മോർഫിങ്ങ്‌

വനജ നേരത്തെ ഉറക്കമുണർന്നു. ഇവിടെയെത്തിയതിന്‌ ശേഷം ഒരു രാത്രിപോലും വനജ തൃപ്‌തിയായി ഉറങ്ങിയിട്ടില്ല. ഈ മഹാനഗരവും ഉറങ്ങാറില്ല. ആലസ്യങ്ങളിൽ തല ചായ്‌ച്ച്‌ ഉറക്കമെന്ന പേരിൽ രാത്രികളെ പുണരുന്നു എന്നു മാത്രം. ദിനങ്ങളിലെ നൈരന്തര്യങ്ങളിലേക്കുള്ള ആലസ്യമാണ്ട പ്രവാഹത്തിന്റെ തുടക്കം മാത്രമാണ്‌ ഈ നഗരത്തിലെ പ്രഭാതങ്ങൾ.

കൊതുകുവലകൊണ്ട്‌ മൂടിയ ജനലിൽ കൂടി തെരുവുവിളക്കിലെ മഞ്ഞവെളിച്ചം ധാരാളമായി ആ കിടപ്പുമുറിയിൽ എത്തിയിരുന്നു. ആ വെളിച്ചത്തിൽ മുറിയിലെ എല്ലാ വസ്‌തുക്കളേയും വൃക്തമായിത്തന്നെ കാണാം. കിടപ്പുമുറിയിലെ സ്വകാര്യതയുടെ അപര്യാപ്‌തത വനജയെ ആദ്യദിവസങ്ങളിൽ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്‌. രണ്ടാം നിലയിലല്ലേ, കർട്ടൻ ഇല്ലെങ്കിലും വിരോധമില്ല എന്നായിരുന്നു ഉണ്യേട്ടന്റെ പ്രതികരണം. ഒരു കണക്കിന്‌ ഉണ്യേട്ടൻ പറയുന്നതും ശരിയാണ്‌, ആ ജനൽ മൂടിയിട്ടാൽ ഉള്ളിൽ പുഴുക്കം കൂടി വിമ്മിഷ്‌ടം വർദ്ധിക്കയേ ഉള്ളു.

അവൾ കട്ടിലിൽ കാൽ തൂക്കിയിട്ടിരുന്ന്‌ അഴിഞ്ഞ മുടി ഒതുക്കിക്കെട്ടി ചുവരിലേക്ക്‌ നോക്കി. ജനലിൽക്കൂടി പ്രവേശിക്കുന്ന മഞ്ഞവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഘടികാരത്തിൽ അവൾ സമയം വായിച്ചു – അഞ്ചേകാൽ. ടാപ്പുകളിൽ വെള്ളം വന്നുതുടങ്ങുവാൻ ഇനിയും പതിനഞ്ചു നിമിഷങ്ങൾ കൂടിയുണ്ട്‌. പാൽക്കാരന്റെ ബെല്ലിന്‌ മുപ്പത്തഞ്ച്‌ മിനുട്ട്‌, പേപ്പർകാരന്റെ ബെല്ലിന്‌ ഇനിയും അമ്പത്തഞ്ച്‌ മിനുട്ട്‌ …. അവൾ തുടർന്നോർത്തു. ഈ ചിന്ത ചെന്നവസാനിക്കുന്നത്‌ മനസ്സു മടുപ്പിക്കുന്ന ദിനചര്യകളിലാണ്‌. എട്ട്‌ അഞ്ചിന്‌ ഉണ്യേട്ടൻ ഷൂ പോളിഷ്‌ ചെയ്യാൻ ഇരിക്കുന്നു. എട്ട്‌ ഇരുപതിന്‌ ഉണ്യേട്ടൻ ജോലിക്കിറങ്ങുന്നു, ഒമ്പത്‌ ഇരുപതിന്‌ താഴെ പച്ചക്കറിക്കാരന്റെ ഉന്തുവണ്ടിയുടെ നീണ്ട മണിയടി, ഒമ്പത്‌ നാല്‌പതിന്‌ വേലക്കാരിയുടെ ബെല്ല്‌….. യന്ത്രത്തിന്റെ കൃത്യതയോടെ എന്നും അനുഭവിച്ചുപോരുന്ന ദിനചര്യ. വേലക്കാരി പണി തീർത്ത്‌ ഇറങ്ങുമ്പോൾ സമയം പത്തര. പിന്നീടുള്ള സമയങ്ങളുടെ നീണ്ട അന്തരാളമാണ്‌ ഏറെ മുഷിപ്പ.​‍്‌ നാട്ടിൽനിന്നും വരുമ്പോൾ റെയിൽവേസ്‌റ്റേഷനിൽ നിന്നും വാങ്ങിയ ചില വാരികകൾ കളയാതിരുന്നതു നന്നായി. ആവർത്തനവിരസതയുണ്ടെങ്കിലും, വല്ലാതെ മനസ്സു മടക്കുമ്പോൾ താളുകൾ മറിച്ചു മറിച്ചു മുഷിഞ്ഞുപോയ ആ പഴയ വാരികകൾ തന്നെ ശരണം.

വയ്യ, ഈ മുഷിപ്പ്‌ എന്നും അനുഭവിക്കാൻ വയ്യ. എന്തെങ്കിലും ഒരു വഴി കണ്ടെത്തിയേ പറ്റൂ. രാവിലെത്തന്നെ മുഷിപ്പ്‌ തന്നെ ഗ്രസിക്കുന്നതിൽ വനജക്ക്‌ എന്തെന്നില്ലാത്ത നീരസം തോന്നി. ഉണ്യേട്ടനെ ഇന്നും ഒന്നോർമ്മിപ്പിക്കണം. പരിചയക്കാരെ കണ്ടു സംസാരിച്ച്‌ എന്തെങ്കിലും ഒരു ജോലി സംഘടിപ്പിക്കണം.

വനജ കട്ടിലിൽ നിന്ന്‌ പതുക്കെ എഴുന്നേറ്റ്‌ കുടുസ്സായ ആ കിടപ്പുമുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ഉലാത്തി. ജനലിന്റെ പക്കൽ അല്‌പനേരം നിന്ന്‌ തെരുവിലെ പതിവുകാഴ്‌ചകൾ നോക്കിനിന്നു. പീടികത്തിണ്ണകളിൽ തലയോടുകൂടി മൂടിപ്പുതച്ചുറങ്ങുന്ന അഗതികളെ തൊട്ടുരുമ്മിക്കൊണ്ട്‌ തെരുവുനായ്‌ക്കളും വിശ്രമിക്കുന്നു. തെരുവിന്റ അറ്റത്ത്‌ സോഡിയം വിളക്കിനു താഴെ പത്രക്കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്നു. അതിനു ചുറ്റും പത്രവില്‌പനക്കാർ സൈക്കിളുകളുമായി തിക്കും തിരക്കും ഉണ്ടാക്കുന്നുണ്ട്‌. മൂട്‌ കരിപുരണ്ട ഒരു കെറ്റിലിൽ നിന്നും പകർത്തിക്കിട്ടുന്ന ചായ പല സോസറുകളിലുമായി പങ്കുവെച്ചു കുടിക്കുന്ന അവർ ഉച്ചത്തിൽ തമ്മിൽ കലഹിക്കുന്നുമുണ്ട്‌. തന്റെ വീട്ടിൽ പത്രമിടുന്ന പയ്യനേയും വനജ ആ കൂട്ടത്തിൽ കണ്ടു. തെരുവിന്റെ അങ്ങേവരിയിലുള്ള വീടുകളിൽ പത്രമെത്തിച്ചേ അവൻ ഈ ബ്ലോക്കിൽ പത്രമിടാൻ വരു.

കുറച്ചുനേരം തെരവുണരുന്നതും നോക്കി നിന്ന വനജക്ക്‌ വീണ്ടും മനസ്സിൽ ശൂന്യത തോന്നിത്തുടങ്ങി. ഇതെല്ലാം കഴിഞ്ഞ ഒരു മാസമായി സ്‌ഥിരമായി കാണുന്നതാണ്‌. പെട്ടെന്ന്‌ പുതുമയെല്ലാം നശിക്കുന്നതിൽ അവർക്ക്‌ വേവലാതി തോന്നി.

