നളിനി ജീവിതത്തിൽ കണ്ടത്‌

ദിവാകരയോഗിയുടെ മാറിൽനിന്ന്‌ അടർന്നുവീഴുമ്പോൾ നളിനി ഡസ്‌ഡിമോണയുടെ ദുരന്തത്തെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. തന്റെ നേരെ കൈകൂപ്പുന്നത്‌ ആ ദുരന്തത്തേക്കാൾ അന്തരമില്ലാത്ത ഒന്നാണെന്ന്‌ അറിഞ്ഞയുടനെ അവൾ നിലത്ത്‌ മലർന്നടിച്ചുവീണു. കണ്ണ്‌ അല്‌പം തുറന്ന്‌ ദിവാകരൻ തന്നിലേയ്‌ക്ക്‌ ആകർഷിക്കപ്പെടുന്നുണ്ടോയെന്ന്‌ ആകുലതയോടെ നോക്കി. അല്‌പം തുറന്ന കണ്ണിമകളിൽ അദ്ദേഹം അമർത്തി ചുംബിച്ചപ്പോൾ അടഞ്ഞുപോയ കണ്ണുകൾ മയക്കത്തിലേയ്‌ക്കുള്ള കിളിവാതിൽ സമ്മാനിക്കുന്നത്‌ അവൾ അറിഞ്ഞില്ല. ശ്വാസം നിലച്ചുപോയോ എന്ന ആധിയാൽ നെറ്റിയിൽ അവസാന ചുംബനമർപ്പിച്ച അദ്ദേഹം വനമാർഗ്ഗത്തിലൂടെ മുന്നോട്ടുനീങ്ങി.

അവൾ എഴുന്നേറ്റ്‌ ചുറ്റും കണ്ണോടിച്ചു. വനസംഗീതം അവാച്യമായ മർമ്മരങ്ങൾ അവളിലുണർത്തി. അവയെ ഭേദിച്ചുകൊണ്ട്‌ ഇടക്കിടെ കേട്ടിരുന്ന പക്ഷികളുടെ ചിലമ്പൽ ഏകാന്തതയിൽ താളം സൃഷ്‌ടിച്ചു. അവയ്‌ക്കെല്ലാം അവളിൽ നൈമിഷിക അനുഭൂതി ഉണർത്താനെ കഴിഞ്ഞുള്ളൂ. പൂർണ്ണമായ ബോധം അവളിൽ ആവേശിച്ചപോൾ കഴിഞ്ഞുപോയത്‌ മിന്നൽപോലെ ശരീരത്തിലൂടെ ഊർന്നിറങ്ങി.

അവൾ ശരീരത്തിലേയ്‌ക്കു നോക്കി. സ്‌ഥാനം തെറ്റിക്കിടക്കുന്ന വസ്‌ത്രങ്ങൾ മനസ്സിനെ അരക്ഷിതാവസ്‌ഥയിലേയ്‌ക്കു നയിച്ചു. ആലോചനകൾക്ക്‌ ഇടനല്‌കാതെ മുലക്കച്ചയഴിച്ച്‌ അരയിൽ ചുറ്റി. അരക്കച്ചയഴിച്ച്‌ മുലയിലും ചുറ്റി. ആവശ്യത്തിൽ കൂടുതലുണ്ടെന്നുതോന്നിയ മുലക്കച്ചയിൽനിന്ന്‌ പകുതി കീറിയെടുത്ത്‌ തലയിൽചുറ്റി. തൊട്ടടുത്ത പോയ്‌കയിൽനിന്ന്‌ നീല ആമ്പൽ പറിച്ചെടുത്ത്‌, ഇതളുകളോരോന്നായി അറുത്തെടുത്ത്‌, കടിച്ചുചവച്ച്‌, അരച്ചരച്ച്‌, ലേഹ്യരൂപത്തിലാക്കി, കയ്യിലെടുത്ത്‌ മുഖത്തുതേച്ചു. ഇപ്പോൾ തന്റെ മുഖത്തിന്‌ മൂറിന്റെ ചുംബനങ്ങളെക്കൊണ്ടു പൊതിഞ്ഞ ഡസ്‌ഡിമോണയുടെ മുഖത്തേക്കാൾ സൗന്ദര്യമുണ്ടാകുമെന്ന്‌ അവൾ കണക്കുകൂട്ടി. മുഖസൗന്ദര്യം ആസ്വദിക്കാൻ പൊയ്‌കയുടെ തീരത്തെത്തി. പായൽ നിറഞ്ഞ തടാകത്തിൽ നടുക്കുമാത്രം തെളിഞ്ഞ ജലം കണ്ടു. നദിയിലേക്ക്‌ നീണ്ടുനിന്നിരുന്ന കൊമ്പിൽ കാലുകൾ താങ്ങി താഴേയ്‌ക്ക്‌ ഞാന്നുകിടന്നുകൊണ്ട്‌ തെളിഞ്ഞ ജലത്തിലേയ്‌ക്കു നോക്കി. തൊട്ടടുത്തുതന്നെ ഒരു തത്ത കാഷ്‌ഠിക്കുകയും അതിനപ്പുറത്ത്‌ മൂർഖൻ ഉറപൊഴിക്കുകയുമായിരുന്നു.

