രാമനിലേക്കുള്ള ദൂരം

“കഥകൾ കേൾക്കണം…… കഥകൾ കേൾക്കാതായാൽ ആളുകൾ കഥയില്ലാത്തോരാകും……. അങ്ങനെ ആയാൽ നാട്‌ മുടിഞ്ഞു പോകും…..” അടുത്തിടെ കേട്ട ഒരു സിനിമയുടെ സംഭാഷണ ശകലമാണിത്‌.

എന്താണ്‌ കഥകൾ? എന്തിനാണ്‌ കഥകൾ? പലപ്പോഴും മനസ്സിൽ ഉയരാറുള്ള ചോദ്യങ്ങളാണ്‌. ജീവിതം തന്നെ കെട്ടുകഥയെക്കാൾ അനിശ്‌ചിതത്വവും വൈചിത്രവും നിറഞ്ഞതാകുമ്പോൾ ഈ ഭാവനാ കഥനങ്ങൾക്കെന്തു പ്രസക്തി? (കഥ എഴുതാനുള്ള കഴിവില്ലാത്തത്‌ കൊണ്ട്‌ പറയുന്നതാണെന്ന്‌ കരുതരുതേ) പക്ഷെ പല കഥകളും പിന്നെയും പിന്നെയും ആർത്തിയോടെ വായിക്കുമ്പോൾ, വായിക്കപ്പെടുമ്പോൾ ആ ചോദ്യങ്ങൾ തന്നെ അപ്രസക്തമാവുകയാണ്‌. പല കഥകളും കഥാസന്ദർഭങ്ങളും നമുക്ക്‌ മുന്നിലെ കണ്ണാടിയാവുമ്പോൾ; നമ്മൾ കാണാതെ പോവുന്ന നമ്മളെ തെളിച്ചു കാണിക്കുമ്പോൾ; അതേ കഥകൾ മുന്നോട്ടുള്ള പ്രയാണത്തിനു വിളക്കാവുക തന്നെയാണ്‌.

ശ്രീ. എം.കെ.ചന്ദ്രശേഖരന്റെ “രാമനിലേക്കുള്ള ദൂരം” എന്ന കഥാസമാഹാരം പ്രസക്തമാക്കുന്നതും ആ ഒരു നിലയ്‌ക്കാണ്‌. മനസ്സിന്റെ മൃദുലവികാരങ്ങളെ ഉണർത്തി വായനക്കാരനെ സുഷുപ്‌തിയിലാഴ്‌ത്തുകയല്ല മറിച്ചു മൂർച്ചയുള്ള കാഴ്‌ചകളിലൂടെ നിദ്രയിലാണ്ട്‌ നമ്മുടെ മനസ്സിനെ ഉണർത്തിവിടുകയാണ്‌ കഥാകാരൻ ഓരോ കഥകളിലൂടെയും.

അമ്പതു വർഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തിയ “ ആ മനുഷ്യൻ” കണ്ട കാഴ്‌ചകൾ, അദ്ദേഹത്തെ എന്നെന്നേക്കുമായി ഇവിടത്തോട്‌ യാത്രപറയിക്കുന്ന ചിത്രമാണ്‌. “രാമനിലേക്കുള്ള ദൂരം” എന്ന കഥ വരച്ചിടുന്നത്‌. വാർത്തകളിലൂടെയും ദൃശ്യങ്ങളിലൂടെയും കണ്ടു കണ്ടു പരിചിതമെങ്കിലും ആ കാഴ്‌ചകൾ “ ആ മനുഷ്യനോടൊപ്പം” നമ്മെയും അസ്വസ്‌ഥരാക്കുന്നു എന്നത്‌ കഥാകാരന്റെ വാക്കുകളുടെ മൂർച്ച തന്നെയാണ്‌ വെളിവാക്കുന്നത്‌. “മകൾ” എന്ന കഥ തികച്ചും വ്യക്തിപരവും സ്വാകാര്യവുമായ സന്ദർഭങ്ങളുടെ വിവരണം ആണെന്ന്‌ തോന്നിയേക്കാം. പക്ഷെ നിസഹായരായ എല്ലാ മനുഷ്യരുടെയും ഒരു നേർപാതി തന്നെയാണ്‌ അതിലെ അച്‌ഛൻ വ്യത്യസ്‌ത സിനിമകളിലെ സമാന സന്ദർഭങ്ങളുടെ ബോധപൂർവമായ പരാമർശങ്ങളിലൂടെ ജീവിതത്തിനു എവിടെയും നിറവും ഭാവവും ഒരുപോലാണെന്ന്‌ പറയാതെ പറയുന്നുണ്ട്‌ ഈ കഥയിൽ കഥാകാരൻ.