നാട്ടിലാണെങ്കിൽ എന്തു ഉന്മേഷമാണ്‌ പ്രഭാതങ്ങൾക്ക്‌! പക്ഷികളുടെ ചിലക്കൽ, മഞ്ഞുകൊണ്ട ഓട്ടിൻപുറത്തിന്റെ ഈർപ്പമുള്ള മണം, അമ്പലത്തിൽ നിന്നും മന്ത്ര

മായി ഒഴുകിവരുന്ന ഭക്തിഗാനങ്ങൾ…. ഇവയുടെയൊന്നും പുതുമ ഒരിക്കലും നശിക്കുന്നില്ല. കണ്ണു തുറന്ന്‌ എഴുന്നേക്കുന്നത്‌ ചൊറുചൊറുക്കോടുകൂടിയ ദിനചര്യകളിലേക്കാണ്‌. ഇവിടെയാകട്ടെ. നഗരത്തെ പുതപ്പിച്ചിരിക്കുന്ന മഞ്ഞവെളിച്ചത്തിനു മുകളിൽ ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ വന്നെത്തുന്ന നരച്ച പ്രഭാതങ്ങൾക്ക്‌ ഒരു രസവുമില്ല, ഉന്മേഷവുമില്ല.

ജനലിലെ വലയിൽ കൈ അറിയാതെ തട്ടിയപ്പോൾ പൊടി തൂളി. ഉയർന്ന പൊടി വനജക്ക്‌ അസ്വാരസ്യം ഉണ്ടാക്കി. ഇങ്ങനെയാണ്‌, എത്ര തുടച്ചാലും ഒരു ദിവസം കൊണ്ട്‌ വീണ്ടും പൊടിവന്നു മൂടുന്നു. അവൾക്ക്‌ തുമ്മൽ വന്നുവെങ്കിലും അടക്കിനിർത്തി. ഉണ്യേട്ടൻ ഉറങ്ങുകയാണ്‌……..ഉറങ്ങിക്കോട്ടെ…… ഉണർത്തണ്ട.

തിരികെ കട്ടിലിന്നടുത്തേക്കു വന്ന്‌ ചെരിഞ്ഞു കിടന്നുറങ്ങുന്ന ഗോവിന്ദനുണ്ണിയുടെ മുഖത്ത്‌ കുറച്ചുനേരം നിർന്നിമേഷയായി നോക്കിയിരുന്നു. നിഷ്‌ക്കളങ്കമായ മുഖം….. പാവം ഉണ്യേട്ടൻ!…… ശുദ്ധനും നല്ലവനുമാണ്‌ എന്റെ ഉണ്യേട്ടൻ.

അപ്പോൾ അവളുടെ മനസ്സിൽ കുഞ്ഞുങ്ങളോട്‌ തോന്നുന്ന പോലുള്ള വാത്സല്യം അലതല്ലി വന്നു. അവൾ മുഖം മെല്ലെ താഴ്‌ത്തി, ഗോവിന്ദനുണ്ണിയുടെ കവിളിൽ ഒരു ചുംബനം നൽകി.

ഞാന്നു കിടന്നാടിയ മാലയും പതക്കവും കഴുത്തിലും കവിളിലും ഉരസിയപ്പോൾ ഗോവിന്ദനുണ്ണി മെല്ലെ ഉണർന്നു. കണ്ണുതുറക്കുന്നതിനുമുമ്പെതന്നെ കവിളത്ത്‌ ചുംബനവുംകൂടിയായപ്പോൾ അയാൾ കണ്ണുതുറക്കാതെത്തന്നെ കിടന്നു. അരുത്‌…. രാവിലെത്തന്നെ ചീത്തവിചാരങ്ങളിലൂടെ മനസ്സിനെ നയിക്കരുത്‌…. കുഞ്ഞുനാളിൽ മുതലേ ഉരുക്കഴിച്ചുപോന്ന സദാചാരബോധങ്ങൾ ഗോവിന്ദനുണ്ണിയെ പെട്ടെന്ന്‌ കീഴടക്കുകയായിരുന്നു. ഉറങ്ങുകയാണെന്നുതന്നെ വനജ ധരിച്ചോട്ടെ. അടുത്ത ചുംബനവും കിട്ടും എന്ന മോഹത്തോടെ അയാൾ ഉറക്കമഭിനയിച്ച്‌ അനങ്ങാതെ കിടന്നു.

ഉണ്യേട്ടന്റെ കവിളിലെ തരിപ്പും കൈത്തണ്ടകളിലെ രോമഹർഷവും വനജ വേഗം തിരിച്ചറിഞ്ഞു. അവൾക്ക്‌ നാണം തോന്നി. ഉണ്യേട്ടൻ ഇപ്പോൾ തന്നെ വാരിപ്പുണരും എന്ന തോന്നലിൽ, ലജ്ജയിൽ പൊതിഞ്ഞ പുഞ്ചിരിയോടെ മുഖം വെട്ടിച്ച്‌ അവൾ ഉലഞ്ഞെഴുന്നേറ്റു, കിടക്കയിൽ കൈകുത്തിയിരുന്ന്‌ അവൾ ചുമലിനു മുകളിലൂടെ ഒന്ന്‌ എത്തിനോക്കി. ഭാഗ്യം! കട്ടിലിന്റെ ഞരക്കത്തിലും ഉണ്യേട്ടൻ ഉണർന്നിട്ടില്ല, അവൾ ആശ്വാസം പൂണ്ടു.

വനജ മെല്ലെയെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നു. ഇവിടെ വന്നതിനുശേഷം രാവിലെ എണീറ്റാലുടനെ ചായ കുടിക്കുന്ന സ്വഭാവം അപ്പാടെ നിന്നുപോയി. ഫ്രിഡ്‌ജ്‌ വാങ്ങിക്കഴിഞ്ഞിട്ടില്ലെങ്കിലും പാൽ നേരത്തെ എത്തുന്നതുകൊണ്ട്‌ ചായ ഉണ്ടാക്കാൻ വിഷമമൊന്നുമില്ല. പക്ഷേ ഉണ്യേട്ടൻ രാവിലെ കുളിച്ച്‌ പൂജ ചെയ്‌തശേഷമേ ചായ കുടിക്കു. ഉണ്യേട്ടൻ പങ്കുചേരാതെ, ഒറ്റക്ക്‌ ചായ ഉണ്ടാക്കി കുടിക്കാൻ ഒരു രസവുമില്ല.

തലേന്നത്തെ അത്താഴപ്പാത്രങ്ങൾ സിങ്കിൽ കുമിഞ്ഞു കുടിക്കിടക്കുന്നു. ഉണ്യേട്ടന്‌ ഈ പതിവും തീരെ ഇഷ്‌ടമല്ല. രാവിലെ എണീറ്റ്‌ എച്ചിൽപാത്രങ്ങൾ കഴുകുന്നതിലും അശ്രീകരമായി ഒന്നുമില്ലത്രെ! പക്ഷേ, ഒരു നിർവ്വാഹവുമില്ല. വൈകിട്ട്‌ എട്ടുമണിയ്‌ക്ക്‌ വെള്ളത്തിന്റെ വരവ്‌ നിലക്കുന്നു. ഉണ്യേട്ടൻ ഓഫീസിൽ നിന്നും തിരിച്ചെത്തുന്നത്‌ എട്ടരക്കും.

വനജ ടാപ്പ്‌ തുറന്നുനോക്കി. ഇല്ല, വെള്ളം ഇനിയും വന്നു തുടങ്ങിയിട്ടില്ല.

പെട്ടെന്ന്‌ ബെഡ്‌റൂമിലെ വിളക്കു തെളിഞ്ഞത്‌ വനജ ശ്രദ്ധിച്ചു. ഇന്ന്‌ ഉണ്യേട്ടനും നേരത്തെ ഉണർന്നിരിക്കുന്നു. ടാപ്പുകളിൽ വെള്ളം വന്നാൽ താൻ വിളിക്കയാണ്‌ സാധാരണ പതിവ്‌. ഈശ്വരാ…… അബദ്ധത്തിൽ താൻ ഉണർത്തിയതാണോ? ലജ്ജയുടെ നേരിയ പടലം ആ മുഖത്ത്‌ വീണ്ടും നിഴലിച്ചു.

