മംഗള്‍യാന്‍ വിജയിച്ചത് , പൊതു സാങ്കേതിക വിദ്യാഭ്യാസവും !!

മംഗള്‍യാന്‍ ഭ്രമണ പഥത്തില്‍ എത്തിയപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ എത്തിയ പ്രധാനമന്ത്രിക്കൊപ്പം നിന്ന ഒരു നീല ഷര്‍ട്ട് കാരനെ ആരും അത്ര ശ്രദ്ധിച്ചു കാണില്ല . അദ്ദേഹം ആണ് ഡോക്ടര്‍ കെ രാധാകൃഷ്ണന്‍ , ഐ സ് ര്‍ ഓ യുടെ തലവന്‍ , ആദ്യത്തെ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം പൂര്‍ത്തീകരിച്ച , ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്ത്തിയ ശാസ്ത്രന്ജന്‍ . എല്ലാവരെയും മുക്ത കണ്ഠം അഭിനന്ദിക്കുമ്പോഴും , എല്ലാവരും മറന്നു പോയ കാര്യം ഉണ്ട് . അതാണ് രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കൂടി വിജയം ആണ് ഈ മംഗള്‍യാന്‍ എന്ന് . ശ്രീ രാധാകൃഷ്ണന്‍ ബിരുദം പഠിച്ചത് ഗവെര്‍ന്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂരില്‍ ആണ് . ഇപ്പോള്‍ ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്ന ശ്രീമതി ടെസ്സി തോമസും അവിടെ തന്നെ ആണ് പഠിച്ചത് .

ഐ സ് ര്‍ ഓ യുടെ 20000 വരുന്ന സാങ്കേതിക വിദഗ്ധര്‍ ഭൂരിപക്ഷവും ഒന്ന് അല്ലെങ്ങില്‍ മറ്റൊരു പൊതു സാങ്കേതിക വിദ്യാലയങ്ങളുടെ ഉല്പ്പന്നം ആയിരുന്നു . സമൂഹത്തിലെ യുവ പ്രതിഭകളെ പണത്തിന്റെ പിന്ബലം ഇല്ലാതെ ഏറ്റവും വലിയ രീതിയില്‍ എത്താന്‍ സാധിപ്പിക്കുന്ന സംവിധാനങ്ങള്‍ ആണ് പൊതു സാങ്കേതിക വിദ്യാലയങ്ങള്‍ . അവയുടെ നിലവാരം കൂട്ടാന്‍ എന്ന പേരില്‍ , ഒളിഞ്ഞും തെളിഞ്ഞും ‘സ്വയംഭരണം വേണം സ്വകാര്യവല്‍ക്കരിച്ചാലേ നിലവാരം കൂടൂ’ എന്ന് ആര്‍ത്തു വിളിക്കുന്നവര്‍ സൌകര്യ പൂര്വ്വം മറക്കുന്നത് , പണം ഒരു മാനദണ്ഡം ആക്കാതെ പഠിക്കാന്‍ കഴിവുള്ളവരെ പഠിപ്പിക്കാന്‍ പൊതു സാങ്കേതിക വിദ്യാഭ്യാസം നില നിന്നേ മതിയാവൂ എന്ന വസ്തുത ആണ്.

എല്ലാ വര്‍ഷവും പലരും പുറത്തു വിടുന്ന ലോക നിലവാരം ഉള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒരിക്കല്‍ പോലും ഇടം പിടിക്കാത്ത, സ്ഥലങ്ങളില്‍ നിന്ന് അസാമാന്യ പതിഭകള്‍ ഉണ്ടാകുന്നു?. ഇങ്ങനത്തെ പട്ടികകളുടെ പോരായ്മകള്‍ തള്ളിക്കളയാനാകുമോ ?.ഭൌതിക അന്തരീക്ഷം, ഗവേഷണത്തിനുള്ള മൂലധനം ഇവ കുറവാണ് എന്നത് സത്യം തന്നെ ആണ്. പക്ഷെ ആ പരിമിതികളെ കവച്ചു വെക്കുന്ന ദൈഷണിക അന്തരീക്ഷം നിലനില്ക്കുന്നു എന്നത് സമ്മതിച്ചേ മതിയാകൂ

