“ഈ ചീര ഒന്ന് നോക്കിക്കേ, എന്റെ വീട്ടില്‍ കൃഷി ചെയ്തതാ” ഉച്ച ഭക്ഷണത്തിനിടയില്‍ കേട്ട ഒരു സംഭാഷണ ശകലം. നമ്മുടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടക്കുന്ന സമൂഹത്തിനു മാതൃകയും അത്യന്തം സന്തോഷകരവും ആയ ഒരു തരംഗം ആണ് ഇവിടുത്തെ വിഷയം. സ്വന്തം ഭക്ഷണം കഴിവതും സ്വയം ഉത്പാദിപ്പിക്കുക എന്നതാണ് ഇതിന്റെ മൂലതത്വ ശാസ്ത്രം. ഹൈ ടെക് കൃത്യതാ കൃഷിക്കാര്‍ മുതല്‍ സീറോ ബജറ്റ് പ്രകൃതി കൃഷിക്കാര്‍ വരെ ഈ തരംഗത്തില്‍ ഉണ്ട്. 2014 നെ വീട്ടുകൃഷിയുടെ വര്‍ഷം ആയി പ്രഖ്യാപിച്ചത് വേള്‍ഡ് റൂറല്‍ ഫോറം എന്ന സംഘടന ആണ്. ആ പ്രഖ്യാപനം വളരെ ഉണരവുതരുന്നതുമായി.
നിങ്ങള്‍ ജീവിക്കാനുള്ള പൈസ ഏതുവിധേനെയും ഉണ്ടാക്കുക, ജീവിക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ തരാം എന്ന് പറയുന്ന വിപണി മനശാസ്ത്രത്തെയും “കപ്പ ഉഗാണ്ടയില്‍ നിന്നും, വാഴക്കുല ചിലിയില്‍ നിന്നും” എന്ന തത്വശാസ്ത്രം പ്രാവര്‍ത്തികമാക്കുന്ന ആഗോള വ്യാപാര മനീഷികളെയും ആണ് ഈ വീട്ടുകൃഷി സന്ദേശം ഞെട്ടിക്കുന്നത്. അന്തക വിത്തുകളുമായി നമ്മെ കീഴടക്കാനോരുങ്ങുന്നവര്‍ ഒന്ന് പതറി, എന്ന് നിസംശയം പറയാം .
മനുഷ്യന്‍ ജീവിക്കുന്ന മണ്ണുമായി ബന്ധം വേര്‍പ്പെടുത്തി അന്യര്‍ ആയി മാറിയതാണ് രോഗങ്ങളുടെയും എല്ലാം തുടക്കം എന്നാണ് പ്രകൃതി ചികിത്സകരുടെ പക്ഷം. ഈ പുതിയ തരംഗം നമ്മെ മണ്ണിനോടും പ്രകൃതിയോടും എല്ലാം അടുപ്പിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.”സ്വന്തം വിത്ത് കൊണ്ടുള്ള കൃഷി ആണ് അതിജീവനോപധി” എന്നത് ഒരു വലിയ ബോധ്യം ആണ്.
“സ്വന്തം ഭക്ഷണത്തിന് പരാശ്രയം വേണ്ടവര്‍, പാരതന്ത്രത്തിലാണ്” എന്ന യാഥാര്‍ഥ്യം ഉല്‍ക്കൊള്ളുന്നവര്‍ ആണ് ഈ കൃഷിക്കാരില്‍ പലരും. വാരാന്ത്യ കൃഷിക്കാരും, ദിവസേനെ കുറച്ചു സമയം ചിലവിടുന്നവരും ഇവരില്‍ ഉണ്ട് . സ്ഥലപരിമിതിയെ ടെറസിലും ബാല്‍ക്കണിയിലും ഗ്രോ ബാഗുകള്‍ നിരത്തി നേരിട്ട്, സ്വന്തം പച്ചക്കറി ആവശ്യത്തിന്റെ 60 ശതമാനം നേടുന്നവര്‍ ആരോഗ്യം മാത്രമല്ല സ്വാശ്രയത്തവും കൂടി ആണ് നേടുന്നത്. “കറിവേപ്പിലയില്‍ എന്‍ഡോസള്‍ഫാന്‍” എന്ന് മാധ്യമങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ബദല്‍ എന്ത് എന്ന ചിന്ത ആണ് ഈ തരംഗത്തിന് ആക്കം കൂട്ടിയത്. “ഭക്ഷണം തന്നെയാണ് ഔഷധം” എന്ന തിരിച്ചറിവ് പരന്നുപ്രാവര്‍ത്തികം ആയി, ഒരു “ഫ്ലാഷ് മോബ്” പോലെ.