“വെള്ളം വന്ന്വോ കുട്ടീ?” ഗോവിന്ദനുണ്ണി കിടപ്പറയിൽ നിന്നും വിളിച്ചു ചോദിച്ചു.

“ഇല്യ, ഉണ്യേട്ടാ……… അഞ്ച്‌ ഇരുപതേ ആയുള്ളു. പത്തു മിനുട്ട്‌ കൂടി സമയ്‌ംണ്ട്‌.”

ഗോവിന്ദനുണ്ണി എഴുന്നേറ്റ്‌ കിടക്ക തെറുത്ത്‌ കട്ടിലിന്റെ തലയ്‌ക്കൽ വെച്ചു.

വനജക്ക്‌ ഗോവിന്ദനുണ്ണിയുടെ ഈ സ്വഭാവം ആദ്യത്തിൽ കൗതുകം ഉണ്ടാക്കിയിരുന്നു. അവളുടെ വീട്ടിൽ കട്ടിലിലെ കിടക്കകൾ മടക്കിവെക്കുന്ന പതിവില്ല. കിടക്കകൾ മടക്കിവെച്ചില്ലെങ്കിൽ എന്താ ഇത്ര അശ്രീകരത്തം? ഉണ്യേട്ടന്റെ തറവാട്ടിൽ ഇപ്പോഴും പഴയ ചിട്ടകൾ പലതും തുടർന്നു പോരുന്നു.

“ഒരു പത്തു മിനുട്ടു കൂടി കെടന്നൂടേ ഉണ്യേട്ടാ? വെള്ളം വന്നിട്ട്‌ കളിക്കാൻ കേറ്യാ മതീട്ടോ. പിടിച്ചുവെച്ച വെള്ളത്തിന്‌ ഭയങ്കര തണുപ്പാണ്‌.”

കുറച്ചുനേരത്തിനു ശേഷം സീൽക്കാരശബ്‌ദത്തോടെ ടാപ്പിൽനിന്നും വെള്ളം ബക്കറ്റിൽ വീണു തുടങ്ങി. ഗോവിന്ദനുണ്ണി പല്ലുതേക്കാനായി കുളിമുറിയിലേക്കു കയറി.

ഗോവിന്ദനുണ്ണി കുളിച്ച്‌ പൂജക്കൊരുങ്ങി വന്നപ്പോഴേക്കും വനജ സിങ്കിലെ പാത്രങ്ങളെല്ലാം അടുക്കളയോടു ചേർന്ന ചെറിയ ബാൽക്കണിയിലേക്ക്‌ മാറ്റിയിരുന്നു. കഴുകലെല്ലാം വേലക്കാരി ചെയ്‌തുകൊള്ളും.

നന്നെ വീതികുറഞ്ഞ അടുക്കളയിൽ സിമെന്റിൽ വാർത്ത ഷെൽഫിന്റെ താഴത്തെ പടിയിലാണ്‌ ഗോവിന്ദനുണ്ണി പൂജക്കുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്‌… ചുമരിൽ വെച്ചിരിക്കുന്ന ചില ചിത്രങ്ങളും, പടിയിൽ ചുവപ്പുപട്ടു വിരിച്ച ചെമ്പുതളികയിൽ വെച്ചിരിക്കുന്ന വിഗ്രഹങ്ങളും അങ്ങിങ്ങു ചിതറിക്കിടക്കുന്ന പൂക്കളും മുനിഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ഒരു ദീപവും കൂടിയാവുമ്പോൾ ഗോവിന്ദനുണ്ണിയുടെ ശ്രീകോവിൽ ആയി. മന്ത്രോച്ചാരണങ്ങളോടേയും ആവാഹനത്തോടേയും മുക്കാൽ മണിക്കൂറോളം നീണ്ടു നിൽക്കുന്ന പൂജ അവസാനിക്കുന്നത്‌ അടുക്കളയിൽ കോണോടുകോൺ ചേർന്ന നമസ്‌കാരത്തോടെയാണ്‌. ഇതിനിടയിൽ വനജ പ്രാതലും ഗോവിന്ദനുണ്ണിക്കുള്ള ഉച്ചഭക്ഷണവും അടുക്കളയിൽ തയ്യാറാക്കുന്നു. ഗോവിന്ദനുണ്ണിയുടെ പുജക്ക്‌ തടസ്സം വരാതെ, ഒരു ട്രപ്പീസുകളിക്കാരുടെ മെയ്‌വഴക്കത്തോടെയാണ്‌ വനജ ഈ സമയം അടുക്കളയിൽ പെരുമാറുന്നത്‌.

പൂജക്കുശേഷം പ്രാതലിനോടൊപ്പം ചായയും കുടിച്ചശേഷം ഗോവിന്ദനുണ്ണി പതിവുപോലെ ഓഫീസിൽ പോകുവാൻ തയ്യാറായി. അപ്പോഴേക്കും വനജ ഉച്ചക്കുള്ള ചോറും കറികളും തയ്യാറാക്കിയിരുന്നു. നല്ല ചൂടുള്ള ലഞ്ച്‌ ബോക്‌സ്‌ ഗോവിന്ദനുണ്ണിയുടെ ബാഗിൽ വെക്കുന്ന സമയത്ത്‌ വനജ തരം പോലെ കെഞ്ചി.

“ഉണ്യേട്ടാ, ഇന്ന്‌ ഉച്ചക്കു ശേഷം ലീവെടുത്ത്‌ നേരത്തെ വരാൻ പറ്റ്വോ? എത്ര ദിവസായി അമ്പലത്തിൽ പോകാൻ നമ്മൾ ഒരുങ്ങീട്ട്‌? ഓഫ്‌ ഡേയിൽ പോകാൻ നടക്കണില്യ. എല്ലാ ഓഫ്‌ ഡേയിലും ഗസ്‌റ്റുണ്ടാവും, ആരെങ്കില്വായിട്ട്‌…… പ്ലീസ്‌, ഉണ്യേട്ടാ!………”

“നോക്കട്ടെ….. സേട്ടുവിന്റെ മുഡ്‌ അനുസരിച്ച്‌ ഇരിക്കും. ഏതായാലും കുട്ടി റെഡിയായി ഇരുന്നോളു, ട്ട്വോ………..” അയാൾ ഓഫീസിലേക്ക്‌ യാത്ര പുറപ്പെട്ടു.

ഒരു ബസ്സും പിന്നെ ഒരു സബർബ്ബൻ ട്രെയിനും കയറിയിട്ട്‌ വേണം ഗോവിന്ദനുണ്ണിക്ക്‌ ഓഫീസിലെത്താൻ. ഒരു ഇമ്പോർട്ട്‌ എക്‌സ്‌പോർട്ട്‌ കമ്പനിയിൽ സെക്രട്ടറിയാണ്‌ ഗോവിന്ദനുണ്ണി. അയാളുടെ മിടുക്കും സാമർത്ഥ്യവുമൊന്നുമല്ല സേട്ടുവിന്‌ മതിപ്പ്‌. ആത്മാർത്ഥതയും കൂറുമാണ്‌. ഗോവിന്ദനുണ്ണിയുടെ അമ്മാവൻ ഈ നഗരത്തിൽ കുറേ കാലം റിസർവ്വ്‌ ബാങ്കിൽ ഉന്നതപദവിയിൽ ഇരുന്നിരുന്നു. അദ്ദേഹം മുഖാന്തിരം ഒരുപാട്‌ ബന്ധുക്കളും പരിചയക്കാരുടെ മക്കളും ഈ നഗരത്തിലേക്ക്‌ ചേക്കേറി. അവരിൽ പലരും അന്യനഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറിയെങ്കിലും ഗോവിന്ദനുണ്ണി ഒരു വിശ്വസ്‌തനായ സിൽബന്തിയായി തുടക്കം മുതലേ ഈ സേട്ടുവിന്റെ കമ്പനിയിൽ തുടരുന്നു.