അയഡിൻ ചേർക്കാത്ത ഉപ്പിന്റെ രുചിഭേദങ്ങൾ നാവിൽ കിനിഞ്ഞിറങ്ങിയപ്പോൾ മൂത്രോല്‌പാദനം ദ്രുതഗതിയിൽ തുടർന്ന്‌ പെട്ടന്ന്‌ നിന്നു. ഈ സമയത്താണ്‌ കാലിന്റെ പിടിവിട്ട്‌ അവൾ പോയ്‌കയിലേയ്‌ക്ക്‌ തലകുത്തിവീണത്‌. പച്ചപായലിനിടയിലൂടെ നീന്തികരക്കെത്തിയപ്പോൾ വസ്‌ത്രങ്ങളെല്ലാം നഷ്‌ടപ്പെട്ടിരുന്നു. പക്ഷേ, നഗ്നതക്കുമേൽ പച്ചആവരണം പറ്റിപ്പിടിച്ചപ്പോൾ പ്രകൃതിയോട്‌ അവൾക്ക്‌ എന്തെന്നില്ലാത്ത ആവേശം തോന്നി.

ദിവാകരയോഗിയെക്കുറിച്ചുള്ള ചിന്ത അപ്പോഴും അവളെ വല്ലാതെ അലട്ടി. ഉപേക്ഷിക്കാനൊന്നുമിനി ബാക്കിയില്ല. ഉപേക്ഷിച്ചതെല്ലാം. ദിവാകരനുവേണ്ടി. പക്ഷെ, അദ്ദേഹം ഉപേക്ഷിച്ചത്‌ തന്നെമാത്രം. അപ്രത്യക്ഷനാകുന്നതിനുമുമ്പ്‌ അദ്ദേഹം നല്‌കിയ അനുഭൂതികൾക്ക്‌ ഇത്രവേഗം തിരിച്ചടിനല്‌കാൻ എങ്ങനെ കഴിയുന്നു. ഒരു യോഗിക്കിണങ്ങുന്ന പെരുമാറ്റമാണോ അന്നെനിക്ക്‌ സമ്മാനിച്ചത്‌. എന്നിട്ടും എന്തിനീ വേഷം കെട്ടലെന്ന്‌ അവൾ അണമുറിയാതെ ചിന്തിച്ചു. ഉത്തരം വലിയൊരു ദുഃഖമാണ്‌. എങ്കിലും പ്രതീക്ഷകൾ ഉടയാടകളണിഞ്ഞപ്പോഴാണ്‌ വീട്ടിൽ ആരോടും ഒന്നും ഉരിയാടാതെ ദിവാകരനെ അന്വേഷിച്ചിറങ്ങിയത്‌. കണ്ടെത്തിയെന്നത്‌ വാസ്‌തവം. പക്ഷേ, മാറ്റങ്ങൾ മറച്ചെടുത്ത മനസ്സുമായി ദിവാകരൻ നെറ്റിയിൽ മാത്രമുമ്മവെച്ച്‌ കഴിഞ്ഞതെല്ലാം മറക്കാൻ പറഞ്ഞാശ്വസിപ്പിക്കുന്ന യോഗി. അവൾ ആശ്രമത്തിലേയ്‌ക്കു പ്രവേശിച്ചു.

ശരീരത്തിൽ നിർവൃതിയടഞ്ഞ പറ്റിപ്പിടിച്ചിരുന്ന പായൽ ശകലങ്ങൾ പച്ചയിൽനിന്ന്‌ കാവിയിലേയക്ക്‌ രൂപമാറ്റം വന്ന്‌ ഉണങ്ങിത്തുടങ്ങിയിരുന്നു. നഖപ്രയോഗത്തിന്റെ അവസാനം വീണ്ടും നഗ്നമാക്കപ്പെട്ട വെളുത്തമേനിയിൽ ചിലയിടത്തെല്ലാം ചുവന്ന കോറലുകൾ രൂപപ്പെട്ട്‌ വ്രണമായി.

