* * * * * * * * * * * * അപകടം * * * * * * * * * * * *
റോഡിലപകടം
ലോറിയും ജീപ്പും ഇടിച്ച്
മരിച്ചൊരാൾ
ഞാനറിയാത്തൊരാൾ
എന്നെയറിയാത്ത
അജ്ഞാത ഹൃത്തൊരാൾ
ചോരയിൽ
അഞ്ചുനിമിഷപിടച്ചിലിൽ
എൻചോരയായയാൾ
* * * * * * * * * * * * ഗാന്ധി * * * * * * * * * * * *
എടുക്കുന്തോറും ഭാരം
ചുമലിൽ മുറുകുന്നു.
അയഞ്ഞവഴിയുടെ
യാത്രകൾ ചുളിയുന്നു
കൈയ്യിലെ വടിയുടെ
കാണായ അഗ്രത്തിങ്കൽ
കൈത്തഴപ്പുകൾ മാത്രം
ചരിത്രം സാക്ഷ്യമാകാൻ
* * * * * * * * * * * * കുയിൽ * * * * * * * * * * * *
കാക്കയ്‌ക്ക് പാടാൻപറ്റും
വിശപ്പിൽ; ഭക്ഷണത്തിൻ
ഇത്തിരി സമൃദ്ധിയിൽ
ചുളളികൾ കൂട്ടികൂട്ടി
സൃഷ്‌ടിക്കും കൂടിൻമൃദു
ജീവന നിശ്വാസത്തിൽ;
മുട്ടകൾക്കു മീതെയായ്
മുട്ടാത്ത സ്‌നേഹത്തിന്റെ
മുട്ടിയുരുമ്മലിലായ്;
കുഞ്ഞിളം കൊക്കിലേയ്‌ക്ക്
പടർത്തും ഇളംചൂടിൻ
നിതാന്ത ജാഗ്രതയിൽ;
പറക്കാൻ പഠിക്കുന്ന
കുഞ്ഞിനോടൊപ്പം ജീവൻ
പൊലിപ്പിക്കും വാഴ്‌ചയിൽ;
കൂകുന്ന കുയിൽക്കുഞ്ഞിൻ
വായ്‌ത്താരിയകന്നുപോം
മാതൃവിലാപത്തിൽ;
കാക്കയ്‌ക്കു പാടാൻപറ്റും
കുയിലിനേക്കാൾ ഏറെ
ദൂരത്തിൽ ഉയരത്തിൽ!
Generated from archived content: poem_antony.html Author: antony_kv