“അധിനിവേശത്തിനെ വഴികൾ” എന്ന കഥ തികച്ചും നാടകീയ മുഹൂർത്തങ്ങളാൽ സമ്പന്നമാണ്‌. വിശ്വസിക്കാനാവാത്ത വിധം അന്ത്യത്തിലേക്ക്‌ കഥ എത്തിച്ചേരുമ്പോൾ ജീവിതം എന്നത്‌ എഴുതപ്പെട്ട വ്യവസ്‌ഥകളുടെ ആവർത്തനം മാത്രമല്ല എന്ന്‌ നാം തിരിച്ചറിയുന്നു. പ്രതീക്ഷകളും സങ്കൽപ്പങ്ങളും യാഥാർഥ്യങ്ങളിൽ സ്വപ്‌നങ്ങൾ മാത്രമാവുമ്പോൾ നമുക്കായ്‌ കാത്തിരിക്കുന്നത്‌ പലപ്പോഴും കയ്‌ക്കുന്ന ഇത്തരം അനുഭവങ്ങൾ തന്നെ ആവാറില്ലേ….. സാഹചര്യങ്ങൾ ജീവിതത്തെ എത്രമേൽ വഴി തിരിച്ചു വിടുന്നു എന്ന്‌ നമ്മെ അത്‌ഭുതപ്പെടുത്തിക്കൊണ്ടാണ്‌ കഥ അവസാനിക്കുന്നത്‌. “പരോൾ” എന്ന കഥയും വേറിട്ടൊരു പാശ്‌ചാത്തലത്തിൽ നിന്ന്‌കൊണ്ടാണെങ്കിലും പറയുന്നത്‌ സാഹചര്യങ്ങൾ വഴിതെറ്റിച്ച ഒരു ജീവിതത്തെക്കുറിച്ച്‌ തന്നെയാണ്‌. സത്യസന്ധനാവുക എന്നാൽ സത്യം മാത്രം ആചരിക്കുക എന്നതിൽ നിന്നും വെളിച്ചത്തിലെ വെറും നാട്യങ്ങളിലേക്ക്‌ ഒതുങ്ങുക എന്ന അർത്ഥത്തിലേക്ക്‌ വഴി മാറിയിരിക്കുന്നു എന്ന്‌ ഉറക്കെ പറയുന്നുണ്ട്‌ ഈ കഥ. ഇരുളിലെ സത്യസന്ധതെയെക്കാൾ സമൂഹത്തിൽ ഒരുവനെ നഷ്‌കളങ്കൻ ആക്കുന്നത്‌ വെളിച്ചത്തിൽ പറയുന്ന നുണകൾ ആണെന്ന പാഠം നമുക്കും ജീവിതാനുഭവങ്ങൾ പകർന്നു തന്നിട്ടുണ്ടാകാം. ചില സന്ദർഭങ്ങളിലെങ്കിലും മനസ്സിന്റെ നീതി മനുഷ്യരുടെ അനീതി ആവുന്നതെങ്ങനെ എന്ന്‌ പരോൾ എന്ന കഥയിലൂടെ കഥാകാരൻ വ്യക്തമാക്കുന്നു.

“രക്ഷകന്റെ വിധി” എന്ന കഥയെ ആ കഥയിൽ നിന്നുള്ള ഒരു വാക്യംകൊണ്ട്‌ തന്നെ എടുത്തെഴുതാം.“ യുദ്‌ധം, ഒരു ഒസാമബിൻ ലാദനെ ഇല്ലായ്‌മ ചെയ്യുന്നതുകൊണ്ട്‌ മാത്രം അവസാനിക്കുന്നില്ല. യുദ്ധങ്ങൾ തുടരേണ്ടത്‌ അടിച്ചമർത്തുന്നവരുടെയും അടിച്ചമർത്തപ്പെടേണ്ടാവരുടെയും ആവശ്യമാണ്‌.” രക്ഷകൻ എന്ന സാമ്പ്രദായിക സങ്കൽപ്പങ്ങളെ കൃത്യമായി പരിഹസിക്കുന്ന കഥ, സങ്കൽപ്പങ്ങളുടെ യുക്തിശൂന്യതയെ തന്നെയാണ്‌ മറനീക്കി കൊണ്ടുവരുന്നത്‌. രക്ഷകനായി വരുന്നവൻ തന്റെ ബന്ദനങ്ങൾ പോലും അഴിക്കാൻ അശക്തനായിരുന്നു എന്ന വൈരൂധ്യം ഉറക്കെ പറഞ്ഞുകൊണ്ടാണ്‌ ഈ കഥ പരിസമാപ്‌തിയിൽ എത്തുന്നത്‌.