ഗോവിന്ദനുണ്ണിയുടെ അമ്മാമൻ വഴിയാണ്‌ വനജക്ക്‌ ഈ കല്യാണാലോചന വന്നത്‌, കുറച്ചുകൂടി വിദ്യാഭ്യാസയോഗ്യതയുള്ള ആളായിരിക്കണം വരൻ എന്ന അഭിപ്രായം വനജക്കുണ്ടായിരുന്നു. പക്ഷേ, വനജയുടെ വീട്ടുകാർക്ക്‌ ഗോവിന്ദനുണ്ണിയുടെ അമ്മാമനോടുള്ള മതിപ്പിലും ആദരവിലും ഈ അഭിപ്രായം പരിഗണനയിൽ വന്നതേ ഇല്ല.

വനജ ഗണിതത്തിൽ മാസ്‌റ്റേഴ്‌സ്‌ ബിരുദം നേടിയതിനു ശേഷം യൂണിവേഴ്‌സിറ്റി നേരിട്ടു നടത്തുന്ന ഒരു കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്‌സും പൂർത്തിയാക്കിയിരുന്നു. തന്റെ വിദ്യാഭ്യാസയോഗ്യതക്കു ചേർന്ന എന്തെങ്കിലും ഒരു ജോലി ചെയ്‌താൽ കൊള്ളാമെന്നുണ്ട്‌ വനജക്ക്‌. ഗോവിന്ദനുണ്ണിക്കും അതിൽ അഭിപ്രായവ്യത്യാസമൊന്നും ഇല്ല.

അടുത്തുള്ള സ്‌കൂളിൽ ടീച്ചർ തസ്‌തികയിലേക്ക്‌ ഒഴിവുണ്ടെന്ന്‌ വനജ അറിഞ്ഞു. ബി.എഡ്‌ഡ്‌ ബിരുദം നിർബ്ബന്ധമില്ല, പക്ഷേ ഭാഷ തടസ്സമാകുന്നു. കമ്പ്യൂട്ടർ തുറയിൽ ഏതെങ്കിലും ഒരു ജോലി കിട്ടണമെന്ന്‌ മോഹമുണ്ട്‌ വനജക്ക്‌. പക്ഷേ അതിന്‌ ഈ മേഖലയിൽ പരിചയവും കുറച്ചു പിടിപാടുകളും വേണം. ഓഫീസും വീടും മാത്രമായി കഴിയുന്ന ഉണ്യേട്ടന്‌ അതുണ്ടെന്ന്‌ വനജക്ക്‌ തോന്നുന്നില്ല.

അന്ന്‌ അമ്പലത്തിൽ വെച്ചു വനജ ഗോവിന്ദനുണ്ണിയുടെ സുഹൃത്തുക്കളും പരിചയക്കാരുമായി പലരേയും പരിചയപ്പെട്ടു. അവരിൽ ഒരാളായിരുന്നു ആർ.എസ്‌.മേനോൻ എന്നൊരു ചെറുപ്പക്കാരൻ. അദേഹം സ്വന്തമായി ഒരു റിക്രൂട്ടിംഗ്‌ കമ്പനി നടത്തുന്നു. മൾട്ടിനാഷണൽ സോഫ്‌ട്‌വെയർ കമ്പനികൾ ഇന്ത്യയിൽ പല കേന്ദ്രങ്ങളിലും നടത്തുന്ന പ്രവേശനപരീക്ഷകൾ നടത്തുന്നതിന്‌ ഒത്താശകൾ ചെയ്യുന്ന പല സ്‌ഥാപനങ്ങളിൽ ഒന്നാണ്‌ മേനോൻ നടത്തിവരുന്ന ഈ കമ്പനി. വനജ ഇദ്ദേഹത്തോട്‌ കൂടുതൽ നേരം സംസാരിച്ചിരിക്കുവാൻ താല്‌പര്യം കാണിച്ചു. കൂട്ടത്തിൽ തന്റെ ഡിപ്ലോമയെപറ്റി മേനോനോട്‌ സൂചിപ്പിക്കുകയും ചെയ്‌തു.

പ്രോഗ്രാമിംഗ്‌, ഇമേജ്‌ പ്രോസസ്സിംഗ്‌, കമ്പ്യൂട്ടർ എയ്‌ഡഡ്‌ ഡിസൈൻ മുതലായ വിഷയങ്ങൾ പഠിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ മേനോൻ ഒരു ജോലിയെക്കുറിച്ച്‌ അറിയിച്ചു. “ഇതൊരു സ്വകാര്യസ്‌ഥാപനമാണ്‌. മാത്രമല്ല രഹസ്യസ്വഭാവമുള്ള ജോലിയുമാണ്‌. ഇന്റലിജെൻസ്‌ ബ്യൂറോ, പോലീസ്‌ ഡിപ്പാർട്ട്‌മെന്റ്‌ മുതലായ സ്‌ഥാപനങ്ങളിലെ ജോലിയാണ്‌ ഏറിയ കൂറും ഇവർക്ക്‌ ലഭിക്കാറുള്ളത്‌. പറ്റിയ ആളുകളുണ്ടെങ്കിൽ അറീക്കണമെന്ന്‌ കഴിഞ്ഞ ആഴ്‌ചയാണ്‌ അതിന്റെ ഡയറക്‌ടർ പറഞ്ഞത്‌. കുട്ടിക്ക്‌ താല്‌പര്യമുണ്ടെങ്കിൽ ഞാൻ ചോദിച്ചു നോക്കാം.”

“അയ്യോ ശിവരാമാ…. അങ്ങനത്തെ ജോലിയൊന്നും വേണ്ട, ട്ടോ!” ഗോവിന്ദനുണ്ണി വിലക്കി “നോക്കൂ…. ഈ തെഹൽക്ക പോലത്തെ ജോലിയൊന്നും നമുക്ക്‌ പറ്റീതല്ല”.

“കേട്ടിട്ട്‌ ഇതങ്ങനത്തെ ജോലിയൊന്നുമല്ലാന്നാണ്‌ എനിക്ക്‌ തോന്നണെ.” വനജ അഭിപ്രായപ്പെട്ടു. “ഒന്നു പോയി നോക്ക്യാലെന്താ ഉണ്യേട്ടാ? ഒന്നു രണ്ട്‌ സ്‌ഥലത്ത്‌ പോയിനോക്ക്യാലല്ലെ എങ്ങനത്തെ ജോല്യാ കിട്ടാൻ ചാൻസ്‌ എന്നൊക്കെ അറിയാൻ പറ്റുള്ളു.” “ ഈ കുട്ടി പറേണതന്നെയാണ്‌ ശരി. ഇത്‌ നിങ്ങള്‌ വിചാരിക്കണ പോലത്തെയൊന്ന്വല്ല. സ്‌റ്റാർട്ടിംഗിൽതന്നെ നല്ല സ്‌കെയിലാ അവരടെ.”

“ഒന്നു പോയിനോക്കണോണ്ട്‌ കൊഴപ്പൊന്നുല്യല്ലോ.” വനജ ഉത്സാഹം കാണിച്ചു. “പോയിനോക്കീട്ട്‌ ശര്യാവുംന്ന്‌ തോന്നണില്ല്യാച്ചാപ്പോരേ വേണ്ടാന്ന്‌ വെയ്‌ക്കല്‌.”

“എന്നാ ഞാനിന്നന്നെ അങ്ങോരോട്‌ സംസാരിക്കാം, ല്ലേ?” മേനോന്‌ വനജയുടെ പെരുമാറ്റത്തിലും മിടുക്കിലും മതിപ്പു തോന്നി. “ചെലപ്പൊ നാളെത്തന്നെ റെഡ്യായിട്ട്‌ ഇരിക്കണ്ടിവരും, ട്ടൊ. പുള്ളി അങ്ങന്യാ…. തൃപ്‌തിയായിച്ചാ ഒക്കെ വേഗം കഴിയും. അങ്ങന്യാ അങ്ങേരുടെ നേച്ചറ്‌, എങ്ങന്യാ നിങ്ങളെ അറീക്കേണ്ടേ?”

ഗോവിന്ദനുണ്ണി അവരുടെ അയല്‌പക്കക്കാരന്റെ ഫോൺ നമ്പർ മേനോന്‌ കൊടുത്തു.

വനജക്ക്‌ സഹായത്തിനായി പിറ്റേന്ന്‌ കൂടി ഗോവിന്ദനുണ്ണിക്ക്‌ അവധിയെടുക്കേണ്ടിവന്നു.

