രണ്ടു കവിതകൾ

ഗാന്ധിജി

അടിതൊട്ട്‌ മുടിയോളമെത്തുന്നു

തീയുടെ ചൂട്‌

ഇനിയുമിത്തിരി അകലേയ്‌ക്കു നീക്കാൻ

കഴിയില്ല ചിത്തം

എരിയുമ്പോൾ പൊട്ടിത്തെറിച്ചിടുന്നുണ്ട്‌

പതിഞ്ഞ ശബ്‌ദങ്ങൾ

ആളുമ്പോൾ കേറിപ്പിടിയ്‌ക്കുന്നുളളത്തിൽ

ചില നനവുകൾ

കാറ്റോരോദിശ വകഞ്ഞെടുക്കുമ്പോൾ

വിറയ്‌ക്കുന്നു മിഴി

കനിവൊട്‌ എണ്ണ പകർന്നൊഴിക്കുമ്പോൾ

മുറുകുന്നു നെഞ്ച്‌

പുകയിലേയ്‌ക്കൂർന്ന മിഴി തുടയ്‌ക്കുമ്പോൾ

തോളിൽ തൊട്ടാരോ

‘വരികിനി പോകാം’ ചുവടറിയുമ്പോൾ

ശിരസ്സുഭാരമായ്‌

വെളുവെളെ എല്ലും ഇരുണ്ടചാരവും

കലരുന്നു തമ്മിൽ

തമിഴൻ

പഴയപാത്രങ്ങൾ

വായനക്കഴി-

ഞ്ഞനാഥമാകിയ

പത്രത്താളുകൾ,

പൊടിപിടിച്ചതാം

കുപ്പികൾ, തുരു-

മ്പുയിരിണക്കിയ

ഇരുമ്പു ഖണ്ഡങ്ങൾ

വിറ്റൊഴിക്കുമ്പോൾ

ത്രാസിലെ ഒരു

പകുതിയിലെന്റെ

പഴഞ്ചൻ കണ്ണട

വിറച്ചിടറുന്നു

മറുപകുതിയിൽ

മകന്റെ കണ്ണുകൾ

തിളക്കമേൽക്കുന്നു

തമിഴനോ ചിരി;

ച്ചകന്ന പല്ലിലൂ;

ടടക്കമില്ലാതെ

തമിഴുരച്ചു തൻ

ചുവടുകെട്ടുന്നു

പടികടക്കുന്നു.

Generated from archived content: poem_feb26.html Author: antony_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here