മത തീവ്രവാദികള്‍ കൈ വെട്ടി മാറ്റിയ പ്രൊഫ് ടി ജെ ജോസഫിന്റെ ഭാര്യ സലോമി, ജീവനൊടുക്കി.
കേരളത്തിന്റെ മതേതര മനസാക്ഷിക്ക് വലിയ നടുക്കമാണ് അതുണ്ടാക്കിയത്. പി ടി കുഞ്ഞു മുഹമ്മദ് എന്ന നാടകാചാര്യന്റെ ഒരു കൃതിയിലെ ഒരു ഭാഗം ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി എന്നതാണ് അദ്ദേഹം ചെയ്ത കാര്യം. വക്രീകരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ മത നിന്ദ എന്നു വിളിക്കാം എന്നു മാത്രം. എന്തിനും കാര്യമറിയാതെ വിവാദം ഉണ്ടാക്കുന്നവരും എല്ലാം ചേര്‍ന്ന് പ്രശ്നം വഷളാക്കി. വര്ഗീയ ധ്രുവീകരണം സൃഷ്ടിച്ചു. അദ്ധേഹത്തിന്റെ കൈ വെട്ടി മാറ്റി ഒരു മത മൗലിക സംഘടന പ്രതികാരം ചെയ്തു.
ഇതില്‍ കൂടുതല്‍ അദ്ദേഹം വേദനിച്ചിട്ടുണ്ടാവുക പഠിപ്പിച്ച സ്ഥാപനം അദ്ദേഹത്തെ പുറത്താക്കിയപ്പോളായിരിക്കും. കേസ്, ചികിത്സ, വീട്ടു ചിലവ്, മക്കളുടെ വിദ്യാഭ്യാസം എന്നിവ താങ്ങാന്‍ ശമ്പളം പോലുമില്ലാതായി. അദ്ദേഹത്തിന്റെ ഭാര്യ തൊഴിലുറപ്പ് ജോലിക്ക് വേണ്ടി ആലോചിച്ചിരുന്നു, 2 രൂപയുടെ അരി വാങ്ങിയായിരുന്നു അവരുടെ ജീവിതം. എല്ലാം മത തീവ്രവാദ വിരുദ്ധസദസുകളിലും ജോസഫ് സാര്‍ ഒരു സാന്നിധ്യം ആയിരുന്നു പക്ഷെ അദ്ദേഹത്തിന്റെ കുടുംബം തകരുന്നതാരും കണ്ടില്ല.
ആരാണ് ഈ മരണത്തിന്റെ ഉത്തരവാദി,
വിവാദം ഉപജീവനം ആയി സ്വീകരിച്ചിരിക്കുന്നവരോ ?.
അതോ കൈവെട്ടിയ മത മൗലികവാദികളോ ?,
അതോ കൃത്യ സമയത്ത് പീലാത്തോസിനെപ്പോലെ കൈ കഴുകിയ മത നേതൃത്വം നയിക്കുന്ന മാനേജുമെന്റോ?
അതോ ഒരിടപടല്‍ നടത്താതെ മാറി നിന്ന ബന്ധു- സുഹൃത്ത് സമൂഹമോ ?
സംരക്ഷണ വലയം തീര്‍ക്കേണ്ടിയിരുന്ന പുരോഗമന ശക്തികളോ?
നുണ പറയല്‍, തെറ്റിദ്ധാരണ പരത്തല്‍, പുകമറ സൃഷ്ടിക്കല്‍ എന്നിവ കേരള സമൂഹം കൂടുതല്‍ ജാഗ്രതയോട് കൂടി കാണേണ്ടി ഇരിക്കുന്നു. മതനിന്ദ വിവാദത്തിനോടു കൂടെ “മതമില്ലാത്ത ജീവന്‍”, “മുല്ലപ്പെരിയാര്‍”, “ഗാഡ്ഗില്‍” വിവാദങ്ങളും നമ്മള്‍ കണ്ടു കഴിഞ്ഞു. എല്ലാത്തിലും ഒരേ അഭിനേതാക്കള്‍ തന്നെ. നമ്മള്‍ “ഇവരെ സൂക്ഷിക്കുക” എന്ന സൂചന മനസിലെങ്കിലും ചാര്‍ത്തേണ്ട സമയമായി.
Generated from archived content: essay3_mar24_14.html Author: anoop_varghese_kuriyappuram