കമ്പനി ഡയറക്‌ടർ സുദീപ്‌ ബോസ്‌ മാത്രമേ വനജയെ ഇന്റർവ്യൂ ചെയ്യുവാൻ ഉണ്ടായിരുന്നുള്ളു. ഗോവിന്ദനുണ്ണിയും വനജയും ബോസിന്റെ ക്യാബിനിലേക്ക്‌ അനയിക്കപ്പെട്ടു.

ഇമേജ്‌ പ്രോസസ്സിംഗിനെ കുറിച്ചുള്ള ചോദ്യങ്ങളോടെയാണ്‌ ഇന്റർവ്യൂ ആരംഭിച്ചത്‌. ഗണിതശാസ്‌ത്രത്തിന്റെ നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊണ്ട ഒരു പ്രോജക്‌ട്‌ ആണ്‌ വനജ ഡിപ്ലോമക്കു വേണ്ടി ചെയ്‌തിരുന്നത്‌ എന്നറിഞ്ഞപ്പോൾ ബോസിനു താല്‌പര്യം വർദ്ധിച്ചു.

വനജയുടെ കമ്പ്യൂട്ടർ വിജ്ഞാനവും പാഠ്യമണ്‌ഡലവും ബോസിന്‌ തന്നെ ബോധിച്ചു. അതിനെ തുടർന്ന്‌ ജോലിയുടെ വിശദാംശങ്ങളെക്കുറിച്ച്‌ വിസ്‌തരിച്ച്‌ പറഞ്ഞകൊടുക്കാൻ അദ്ദേഹം തല്‌പരനനായി. ഇന്റലിജൻസ്‌ വിഭാഗത്തിനും പോലീസിനും തനതായ അനലറ്റിക്‌ വിംഗ്‌ ഉണ്ടെങ്കിലും ചില രഹസ്യസ്വഭാവമുള്ള ജോലികൾ അവർ ഈ സ്‌ഥാപനത്തെ ഏല്‌പിക്കാറുണ്ട്‌. ഡി.എൻ.എ. വിരലടയാളങ്ങൾ, സിറ്റി മാപ്പുകൾ, ഭൂപടങ്ങൾ മുതലായ ഡിപ്പാർട്ട്‌മെന്റ്‌ സൂക്ഷിക്കുന്ന ഡാറ്റാ ബാങ്കിന്റെ വ്യാപ്‌തിയും ആഴവും വളരെ വിപുലമാണ്‌. വെബ്ബ്‌ വഴി ഈ രഹസ്യ ഡാറ്റ കൈമാറ്റം ചെയ്യുമ്പോൾ അതീവ സുരക്ഷാനിലപാടുകൾ കൈവരിക്കേണ്ടതുണ്ട്‌. അതിനുവേണ്ട എൻക്രിപ്‌റ്റിംഗ്‌ സമ്പ്രദായങ്ങൾ വിപുലവും കുറ്റമറ്റതും ആയിരിക്കണം. ഇതു ഈ കമ്പനിയുടെ പ്രധാന ചുമതലകളിൽ ഒന്നാണ്‌.

വനജയുടെ ജോലി ഈ മേഖലയിലായിരിക്കും. വനജയുൾപ്പെടെ മൂന്നുപേർ ഈ പ്രോജക്‌ടിൽ ഉണ്ടായിരിക്കും. പക്ഷേ, തുടക്കത്തിൽ തന്നെ ആ തസ്‌തികയിൽ ആയിരിക്കില്ല നിയമനം. അടിയന്തിരസ്വഭാവമുള്ളതും, ക്ലിപ്‌തകാലാവധിയിൽ തീർക്കേണ്ടതുമായ ഒരു പ്രോജക്‌ട്‌ ഈയിടെയായി കമ്പനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ആദ്യത്തെ ആറുമാസം ഈ ജോലിയിലേക്കായിരിക്കും നിയമനം. ആ ജോലിയുടെ സ്വഭാവവും ബോസ്‌ വിശദീകരിച്ചുകൊടുത്തു.

ഒരേ വസ്‌തുവിന്റെ രണ്ട്‌ ഛായാപടങ്ങളിലെ തദാത്മ്യം മനുഷ്യമസ്‌തിഷ്‌ക്കം എളുപ്പത്തിൽ കണ്ടുപിടിക്കുന്നു. എങ്കിലും യന്ത്രങ്ങളുടെ പ്രോസസ്സിംഗ്‌ ഭാഷയിൽ അത്യന്തം ദുഷ്‌ക്കരമായ ഒരു ജോലിയാണിത്‌. ഒരുപാട്‌ ‘വെക്‌ടർ ട്രാൻസ്‌ഫോർമേഷനുകളിലൂടെ പടങ്ങളുടെ വിവിധ പാർശ്വവീക്ഷണങ്ങൾ പുനർന്നിർമ്മിക്കുകയും, ഓരോ ഘട്ടങ്ങളിലും രണ്ടു ഛായകൾ തമ്മിലുള്ള ചേർച്ച തിട്ടപ്പെടുത്തുകയും, ആ വിധത്തിൽ കോൺഫിഡൻസ്‌ ഇൻഡക്‌സ്‌ നിർണ്ണയിക്കുകയുമാണ്‌ ഈ പ്രക്രിയയുടെ യന്ത്രഭാഷ. വിരലടയാളങ്ങൾ താരതമ്യം ചെയ്യുന്നതും ഏതാണ്ടിതേ രീതിയിൽ തന്നെ. ത്രിമാനതലത്തിൽ ഇത്തരത്തിലുള്ള ട്രാൻസ്‌ഫൊർമേഷനുള്ള സാദ്ധ്യതകൾ അനന്തമാണെന്നിരിക്കേ, മനുഷ്യബുദ്ധിക്ക്‌ സമാനമായ യുക്തി ഈ വഴികൾ തരിഞ്ഞെടുക്കേണ്ടതിലേയ്‌ക്ക്‌ ആവശ്യമായി വരുന്നു. യന്ത്രഭാഷയിൽ പറഞ്ഞാൽ, എഫിഷ്യന്റ്‌ അൽഗോരിതം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ എന്ന മേഖലയായും ഇത്തരം ഗവേഷണങ്ങൾക്ക്‌ ബന്ധമുണ്ട്‌.

“ചുരുക്കി പറഞ്ഞാൽ, അനിമേഷൻ ചലച്ചിത്രങ്ങളിലും മറ്റുമുപയോഗിച്ചുവരുന്ന മോർഫിംഗ്‌ തന്നെ”, ബോസ്‌ തുടർന്നു. “ ശരിക്കും മോർഫിംഗ്‌ അല്ല അതിന്റെ ഒരു വകഭേദം എന്നുപറയാം. ഇവിടത്തെ പ്രധാന വ്യത്യാസം രണ്ട്‌ പടങ്ങൾ തമ്മിലുള്ള ചേർച്ച ഓരോ ഘട്ടത്തിലും തുലനം ചെയ്യേണ്ടിവരും എന്നതാണ്‌. അതിനെ കുറ്റമറ്റതും, കാര്യക്ഷമവുമാക്കുക എന്നതാണ്‌ ഇപ്പോൾ ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന പുതിയ പ്രോജക്‌ട്‌. ഈ പ്രോജക്‌ടിലേക്കായിരിക്കും ഇപ്പോൾ നിയമനം.”

ഗോവിന്ദനുണ്ണി ഒന്നും മിണ്ടാതെ ഇരിപ്പാണ്‌. അതുവരെ ചർച്ച ചെയ്‌തിരുന്ന വിഷയങ്ങളുടെ സാങ്കേതികവശമൊന്നുംതന്നെ ഗോവിന്ദനുണ്ണിക്ക്‌ മനസ്സിലായില്ല. ഒരു കൂസലുമില്ലാതെ ബോസിനോട്‌ സംസാരിച്ചിരിക്കയും, അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക്‌ പതറാതെ മറുപടി നൽകുകയും ചെയ്‌തിരുന്ന തന്റെ ഭാര്യയുടെ മുഖത്ത്‌ അദ്ദേഹം കൗതുകത്തോടും അഭിമാനത്തോടും കൂടി നോക്കിയിരുന്നു.

