ആടിനെ പട്ടി ആക്കുക, പട്ടിയെ പേപ്പട്ടി ആക്കുക , പേപ്പട്ടിയെ തല്ലിക്കൊല്ലുക, ഇതാണല്ലോ പുകമറ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തന ശൈലി.അപ്പോള്‍ ആടിനെ പട്ടി ആക്കല്‍ അഥവാ ചാരായ നിരോധനം , ആന്റണി സാറും പട്ടിയെ പേപ്പട്ടിയാക്കല്‍ അഥവാ മദ്യത്തെ ഭീകരന്‍ ആക്കല്‍ സുധീരന്‍ സാറും പേപ്പട്ടിയെ തല്ലിക്കൊല്ലല്‍ അഥവാ പുത്തന്‍ മദ്യനയം , ഉമ്മന്‍ സാറും. ചുരുക്കും പറഞ്ഞാല്‍ ഇതാണ് മദ്യ വര്‍ജന പ്രശ്‌നങ്ങളില്‍ സംഭവിച്ചത്. അതിനു ഓശാന പാടല്‍ ആയി മതമേലധ്യക്ഷന്മാരും , സാമുദായിക രാജാക്കന്‍മാരും, മാധ്യമ പ്രമാണിമാരും എല്ലാം. സദാചാര ധാര്‍മിക ഫാസിസം തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ചു.
വളരെ ആശ്ച്ചര്യകരം എന്ന് പറയട്ടെ , പുരോഗമനപരമായി ചിന്തിക്കുന്ന ജനങ്ങള്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഇടതു മുന്നണി പോലും ഈ പ്രശ്‌നത്തില്‍ സദാചാര ഫാസിസ്റ്റുകളുടെ സമാനം ആയി സംസാരിക്കുന്നു ..
എന്താണ് കേരളത്തിലെ മദ്യത്തിലെ പ്രശ്‌നം ?? .. കേരളത്തിന്റെ ചരിത്ര പുസ്തകങ്ങള്‍ എടുത്തു വായിച്ചാല്‍ സമ്പന്നമായ ഒരു മദ്യ സംസ്‌കാരം ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. തെങ്ങിന്‍ കള്ള്, പനങ്കള്ള് , കൂടാതെ നെല്ല് വാറ്റിയത്, തെങ്ങിന്റെ പൂക്കുല ഇട്ടു വാറ്റിയത്, ഇഞ്ചപ്പട്ട ഇട്ടു വാറ്റിയത് അഥവാ പട്ടച്ചാരായം മുതലായ അനവധി മദ്യങ്ങള്‍ കേരളത്തിന്റെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു. മരുന്നിനും വിനോദത്തിനും എല്ലാം ഇവിടെ മദ്യം ഒരു ഘടകം ആയി മാറി, പിന്നീട് ബ്രിട്ടീഷ് കാലത്താണ് വിദേശമദ്യം കേരളത്തില്‍ അവതരിച്ചതും പ്രചാരം നേടിയതും .
സാധാരണക്കാരന് അന്നും പ്രിയം ചാരായവും താറാവിന്റെ മുട്ടയും ,കള്ളും കപ്പയും ഒക്കെ ആയിരുന്നു. ചുരുങ്ങിയ പൈസക്ക് ലഹരി.
ചില പ്രശ്‌നങ്ങളും ദുരന്തങ്ങളും ഉണ്ടായിരുന്നു എന്നത് സത്യമാണ്, അപ്പോഴാണ് ചാരായം ആണ് കേരള സമൂഹത്തിന്റെ സമസ്ത പ്രശ്‌നങ്ങള്‍ക്കും കാരണം, അത് നിരോധിക്കല്‍ ആണ് ഒറ്റമൂലി എന്ന ഭാവത്തില്‍ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചത്, ഫലമോ ?
