ഒറ്റമുറി

അമ്മ ചിലപ്പോൾ ഒരു മുറി.

കണ്ണീരും മനസ്സും

സ്‌നേഹത്തിലെ സ്വാർഥതയും തുറന്നിട്ട

പൊളിഞ്ഞുവീഴാത്ത ഒറ്റമുറി.

ഒരു വടിത്തുണ്ട്‌

തുട തിണർക്കുമ്പോൾ

പിന്നിൽ അടച്ചിടും വാതിൽ

മുട്ടിവിളിക്കാതെ തുറന്നുപോകും ഞാൻ.

കയറിയുമിറങ്ങിയും നടക്കുമ്പോൾ

പിണങ്ങിനോക്കും

കരഞ്ഞുതീർക്കും

പിന്നെ വഴി തടയാതൊരു ചിരി ചിരിക്കും.

മനസ്സിലെല്ലാം വലിച്ചുവാരുമ്പോൾ

തളർന്ന കയ്യാൽ അടുക്കിവയ്‌ക്കും.

സുഖ സുഷുപ്‌തിയിൽ

കൊതുകും കിനാക്കളും

കടന്നു കേറാതെ

കാവൽ നില്‌ക്കും.

വിട പറയാതെ പടിയിറങ്ങുമ്പോൾ

കതക്‌ ചാരാതെ കാത്തിരിക്കും.

വഴിയിലെപ്പോഴോ

മനസ്സുടക്കുമ്പോൾ

മുറിവു പോലെന്നെ മുറി വിളിക്കുന്നു,

എല്ലാം കരഞ്ഞു തീർക്കുന്നു.

Generated from archived content: poem2_oct19_05.html Author: anu_varyar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here