ആപ്പ് എന്ന് പറയുമ്പോള്‍ തന്നെ മനസ്സില്‍ ഓടി വരുന്നത് ആം ആദ്മി പാര്‍ട്ടി ആണ്. ആ ആപ്പ് അല്ല ഇവിടുത്തെ വിഷയം, സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍ ആണ് വിഷയം.
എന്തിനും ഏതിനും ആപ്പ് എന്നതാണ് ഇപ്പോഴത്തെ ഒരു രസകരമായ ട്രെന്‍ഡ്. രക്തത്തിലെ പഞ്ചസാര അറിയാനുള്ളത്, ഹൃദയമിടിപ്പ് അറിയാന്‍ ഉള്ളത്, സന്ദേശം കൈമാറാന്‍ ഉള്ളത്, ഫേസ്ബുക്ക് നോക്കാന്‍ ഉള്ളത്, ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ ഉള്ളത്, നമ്മള്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ടോ, ജാതകം അറിയാനുള്ളത്, അങ്ങനെ തുടങ്ങി നമ്മള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ഉള്ളത് ( ചുമ്മാ പറഞ്ഞതാണെ !!) വരെ പ്രോഗ്രാമുകള്‍ ഉണ്ട്. വിലകൊടുത്തു വാങ്ങുന്നവയും അല്ലാത്തവയും, കമ്പനികള്‍ മുദ്രണം ചെയ്യാത്തവയും ചെയ്തവയും അങ്ങനെ പല പല വേര്‍തിരിവുകള്‍ ഉണ്ട്. ഒരു രസികന്‍ പറഞ്ഞത് ഭക്ഷണം കഴിക്കാനുള്ള അപ്പ് കൂടി ഉണ്ടെങ്കില്‍ എല്ലാം പൂര്‍ത്തിയായി എന്നാണ്.
ഈ പ്രോഗ്രാമുകള്‍ നല്കുന്ന സേവനങ്ങള്‍ വളരെ ഉപയോഗപ്രദം ആണ്. ഒരു വിധം സൌജന്യം ആയിട്ടാണ് ഈ സേവനങ്ങള്‍ ഇപ്പോഴെങ്കിലും എപ്പോള്‍ പൈസ എടുത്തു തുടങ്ങുമെന്ന് പറയാറായിട്ടില്ല. വിപണി പാകത ആകാന്‍ കാത്തിരിക്കുകയാവും എന്ന് വിചാരിക്കാം. ഇപ്പോള്‍ ബാങ്കുകളുടെ എസ് എം എസ് അറിയിപ്പുകള്‍ പൈസ ഈടാക്കി ആണ് പല ബാങ്കുകളും കൊടുക്കുന്നത്. നേരത്തെ പലപ്പോഴും സൌജന്യം ആയിരുന്ന എ ടി എം സേവനങ്ങള്‍ ആളുകള്‍ പരിചയിച്ചപ്പോള്‍ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കി തുടങ്ങി.അതുപോലെ ആപ്പുകളിലും ചെറിയ ഒരു അപ്പ് കിട്ടാന്‍ ഇടയുണ്ട്.
