ഫിറോസ്
ഫിറോസിന് തന്റെ ന്യായീകരണത്തിന്റെ ബലക്ഷയം ബോധ്യപ്പെടായ്‌കയല്ല- അമ്പേ, ചെറുതായി പോകുന്നത് ചെറുക്കാനുളള ശ്രമം. അതയാളെ കുറെകൂടി ഇരയാക്കിയതേയുളളു. സഹപ്രവർത്തകർ കൈവന്ന അവസരം നന്നായി കൊളളിച്ചിരുന്നു…
ഫിറോസൊരു ഹീറോ ആയിരുന്നു.
സ്‌നേഹിച്ച പെൺകുട്ടിയെ പൊരുതി നേടിയ ഒരാൾ! അന്ന്, കൂട്ടുകാർ വിശേഷിപ്പിച്ചതിപ്രകാരംഃ
‘അന്യം നിന്ന പ്രേമം തിരികെ കൊണ്ടുവന്നവൻ…’
ഈയിടെ, ചാറ്റിംഗ് മുറി വിട്ടിറങ്ങാത്ത അവന്റെ ശീലം വല്ലാതെ കീർത്തിപ്പെട്ടിരുന്നു-ഒരു ഇംഗ്ലീഷുകാരിയുമായുളള അടുപ്പം…
‘പോക്കത്ര ശരിയല്ല…’
കണ്ണുകടിയായി വ്യാഖ്യാനിക്കപ്പെടാവുന്നതുകൊണ്ട് സുഹൃത്തുക്കൾ മൗനം പാലിച്ചങ്ങനെ നിന്നതാണ്. ഫിറോസിന്റെ ഭാര്യ ഭവാനി അവരുടെ അടുത്ത് തോരാത്ത കരച്ചിലോടെ വന്നു മടങ്ങിയിട്ടും ദിവസങ്ങൾ അനവധി കഴിഞ്ഞിരുന്നു…
അല്‌പം മുമ്പാണ്, ആ കോൾ. അങ്ങേത്തലക്കൽ ഭവാനി.
ഫിറോസ് തിടുക്കപ്പെടുന്നുഃ
“മതി മതി, നിർത്ത്. എന്റെ പൈസയാണീ പോകുന്നത്…”
മൊബൈൽ ഫോൺ, ഇൻകമിംഗിനും ചാർജീടാക്കാറുണ്ട്. ദൂരമനുസരിച്ചാണ്. ചാടിക്കടിക്കാൻ മാത്രമുണ്ടോ? ഭവാനി കോട്ടേഴ്‌സിൽ നിന്നാണ് വിളിച്ചത്. അത് ധ്രുവപ്രദേശത്തൊന്നുമല്ലല്ലോ! കാര്യമിതാണ്. ഫിറോസിന്റെ സെല്ലുലാർ ഫോണിൽ മറ്റൊരു കോൾ ഊഴം കാത്തു നിന്നിരുന്നു; ആ മദാമ്മഃ
ഇൻകമിങ്ങുമില്ല, ഔട്ട്‌ഗോയിങ്ങും.
അനസൂതം പ്രവഹിക്കുകയാണ് ഫോണാശ്ലേഷം. സമയപാച്ചിൽ, അവർക്ക് രണ്ടാൾക്കും ബാധകമല്ല.
കൂട്ടുകാർ കാത്തു നിന്നു….
ഫിറോസ് തപ്പിത്തടഞ്ഞുഃ
“അതു പിന്നെ….”
സുഹൃത്തുക്കളെ നേരിടാനുളള സത്യസന്ധതയില്ല. അയാൾ പാടുപെടുന്നു…
“ഭാര്യയോടാകുമ്പോൾ, നമുക്ക് പറയാനുളള സ്വാതന്ത്ര്യമുണ്ടല്ലോ….”
“എന്തും കാട്ടാനും അല്ലേ?”
ഹർഷനാണെന്ന് തോന്നുന്നു. ഹർഷന്റെ രേഖപ്പെടുത്തേണ്ടുന്ന ഒരു വാചകം കൂടിയുണ്ട്.
“ചാറ്റിംഗ് ഒരു സൂക്കേടാവാഞ്ഞാൽ നന്ന്…”
ഭവാനിയുടെ സങ്കടങ്ങൾ….
“ചിത്രശലഭങ്ങൾ പറന്ന് പോയ, കൂടായിരിക്ക്‌ണു മനസ്സ്; ആരാലും ശ്രദ്ധിക്കപ്പെടാണ്ട്, അവഗണനമാത്രം….
ഫിറോസ് ഇങ്ങനെ ഒന്നും ആയിര്‌ന്നില്ല. അല്ല, ഒപ്പം എത്താനാവ്‌ണില്ല; അതാ സത്യം. പഠിക്ക്‌ണ കാലത്തെ പരിചയം…. അന്നൊക്കെ, രണ്ടാൾക്കും സമാനതകളുണ്ടായിര്‌ന്നു; എന്തിനും….
