ഓരോ നിമിഷവും സീമാതീതമായ വിവരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു കാലഘട്ടത്തിനാണ് നമ്മുടെ ജീവിതം രൂപപ്പെടുന്നത്. വിവരങ്ങള്‍ മാത്രമല്ല കലകളും ഇങ്ങനെ ഓരോ നിമിഷവും കൂടി കൂടി വരുന്നു. നവ സമൂഹ മാധ്യമങ്ങളില്‍ എല്ലാം എത്ര ലക്ഷക്കണക്കിനാണ് പുതിയ വീഡിയോ / ചിത്രങ്ങള്‍ / സാഹിത്യം എന്നിവ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഇവിടെ പ്രസക്തമായ വസ്തുത ഇവയുടെ എണ്ണം നമ്മളെ ആശ്ചര്യപ്പെടുത്തും, പക്ഷെ വൈവിധ്യം നമ്മളെ നിരാശരും ആക്കും എന്നതാണ്. അത് തന്നെ ആണ് നമ്മുടെ പ്രധാന ചാനലുകളുടെയും കാര്യം. കെട്ടിലും മട്ടിലും പുതുമ ഉണ്ട് പക്ഷെ വൈവിധ്യം വളരെ തുച്ഛം. സൃഷ്ടിക്കപ്പെടുന്ന കലയുടെ വിരസതയും നിരര്‍ധകതയും ആണ്, പല ക്യാമറ കണ്ണുകളും നമ്മുടെ ജീവിതത്തിന്റെ ദിവസക്കാഴ്ചകള്‍ തേടി വരാന്‍ ഇടയാക്കുന്നത്. വ്യക്തി ജീവിതം ചാനലില്‍ തുറന്നു കാണിച്ചാല്‍ പ്രതിഫലം ലഭിക്കാനിടയുള്ള ഒരു വസ്തു ആയി മാറുകയും, കാറിനും ഫ്‌ലാറ്റിനും വേണ്ടിയെല്ലാം സ്വകാര്യ ജീവിതത്തെ തുറന്നിടുന്ന ലജ്ജിപ്പിക്കുന്ന കാഴ്ചകള്‍ നമ്മള്‍ വരിസംഖ്യ കൊടുത്തും പരസ്യങ്ങളുടെ അകമ്പടിയോടെയും കാണുകയും ചെയ്യുന്നു. എങ്ങോട്ടാണ് നമ്മുടെ ആസ്വാദന നിലവാരം പോകുന്നത്? താഴോട്ടാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല.പക്ഷെ ചന്ത നിലവാരം ആണ് എന്നത് സമ്മതിക്കാന്‍ നമ്മുടെ അഭിമാന ബോധവും സമ്മതിച്ചേക്കില്ല.
കല എന്നത് ഒരു സമൂഹത്തിന്റെ/ ഒരു വ്യക്തിയുടെ സ്വയം പ്രകാശനം എന്നതില്‍ കവിഞ്ഞു അത് നേരിടുന്ന സമസ്യകളുടെ പ്രതിഫലനം കൂടി ആകുമ്പോള്‍ ആണ് അത് പൂര്‍ണം ആകുന്നത്.
ഇന്നത്തെ കലകളുടെ ചേരുവകളില്‍ സമൂഹ സമസ്യ എന്നത് വളരെ വിരളം ആകുകയും, വ്യക്തിപരമായി ആ പ്രശ്‌നം അല്ലെങ്ങില്‍ ആ സമസ്യ ചുരുങ്ങുകയും ചെയ്യുമ്പോഴാണ് നമ്മുടെ ബോധ തലങ്ങളെ അതിനു സ്പര്‍ശിക്കാന്‍ കഴിയാതെ വരുന്നത്. പക്ഷെ നിരന്തരം ആയി നിലവാരം ഇല്ലാത്ത കലയെ ആസ്വദിച്ചാല്‍ സ്വന്തം ആസ്വാദന ശേഷിയാണ് തകിടം മറിയുന്നത്. ഉപഭോഗ ത്രിഷ്ണകളില്‍ ഏറ്റവും ഉയര്‍ന്നത് ആഗ്രഹിക്കുന്ന നമുക്ക് കലയുടെ ആസ്വാദനത്തിലും ആ നിലവാരം നിര്‍ബന്ധിക്കാന്‍ കഴിയണം. കേരളത്തിന്റെ തനതു കലകള്‍ ഒരിക്കലും സര്‍ക്കാര്‍ സഹായം കലകള്‍ മാത്രം ആവേണ്ടതല്ല. അവയും നമ്മുടെ ടി വി കളില്‍ക്കൂടി/ സമൂഹ മാധ്യമങ്ങളില്‍ എങ്കിലും പുറത്തു വരണം.കുറേക്കൂടി ജനാധിപത്യപരമായി നാടിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ കലാശേഷി പ്രകടമാക്കാനും അവസരം നല്‍കണം. ഈ അവസരങ്ങള്‍ നാടകത്തിനും, സാഹിത്യത്തിനും, കവിതക്കും നാടാന്‍ കലാരൂപങ്ങള്‍ക്കും ഒക്കെ നിഷേധിച്ച കാഴ്ചയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുന്നത്. നമ്മുടെ സര്‍ഗശേഷിയുടെ നേര്‍ക്കാഴ്ച്ചകളായി മാറുന്ന മുഖ്യ ധാര മാധ്യമ സംസ്‌കാരം, നമ്മള്‍ പങ്കാളികള്‍ ആയി സൃഷ്ടിക്കപ്പെട്ടാലെ നമ്മുടെ ആസ്വാദന നിലവാരത്തില്‍ ഉയര്‍ച്ചയും, സംസ്‌ക്കാരത്തിനു ഉത്ക്രിഷ്ടതയും കൈവരൂ, ആ ദിശയില്‍ നമുക്ക് ഇടപെടലുകള്‍ നടത്താം.
Generated from archived content: essay2_may16_14.html Author: anoop_varghese_kuriyappuram