നല്ല കാര്യത്തിനോ ചീത്ത കാര്യത്തിനോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമല്ലോ എന്ത് സംവിധാനത്തിന്റെയും ഫലം. ഈ പ്രോഗ്രാമുകളില്‍ ചിലത് അത്ര നല്ലതല്ലാത്ത ഉപയോഗത്തിനും ഉണ്ടെന്നു അറിയുന്നത് ചെറിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കാഴ്ചയില്‍ വന്നത് രണ്ടെണ്ണം പങ്കുവെക്കാം
1) ദേശീയ പാതയിലും മറ്റും പോകുമ്പോള്‍ വേഗത പിടിക്കാനുള്ള ക്യാമറകള്‍ എവിടെയാണെന്ന് മുന്‍കൂട്ടി നമ്മളെ അറിയിക്കുന്ന പ്രോഗ്രാം. ആ സ്ഥലത്തെത്തുമ്പോള്‍ പ്രോഗ്രാം നമ്മളെ അറിയിക്കും. നമ്മള്‍ പതുക്കെ പോകണം. ക്യാമറ കഴിഞ്ഞാല്‍ വീണ്ടും പറക്കാം. വേഗതാ നിയന്ത്രണം എല്ലാവരുടെയും സുരക്ഷയ്ക്കു വേണ്ടി ആണെന്ന് അറിവുള്ളവര്‍ ഇത് ഉപയോഗിക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
2) ഒരു ഫോണ് നമ്പര്‍ കിട്ടിയാല്‍ അത് ആരുടെയെങ്കിലും പേരില്‍ മറ്റൊരു ഫോണില്‍ സേവ് ചെയ്തിട്ടുണ്ടാവുകയാണെങ്കില്‍ കണ്ടുപിടിച്ചു തരുന്ന പ്രോഗ്രാം. നമ്മള്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ആരാണെന്നു തപ്പാന്‍ പറ്റിയ സംഭവം. ഈ പ്രോഗ്രാം ഒരു പ്രണയ ബന്ധം തകരാറില്‍ ആക്കിയ കാര്യം കൂടി പറയാം.
ഗാഢപ്രണയത്തിനു കുറെ മാസങ്ങളുടെ ആയുസ്, നായകനോട് നായിക ‘എന്നെ ഇനി ഇങ്ങനെ വിളിച്ച മതി’
നായകന്‍ ‘അതെന്താ?’ .
നായിക ‘എന്റെ നായകന്‍, ഇങ്ങനെ എന്നെ വിളിക്കുന്നതാണ് എനിക്കിഷ്ടം ‘
ആ പേര് നായകന്‍ വിളിക്കുന്നു,
ശേഷം നായിക ‘ ഇങ്ങനെ എന്നെ ഈ ലോകത്തില്‍ ഒരാളെ വിളിച്ചിട്ടുള്ളൂ, വിളിക്കുകയുമുള്ളൂ, അത് താങ്കളാണ്’
ടെക്‌നൊപാര്‍ക്കിലെ ആംഫി പടവുകളും, ചുറ്റുമുള്ള മരങ്ങളും സാക്ഷി. നായകന്‍ പുളകിത പ്രേമം തുടര്‍ന്നു!
കുറച്ചു കാലത്തിനു ശേഷം നായകന്‍ ഈ പുതിയ അപ്പ് ഒന്നു പരീക്ഷിക്കുന്നു. നായികയുടെ, താന്‍ ഏതു ഉറക്കത്തിലും ഓര്‍ത്തിരിക്കുന്ന ആ നമ്പര്‍ ടൈപ്പ് ചെയ്യുന്നു. നോക്കുമ്പോള്‍ താന്‍ വിളിക്കുന്ന അതേ പേരില്‍ നമ്പര്‍ സേവ് ചെയ്തിരിക്കുന്നു, വേറൊരു ഫോണില്‍ !!!
നമ്മുടെ ഫോണില്‍ നിന്ന് നമ്മുടെ സമ്മതത്തോടെയും അല്ലാതെയും സ്വകാര്യതയും വിവരങ്ങളും ഈ പ്രോഗ്രാമുകള്‍ ചോര്‍ത്തുന്നുണ്ട്.
ഒരു സൂക്ഷ്മ പരിശോധനയും ശ്രദ്ധയും ആവശ്യം ആണ്. സാങ്കേതിക വിദ്യയെ നമ്മളെ ഭരിക്കാനും നിയന്ത്രിക്കാനും അനുവദിക്കണോ എന്നത് പ്രസക്തമായ ചോദ്യം ആണ്. സൂക്ഷിച്ചാല്‍ അപ്പിലാകാതെ നോക്കാം!!
Generated from archived content: essay1_apr9_14.html Author: anoop_varghese_kuriyappuram