കേരളീയര്‍ സ്പിരിറ്റില്‍ വിഷമയമായ ചായം കലര്‍ത്തിയ വിദേശ മദ്യത്തിലേക്കു തിരിഞ്ഞു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കൂടി എന്നല്ലാതെ കുറഞ്ഞില്ല. അത് ഒരു എളുപ്പ ധന സമ്പാദന മാര്‍ഗം ആയിക്കണ്ട് സര്‍ക്കാര്‍ കുടിയന്മാര്‍ വഴി ഖജനാവ് വീര്‍പ്പിച്ചു.
ഇപ്പോള്‍ എല്ലാവരും സമ്പൂര്‍ണ മദ്യനിരോധനം എന്നൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. എന്താണ് മദ്യപിച്ചാലുള്ള പ്രശ്‌നം ?.. അമിത മദ്യാസക്തി രോഗം ആണ് എന്നത് സത്യം തന്നെയാണ് , പക്ഷേ മദ്യം വിനോദത്തിനു മാത്രം ഉപയോഗിക്കുന്നവര്‍, ഉത്തരവാദിത്തത്തോടെ മദ്യം കഴിക്കുന്നവര്‍ ഇവരുടെ കാര്യമൊക്കെ ? .. അതായതു മദ്യപിച്ചാല്‍ വാഹനം ഓടിക്കാത്തവര്‍, ഭാര്യയെ തല്ലാത്തവര്‍, വരുമാനം മുഴുവനും നശിപ്പിക്കാത്തവര്‍, മാന്യമായി പെരുമാറുന്നവര്‍, ബഹളം ഉണ്ടാക്കാത്തവര്‍ എന്നിങ്ങനെ മദ്യപിച്ചാലും സമൂഹത്തിലെ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാക്കാത്തവര്‍ .അവരെയും മദ്യാസക്തരെയും ഒരുപോലെ ആണോ കാണേണ്ടത് ?
കാടടച്ചു വെടി വെച്ചാല്‍ ആരും ശേഷിക്കില്ല എന്ന് പറഞ്ഞപോലെ, ആരും മദ്യപിക്കണ്ട എന്നാണ് നമ്മുടെ സദാചാര വാദികളുടെ വാശി, കാരണം മദ്യപാനം സദാചാര വിരുദ്ധം ആണ്. സുഹൃത്തുക്കളേ, മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ട് വരുന്നതോ , കുറെ ബാറുകള്‍ പൂട്ടുന്നതോ അല്ല ഇവിടുത്തെ പ്രശ്‌നം , അമിത മദ്യപാനത്തെ ചികിത്സിക്കട്ടെ, പക്ഷേ എന്തിനു മദ്യ വര്‍ജനം എന്ന സദാചാര തീട്ടൂരം മറ്റുള്ളവരുടെ തലയില്‍ അടിചെല്പ്പിക്കാന്‍ വെമ്പുന്നു ? ..
പ്രശസ്ത മലയാളി മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ആയ പ്രൊഫസര്‍ എം എന്‍ വിജയന് നിരീക്ഷിച്ചപോലെ , ‘മദ്യം മനുഷ്യന് സത്യം പറയാന്‍ കഴിയാതിരിക്കാത്ത ഒരവസ്ഥ ഉണ്ടാക്കുന്നു, അതുകൊണ്ടാണ് സദാചാര മതസ്ഥാപനങ്ങളുടെ അടുത്ത് മദ്യം ഉണ്ടാവരുത് എന്ന് നമ്മള്‍ ശഠിക്കുന്നത്. ‘ . സത്യത്തെ മുഖാമുഖം കാണാന്‍ ഭയക്കുന്ന കപട സദാചാരത്തില്‍ സ്വയം മേനി നടിക്കുന്ന മലയാളികള്‍ക്ക് ചേര്ന്ന തീരുമാനം തന്നെയാണ് ഈ മദ്യ നയം . അങ്ങനെ കപട സദാചാരം ഉള്ള സ്ഥലങ്ങളില്‍ ആണല്ലോ ആള്‍ദൈവങ്ങള്‍ക്കും, തട്ടിപ്പുകാര്ക്കും വിളയാടാന്‍ കഴിയുന്നത്.
