സ്വപ്ന ചിത്രം വരയ്‌ക്കുകയാണ്‌; വൈകല്യങ്ങൾ മറന്ന്‌

ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം കൂട്ടായി വരുമ്പോൾ മനസു നേടുന്ന വലിയൊരു ധൈര്യമുണ്ട്‌. ഒന്നു പതറുമ്പോഴേയ്‌​‍്‌ക്കും വാളും പടയുമായി പൊരുതുവാൻ ഇറങ്ങുന്ന സാധാരണ മനസിന്റെ വെകിളി പിടിച്ച ധൈര്യമല്ല ഇത്‌. മറിച്ച്‌ തിരിച്ചറിവുകളുടെ വഴികളിലൂടെ സഞ്ചരിച്ച്‌ ഞാനാരെന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുവാനുള്ള ധൈര്യമാണിത്‌. തങ്ങളുടെ പോരായ്‌മകളിൽ എവിടെയോ വലിയൊരു വിജയത്തിന്റെ വിത്ത്‌ ഒളിച്ചിരിക്കുന്നുവെന്ന കണ്ടെത്തലിലൂടെ ജീവിതം മറ്റുള്ളവർക്ക്‌ മാർഗദർശനത്തിന്റെ പാഠപുസ്തകമാക്കി മാറ്റിയവരുടെ എണ്ണം ചെറുതല്ല. അത്തരമൊരു ജീവിതമാണ്‌ സ്വപ്നയുടേത്‌. തോൽക്കുവാൻ മനസില്ല എന്നു പറയുന്നത്‌ അഹങ്കാരമല്ലെന്നും അത്‌ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അടയാളപ്പെടുത്തുകയാണ്‌ സ്വപ്ന.

എറണാകളും ജില്ലയിൽ പൈങ്ങോട്ടൂരിലെ കർഷകനായ കൊച്ചുമുട്ടത്ത്‌ അഗസ്‌റ്റിന്റെ മൂത്തമകൾ സ്വപ്നയ്‌ക്ക്‌ വിധി സമ്മാനിച്ചത്‌ വൈകല്യമാണെങ്കിലും അതോർത്ത്‌ ദുഃഖിച്ചിരിക്കാൻ 32 കാരിയായ സ്വപ്ന ഒരുക്കമല്ല. കൂട്ടുകാരൊക്കെ കൈകളുപയോഗിച്ച്‌ എഴുത്തു പഠിച്ചപ്പോൾ കാൽ ഉപയോഗിച്ച്‌ അക്ഷരലോകത്ത്‌ ഹരിശ്രീ കുറിച്ച സ്വപ്ന കമ്പ്യൂട്ടർ ചിത്രരചനയിലൂടെ ജീവിതം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. ഇതിനുവേണ്ടി അക്ഷയ കമ്പ്യൂട്ടർ പദ്ധതിയിൽ ചേർന്ന്‌ സ്വപ്ന പഠനം ആരംഭിച്ചുകഴിഞ്ഞു.

ആറാംവയസിൽ ചെത്തിപ്പുഴ മേഴ്‌സി ഹോമിൽ താമസിച്ചാണ്‌ സ്വപ്ന സ്‌കൂൾ പഠനം ആരംഭിച്ചത്‌. സ്‌കൂൾ പഠന നാളുകളിലാണ്‌ സ്വപ്നയിലെ ചിത്രകാരി വളർന്നത്‌. ഇതിനു തന്നെ സഹായിച്ച മേഴ്‌സി ഹോമിലെ സിസ്‌റ്റേഴ്‌സിനെ സ്വപ്ന നന്ദിയോടെ ഓർക്കുന്നു. സ്‌കൂൾ പഠനകാലത്തുതന്നെ ജില്ലാ-സംസ്ഥാന തലങ്ങളിൽ ഒട്ടേറെ ചിത്രരചനാ മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്‌. ബാംഗ്ലൂരിൽ നടന്ന വികലാംഗ കുട്ടികളുടെ ദേശീയ മത്സരത്തിലും ചിത്രരചനയിൽ ഒന്നാംസ്ഥാനം സ്വപ്നയ്‌ക്കായിരുന്നു.

തന്റെ പഞ്ചായത്തിൽ അക്ഷയ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി ആരംഭിച്ചതോടെ കമ്പ്യൂട്ടറിൽ പ്രാവീണ്യം നേടാൻ സ്വപ്ന തീരുമാനിച്ചു. ആദ്യമെല്ലാം മൗസിന്റെ ചലനം നിയന്ത്രിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടെങ്കിലും അദ്ധ്യാപികയായ ബിന്ദു ടോമി പഠനദൈർഘ്യം അധികം നൽകി കമ്പ്യൂട്ടർ പഠനം സ്വപ്നയ്‌ക്ക്‌ എളുപ്പമുള്ളതാക്കി മാറ്റി. സാധാരണ പഠിതാക്കളെപ്പോലെ തന്നെ സ്വപ്നയും കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന്‌ അദ്ധ്യാപിക ബിന്ദു ടോമി പറഞ്ഞു.

പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയിട്ടുള്ള സ്വപ്ന പരീക്ഷകളെല്ലാം എഴുതിയത്‌ ആരുടേയും സഹായമില്ലാതെ കാലുകൊണ്ടാണ്‌. മറ്റു കുട്ടികൾ എഴുതി തീരുന്ന സമയത്തു തന്നെ വടിവൊത്ത അക്ഷരങ്ങളിൽ ഈ കുട്ടി പരീക്ഷകളെഴുതി പൂർത്തിയാക്കി. ഭക്ഷണം കഴിക്കാനും, ടെലിഫോൺ വിളിക്കാനുമെല്ലാം സ്വപ്നയ്‌ക്ക്‌ കാൽ മാത്രം മതി.

ഇടതു കാൽവിരലുകളിൽ പോസ്‌റ്റർ പെയിന്റിംഗിന്റെ ചെറിയ കുപ്പി ഉറപ്പിച്ചുവച്ച്‌, വലുതുകാൽ വിരലുകൾ കൊണ്ട്‌ ബ്രഷ്‌ പിടിച്ച്‌ തികച്ചും സ്വഭാവികമായിട്ടാണ്‌ സ്വപ്ന ചിത്രരചന നടത്തുന്നത്‌. ഇടയ്‌ക്കിടക്ക്‌ ചായത്തിൽ ബ്രഷ്‌ മുക്കി നാലുമണിക്കൂർ വരെ തുടർച്ചയായി ചിത്രരചനയിൽ ഏർപ്പെടാൻ സ്വപ്നയ്‌ക്ക്‌ കഴിയും.

സഹോദരങ്ങളും മാതാപിതാക്കളും നൽകുന്ന പിൻബലമാണ്‌ എല്ലാ നേട്ടങ്ങൾക്കും പിറകിലെന്ന്‌ സ്വപ്ന പറഞ്ഞു. സോഫിയാണ്‌ അമ്മ. ഒരു സഹോദരിയും രണ്ടു സഹോദരൻമാരും സ്വപ്നയ്‌ക്കുണ്ട്‌.

Generated from archived content: essay1_mar23_07.html Author: antony_shelin

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here