“ഈ സോഫ്‌റ്റ്‌വെയർ വികസിപ്പിച്ച്‌ എടുക്കുക മാത്രമല്ല പ്രോജക്‌ട്‌. രേഖകളുടെ പരിശോധനയിലും ഡിപ്പാർട്ടുമെന്റുകളെ സഹായിച്ചുകൊണ്ടിരിക്കണം. സൊ ടൂ സെ, ഔട്ട്‌ സോഴ്‌സിംഗ്‌ ഓഫ്‌ ലേബർ….. ബട്ട്‌ ഓൺ ക്ലാസ്സിഫൈഡ്‌ ഡൊമൈൻ. ഇൻ ആൾ റെസ്‌പെക്‌ട്‌ ഇറ്റ്‌സ്‌ എ ചാലഞ്ചിംഗ്‌ ടാസ്‌ക്ക്‌….. വെരി ചാലഞ്ചിംഗ്‌!” ബോസ്‌ പറഞ്ഞു നിർത്തി.

“അയാം റെഡി റ്റു അക്‌സെപ്‌റ്റ്‌ ദ ചാലഞ്ച്‌!” വനജ ഇതെങ്ങിനെ പറഞ്ഞുതീർത്തുവെന്ന്‌ അവൾക്കുതന്നെ മനസ്സിലായില്ല.

വനജയുടെ കഴിവിൽ സംതൃപ്‌തനായ ബോസ്‌ തുടർന്നു. “ശരി, നിങ്ങൾക്ക്‌ നാളെത്തന്നെ ജോലിയിൽ പ്രവേശിക്കാം. ഒരാഴ്‌ചത്തെ ട്രെയിനിംഗ്‌ , ഇവാല്യുവേഷനുശേഷമേ സ്‌ഥീരീകരിക്കുള്ളു. പിന്നെ, ജോലിയുടെ രഹസ്യസ്വഭാവത്തെപ്പറ്റി നിങ്ങളെ പ്രത്യേകിച്ച്‌ ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ. ഡാറ്റ എൻട്രിയാണ്‌ ജോലി എന്നേ നിങ്ങൾ മറ്റുള്ളവരോട്‌ പറയാവൂ.” ഗോവിന്ദനുണ്ണിയടെ നേരെ നോക്കി ബോസ്‌ തുടർന്നു….“നിങ്ങളും!”

ഉരുളയിൽ കല്ലു കടിച്ചപോലെ തോന്നി ഗോവിന്ദനുണ്ണിക്ക്‌. എന്താണ്‌ ഈ രഹസ്യസ്വഭാവം? ഈശ്വരാ….. അപകടങ്ങളുടെ വഴിയിലേക്കാണോ ഇറങ്ങിത്തിരിക്കുന്നത്‌?

“ദൊരു ശര്യല്ലാത്ത ജോലി പോലയാണ്‌ എനിക്ക്‌ തോന്നണേ. ദ്‌ വേണ്ടാക്ക്യാ ഭേദംന്ന്‌ തോന്ന്‌ണു. ”കമ്പനിയുടെ പടിയിറങ്ങുമ്പോൾ ഗോവിന്ദനുണ്ണി അഭിപ്രായപ്പെട്ടു.

“ഉണ്യേട്ടന്‌ അങ്ങന്യേ തോന്ന്യേ!?” വനജ അത്ഭുതം പൂണ്ടു. “ഉണ്യേട്ടന്‌ ഈ ജോലിയെപ്പറ്റി ഒന്നും അറിയാത്തോണ്ടാ….. ഞാൻ ഇതുവരെ പഠിച്ച വിവരൊക്കെ ഇതിലും നന്നായി ഉപയോഗിക്കാൻ പറ്റണ വേറൊരു ജോലിണ്ടാവും എന്ന്‌ എനിക്ക്‌ തോന്നണില്യ.”

ഗോവിന്ദനുണ്ണി നിശ്ശബ്‌ദനായി. എങ്കിലും ലോക്കൽ ട്രെയിനിൽ അടുത്തിരുന്നു യാത്ര ചെയ്യുമ്പോൾ അയാൾ വീണ്ടും അഭിപ്രായപ്പെട്ടു.

“നമുക്ക്‌ നമ്മൾടെ കാര്യങ്ങളെന്നെ നേര്യാക്കാൻ പറ്റണില്യ, ന്നട്ടാ! ദൊന്നും ശര്യാന്ന്‌ എനിക്ക്‌ തോന്നണില്യാന്നേ ഞാൻ പറഞ്ഞുള്ളു. ആരാന്റെ വേലിക്കല്‌ കെടക്കണ പാമ്പിനെ സ്വന്തം തൊടീല്‌ക്ക്‌ ഇട്‌​‍്വാന്നൊക്കെ കേട്ടിട്ടില്യേ….. ഇന്യൊക്കെ കുട്ട്യന്നെ തീരുമാനിച്ചോളൂ……”

“അങ്ങനെ പേടിക്കാനൊന്നൂല്യ, ഉണ്യേട്ടാ, അവടെ വേറേം ആൾക്കാരൊക്കെ ജോലി ചെയ്യണില്യേ?” വനജ ഗോവിന്ദനുണ്ണിയെ സമാധാനിപ്പിച്ചു. “രണ്ടുമൂന്നു കൊല്ലങ്ങളായില്യേ അവർ ഈ ജോലി തൊടങ്ങീട്ട്‌? എന്തെങ്കിലും ഇതുവരെ പറ്റീട്ടുണ്ടോ?” കുറച്ചുനേരത്തിനുശേഷം വനജ ചിരിച്ചുകൊണ്ട്‌ തുടർന്നു. “ഉണ്യേട്ടൻ പറേണ പോല്യാണെങ്കിൽ ഈ പോലീസ്‌ ഡിപ്പാർട്ട്‌മെന്റൊക്കെ അടച്ചുപൂട്ടേണ്ടിവരൂലോ!”

“ഇപ്പൊ വേണ്ട, കുട്ടീ നമക്കീ വർത്തമാനം പറയൽ….” ഗോവിന്ദനുണ്ണി അങ്ങുമിങ്ങും നോക്കിക്കൊണ്ട്‌ പതുക്കെ മന്ത്രിച്ചു. “വീട്ടിലെത്തട്ടെ, ന്നട്ട്‌ മതി!”

ഗോവിന്ദനുണ്ണിയുടെ മനസ്സിൽ ഉയർന്ന ഭീതി നഗരത്തിലെ അധോലോകത്തെക്കുറിച്ചായിരുന്നു. എത്ര ഗോപ്യമായാലും ഇത്തരം പ്രവർത്തനങ്ങൾ അവരുടെ ശ്രദ്ധയിൽ പെടാതെ വരുമോ? അധോലോകത്തെയും അവരുടെ കരുത്തിനെക്കുറിച്ചും വനജയോട്‌ സൂചിപ്പിക്കാൻ പോലും ഭയന്ന്‌, അയാൾ വണ്ടിയിൽ വിഷണ്ണനായി നിമിഷങ്ങൾ കഴിച്ചുകൂട്ടി.

“കുട്ടീ, ആരടെ പടങ്ങളാണ്‌ ഇങ്ങനെ പ്രോസസ്സ്‌ ചെയ്യേണ്ടി വര്യാ?” വീട്ടിൽ തിരിച്ചെത്തിയശേഷം അറച്ചറച്ച്‌ അയാൾ വനജയോടു ചോദിച്ചു.

“കള്ളമ്മാരടേം തെമ്മാടികൾടേം…. അല്ലാണ്ടാരട്യാ? പേടിക്കണ്ട, ഉണ്യേട്ടാ…. നമ്മള്‌ അറിയണ ആരടേം പടം ണ്ടാവില്ല!” വനജ ചിരിച്ചുകാണ്ടു മറുപടി പറഞ്ഞെങ്കിലും ആ ചിരിയിൽ ഗോവിന്ദനുണ്ണിക്ക്‌ പങ്ക്‌ചേരാനായില്ല. എന്തിനെക്കുറിച്ചാണ്‌ പേടിയെന്ന്‌ വനജയോട്‌ പറയണമെന്നുണ്ട്‌, പക്ഷേ അതു ചങ്കിൽത്തന്നെ തടഞ്ഞുനിൽക്കുന്നു.

