ദയവുചെയ്ത്, ഈ പൈങ്കിളി ശീലങ്ങള്‍ നിര്‍ത്തൂ

കേരളത്തില്‍ ലോകസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു, മാരത്തോണ്‍ തറക്കല്ലിടലുകള്‍ നടക്കുകയാണ്. തറക്കല്ലുകള്‍ക്കു ക്ഷാമം നേരിടും എന്ന രീതിയിലാണ്‌ കാര്യങ്ങളുടെ പോക്ക്. പൂര്‍ത്തീകരിക്കപ്പെടുന്ന പദ്ധതികള്‍ കുറവായത് കാരണം ഉത്ഘാടന മാമാങ്കങ്ങള്‍ കുറവാണ്. പകുതി പണിതീരാത്തത് വരെ ഉത്ഘാടനം ചെയ്യാന്‍ ജനപ്രതിനിധികള്‍ “അതിവേഗം” ഓടി നടക്കുന്നു. ഫ്ലെക്സിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്നതിനാല്‍ കടലാസിലുള്ള പോസ്റ്ററുകള്‍ കൂടിയിട്ടുണ്ട്.

ഒരിക്കല്‍ ഒരു ചെറിയ പട്ടണത്തിലെ പൊതു ശൌചാലയം കാണാന്‍ ഇടയായി. പുറത്തു അത് നിര്‍മിക്കാന്‍ ഫണ്ട്‌ കൊടുത്ത എംപി യുടെ പേര് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി ഇരിക്കുന്നു. പതിവുപോലെ അകത്തും പുറത്തും അവസ്ഥ പരമ ദയനീയം. എന്തിനാണിങ്ങനെ പേരെഴുതുന്നതെന്ന് തോന്നി, ഏതെങ്കിലും മണ്ഡലം ആണെങ്കില്‍ അവിടുത്തെ എം പി, അല്ലെങ്കില്‍ എം എല്‍ എ എന്നെഴുതിയാല്‍ പോരെ? ആരുടെയും വ്യക്തിപരമായ സ്വത്തല്ലല്ലോ, ഇത് ജനാധിപത്യ പൊതു ഖജനാവിലെ പണം അല്ലേ? അപ്പോള്‍ ഭരണഘടനാ പദവി എഴുതിയാല്‍ പോരെ ? പക്ഷെ സ്വയം പുകഴ്ത്തല്‍ ഒരു അനിവാര്യ രാഷ്ട്രീയ ശീലം ആയതിനാല്‍ നമുക്കൊന്നും പ്രതീക്ഷിക്കാന്‍ വകയില്ല.

പക്ഷെ കേരളത്തിലെ പ്രബുദ്ധ രാഷ്ട്രീയക്കാര്‍ എങ്കിലും ഈ പൈങ്കിളി ശീലങ്ങള്‍ വെടിഞ്ഞു മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കേണ്ടേ?. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ നടത്തുന്ന ഉത്ഘാടന മാമാങ്കങ്ങള്‍ , നടത്തുന്ന അനാവശ്യ തറക്കല്ലിടിലുകള്‍, നുണകള്‍ കൊട്ടിഘോഷിക്കുന്ന ഫ്ലെക്സ്ബോര്‍ഡുകള്‍, പത്ര പരസ്യങ്ങള്‍, ചാനലുകളില്‍ നിറയുന്ന കോപ്രായങ്ങള്‍, വെണ്ടയ്ക്ക അക്ഷരത്തില്‍ ഉള്ള പേരെഴുത്ത് എല്ലാം പൊതുജനത്തിന്റെ പണം കൊണ്ടാണെന്ന്

ഓർക്കുക . ജനങ്ങള്‍ക്ക്‌ ഈ ആരവങ്ങള്‍ ആലോസരമാണ് ഉണ്ടാക്കുന്നത് ഓര്‍ക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

Generated from archived content: essay2_mar3_14.html Author: anoop_varghese_kuriyappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here