കേരളത്തിന്റെ പൊതുബോധത്തെ അതിന്റെ പ്രാഥമിക ശത്രു ആയി മദ്യത്തെ പ്രതിഷ്ഠിക്കുന്നവര്‍ യഥാര്‍ത്ഥ ത്തില്‍ വ്യക്തികളും കുടുംബങ്ങളും നേരിടുന്ന ചൂഷണ സത്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്, മനുഷ്യരെ സ്ഥിരം കൊള്ളയടിക്കുന്ന കുത്തകകള്‍, വിലക്കയറ്റം, ബുദ്ധിമുട്ടിക്കുന്ന ഭരണകൂട നയങ്ങള്‍ എന്നിങ്ങനെ ഉള്ള സ്ഥിരം പ്രശ്‌നങ്ങള്‍ തന്നെയാണ് മിക്കവാറും മദ്യത്തിലേക്കു വഴി തുറക്കുന്നത്. അവയെ ഒന്നും പരിഹരിക്കാതെ ലക്ഷണത്തിന് മുറിവൈദ്യം പോലെ ഉള്ള ചികിത്സ ആണ് മദ്യ നിരോധനം. മനുഷ്യന്റെ അന്യവല്ക്കരണം അവസാനിച്ചാല്‍ മദ്യാസക്തി കുറയും എന്നതിന് സംശയം ഇല്ല.
മദ്യത്തിന്റെ ലഭ്യതയും, മദ്യാസക്തിയും കുറയട്ടെ,മദ്യത്തിന്റെ വരുമാനം ലാഭ നഷ്ട കച്ചവടം അല്ലാതാകട്ടെ. ദുരുപയോഗം ആണ് വിഷയം എങ്കില്‍ നിരോധിക്കേണ്ട സാധനങ്ങള്‍ വളരെ അധികം ആണ്. ആരോഗ്യം ആണ് പ്രശ്‌നം എങ്കില്‍ നാടന്‍ . രീതിയില്‍ പഴങ്ങള്‍ അടക്കം വാറ്റട്ടെ. ആരോഗ്യകരമായ മദ്യം വരട്ടെ. പ്രായ പൂര്‍ത്തി ആയ ഒരു വ്യക്തിക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവേണ്ട സാധനം ആണ് മദ്യം. അത് നല്ല രീതിയില്‍ ഉപയോഗിക്കാനും, ഉത്തരവാദിത്തത്തോടെ മാത്രം മദ്യപിക്കാനും ജനങ്ങളെ പഠിപ്പിക്കുകയാണ് വേണ്ടത്. നികുതി വരുമാനം ഉപേക്ഷിച്ചു നല്ല ഗുണനിലവാരം ഉള്ള മദ്യം മാത്രം വിതരണം ചെയ്യട്ടെ.
ആദര്‍ശ ധീരന്മാരുടെയും, ഭരണ കൂടത്തിന്റെയും , മത മേലദ്ധ്യക്ഷന്‍മാരുടെയും ധാര്‍മ്മികത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അനുസരിക്കാന്‍ ഇത് സൗദി അറേബ്യയും ഇറാനും ഒന്നുമല്ലെന്ന് ഓര്‍മിച്ചാല്‍ നന്ന്. വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള ധാര്‍മിക കടന്നു കയറ്റത്തിന്റെയും , സദാചാര ഫാസിസത്തിന്റെയും അവസാനത്തെ ഉദാഹരണം ആകട്ടെ സമ്പൂര്‍ണ മദ്യനിരോധന മുറവിളികള്‍.
വാലറ്റം : കേരളത്തിന്റെ പരമ്പരാഗതമായ മദ്യങ്ങളെ തിരിച്ചു കൊണ്ടുവരാന്‍ ഒരു ശ്രമം ഇനിയെങ്കിലും നടത്താന്‍ വൈകരുത്.
Generated from archived content: essay1_sep4_14.html Author: anoop_varghese_kuriyappuram