പിറ്റേന്ന്‌ ഗോവിന്ദനുണ്ണി ഓഫീസിലിറങ്ങുന്ന സമയത്ത്‌ വനജയും പുതിയ ജോലിസ്‌ഥലത്തേക്ക്‌ ഒരുങ്ങിയിറങ്ങി.

“കുട്ടീ, പരദേവതകളെയൊക്കെ നന്നായി തൊഴുത്‌ ഇറങ്ങിക്കോളൂ, ട്ട്വോ, അവര്‌ നിരീച്ചാ നേര്യാവാത്തത്‌ ഒന്നൂല്യ.” ഗോവിന്ദനുണ്ണി പറഞ്ഞു. “പണിക്കാരി ഇനി മൊതല്‌ രാത്രി വന്നോട്ടെ, ല്ലേ? നോക്കൂ, അവരോടൊന്നും ഇന്ന കമ്പനീലാ ജോലീന്നൊന്നും പറേണ്ടാട്ടൊ. ഇന്നലെ ഇന്റർവ്യൂ കഴിഞ്ഞപ്പൊ ആ വിദ്വാൻ പറഞ്ഞതോർമ്മേല്യേ?”

ഓഫിസിലേക്ക്‌ യാത്ര ചെയ്‌തിരുന്ന ഗോവിന്ദനുണ്ണിയുടെ മനസ്സിൽ ആധി പെരുകിവന്നു. മനസ്സ്‌ എപ്പോഴും വേണ്ടാത്ത വിചാരങ്ങളിൽ ഏർപ്പെടുന്നു. എത്ര ശ്രമിച്ചാലും അതിൽ നിന്നും വിടുവിക്കാൻ കഴിയുന്നില്ല.

എപ്പോഴും ശ്രദ്ധിക്കപ്പെടുന്നു എന്നൊരു തോന്നൽ അയാളുടെ സഹചാരിയായിത്തീർന്നു. എന്നാൽ അതൊട്ടു വനജയോടു പറയാനും കഴിയുന്നില്ല. വനജയോടെന്നല്ല, ആരോടും.

അന്നൊരു ദിവസം ഭയചികിതനായാണ്‌ ഗോവിന്ദനുണ്ണി ഓഫീസിൽ നിന്നും വന്നത്‌. അന്നത്തെ മിഡ്‌-ഡേ പത്രത്തിൽ വന്ന വാർത്ത അയാളെ ഏറെ ഭയപ്പെടുത്തി. നഗരത്തിലെ ഒരു പ്രധാന കെട്ടിടനിർമ്മാതാവിനെ വാടകക്കൊലയാളികൾ പട്ടാപ്പകൽ വെടിവെച്ചു കൊന്നിരിക്കുന്നു. ഒരു നാൽക്കവലയിൽ, ട്രാഫിക്‌ നിഗ്നലിനുവേണ്ടി കാത്തുകിടന്നിരുന്ന മെഴ്‌സിഡീസ്‌ ബെൻസിനു നേരെയാണ്‌ മോട്ടോർ സൈക്കിളിൽ പിന്തുടർന്നിരുന്ന കൊലയാളികൾ നിറയൊഴിച്ചത്‌. അധോലോകത്തിന്‌ മാസപ്പടി നൽകാഞ്ഞതിനുള്ള ശിക്ഷ.

പത്രം വായിച്ച ഉടനെ, ഗോവിന്ദനുണ്ണി സേട്ടുവിനെ കണ്ട്‌ നല്ല ദേഹസുഖമില്ല എന്നു പറഞ്ഞ്‌ വീട്ടിലേക്ക്‌ ഇറങ്ങി.

വനജ ഓഫീസിൽ നിന്നും തിരിച്ചെത്തിയിട്ടില്ല. ഭഗവാനേ…. ആപത്തൊന്നും വരുത്തല്ലേ… ഗോവിന്ദനുണ്ണി മനസ്സുരുകി പ്രാർത്ഥിച്ചു.

“കുട്ടി എവട്യായിരുന്നു ഇത്ര നേരം? ഓഫിസ്‌ വിട്ടാ നേരെ വീട്ടില്‌ വന്നൂടെ?” കുറച്ചുനേരത്തിനു ശേഷം വന്നെത്തിയ വനജയെ ഗോവിന്ദനുണ്ണി ശാസിച്ചു.

“ദ്‌ നല്ല കൂത്ത്‌! ഞാൻ സാധാരണ വരണ സമയം തന്ന്യല്ലേ ഇത്‌? ഉണ്യേട്ടനെന്താ ഇന്ന്‌ നേർത്തെ വന്നേ? സുഖല്യേ? മൊഖം വല്ലാണ്ടെ ഇരിക്കണ്‌ണ്ടല്ലോ!”

“എന്തോ ഒരു സുഖല്യ, ഇന്ന്‌. കുറച്ചു സമയത്തിനുശേഷം ഗോവിന്ദനുണ്ണി തുടർന്നു. ”കുട്ടീ, ജോലീന്ന്‌ പറഞ്ഞാ പൈസാ….. പൈസാന്ന്‌ മാത്രല്ല. അതിനപ്പറോം ചെലത്‌ണ്ട്‌.“

”ദെന്താ ന്ന്‌ ഉണ്യേട്ടന്‌ പറ്റ്യേ? എന്താ ഇങ്ങന്യൊക്കെ തോന്നണത്‌?“ വനജ അത്ഭുതം പൂണ്ടു. ”ന്നാലും ഉണ്യേട്ടൻ പറേണത്‌ ശര്യന്ന്യാ! പൈസ മാത്രല്ല… മനസ്സെണങ്ങണ ഒരു ജോലി, അതൊരു ഭാഗ്യന്ന്യാ.“

ഗോവിന്ദനുണ്ണി പറയാനൊരുങ്ങിവന്ന വിഷയത്തിന്റെ മുനയൊടിഞ്ഞു എങ്കിലും എല്ലാ ശക്തിയും ആവാഹിച്ചെടുത്ത്‌ അയാൾ പറഞ്ഞു.

”എനിക്ക്‌ തോന്നാ, കുട്ടി ഈ ജോലിയൊന്നു മാറണം,ന്ന്‌…..“

”അയ്യോ!…… എന്തൊക്ക്യാ ഈ ഉണ്യേട്ടൻ പറേണേ? ഞാൻ ജോലി പഠിച്ചു വരണല്ലേള്ളു, ഉണ്യേട്ടാ. അപ്ലയ്‌ക്കന്നെ മാറാനോ? നല്ല രസള്ള ജോലി എനിക്കെവിടെ കിട്ടാനാ? ഭാഗ്യം കൊണ്ടാ ഇത്‌ കിട്ടീതന്നെ!“

തുടർന്നൊന്നും പറയുവാനുള്ള കരുത്ത്‌ ഗോവിന്ദനുണ്ണിക്കുണ്ടായില്ല. സംസാരം അങ്ങനെ പകുതി വഴിയിൽ നിന്നു.

ഗോവിന്ദനുണ്ണിയുടെ ദേഹത്ത്‌ തോട്ടുനോക്കി വനജ പറഞ്ഞു. ”പനീണ്ട്‌ന്നൊന്നും തോന്നണില്യ. ചെലപ്പൊ, ഉള്ളില്‌ പനീണ്ടാവും. നെറ്റി വെയർത്തടക്ക്‌ണു…… കഞ്ഞി മതീല്ലേ, ന്ന്‌ രാത്രി?“

അന്നു രാത്രി കഞ്ഞിയും കരുമുളകു കഷായവും കഴിച്ച്‌ കിടന്ന ഗോവിന്ദനുണ്ണിക്ക്‌ ഉറക്കം വന്നില്ല. കാപാലികർ ഇരുമ്പുലാടനടിച്ച കനത്ത ബൂട്ടിട്ട്‌ തങ്ങളുടെ ഫ്‌ളാറ്റിനു ചുറ്റും നടക്കുന്ന പോലെ അയാൾക്ക്‌ തോന്നി. ഉള്ളിലെ കുരുമുളകു കഷായം വിയർപ്പിന്‌ ആക്കം കൂട്ടി.