അവന്റെ കൂടെ ഇറങ്ങിപ്പോരുമ്പുളള നഷ്‌ടങ്ങളൊന്നും വിലവെച്ചില്ല. അത്രയ്‌ക്ക് ആത്മവിശ്വാസായിര്‌ന്നു…
ഇന്നിപ്പോ…
കിടപ്പ് മുറിയിലും ചെറുത്ത് നില്പ്!
വയ്യ. ചെറുപ്പം കഴിഞ്ഞു…. മുതിർന്നൊരു പെൺകുട്ടീന്റെ അമ്മയാണ് ഞാൻ; വയ്യ-കൊളളസ്‌നേഹം. ഫിറോസിന് കീഴ്‌പ്പെട്‌ത്തേ ശീലളളു?മോഹിച്ചത് സ്വന്താക്കാനുളള ബലഹീനത…”
‘ഡാഡി, എപ്പോഴും എൻഗേജ്‌ഡാണ്…’
“ന്റെ മോള്…. മകളോടുളള ഉത്തരവാദിത്ത്വം മറക്കാണ്…
ഫിറോസിന് തെരക്കാണ്-ചാറ്റിംഗും ഫോൺ വിളിയും തീരാറില്ല; അമേരിക്കയിലോ മറ്റോളള ആർക്കോ….
അവൻ കൂടുതൽ കൂടുതൽ അപരിചിതനാവുന്നു…”
എലീനാസ് ടൈം പാസ്
വറീഡായിരുന്നു എലീന.
അപ്പാർട്ട്‌മെന്റിലെ അവരുടെ കമ്പ്യൂട്ടർ റൂമിലെ പ്രിയപ്പെട്ട ഇരിപ്പിടമിന്ന് ഒഴിഞ്ഞു കിടക്കുന്നു. ഉളളംകയ്യിൽ പണിയെടുത്തിരുന്ന കമ്പ്യൂട്ടർ മൗസിനും വിശ്രമം…
ഒരു വോയ്‌സ് ചാറ്റിംഗിന്റെ ഞെരക്കം…
കാതിൽ നിന്നും ഒഴിയാൻ കൂട്ടാക്കിയിട്ടേയില്ല-എലീനയും ഒരു മനുഷ്യ സ്‌ത്രീയാണ്….
-ഒരു ഇന്റർനെറ്റ് ഫ്രന്റ്‌ഷിപ്പ്.
വ്യക്തികളുടെ ഫോട്ടോകൾ വിലയിരുത്തലിന് പ്രദർശിപ്പിക്കാവുന്ന ഒരു വെബ്‌സൈറ്റുണ്ട്. എലീനയുടെ ഛായാപടത്തിന് ഉയർന്ന സ്‌കോർ നൽകിയ ചെറുപ്പക്കാരൻ, അവനെ നോട്ട് ചെയ്‌തത് സ്വാഭാവികം. വളരെ ലെങ്ങ്‌ത്തുളള തന്റെ ചാറ്റിംഗ് ലിസ്‌റ്റിൽ പരിഗണിച്ചു എന്നുളളതും വാസ്‌തവം.
ചാറ്റിംഗ് എലീനയ്‌ക്കൊരു ടൈം പാസാണ്.
ഫിറോസിന്റെ സമയങ്ങൾ, അതിൽ വ്യാമോഹിക്കപ്പെട്ടു കിടന്നു….
ഒരു തരം ഡിപ്പന്റൻ മനോഭാവം. ഇന്ത്യക്കാരുടെ ബ്ലഡിന്റെ പ്രത്യേകതയാണത്-എലീന ചികയുന്നുഃ
“ഗെറ്റ് ഫിക്സഡ് ഓൺ ജസ്‌റ്റ് വൺ തിങ്ങ്”
കഴിഞ്ഞ രാത്രി തന്നെ,
ഭവാനിയുടെ ഇ-മെയിലും എലീനയെ തേടിവന്നിരുന്നു….
ഫിറോസ് വിവാഹിതനും അച്ഛനുമാണെന്നറിഞ്ഞ നിമിഷം, ഊറിച്ചിരിക്കേണ്ടതാണ്.
(എലീനയും ഒരു കളളിയാണ്. വെബ്‌സൈറ്റിൽ നൽകിയ ചിത്രം തന്നെ ഒന്നാന്തരമൊരു കളളത്തരം. അതവരുടെ വളരെ പഴക്കമുളള ഒരു ചിത്രമായിരുന്നു. എലീന വിധവയും വൃദ്ധയുമാണ് എന്നറിയുമ്പോൾ….)
പക്ഷെ, മുറിഞ്ഞു മുറിഞ്ഞു, കാതിൽ വീണ ശബ്‌ദംഃ
“പ്ലീസ് ഗിവ് മി മൈ ഹസ്‌ബന്റ് ബാക്ക്…”
Generated from archived content: story_chatting.html Author: aniyan