ആദര്‍ശ ധീരന്മാര്‍

അയാള്‍ എവിടെ നിന്നു വന്നു എന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ഓര്‍മ്മകളിലെല്ലാം അയാള്‍ അവീടെ ഉണ്ടായിരുന്നു. അയാളുടെ പ്രണയങ്ങള്‍ ആ നാട്ടില്‍ അറിയപ്പെട്ടിരുന്ന ഒന്നായിരുന്നു. പ്രണയത്തിനു കണ്ണില്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായത് അയാളില്‍ നിന്നാണ്.

ഒരുപാട് കൂട്ടുകാര്‍ അയാള്‍ക്ക് ഉണ്ടായിരുന്നു എങ്കിലും അയാള്‍ അവരുടെ വീട്ടിലേക്കു കയറുന്നതിനു മുമ്പേ അയാളെയും കൊണ്ട് അവര്‍ പുറത്തേക്കു പോകുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവരാരും അയാളെ അവരുടെ വീട്ടിലേക്കു കയറ്റിയിരുന്നില്ല. അയാളുടെ പ്രണയത്തിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നും എനിക്കു തോന്നിയില്ല. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയും രണ്ടു കുട്ടികളുടെ അമ്മയായവരും അയാളുടെ പ്രണയത്തില്‍ പെട്ടിരുന്നു. പക്ഷെ പെട്ടന്ന് അയാളുടെ സ്വഭാവത്തിനു മാറ്റം വന്നു. എന്താണ് കാരണം എന്ന് ഞങ്ങള്‍ക്കാര്‍ക്കും‍ അറിയില്ലായിരുന്നു. പെണ്ണുങ്ങളെ കണ്ടാല്‍ ഒന്നു നോക്കുകപോലും ചെയ്യാത്ത അവസ്ഥ. കുറച്ചു ദിവസത്തേക്ക് നാട്ടുകാര്‍ക്ക് അത് ഒരു സംസാരവിഷയം പോലുമായിരുന്നു. എന്നാല്‍ അയാളുടെ കൂട്ടുകാര്‍ മാത്രം അതിനെപറ്റി ഒന്നും പറഞ്ഞില്ല.

കുറച്ചു പ്രായമായ സ്ത്രീകള്‍ അയാളെപറ്റി ഇപ്പോള്‍ പറയുന്നത് ഇങ്ങനെയാണ് ‘’ ഒരാള്‍ക്ക് നന്നാവണം എന്ന് തോന്നിയാല്‍ അതിന് അധികം സമയം ഒന്നും വേണ്ട’‘ ഒരു ദിവസം ഞാന്‍ അമ്പലത്തിനോടു ചേര്‍ന്ന ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍‍ അയാള്‍ അങ്ങഓട്ടു വന്നു. എന്നെ അയാളുടെ വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയി. എന്തോ കാര്യം സംസാരിക്കാനാണെന്നു പറഞ്ഞു. എനിക്ക് ചെറിയൊരു ഭയം തോന്നാതിരുന്നില്ല. കാരണം ഞാനൊറ്റക്ക് ആദ്യമായാണ് അയാളുടെ വീട്ടിലേക്ക് വരുന്നത്. ചെന്നതും ഒരു മാസിക എടുത്ത്‍ അയാള്‍ എനിക്കു തന്നു.

ഞാന്‍ അത് വെറുതെ ഒന്നോടിച്ചു നോക്കി. അയാള്‍ പറഞ്ഞു ‘’ നമുക്ക് ഇവരുടെ ഓഫീസ് വരെ ഒന്നു പോകണം’‘ എന്തിനാണെന്നൊന്നും അപ്പോള്‍‍ ചോദിച്ചില്ല ‘’ പോകാം ‘’ എന്നു മാത്രം മറുപടി പറഞ്ഞു. അയാള്‍ കുളിക്കാന്‍ പോയപ്പോള്‍‍ ഞാന്‍ ആ മാസിക എടുത്ത് വെറുതെ ഒന്നു വായിച്ചു നോക്കി. അതിലെ ഒരു പംക്തിയുടെ തലക്കെട്ടിനു ചുറ്റും അയാള്‍ ഒരു വട്ടം വരച്ചിരിക്കുന്നതു കണ്ടു. ഞാന്‍ ഒരു കൗതുകത്തോടെ അത് വായിച്ചു ജീവിതത്തതിലെ ചതിക്കുഴിക്കളില്‍ വീണു തേങ്ങുന്ന പെണ്‍കുട്ടിയുടെ അനുഭവമായിരുന്നു ആ പംക്തിയില്‍. അതില്‍ കൊടുത്തിട്ടിള്ളു പേര്‍ ശരിയായ പേര്‍ അല്ലായിരുന്നു അതിന്റെ ചുരുക്കം ഇങ്ങനെ ആയിരുന്നു.