ആഗോള വ്യാപാര നൂലാമാലകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി മനുഷ്യ ചൂഷണ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായി “ഭക്ഷിക്കുന്നത് 50 മൈല്‍ ദൂരത്തിനുള്ളില്‍ തന്നെ ഉണ്ടാക്കുന്നത് ആവണം” എന്ന് പറയുന്ന “ലോക്കോവോരെ” എന്ന യു എസ് മുന്നേറ്റത്തിനോടും ഈ തരംഗത്തിന് സാമ്യം ഉണ്ട്.”ഭക്ഷ്യ സുരക്ഷ പുരയിട കൃഷിയിലൂടെ” എന്ന കേരള സര്‍ക്കാര്‍-കൃഷി വകുപ്പ് മുദ്രാവാക്യവും ഇവിടെ സ്മരിക്കാം
രാസവളവും മാരക കീടനാശിനിയും മൂലം വിഷലിപ്തമായ പച്ചക്കറി, തോന്നിയ വില ഈടാക്കുന്ന വിപണി, ഇന്ധന വിലക്കയറ്റം മൂലം ഉണ്ടാകുന്ന അധിക പ്രശ്നങ്ങള്‍ വേറെ. ഇങ്ങനെ വന്നപ്പോള്‍ നിസഹായര്‍ അല്ല ഞങ്ങള്‍, ഇടപെടുന്നവര്‍ ആണ് എന്ന് വിളിച്ചു പറയുന്ന പ്രവര്‍ത്തിയാണ് ടെക്നോപാര്‍ക്ക് ജീവനക്കാര്‍ ആരംഭിച്ചിട്ടുള്ള വീട്ടുകൃഷി.
നഗരവല്‍ക്കരണം എന്ന പരിസ്ഥിതി വിരുദ്ധവും, മനുഷ്യ വിരുദ്ധവും ആയ ആശയത്തിന്റെ ബദലിന്റെ തുടക്കം തന്നെ ആണ് വീട്ടുകൃഷി. മനുഷ്യര്‍ തിങ്ങി നിറഞ്ഞും മലിനപ്പെട്ടും “നഗരങ്ങള്‍ എന്ന നരകങ്ങളില്‍” ജീവിക്കെണ്ടവരല്ല, മറിച്ചു സ്വച്ഛന്ദം ആയ, ആനന്ദം നിറഞ്ഞ ജീവിതം നയിക്കെണ്ടവര്‍ ആണ് എന്നതും ഇത് സൂചിപ്പിക്കുന്നു. ഒരു മനുഷ്യന് വിഹരിക്കാനുള്ള ഇടം അഥവാ സ്പേസ്, വീട്ടുകൃഷി ഉറപ്പാക്കുന്നു എന്ന് സാരം. കൃഷി അങ്ങേയറ്റം ആനന്ദദായകം ആയ പ്രവര്‍ത്തിയും, നമ്മുടെ ആധുനിക സംസ്കാരത്തിന്റെ ആദ്യത്തെ കാല്‍വെപ്പും ആണ്. നട്ട ചെടിയോ പാകിയ വിത്തോ മുളക്കുമ്പൊഴും, താരും തളിരും ചൂടി പൂത്തുലയുമ്പോളും, ആദ്യഫലങ്ങള്‍ പുറപ്പെടുവിക്കുമ്പോഴും, നമ്മുടെ മുഷിഞ്ഞ മനസും ഹര്‍ഷപുളകങ്ങള്‍ ചൂടി നിര്‍വൃതി നേടും.ഒരു ദിവസത്തിന്റെ സമ്മർദം മുഴുവൻ ഇല്ലാതാക്കാൻ, ഒരു ജീവസുറ്റ ചെടിയെ പരിപാലിച്ചാല്‍ മതി എന്ന അനുഭവവും കൂട്ടി വായിക്കുമ്പോള്‍, ഈ നിശബ്ദ തരംഗം നമ്മെ ആശ്ചര്യപ്പെടുത്തില്ല.
പല കമ്പനികളും അവയുടെ പരിസ്ഥിതി കൂട്ടായ്മകള്‍ വഴി വീട്ടു കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ശില്പശാലകളും, കൃഷി വസ്തുക്കളുടെ പ്രദര്‍ശന വില്പ്പനയും എല്ലാം സംഘടിപ്പിക്കുന്നുമുണ്ട്. ഒരു പ്രശസ്ത കമ്പനിയില്‍ അതിലെ ജീവനക്കാര്‍ കൃഷി ചെയ്ത ഒരു പ്ലോട്ട് വരെ തയാറാക്കിയിരിക്കുന്നു!!. ഒരു ശരി കണ്ടാന്‍ അതിനെ അനേകം പേര് പിന്‍പറ്റും എന്ന് നമുക്ക് പ്രത്യാശിക്കാം . നവ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും എല്ലാം ഈ കൂട്ടായ്മകള്‍ അനൌപചാരികം ആയി പ്രവര്‍ത്തിക്കുന്നു. വിത്തുകള്‍,തൈകള്‍,വിവരങ്ങളും സഹായങ്ങളും കൈമാറല്‍ എന്നിവയും നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മെച്ചപ്പെട്ട തെളിമ കൈവരുത്തേണ്ടതുണ്ട്, എന്നിരുന്നാലും ഒരു നല്ല തുടക്കത്തില്‍ നമുക്ക് നിറഞ്ഞഭിമാനിക്കാം.
Generated from archived content: essay1_jan16_14.html Author: anoop_varghese_kuriyappuram