പോസ്‌റ്റ്‌ മാസ്‌റ്ററുടെ ബോധോദയം

അന്ന്‌ എഴുത്തുപെട്ടികളെല്ലാം കാലിയായിരുന്നു. ഒരെഴുത്തുമാത്രമാണ്‌ പോസ്‌റ്റോഫീസിലെത്തിയത്‌. അപൂർവമായൊരു ദിനമാണിതെന്ന്‌ പോസ്‌റ്റുമാസ്‌റ്റർക്കുതോന്നി. എഴുത്തിനുള്ളിലെ അക്ഷരങ്ങളുടെ വിടവുകളിലേയ്‌ക്ക്‌ ഇറങ്ങിച്ചെലാൻ വയസ്സനായ പോസ്‌റ്റുമാസ്‌റ്ററുടെ ഉള്ള്‌ ആവേശത്തോടെ കൊതിച്ചു. ആകാംഷ നേരിടാൻ കഴിവില്ലാതെ അയാൾ കത്തെടുത്തു വായിച്ചു.

എഴുത്തിന്റെ ഉറവിടം തേടി പോസ്‌റ്റുമാസ്‌റ്റർ നീണ്ടയാത്രക്കുവേണ്ട അവധിയെടുത്തു. ഭാര്യക്കുമുന്നിൽ എന്തുകാരണങ്ങളാണ്‌ നിരത്തുകയെന്നറിയാതെ അയാൾ കുഴങ്ങി. മറുപടിക്കത്ത്‌ പോസ്‌റ്റു ചെയ്‌തുകഴിഞ്ഞ്‌ അതിനെക്കുറിച്ച്‌ ഏറെനേരം ആലോചിച്ചു. ഭർത്താവിലുള്ള മാറ്റംകണ്ട്‌ ഭാര്യ അന്തംവിട്ടു. അന്നുരാത്രി ഭാര്യ അയാളുടെ കൂടെ കിടന്നു. സംഭവത്തിന്റെ ഉൾരേഖകൾ തെളിയുമെന്ന ആത്മവിശ്വാസം അവൾക്കുണ്ടായിരുന്നു. പക്ഷേ, രാത്രിയിൽ ഒരു ബോധോദയത്തിൽ അർദ്ധനഗ്നനായ അയാൾ വാതിൽ തുറന്ന്‌ പുറത്തുകടന്നു. നിലാവുള്ള രാത്രിയിൽ ആത്മീയ സന്തോഷമെല്ലാം ഉപേക്ഷിച്ച്‌ ലൗകികസുഖം തേടി, ലോകദുഃഖങ്ങൾക്കുള്ള പരിഹാരം തേടി അയാൾ യാത്രചെയ്‌തു.

ഈ സമയത്ത്‌ നളിനി ആശ്രമത്തിൽ കിടന്ന്‌ വേദനകൊണ്ട്‌ പുളയുകയായിരുന്നു. ശരീരത്തിലെ വ്രണങ്ങൾ രക്തവും വെള്ളവും പുറത്തുവിട്ടു. കഴിഞ്ഞ സംഭവങ്ങൾ ഘട്ടംഘട്ടമായി അവളുടെ മുന്നിൽ തെളിഞ്ഞു.

വീട്ടിൽ നിന്ന്‌ രാത്രി ഇറങ്ങിപുറപ്പെട്ടപ്പോൾ ഇതൊന്നും ആലോചിച്ചില്ല. ദിവാകരൻ മാത്രമായിരുന്നു മനസ്സിൽ. മാതാപിതാക്കളെ അനുസരിച്ച്‌ അവർ കണ്ടെത്തിയ വരനെ വിവാഹം ചെയ്‌ത്‌ സന്തോഷത്തോടെ ജീവിക്കേണ്ടവളാണ്‌ ശരീരത്തിൽ നിറയെ വ്രണങ്ങളുമായി പരാശ്രയമില്ലാതെ ആശ്രമത്തിൽ കിടക്കുന്നത്‌. ആത്മഹത്യയിൽനിന്നു രക്ഷിച്ച യോഗിനിയാണെങ്കിൽ എന്നാണ്‌ തിരിച്ചെത്തുകയെന്ന്‌ അറിയില്ല. ഈ അവസ്‌ഥയിൽ ആരും തന്നെ സ്വീകരിക്കാൻ തയ്യാറാകുകയില്ലെന്ന്‌ വേദനയോടെ അവൾ അറിഞ്ഞു. ചിന്തകൾ മനസിനെ വേദനിപ്പിക്കുന്നു. വ്രണങ്ങൾ ശരീരത്തേയും വേദമന്ഥ്രങ്ങൾ ഉരുവിട്ടപ്പോൾ ഒരു പുഴു അവളുടെ ശരിരത്തിൽനിന്ന്‌ ഇറങ്ങി ഇഴഞ്ഞു പോയി.

