കാൽലിപി

ആരേക്കാളും മുൻപേപോകാൻ

ആയുന്നുണ്ട്‌ കാല്‌

കാറുകടന്നും ബസ്സ്‌ കടന്നും

കാണെക്കാണെ വളരാൻ

മുന്നിലണഞ്ഞുചിരിക്കും ചിലരുടെ

ഹൃദയം വെട്ടിമുറിച്ചും,

ഇഷ്‌ടികകെട്ടി വാക്കുപണിയു-

ന്നോരെ തട്ടിമറിച്ചും,

ബാങ്കിലിരിക്കും കണ്ണുനിരത്തും

കൂട്ടരെവെട്ടിയൊഴിച്ചും,

പാർക്കിൽപോകാൻ കവിത പരത്തും

കൂട്ടിനെ പറ്റെ മറന്നും,

ആരേക്കാളും മുൻപേ പോകാൻ

ആയുന്നുണ്ട്‌ കാല്‌.

എതിരെവരുന്നോൻ എളിയിൽകത്തി

എന്നെയറിയിക്കില്ല

പിറകിൽ വരുന്നോൻ നെഞ്ചിടിനാദം

എന്നിൽ തൂക്കിയിടില്ല

മുൻപിൽപോകും കാലുകളെന്നിൽ

‘കാശി’ വരയ്‌ക്കുകയില്ല

എന്നുടെ നാദം കഴലിണമാത്രം

ഏതു ചരിത്രത്തിലും

എന്നുടെ ഭാഷപദലിപിമാത്രം

ഏതു പുരാണത്തിലും

ആരേക്കാളും മുൻപേ പോകാൻ

ആയുന്നുണ്ട്‌ കാല്‌

ആയതുകൊണ്ട്‌ അടിമയെ വില്‌ക്കും

തെരുവിൽ ഞാനില്ലാതായ്‌.

Generated from archived content: kaallipi.html Author: antony_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here