കേരളത്തിലെ പേരിനു വലിയ പ്രസക്തി ഇല്ലാത്ത ഒരു ഗ്രാമം, സന്ധ്യ മയങ്ങുന്ന നേരം, വീട്ടിലേക്കുള്ള യാത്രയില്‍ മൂന്നു മനുഷ്യ സുഹൃത്തുക്കള്‍ ബസില്‍ നിന്ന് ഇറങ്ങി. മൂന്നു പേരുടെയും പേര്, അല്ല പേരിനെന്താണ് പ്രസക്തി, എന്നാലും പറയാം രവി, കണ്ണന്‍, ജോയി എന്നിവരാണ് അവര്‍. 3 പേരുടെയും കയ്യില്‍ സാമാന്യം വലിയ സഞ്ചികള്‍, പതിവില്‍ നിന്ന് വ്യത്യാസം ആയതിനാല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ സ്ഥിരം കുറ്റികള്‍ തുറിച്ചു നോക്കി, അതാ അവരെ കൊണ്ട് പോകാന്‍ ഒരു കാര്‍ വന്നു.
ഹസനിക്ക ആണ് കാര്‍ ഓടിച്ചത്. സഞ്ചികള്‍ ഡിക്കിയില്‍ വച്ച് മൂവരും കയറി. അവിടെ ഇരുന്ന കുതുകികള്‍ പരസ്പരം നോക്കി.
വണ്ടി പഞ്ചായത്ത് വഴി കഴിഞ്ഞു പോകുകയാണ്
ഹസനിക്ക ചോദിച്ചു ‘ എല്ലാം കിട്ടിയോ? ‘ ..
ജോയി ‘ പൂവന്‍ പഴം ഇല്ല ‘
രവി ‘ ഒള്ളത് കൊണ്ട് ഓണം പോലെ!’
നാട്ടുവഴി കടന്നപ്പോള്‍ സ്ഥലത്തെ പ്രമുഖ സദാചാരവാദി തലയില്‍ ഒരു തോര്‍ത്തുമിട്ടു, പറമ്പുകള്‍ വഴി ദുരൂഹതയിലേക്ക് നടക്കുന്നത് കണ്ടു. കണ്ണന്‍ കാര്‍പ്പിച്ചു ഒരു തുപ്പു കൊടുത്തു.. പുള്ളി വിഷം നിറച്ചിരുന്ന കാലി കുപ്പികളുടെ, പ്ലാസ്റ്റിക് കൂമ്പാരങ്ങളുടെ ഇടയിലൂടെ ശ്രദ്ധ മാറാതെ നടപ്പ് തുടര്‍ന്നു.കണ്ണന്റെ വീട്ടിലാണ് വണ്ടി നിന്നത്, എല്ലാവരും സാധനങ്ങള്‍ എടുത്തു വീട്ടിലേക്കു വച്ചു. ഓടി വന്ന കണ്ണന്റെ മോളുടെ കയ്യില്‍ ഹസ്സനിക്ക ഒരു ആപ്പിള്‍ വച്ചു കൊടുത്തു.
എല്ലാവരും തുണി മാറാന്‍ പോയി, മറിയാമ്മ ചേടത്തി വേലിയില്‍ നിന്ന് വിളിച്ചു പറഞ്ഞു ‘ഉപ്പു മാങ്ങ ഭരണി വേണമെങ്കില്‍ എടുത്തോ’. സാശ്രയ നഴ്‌സിംഗ് കാര്ഷിക കടക്കെണി കൊണ്ട് മകനും കുടുംബവും ആത്മഹത്യ ചെയ്തതില്‍ പിന്നെ, മറിയാമ്മ ചേടത്തി ഉപ്പു മാങ്ങ ഇട്ടിട്ടില്ല.
കണ്ണനും, ഭാര്യ ഉഷയും അതെടുത്തു കൊണ്ട് വച്ചു. എല്ലാവരും കുളി ഒക്കെ കഴിഞ്ഞു ഉമ്മറത്തെത്തി, കത്തികളും പഴങ്ങളും തമ്മിലുള്ള പോര് തുടങ്ങി, ‘ഇതെന്താ പഴച്ചാര്‍ മഹോത്സവമോ’? മറിയാമ്മ ചേടത്തി നോക്കി നിന്നു.
വൈകാതെ അരിഞ്ഞ പഴങ്ങളും കുറച്ചു പഞ്ചസാരയും ഭരണിയുടെ ഉള്ളിലായി.
‘നാളെ, അവനെ മേടിക്കണം’, ജോയി രവിയോട് പറഞ്ഞു,
‘മേടിച്ചിട്ട് പറഞ്ഞാമതി,കാശു തന്നേക്കാം’ കണ്ണന്‍ പറഞ്ഞു.
‘ഇത്ര വലിയതൊക്കെ കിട്ടുമോ, ആവോ !!’ രവി ചോദിച്ചു.
‘കിട്ടാതെ പിന്നെ?’ , ഹസ്സനിക്ക.
പണിയെല്ലാം കഴിഞ്ഞു, എല്ലാവരും സായാഹ്ന വികൃത കലകളുടെ മുന്നില്‍ ഇരിപ്പ് തുടങ്ങി.
പിറ്റേദിവസം രാവിലെ 6 മണി, ജോയിയുടെ ഫോണ്‍ അടിച്ചു രവി ആണ്,
ജോയി : ‘ ഹലോ, എന്താടാ ?’
രവി : ‘ചതിച്ചു!!, നീ പത്രം നോക്ക് ‘ വിളി നിന്നു.
പത്രത്തിലെ തുണിക്കട പരസ്യം നോക്കുവാണ് ജെസ്സി.
ജോയി ഓടി ചെന്ന്, പത്രം തട്ടിപ്പറിച്ചു മുന്‍ പേജില്‍ ഇതാ വെണ്ടക്കാ അക്ഷരത്തില്‍ വാര്‍ത്ത ‘ പ്രഷര്‍ കുക്കര്‍ നിരോധിച്ചു’ !
Generated from archived content: story2_sep19_14.html Author: anoop_varghese_kuriyappuram