“ആന്റണിയാര്‌ മുഷാറഫോ?”

ദൈവമേ മനുഷ്യന്മാര്‌ ഇങ്ങിനെയും ചിന്തിക്കുമോ? പക്ഷെ കെ.കരുണാകർജി ഇങ്ങിനെ ചിന്തിക്കും. അല്ലെങ്കിൽ ചിന്തിച്ചു പോകും. യുദ്ധം വന്നാലും വേണ്ടില്ല ഈ കോൺഗ്രസ്‌ സർക്കാർ വീണാൽ മതിയെന്നാണ്‌ ടിയാന്റെ ആഗ്രഹം. കാരണം ജനങ്ങൾ (കോൺഗ്രസ്‌ ഐക്കാരല്ല) യുദ്ധത്തേക്കാൾ ഭയപ്പെടുന്നത്‌ കേരളസംസ്ഥാന സർക്കാരിനെയാണത്രെ. കൊച്ചിയിൽ പ്രിയദർശിനി സ്‌റ്റഡിസെന്ററും രാജീവ്‌ ഗാന്ധി സ്‌റ്റഡിസെന്ററും ചേർന്ന്‌ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജന്മദിനാഘോഷം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ശ്രീ.കെ.കരുണാകരൻ. ഈ ഭരണത്തേക്കാൾ ഭേദം സഖാവ്‌ നായനാരുടെ ഇക്കിളിയാക്കിയാലും ചിരിക്കാൻ പറ്റാത്ത ഡബിൾ സ്‌ട്രോങ്ങ്‌ തമാശകളാണെന്ന്‌ പറയാതിരുന്നത്‌ നന്നായി. അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ഇദ്ദേഹവും നായനാരും തമ്മിൽ രാഷ്‌ട്രീയ മാര്യേജ്‌ നടത്തിയേനെ.

സത്യത്തിൽ ആന്റണിയദ്ദേഹത്തിന്റെ മിണ്ടാട്ടമില്ലാത്ത ഇരിപ്പു കണ്ടാൽ ബിൻലാദനെക്കാൾ അതിലുപരി വീരപ്പനേക്കാൾ വലിയ ഭീകരനാണെന്ന്‌ തോന്നും. കരുണാകർജിയുടെ പ്രിയപുത്രനായ കെ.പി.സി.സി. പ്രസിഡന്റ്‌ മുരളിയെപ്പോലും മയക്കി അരയിൽ ബെൽട്ട്‌ ബോംബ്‌ കെട്ടി അച്ഛനുനേരെ തൊടുത്തില്ലേ മുഖ്യൻ… ഭീകരൻ തന്നെ.

കരുണാകരന്റെ ദുഃഖങ്ങൾ ആരു മനസ്സിലാക്കാൻ. അദ്ദേഹം കണ്ണുനിറഞ്ഞ്‌ ഒരു ദിവസം തന്റെ മെയിൻ ദുഃഖമങ്ങ്‌ പറഞ്ഞുപോയി. “മക്കൾക്കുവേണ്ടി ഈ അച്ഛന്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെത്രെ. ജനങ്ങൾക്കു മാത്രമായിരുന്നു തന്റെ കംപ്ലീറ്റ്‌ ജീവിതം.”

ഇതുകേട്ട്‌ ദാരിദ്ര്യത്താൽ ഗ്രഹണിപിടിച്ച്‌ വയറുന്തി ജീവിക്കുന്ന മുരളിയേയും പത്‌മജയേയും ഓർത്ത്‌ ഒരാഴ്‌ചയോളം കേരളീയർ കരച്ചിലായിരുന്നു. ഈ കലാപരിപാടികൾ കണ്ടും കേട്ടും പാവം പത്‌മേച്ചി അറിയാതെ ഒന്നു ചിരിച്ചുപോയി. ആ ചിരിയും കുണുക്കവുമൊക്കെ കണ്ടപ്പോൾ സാക്ഷാൽ ശോഭനാജോർജ്ജുപോലും നാണിച്ചുനിന്നുപോയി.

സർക്കാരിനെതിരെയുളള പുതിയ പ്രസ്താവനയുടെ തീവ്രതയാൽ അന്ധാളിച്ചുപോയ സി.പി.എംകാർ (പിണറായി-അച്യുതാനന്ദ കൂട്ടം) നടക്കാൻ പറ്റാത്ത പക്ഷെ ജനങ്ങൾക്കുവേണ്ടി ഓടാൻ യാതൊരു പ്രയാസവുമില്ലാത്ത ഈ കാരണവർക്ക്‌ പാർട്ടി മെമ്പർഷിപ്പ്‌ കൊടുക്കാൻ ഒരുക്കമാണെന്ന്‌ ചില കൊച്ചുപിളേളര്‌ പറഞ്ഞുനടപ്പുണ്ട്‌… ഹാ..എത്രകഷ്ടം…

Generated from archived content: antonio_musharaf.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English