ഇന്ത്യയില്‍ നിന്ന് വിദേശ വിദ്യാഭ്യാസം തേടുന്നവരുടെ എണ്ണം കൂടുന്നു എന്ന് വിലപിക്കുന്നവര്‍, മനസിലാക്കേണ്ട വസ്തുത, പോകുന്നവരില്‍ പലര്‍ക്കും ഉദ്ദേശം രാജ്യം മാറുക എന്നത് മാത്രം ആണ് എന്നതും. കുറേ അധികം പേര്‍ നമ്മുടെ പാരലല്‍ കോളേജ് പോലത്തെ കോളേജുകളില്‍ ആണ് പഠിക്കുന്നതും എന്നതും ആണ്.

വിദ്യാഭ്യാസത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം എന്ന ‘പടച്ചുണ്ടാക്കിയ’ പഠനങ്ങളെയും, നിയോ ലിബറല്‍ സാമ്പത്തിക ശാസ്ത്രങ്ങളെയും അലോസരപ്പെടുത്തുന്ന ചോദ്യം, ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു ഒട്ടും നിലവാരം ഇല്ലെങ്കില്‍, ഈ ചൊവ്വാ ദൗത്യം പരാജയപ്പെടെണ്ടതല്ലേ?? എന്നതാണ്.

കേരളത്തിലും ഇന്ത്യയിലും പൊതു സാങ്കേതിക വിദ്യാഭ്യാസം നില നിലനില്‍ക്കുകയും അവയില്‍ സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടക്കുകയും ചെയ്യുന്ന സ്ഥിതി നില നിന്നാലേ , ഇന്ത്യയില്‍ നിന്ന് ഇനിയും പ്രതിഭകള്‍ ഉണ്ടാകൂ. മംഗള്‍ യാനുകള്‍ വിജയിക്കൂ, സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ.രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യസ രംഗത്തെ കയ്യൊഴിയാന്‍ തുനിയാതെ, അതിനെ കൂടുതല്‍ മൂലധനവും, ഗവേഷണ സഹായവും നല്കി പുഷ്ടിപ്പെടുത്താനും ഭരണകൂടം തുനിഞ്ഞേ മതിയാകൂ.

ഇപ്പൊഴത്തെ ഐ ഐ ടി കള്‍ അടക്കം ഉള്ള ഉന്നത സ്ഥാപനങ്ങളില്‍ സമൂഹത്തില്‍ സാമ്പത്തിക അവശത അനുഭവിക്കുന്നവര്‍ പിന്നോക്കം നില്ക്കുന്നു, പഠനത്തിലും പ്രവേശനം നേടുന്ന കാര്യത്തിലും എന്ന വസ്തുത നിലനില്ക്കുന്നതാണ്. കൂടുതല്‍ സഹായങ്ങള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആവശ്യം ഉണ്ട്. ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലും ഇങ്ങനത്തെ സഹായങ്ങള്‍ ചെയ്യാനും സമൂഹത്തിലെ പിന്നോക്കമായ യുവത്വത്തിനും അവസരങ്ങള്‍ ഉണ്ടാകാനും ക്രിയാത്മകമായ സാമൂഹ്യ ഇടപെടല്‍ ആവശ്യം ആണ്

മംഗള്‍യാനിന്റെ വിജയം രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വിജയം കൂടി ആണ്, പണം ഉള്ളവന്‍ മാത്രം പഠിച്ചാല്‍ മതി എന്ന് പറഞ്ഞു, രാജ്യത്തിലെ വിദ്യാഭ്യാസമേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ വെമ്പുന്നവര്‍ക്കും, അതിനു കുഴലൂതുന്നവര്‍ക്കും ഒരു താക്കീതും !

Generated from archived content: essay1_sep28_14.html Author: anoop_varghese_kuriyappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here