തല മൊട്ടയടിക്കണം
മൊട്ടത്തല മഴകൊള്ളിക്കണം
എനിക്ക് മാത്രമായി ഒരു ഒറ്റമുറി വീടുവേണം
അവിടെ ഒരു ജന്മായുസ്സിൽ
ഞാൻ വായിക്കാനിടയില്ലാത്ത കുറെ പുസ്തകങ്ങൾ വേണം.
രാത്രി ഏറെ ഇരുട്ടുമ്പോൾ മുറ്റത്തോട്ടിറങ്ങണം.
കവിതകൾ നുണഞ്ഞ് ഉന്മത്തരായി
ഉറുമ്പിൻ കൂടുകളിൽ ചെന്ന് രാപ്പാർക്കണം
കഥ പറഞ്ഞിരിക്കാൻ
നാറാണത്തും ചുടലഭദ്രകാളിയും കൂട്ടു വേണം
പകലുകളിൽ ചെഗുവേരക്കൊപ്പം
സൈക്കിൾ സവാരി നടത്തണം
ബോബ് മാർളിക്കൊപ്പം
ജമൈക്കൻ തെരുവുകളിൽ പാടിനടക്കണം
സിറിയയിൽ ചെന്ന്
അഭയാർത്ഥികൾ ക്കൊപ്പം പത്തേമാരികളിൽ
ഉല്ലാസയാത്ര പോകണം
പിറ്റേന്ന്
പുഴക്കരയിൽ ഐലാനൊപ്പം കമിഴ്‌ന്നുകിടക്കണം
പിന്നെ ഒരു നാൾ
കൽബുർഗിക്കും പൻസാരെക്കും ഒപ്പം
ചുവരിൽ ഒരു ചിത്രമാവണം.
Generated from archived content: poem5_oct30_15.html Author: anju_ramachandran