ഇന്നും പതിവ് തെറ്റിച്ചില്ല.
ഈ ഭാരം താങ്ങാന്‍ എനിക്കിനി വയ്യേ എന്ന കട്ടിലിന്റെ രോദനം അസഹ്യമായപ്പോഴാണ് മനസ്സില്ലാ മനസ്സോടെ ഞാന്‍ എഴുന്നേറ്റത്.
ഒരു കാക്കക്കുളിയും പാസാക്കി ടാക്സി എടുക്കാനായി ഓടി.
അല്ലേല്‍ വേണ്ടാ. എന്തിനാ ഇങ്ങനെ ഓടുന്നെ. പെട്ടെന്ന് പോയിട്ടും ഒന്നും കിട്ടാനില്ല. എന്തേലും കഴിക്കാന്‍ വാങ്ങികൊണ്ട് പോകാം.
വഴിയോരത്തെ കടയില്‍ നിന്നു പൂരിമസാലയും വാങ്ങി ടാക്സിയും എടുത്തു ഓഫീസില്‍ എത്തിയപ്പോ വിചാരിച്ചതിലും നേരത്തേ എത്തിയതിന്റെ ഒരു പുഞ്ചിരി മുഖത്തുണ്ടായിരുന്നു. സെക്യൂരിറ്റി ഗേറ്റില്‍ നിന്ന ഒരു മഹാന്റെ നോട്ടം ആ പുഞ്ചിരിയുടെ ഘാതകനായി മാറാന്‍ അധികനേരം വേണ്ടി വന്നില്ല.
ഓഫീസ് കാന്റീനില്‍ കൂട്ടുകാരോടൊപ്പം പ്രാതലും കഴിച്ചു ഓഫീസ് മേശയില്‍ എത്തിയപ്പോഴേക്കും തലേന്നത്തെ ചില ചിന്തകള്‍ ഉറക്കമെഴുന്നെറ്റിരുന്നു.
ഞാനെതാണ് ഇങ്ങനെ. ഒരിക്കലും നന്നാകില്ല.. ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
ചില കാര്യങ്ങള്‍, നമ്മുടെ ചില ചിന്തകള്‍ നമ്മുടെ മനസ്സില്‍ തന്നെ കുഴിച്ചുമൂടുന്നതാണ് നല്ലത്. ചില തുറന്നു പറച്ചിലുകള്‍ പലര്ക്കും ഇഷ്ടപെട്ടെന്നു വരില്ല. അതിനവരെ കുറ്റം പറയാനാകുമോ? അതും ഇല്ല. അവരുടെ പ്രതികരണങ്ങള്‍ നമ്മുടെ മനസ്സിനെയും അസ്വസ്ഥമാക്കും. ചുരുക്കത്തില്‍ നാവടക്കി മിണ്ടാതിരിക്കുകയായിരുന്നു നല്ലത്. ആ പോട്ടെ.. പറ്റിയത് പറ്റി. എങ്ങിനെ അത് പരിഹരിക്കാം എന്ന് തലപുകഞ്ഞാലോചിച്ചു കൊണ്ട് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.
ജോലി ഭാരം മനസ്സിനെ ശാന്തമാകും എന്ന് കരുതിയ എനിക്ക് തെറ്റി.
ആലോസരപെടുത്തലുകള്‍ അല്ലാതെ മറ്റൊന്നും വില്‍പനയ്ക്കില്ലാത്ത ആ മനസ്സിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ അല്പം ശാന്തത തരുന്ന എന്തേലും കിട്ടുമോ എന്ന് കുറെ തപ്പി. നിരാശയായിരുന്നു ഫലം. എവിടെയാണെനിക്കു പിഴച്ചത്. ഒരു മനസ്സില്‍ റിവ്യൂ മീറ്റിംഗ് വിളിച്ചാലോ. ശരി ഉച്ചയ്ക്ക് ശേഷം ലീവുമെടുത്ത് വീട്ടിലേക്കു മടങ്ങി.
മീറ്റിങ്ങിനു മധ്യസ്ഥത വഹിക്കാന്‍ ഹെയിനിക്കെല്‍ വേണോ അതോ കാര്‍ല്സ്ബെര്‍ഗേര്‍ വേണോ.. അതോ നമ്മുടെ സ്വന്തം മല്യ ചേട്ടന്റെ കിങ്ങ് ഫിഷര്‍ വേണോ. അല്ലേല്‍ വേണ്ട. ഞാന്‍ ഒറ്റയ്ക്ക് മതി. അതാണ് നല്ലത്. അക്കൗണ്ടില്‍ പൈസ ഇല്ല എന്ന വേറൊരു പ്രേരകഘടകം കൂടിയുണ്ട്. വീട്ടിലെത്തിയ എന്നെ എന്തോ ദേഷ്യമെന്ന വികാരമാണ് വരവേറ്റത്. അല്ലേലും ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സ്വയം ന്യായീകരിച്ചു കൊണ്ട് പരുഷമായി കുറച്ചു സന്ദേശങ്ങളും അയച്ചു ഞാന്‍ കിടന്നു… ഉറക്കം വരുന്നില്ല. എന്നാല്‍ ശരി. എന്തേലും പഠിക്കാം. എന്ത് പറ്റി അപ്പു, പതിവില്ലാത്ത കാര്യങ്ങളാണല്ലോ ഇതൊക്കെ എന്ന് ആരോ ചോദിച്ചപോലെ.
ഒന്നും തലയില്‍ കയറുന്നില്ല. പകരം ഉറക്കമെന്ന എന്റെ പ്രിയതമ എവിടെനിന്നോ ഓടിയെത്തി. ഈ പഠിക്കാനുള്ള പുസ്തകങ്ങളുടെ ഒരു മാന്ത്രികത. ഒറ്റ നോട്ടം മതി. ഉറക്കം ഓടിയെത്തും. അങ്ങിനെ ഒരു ചെറു മയക്കം കഴിഞ്ഞെഴുന്നീറ്റപ്പോഴേക്കും ദേഷ്യമൊക്കെ മാറിയിരുന്നു. രണ്ടു സന്ദേശങ്ങള്‍ ക്ഷമാപണത്തിന്റെ മേമ്പൊടി ചേര്‍ത്ത് അയക്കുമ്പോള്‍ മനസ്സില് തട്ടിയാണല്ലോ അയക്കുന്നത് വെറുതെയാവില്ല എന്ന് മനസ്സില് മന്ത്രിക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരം മുന്നേയാണ് യൂണിവെര്‍സിറ്റിയില്‍ എത്തിയത്. എന്തോ കഴിച്ചു എന്ന് വരുത്തി ഇവിടെ വന്നിരുന്നു. ഇപ്പൊ സമയം രാത്രി പത്തുമണിയായി..വീണ്ടും പഴയ ചിന്തകള്‍ മനസ്സിന്റെ വാതിലില്‍ മുട്ടിത്തുടങ്ങി. ഇരുട്ടിനെ പേടിയുള്ള ഒരു കുട്ടിയെപോലെ ആ വാതിലിനു പുറകില്‍ ഇരു കണ്ണുകളുമടച്ചു ചെവികളും പൊത്തി നില്‍ക്കുമ്പോള്‍, ആ ചിന്തകളെ തടഞ്ഞു നിര്‍ത്തുവാന്‍ എന്റെ മനസിന്റെ വാതിലിന്റെ ഓടാമ്പലിനു കഴിയണേ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു.
Generated from archived content: story2_dec7_13.html Author: anoop_k_appu