രണ്ട്‌ രാത്രിയും ഒരു പകലും നടന്നുനടന്ന്‌ അയാൾ ആമ്പൽപൊയ്‌കയുടെ തീരത്തെത്തി. ഒടിഞ്ഞുകിടക്കുന്ന താമരത്തണ്ടുകൾ കണ്ടപ്പോൾ മനുഷ്യവാസമുള്ള സ്‌ഥലമായിരിക്കാം ഇതെന്ന്‌ എന്തുകൊണ്ടോ അയാൾ കണക്കുകൂട്ടി. കാട്ടിൽനിന്ന്‌ കിട്ടിയ പഴങ്ങൾ മാത്രമാണ്‌ വയറ്റിൽ കിടക്കുന്നത്‌. ഒരു വാഴക്കുലകൊണ്ട്‌ മൂന്നുദിവസത്തെ വിശപ്പുതീർത്തു. വന്നവഴിയിലെല്ലാം പഴത്തൊലികൾ നിരനിരയായി കിടക്കുന്നുണ്ടാകും. അതിൽ ചവിട്ടി കാട്ടാനകൾ വീഴാതിരുന്നാൽ മതിയായിരുന്നു. പ്രശ്‌നങ്ങൾ എവിടെയാണ്‌ ഒളിഞ്ഞിരിക്കുന്നതെന്ന്‌ അറിയില്ലല്ലോ അയാൾ ആലോചിച്ചു.

ആശ്രമ മുറ്റത്ത്‌ അയാൾ പകച്ചുനിന്നു. ആരുടേയും അനക്കം കേൾക്കാനില്ല. വാതിൽതുറന്ന്‌ അകത്തുകടന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ നീണ്ടുനിവർന്ന്‌ മലർന്നുകിടക്കുന്നു. വെളിച്ചം കൂടുതൽ കിട്ടുന്നതിനായി വാതിൽ കുറേക്കൂടി തുറന്നു. ഞെരങ്ങുന്നശരീരം പഴുത്തൊലിച്ചിരിക്കുന്നു. താല്‌ക്കാലിക ആശ്വാസത്തിനായി അവൾക്ക്‌ ജലം പകർന്നുകൊടുത്തു. സമീപത്തു കിടന്നിരുന്ന രാജസ്‌ഥാനികൾ നിർമ്മിച്ച അലങ്കാര ഹാൻഡ്‌ബാഗ്‌ അയാൾ എടുത്ത്‌ തുറന്നുനോക്കി. നഗരത്തിലെ പ്രശസ്‌തനായ ഒരു ഡോക്‌ടറെഴുതിയ കുറിപ്പടിയും കുറെ മരുന്നുകളും മാത്രം. കുറിപ്പടി അയാൾ വായിച്ചു. ബി.എ.പി.ഡി. ബൈപോളാർ എഫക്‌ടീവ്‌ പേഴ്‌സണാലിറ്റി ഡിസോർഡർ. മനസ്സിൽ തോന്നുന്നതെല്ലാം യഥാർത്ഥലോകം തന്നെയാണെന്ന്‌ തോന്നിപ്പിക്കുന്ന മാനസീകരോഗം.

പുറത്തുകടന്ന അയാൾ അല്‌പനേരം ചിന്തിച്ചു. മനുഷ്യജീവിതത്തിന്റെ അർത്ഥമില്ലായ്‌മ ഇത്രമേൽ ഭീകരമോ. അനശ്വരതക്കുവേണ്ടി മനസ്സ്‌ പാഞ്ഞപ്പോൾ മാനസാന്തരത്തിന്റെ തീനാളങ്ങൾ അയാളിൽ ആളിക്കത്താൻ തുടങ്ങി. ഒരു നിയോഗം പോലെ അകത്തുകടന്ന്‌, അവളെ ചുംബിച്ച്‌, വ്രണങ്ങളിൽ നിന്നൊലിക്കുന്ന ചലവും രക്തവും വാരിയെടുത്ത്‌ ശരിരത്തിൽ തേച്ചു. തുടർന്ന്‌ മറ്റൊരു ബോധോദയത്തോടെ ആശ്രമത്തിനരികിലുള്ള ബോധിവൃക്ഷചുവട്ടിൽ തപസിരുന്നു.

Generated from archived content: story1_nov18_09.html Author: antony.c_davis

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here