‘’ എന്റെ പേര്‍ മായ 21 വയസ്സ് ഒരു ഇടത്തരം കുടുംബത്തിലെ മൂന്നു മക്കളില്‍ മൂത്തവളായിരുന്നു ഞാന്‍. അച്ഛന്‍ നഷ്ടപ്പെട്ട ഞാന്‍ പഠിച്ചിരുന്നത് അമ്മാവന്റെ വീട്ടില്‍ നിന്നായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ സൗന്ദര്യം എനിക്കുണ്ടായിരുന്നു. അമ്മാവന് രണ്ട് ആണ്മക്കളായിരുന്നു. അവര്‍ എന്നോട് നിലവിട്ട് പെരുമാറി തുടങ്ങി. ഒരിക്കല്‍ അമ്മാവന്‍ അത് കണ്ടു പിടിച്ചു. അമ്മാവന്‍ എന്നെ ഹോസ്റ്റലിലേക്ക് മാറ്റി. ഹോസ്റ്റലിനടുത്ത് സ്റ്റേഷനറി കടയില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനുമായി ഞാന്‍ പ്രണയത്തിലായി. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാനും അവിടെ നിന്നു പോകുവാനും തീരുമാനിച്ചു. അങ്ങനെ അമ്മ തന്നിരുന്ന കുറച്ച് ആഭരണങ്ങളുമായി ഞങ്ങള്‍ നാടു വിട്ടു. രണ്ടോ മൂന്നോ മാസം സന്തോഷത്തോടെ കഴിഞ്ഞു എന്റെ ദേഹത്തു നിന്നും ആഭരണങ്ങള്‍ ഒരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഒരു വേദനയോടെ ഞാന്‍ അറിഞ്ഞു. പിന്നെ ഒരു ദിവസം പുറത്തേക്കു പോയ അയാള്‍‍ തിരിച്ചു വന്നിട്ടേ ഇല്ല. ഇപ്പോള്‍ എനിക്ക് ഒന്നരവയസ്സുള്ള ഒരു കുട്ടിയുണ്ട്. എന്റെ ഗതി ഒരു പെണ്‍കുട്ടിക്കും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിച്ച് എന്റെ സൗന്ദര്യത്തെയും ശപിച്ച് ഞാന്‍ ജീവിക്കുന്നു. എന്റെ കുഞ്ഞിനു വേണ്ടി മാത്രം’‘ അതിനു താ‍ഴെ ഇങ്ങനെ എഴുതിയിരിക്കുന്നു ( ആദര്‍ശധീരന്മാരായ ചെറുപ്പക്കാര്‍ ബന്ധപ്പെടുകായാണെങ്കില്‍ മേല്‍ വിലാസം നല്‍കുന്നതാണ്) ഞാന്‍ വായിച്ചു കഴിഞ്ഞപ്പോഴേക്കും അയാള്‍ കുളി കഴിഞ്ഞ് വേഷം മാറി എത്തിയിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പോയി ഓഫീസ് കണ്ടു പിടിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്നൊന്നും എനിക്കറിയില്ല. അയാളുടെ കല്യാണമായെന്ന് ആരൊക്കെയോ പറഞ്ഞു ഞാന്‍ കേട്ടിരുന്നു. ആദര്‍ശധീരന്മാര്‍ എന്നോ മറ്റോ ആണ് ഇപ്പോള്‍ അറിയപ്പെടുന്നതു തന്നെ. അങ്ങനെ ഒരു ദിവസം കൊട്ടും കുരവയും ഇല്ലാതെ അയാളുടെ വാടകവീട്ടിലേക്ക് ഒരു പെണ്ണ് കടന്നു ചെന്നു. കൂടെ ഒരു കുഞ്ഞും അയാള്‍ക്ക് വന്ന മാറ്റത്തെക്കുറിച്ച് നാട്ടുകാര്‍ വളരെ സന്തോഷത്തോടെയാണ് ഇപ്പോള്‍ സംസരിക്കുന്നത് . അവരെല്ലാവരും ആ പെണ്‍കുട്ടിയോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതും സംസാരിച്ചിരുന്നതും. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

സ്നേഹത്തോടെ അവളെ നോക്കിയ നാട്ടുകാര്‍ ഇപ്പോള്‍ അവളെ സഹതാപത്തോടെയാണ് നോക്കുന്നത്. അവളാകട്ടെ രണ്ടാമത്തെ കദനകഥ ഏത് വാരികയിലേക്ക് അയക്കും എന്ന് ആലോചിച്ചിരുന്നപ്പോഴേക്കും അവളുടെ രണ്ടാമത്തെ കുട്ടിയുടെ കരച്ചില്‍ ആ ചിന്തകളെയും മുറിച്ചുകൊണ്ട് കടന്നു പോയി.

Generated from archived content: story1_july6_13.html Author: anoob_kadungalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here