കോര്‍പ്പറേറ്റ് കൃഷിയെ പൊരുതി തോല്‍പ്പിക്കുക

കൃഷി കൃഷിക്കാരന് നഷ്ടമാണ്, കൃഷിയിലുള്ള മനുഷ്യാധ്വാനം വേറെ മേഖലകളിലേക്ക് തിരിച്ചു വിടണം, കൃഷിയുടെ നവീന – യന്ത്രവല്‍ക്കരണങ്ങള്‍ കൃഷിക്കാരനെ കൊണ്ട് സാധ്യം അല്ല. കൃഷിക്കുള്ള സബ്സിഡി ഗവണ്മെന്റ് നിര്‍ത്തണം ആദിയായ വാദങ്ങള്‍ ശക്തിയുക്തം മുഴങ്ങുന്ന ഒരു കാലഘട്ടം ആണ് ഇന്നത്തേത്. കൃഷിക്കാര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത് കാരണം, മുന്നോട്ടു കരാര്‍ കൃഷി അല്ലെങ്കില്‍ കോര്‍പ്പറേറ്റ് കൃഷി മാത്രമാണ് അഭികാമ്യം എന്നാണ് ഉയരുന്ന വാദമുഖം.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും കോര്‍പ്പറേറ്റ് സാന്നിധ്യം വളരെ അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നാളുകളില്‍ ആണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്. കടന്നു വന്ന മേഖലകളില്‍ ദുരിതം വിതച്ചു കൊണ്ടിരിക്കുന്നതിന്റെ അനുഭവം നമുക്ക് ഓര്‍ക്കാന്‍ എണ്ണ വില മാത്രം മതി. കൃഷി ലാഭകരം അല്ലതാവുമ്പോള്‍ മെച്ചപ്പെട്ട ജീവിതം എന്ന മിഥ്യയെ തേടി കര്‍ഷക ലക്ഷങ്ങള്‍, നഗരങ്ങളിലേക്ക് കുടിയേറും എന്നും അവിടെ നരക സമാനമായ ജീവിതം നയിക്കുമെന്നും പല പഠനങ്ങളും കാണിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ കൃഷി എന്നത് അനിവാര്യം ആയ ഒരു വ്യവസായം ആയി മാറും എന്നും, കൂടുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അതില്‍ മുതല്‍ മുടക്കുമെന്നും, അതിലൂടെ നമ്മുടെ കാര്‍ഷിക മേഖല നവീകരണ പാതയില്‍ എത്തി രക്ഷപെടും എന്നുമൊക്കെയാണ് ഇപ്പോള്‍ പങ്കുവക്കപ്പെടുന്ന പ്രതീക്ഷകള്‍. വില കുറയും എന്ന നുണ അധികം പറഞ്ഞു കേള്‍ക്കുന്നില്ല, ചില്ലറ വ്യാപാര രംഗത്തെ മത്സരം വിലകുറക്കും എന്ന പെരും നുണ തകര്‍ന്നതു ആളുകള്‍ മറക്കാത്തത് കൊണ്ടാവും!

എങ്ങനെ ഗ്രാമങ്ങളില്‍ നിന്നുള്ള പലായനം അവസാനിപ്പിക്കാം എന്ന ചോദ്യത്തിന്റെ ഒരു ഉത്തരം ശരിയായ ഭൂപരിഷ്കരണം എന്നതും കൃഷിയില്‍ നിന്ന് നിശ്ചിത വരുമാനം ഉറപ്പാക്കുക എന്നതും ആണ്.

ഈ അവസരത്തിലാണ് കൃഷിക്കാരുടെ സംഘടനകളുടെ കൂട്ടായ്മ, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മുന്നോട്ടു വച്ച ഒരു ആവശ്യം ഏറെ പ്രസക്തമാകുന്നത്. അത് ഇങ്ങനെ ആണ് – കൃഷിക്കാരന് ഏറ്റവും കുറഞ്ഞ വരുമാനം ഉറപ്പു വരുത്തുക. ലളിതമായ ഉദാഹരണം പറഞ്ഞാല്‍ , ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് ഒരു ടണ്‍ ഉരുളക്കിഴങ്ങ് വിളയിക്കുന്ന കര്‍ഷകന് മാസം പ്രതിഫലം 5000 രൂപ.

കൃഷിയിലും അനുബന്ധ സൌകര്യങ്ങളിലും പൊതുനിക്ഷേപം വർധിക്കാത്തത് ആശങ്ക ഉണ്ടാക്കുന്ന സമയത്ത് ഇങ്ങനെ ഒരാശയം പലരുടെയും നെറ്റി ചുളിപ്പിക്കുന്നുണ്ടാവും. ജനിതക മാറ്റം വരുത്തിയ വിത്തുകളും രാസവളങ്ങളും കീടനാശിനികളും ആയി നമ്മുടെ മണ്ണിനെയും ജീവിതങ്ങളെയും തകര്‍ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇതില്‍ നല്ല മറുപടി വേറെന്തുണ്ട്‌?. ഭരണകൂടങ്ങള്‍ എല്ലാ കാര്യങ്ങളും സ്വകാര്യ മേഖലക്ക് തീറെഴുതി, സ്വന്തം ചുമതലകളില്‍ നിന്ന് ഒളിച്ചോടുന്ന ഒരു ഇന്ത്യന്‍ കാലഘട്ടം ഈ ആവശ്യം എങ്ങനെ കാണും എന്നതും പ്രസക്തമാണ്‌. ദുരുപയോഗം ഉണ്ടാവാതെ നോക്കിയാല്‍ കൃഷിയില്‍ ആളുകള്‍ കൂടുതല്‍ ഉറച്ചുനില്‍ക്കാനും, നമ്മുടെ മണ്ണ് കുത്തകകള്‍ സ്വന്തമാക്കാതിരിക്കാനും ഈ ആശയം സഹായിക്കും. ആലോചനകള്‍ ആശാസ്യം അല്ലേ?.

Generated from archived content: essay1_mar14_14.html Author: anoop_varghese_kuriyappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here