ചുമരിലെ ആണിയിൽ തൂക്കിയിട്ട ഉണ്ണികൃഷ്‌ണന്റെ കാളിയമർദ്ദനഫോട്ടോ നോക്കി ഉയർന്ന ഹൃദയമിടിപ്പോടെ ഗോവിന്ദനുണ്ണി കട്ടിലിൽ കിടന്നു. കാളിയന്റെ ഓരോ ഫണവും, തന്റെ പന്ഥാവിൽ കരിനിഴൽ വീഴ്‌ത്തുന്ന പോലെ അയാൾക്ക്‌ തോന്നി.

കുറേ നേരം അയാൾ കണ്ണും തുറന്നു കിടന്നു. വനജ അരികിൽ തളർന്നുറങ്ങുന്നു.

രാത്രിയിലെ യാമമേറെ ചെന്നപ്പോൾ തളർന്ന മനസ്സും ശരിരവും അയാളെ പതുക്കെ നിദ്രയുടെ കൊട്ടാരവാതിൽക്കലെത്തിച്ചു.

ഉയർന്ന ഹൃദയമിടിപ്പും ക്ഷീണവും കൂടി ഘനരൂപം പ്രാപിച്ച്‌, ക്രമേണ ആ ദേഹത്തിൽ നിന്നും തൈരിൽ നിന്നും വെണ്ണ എന്നപോലെ വേർപെട്ടു. ഉപരിതലത്തിലേയ്‌ക്ക്‌ പൊന്തിവന്ന ഈ ഘനരൂപം ഒരു അരിപ്രാവിന്റെ രൂപം കൈക്കൊണ്ട്‌, കൊട്ടാരത്തിന്റെ തുറന്നിട്ട ജാലകത്തിന്റെ പാളിയിൽ പാറിവന്നിരിപ്പുറപ്പിച്ചു. നിനക്കാതിരിക്കുമ്പോൾ പൊട്ടിയ ഒരു വെടിയൊച്ചയിൽ ഈ പ്രാവ്‌ പെട്ടെന്ന്‌ പറന്നുയരാൻ തുടങ്ങി. ഇരുട്ടിൽ കുറേ നേരം പറന്ന്‌ ചിറകുകൾ കഴച്ച ആ അരിപ്രാവ്‌ ഒടുവിൽ കുഴഞ്ഞ്‌ ഒരു മരക്കമ്പിൽ ഇരിപ്പുറപ്പിച്ചു. തലയുയർത്തി നോക്കിയപ്പോൾ, ചില്ലകൾക്കിടയിലൂടെ ആകാശത്തുണ്ടിൽ കാണപ്പെട്ട നീലജാലകത്തിൽ അങ്ങിങ്ങായി താരകങ്ങൾ മിന്നിത്തുടക്കുന്നതു കാണായി. കൂടെക്കൂടെ കൺചിമ്മുന്ന താരങ്ങൾ സ്‌ക്രീനിൽ പിക്‌സെൽ ആയിസ്‌ഥാനമുറപ്പിക്കുന്നു. കാണെക്കാണെ മരിച്ചുപോയ അമ്മ ജാലകത്തിൽ മോർഫ്‌ ചെയ്യപ്പെട്ടു.

”ഉണ്ണീ!…………“ മന്ദസ്‌മിതം തൂകി അമ്മ മകനെ ആശ്ലേഷിച്ചു.

”അമ്മേ, എനിക്ക്‌ പേടിയാവ്‌ണു…..“ അമ്മയുടെ മടിയിൽ തല ചേർത്ത്‌ ഗോവിന്ദനുണ്ണി പറഞ്ഞു.

”ഉണ്ണി, നീ ഉറങ്ങാൻ കെടക്കണേനു മുമ്പ്‌ അർജ്ജുനഃ ഫൽഗുനഃ ജിഷ്‌ണു ചൊല്ലാറില്യേ?“ അമ്മ മകന്റെ മുടി വിറങ്ങലിച്ച വിരലുകൾ കൊണ്ടു മാടിയൊതുക്കിക്കൊണ്ട്‌ ചോദിച്ചു.

”ഉവ്വ്‌, അമ്മേ…. എനിക്ക്‌ ന്നട്ടും യ്‌ക്ക്‌ പേടി മാറ്‌ണില്യ……“

”എന്തിനാ ഉണ്ണീ നീയിങ്ങനെ പേടിക്കണത്‌? നമ്മളാരെയും ദ്രോഹിച്ചിട്ടൊന്നുല്യല്ലോ? മടീല്‌ കനള്ളോനല്ലേ വഴീല്‌ പേടിക്കണ്ടൂ?“

”അമ്മേ, ഞാനൊരിക്കലും നമ്മുടെ കുലധർമ്മം വിട്ടിട്ട്‌ ജീവിച്ചിട്ടില്യ. ആർക്കും ഒരു ദ്രോഹോം ചെയ്‌തിട്ടില്യ. ന്നട്ടും എന്തിനാ അമ്മേ അവര്‌ നമ്മളെ വേട്ടയാടണേ?“

”അവരൊന്നും നമ്മളെ ഒന്നും ചെയ്യില്യ…. അവർക്കതാവൂല്യ, ഒട്ടും പേടിക്കണ്ട, ട്ടോ ഉണ്ണി. എത്ര കാലായി നമ്മള്‌ തലമൊറ തലമൊറയായി ’കുലം ച കുലധർമ്മം ച മാം ച പാലയ പാലയ‘ ചൊല്ലി തൃപ്പാവ്‌ങ്കലമ്മയെ നമസ്‌ക്കരിക്കണു? അമ്മ കാക്കാണ്ടെരിക്കല്യ, നമ്മളെ!“

അമ്മയുടെ വിരലുകൾ മുടിയിലോടി ആ സാന്ത്വനത്തിൽ, നെഞ്ചിൽ നിന്നും വലിയ ഒരു കല്ല്‌ താഴത്തേക്കു മാറ്റിയപോലുള്ള ഒരു ലാഘവം ഗോവിന്ദനുണ്ണിക്ക്‌ അനുഭവപ്പെട്ടു. പതുക്കെപ്പതുക്കെ ആ വിരലുകൾക്ക്‌ മൃദുത്വവും ഊഷ്‌മളതയും ഉണ്ണിക്ക്‌ അനുഭവപ്പെട്ടുതുടങ്ങി. ആ വിരലുകൾ നെറ്റിയിലും കവിളിലും പിന്നെ മെല്ലെ കഴുത്തിലും എത്തിയപ്പോൾ ഗോവിന്ദനുണ്ണി ഉണർന്നു.

”സോറി, ഉണ്യേട്ടാ….. ഞാൻ ഒണർത്തി, ല്ലേ? വനജ പറഞ്ഞു. “ഞാൻ കെടന്നപ്പഴേക്കും ഒറങ്ങിപ്പോയി. ഉണ്യേട്ടന്‌ ഇപ്പൊ പനിയൊന്നും തോന്നണില്യല്ലോ?” പുറംകൈ കൊണ്ട്‌ ഗോവിന്ദനുണ്ണിയുടെ കഴുത്തിലെ ഊഷ്‌മാവു പരിശോധിച്ചുകൊണ്ട്‌ വനജ ചോദിച്ചു.

“ഇല്യ കുട്ടീ….. ഇപ്പോൾ നല്ല ഭേദണ്ട്‌.

തെരുവിൽ ബീറ്റ്‌ പോലീസിന്റെ ബുട്‌സ്‌ കരകരാ ശബ്‌ദം ഉണ്ടാക്കി അകന്നകന്നു പോവുന്നത്‌ ഗോവിന്ദനുണ്ണി ശ്രദ്ധിച്ചു.

”ഇപ്പൊ ഒക്കെ നല്ല ഭേദായ പോലെ തോന്ന്‌ണു. കുട്ടി ഒറങ്ങിക്കോളൂ, ട്ടോ ഗോവിന്ദനുണ്ണി വനജയുടെ കൈ മെല്ലെ ദേഹത്തിൽ നിന്നും അടർത്തുമ്പോൾ പറഞ്ഞു.

Generated from archived content: story2_july27_09.html Author: aniyan_dr.kpsubramanyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here