിലെ ഒരു സൂപ്പർമാർക്കറ്റ്) അതിനുളളിലെ ചില്ലുപെട്ടികളിൽ കൃഷ്‌ണവേഷം ജീവനോടുകൂടി നൃത്തം ചെയ്യുന്നതു കണ്ട് രാധ ആ ചില്ലിനടുത്തെത്തി. ആ ചില്ലിൽ ഒന്നു തൊട്ടു. പെട്ടെന്ന് രാധയ്‌ക്കു ചുറ്റും ഇരുട്ടായി. കലിയുഗത്തിലെ വൈദ്യുതിയ്‌ക്ക് രാധയെ പരിചയമില്ലായിരുന്നിരിക്കാം.
രാധയിപ്പോൾ കേരളത്തിലാണ്. ഇന്ന് ജന്മാഷ്‌ടമിയാണ്. തെരുവിൽ ഉണ്ണിക്കണ്ണനായും, ഗോപികയായും വേഷം കെട്ടിയ കുരുന്നുകളുടെ ശോഭയാത്ര നടക്കുന്നു. അതിന്റെ ഏറ്റവും പുറകിൽനിന്ന് ഒരു ഉണ്ണിക്കണ്ണനേയുമെടുത്ത് രാധ നടന്നു. അപ്പോൾ, തന്നെ പിൻതുടർന്നേക്കാവുന്ന പോലീസ് ജീപ്പുകളെക്കുറിച്ചൊന്നും രാധയ്‌ക്ക് അറിവുണ്ടായിരുന്നില്ല.
കലിയുഗത്തിലെ ഉണ്ണിക്കൃഷ്‌ണൻ രാധയോട് ഐസ്‌ക്രീം ആവശ്യപ്പെട്ടു. കാര്യം വ്യക്തമാകാതെ ഐസ്‌ക്രീം എന്നാലെന്തെന്ന് രാധ തിരിച്ചുചോദിച്ചു.
“ആന്റീ ആന്റീ ഡ്യൂപ്പാണോ? ഒറിജിനലാണോ?”
നിർനിമേഷയായി നിന്ന രാധയുടെ കഴുത്തിലെ സ്വർണ്ണമാലകളും അരപ്പട്ടയും ഉണ്ണികൃഷ്‌ണനഴിച്ചെടുത്തു. കൈത്തുന്നലും ചിത്രപ്പണികളുമുളള രാധയുടെ പട്ടുവസ്‌ത്രങ്ങൾ നഗരത്തിലെ വസ്‌ത്രവ്യാപാരക്കടയിൽ കൊടുത്ത് വലികുറഞ്ഞ ഒരു പാന്റും ടോപ്പും പകരം നല്‌കി. സ്വർണ്ണം വിറ്റ് ഐസ്‌ക്രീം നുണഞ്ഞ ഉണ്ണികൃഷ്‌ണൻ രാധയെ, കാലത്തിന്റെ നാല്‌ക്കവലയിലുളള ട്രാഫിക് ഐലൻഡിൽ നിർത്തിയിട്ട് സ്വന്തം വീട്ടിലേക്ക് നീങ്ങി.
Generated from archived content: story2_june9.html Author: anuja_akathoot
Click this button or press Ctrl+G to toggle between Malayalam and English