റോസാ മുത്തശ്ശി – കോതാടിന്റെ ‘അക്ഷയ’ക്കുരുന്ന്‌

മേക്കാമോതിരമിട്ടു തൂങ്ങിയ ചെവികളിൽ ഇയർഫോൺ ഘടിപ്പിച്ച്‌ ചട്ടയും മുണ്ടും ധരിച്ച നൂറ്റേഴു വയസുകാരി റോസാമുത്തശ്ശി കമ്പ്യൂട്ടർ സ്‌ക്രീനിനു മുമ്പിലിരിക്കുമ്പോൾ ചുറ്റും കൂടി നിന്നവർക്കായിരുന്നു കൗതുകം. പക്ഷേ, മുത്തശ്ശി തികഞ്ഞ ഗൗരവത്തിലായിരുന്നു. ഇതുപോലെന്തെല്ലാം കണ്ടിരിക്കുന്നു എന്ന ഭാവം. കൂടെ നിന്നവർ മൗസിന്റെ കളിവിളയാട്ടങ്ങൾ പരിചയപ്പെടുത്തുമ്പോൾ നൂറ്റാണ്ടു പിന്നിട്ട മുത്തശ്ശി അനുഭവങ്ങളുടെ തഴമ്പുവീണ കൈത്തലം മൗസിന്റെ മുകളിലമർത്തി കൂടെ നിന്നവരുടെ സഹായത്തോടെ അതു ചലിപ്പിക്കുമ്പോൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ അക്ഷരക്കൂട്ടങ്ങളും വർണ്ണങ്ങളും മാറിത്തെളിഞ്ഞു.

കോതാട്‌ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അക്ഷയയുടെ കമ്പ്യൂട്ടർ സെന്ററിലാണ്‌ മുത്തശ്ശി കമ്പ്യൂട്ടറിൽ ആദ്യാക്ഷരം കുറിയ്‌ക്കാനെത്തിയത്‌. സ്‌ക്രീൻ, കീബോർഡ്‌, മൗസ്‌ എന്നി അടിസ്ഥാന കമ്പ്യൂട്ടർ ഭാഗങ്ങൾ അധ്യാപകൻ പരിചയപ്പെടുത്തി. വിരലൊന്നമർത്തിയാൽ വിരിയുന്ന വിസ്‌മയലോകത്തെ നോക്കിയിരുക്കുമ്പോൾ മുത്തശ്ശിയുടെ കണ്ണുകളിലും വിസ്മയം തിളങ്ങുകയായിരുന്നു.

മാവിൽനിന്നു വീഴുന്ന മാങ്ങയെ മൗസ്‌ ഉപയോഗിച്ച്‌ നിയന്ത്രിക്കാവുന്ന കുട്ടയിൽ ശേഖരിയ്‌ക്കുന്ന കമ്പ്യൂട്ടർ ഗെയിം സ്വയം കളിക്കുന്നതിനോടൊപ്പം കൂട്ടുകാർ കളിക്കുന്നത്‌ കണ്ടിരിക്കാനും മുത്തശ്ശിയ്‌ക്ക്‌ ഏറെ താൽപര്യമായിരുന്നു. അക്ഷയയുടെ കമ്പ്യൂട്ടർ പഠനത്തിനെത്തിയ റോസാ മുത്തശ്ശി അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റി. എറണാകുളം ജില്ലയിലെ കോതാട്‌ എന്ന ദ്വീപിന്റെ പ്രശസ്തി റോസാക്കുട്ടിയിലൂടെ ഇന്ന്‌ ഏഴുകടലും കടന്ന്‌ വാനോളം ഉയർന്നുകഴിഞ്ഞു. സി എൻ എൻ, എ പി, പി ടി ഐ, ദി ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇൻഡ്യ, എൻ ഡി ടി വി, യോജന തുടങ്ങിയ ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ മുത്തശ്ശിയുടെ കമ്പ്യൂട്ടർ പഠനവിശേഷങ്ങൾ സ്ഥാനം പിടിച്ചു.

ഏകദേശം ഒരു മാസം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും അഭിമുഖങ്ങൾക്കും മറുപടി പറയുന്ന തിരക്കിലായിരുന്നു റോസാ മുത്തശ്ശി. ഒരു പക്ഷേ, സിനിമയിലെ മുൻനിര നായികാനായകൻമാർ മാത്രം അനുഭവിക്കുന്ന തിരക്കിന്‌ സമാനമായിരുന്നു റോസാക്കുട്ടിയും അഭിമുഖീകരിച്ചതെന്ന്‌ പറയാം. താരശോഭയിൽ റോസാക്കുട്ടി മലയാള സിനിമയിലെ മെഗാസ്‌റ്റാർ മമ്മൂട്ടിയെ മറികടന്നു എന്നാണ്‌ ഡക്കാൺ ഹെറാൾഡ്‌ എന്ന പത്രം റിപ്പോർട്ടു ചെയ്തത്‌.

പഴയ നാലാം ക്ലാസ്‌ വിദ്യാഭ്യാസമുള്ള റോസാക്കുട്ടി ഇന്നും പത്രപാരായണം മുടക്കാറില്ല. കാഴ്‌ചശക്തി സ്വല്പം കുറവായതിനാൽ വലിയ അക്ഷരങ്ങൾ മാത്രമേ വായിക്കാറുള്ളൂ. തന്നെക്കുറിച്ച്‌ പത്രമാധ്യമങ്ങളിൽ വന്ന വാർത്ത മുത്തശ്ശി ശേഖരിച്ചുവച്ചിട്ടുണ്ട്‌.

പ്രായത്തിൽ സെഞ്ചുറി പിന്നിട്ടെങ്കിലും റോസാമുത്തശ്ശിയുടെ ഓർമ്മകൾക്കിപ്പോഴും യൗവ്വനം തന്നെ. പഴയ ക്രിസ്ത​‍്യൻ കലാരൂപമായ ചവിട്ടുനാടകം പാടി അവതരിപ്പിക്കുന്നത്‌ റോസയ്‌ക്ക്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല. പതിറ്റാണ്ടുകൾക്കു മുമ്പ്‌ പള്ളിവട്ടക്കല്ലിൽ ചവിട്ടുനാടകം കളിച്ചിരുന്ന ഭർത്താവ്‌ പൈലിയിൽ നിന്നാണ്‌ റോസാക്കുട്ടി എല്ലാം പഠിച്ചെടുത്തത്‌. ദിനചര്യകളിൽ എന്നും കൃത്യത പാലിക്കുന്ന റോസയുടെ ഭക്ഷണരീതി കുറച്ചുനാൾ മുമ്പുവരെ വ്യത്യസ്തമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ തികഞ്ഞ സസ്യഭുക്ക്‌. എന്നാൽ ഇപ്പോൾ ഇറച്ചിയും മീനും മതിയാവോളം കഴിയ്‌ക്കും. മാത്രവുമല്ല ഉച്ചയൂണിനുശേഷം പുകവലിയുമുണ്ട്‌. പുകവലി കൂടിയതുകാരണം അമ്മൂമ്മ ഇപ്പോൾ പള്ളിയിൽ പോകുന്നത്‌ കുറഞ്ഞിട്ടുണ്ടെന്ന്‌ ചെറുമകൻ പുഷ്‌കിൻ പറയുന്നു.

Generated from archived content: essay1_apr4_07.html Author: antony_shelin

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here