“തോൽവി” യഥാർത്തത്തിൽ വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും അന്തിമ വിജയമാണ്‌ ഉദ്‌ഘോഷിക്കുന്നത്‌. “അമ്പലത്തിൽ നടയിരുത്തപ്പെട്ട കാള” എന്ന ബിംബം ചിലപ്പോഴെങ്കിലും അലോസരം സൃഷ്‌ടിക്കുന്നുണ്ടെങ്കിലും കൂട്ടത്തിൽ വ്യത്യസ്‌തൻ എന്ന ബോധം മനസ്സുകളിലേക്ക്‌ പ്രവഹിപ്പിക്കാൻ ഉചിതമായ മറ്റൊരു വിശേഷണം ഇല്ല. തന്നെയുമല്ല നഷ്‌ടപ്പെടാൻ സ്വന്തമായി ഒന്നുമില്ലാത്തവനെ യഥാർത്ഥ വിപ്ലവത്തിന്‌ കഴിയു എന്നത്‌ കൊണ്ടും ആ തിരഞ്ഞെടുപ്പ്‌ കഥാകാരന്റെ പാത്ര സൃഷ്‌ടിയുടെ മികവിനെ അടിവരയിട്ടു പ്രഖ്യാപിക്കുകയാണ്‌. ഒരു പുതു യുഗപ്പിറവി പ്രദാനം ചെയ്‌തുകൊണ്ടാണ്‌ ആ കഥ അവസാനിക്കുന്നത്‌. കഥയിൽ ഉടനീളം നമ്മൾ പിന്തുടരുന്നത്‌ കശാപ്പുകാരനെ ആണെങ്കിലും അയാൾക്ക്‌ മുകളിലെ ഒരു ഭീകരമായ അനിശ്ചിതത്വം ഓരോ വരിയിലും നമ്മെ പിൻതുടരും, തീർച്ച. ഈ സമാഹാരത്തിലെ നിസ്സഹായരായ നിരവധി കഥാപാത്രങ്ങൾക്കിടയിൽ വേറിട്ട കാഴ്‌ചയാണ്‌ തോൽവിയിലെ അമ്പലക്കാള.

സംരക്ഷിക്കേണ്ടവന്റെ കടമ അവൻ മറക്കുന്നതിന്റെ ദുരന്തമായാണ്‌ “തീക്കാറ്റ്‌” വായനക്കാരുടെ മനസ്സിലേക്കും വീശിയടിക്കുന്നത്‌. സ്വന്തമാക്കിയതെല്ലാം വിഴുങ്ങുന്ന അഗ്നിയെ കൊളുത്തി വിടുന്നതും നമ്മൾ തന്നെയാണെന്ന സൂചന കഥാകാരൻ ഇതിലൂടെ നൽകുന്നു. കൂട്ടത്തിൽ “വിപണനത്തിന്റെ സാധ്യതകൾ” ആണ്‌ അല്‌പം സൗമ്യമായി തോന്നിയത്‌. ക്രൂരമായ ചില സംഭവങ്ങളിലേക്ക്‌ എത്തിചേരുമായിരുന്ന കഥയുടെ അന്ത്യം പക്ഷെ അപ്രതീക്ഷിതമായി പ്രതീക്ഷകൾ ഒരിക്കലും കൈവിടരുതെന്ന പാടവും ചൊല്ലിക്കൊണ്ടായി മാറി. ആക്ഷേപ ഹാസ്യത്തിന്റെ ചുവയോടെ അവതരിപ്പിച്ച “അച്ഛനില്ലാത്ത കുട്ടികൾ” നമ്മുടെ ഭരണകർത്താക്കളുടെ കഴിവില്ലായ്‌മയെ തുറന്നു കാട്ടുന്നുണ്ട്‌.

ഒടുവിലായി ചരമക്കോളത്തിൽ ഒരിടം എന്ന കഥ. പലയിടത്തും വായിച്ചതായി തോന്നിയേക്കാവുന്ന ഒരു സന്ദർഭത്തെ വാക്കുകളുടെ വൈദഗ്‌ദ്യം കൊണ്ട്‌ മനോഹരമായി മനസുകളിലേക്ക്‌ പറിച്ചു നടുകയാണ്‌ കഥാകാരൻ. പൊതുവിൽ മനുഷ്യന്റെ നിസ്സഹായതയും വിഹ്വലതകളും ഒക്കെ തന്നെയാണ്‌ ഈ കഥകളിലെ പൊതു പ്രമേയമെങ്കിലും ചില കഥകൾ ആ നിസ്സഹായതക്കപ്പുറത്തെ തീപ്പൊരിയിൽ നിന്നും ഊർജ്ജം കൊണ്ട്‌ പോരാടുന്നവയാണ്‌. ശുഭപ്രതീക്ഷാദായകങ്ങളായ അത്തരം കഥാപാത്രങ്ങൾ സത്യത്തിൽ നമ്മുടെ ഉള്ളിൽ ഉള്ള നമ്മൾ തന്നെയാണെന്ന്‌ തിരിച്ചറിയുമ്പോൾ “ രാമനിലേക്കുള്ള ദൂരം” വെറുതെ വായിച്ചു കളയേണ്ട ഒന്നല്ല എന്ന്‌ തീർച്ചയാണ്‌.

ഇന്നിൽ നിന്ന്‌ രാമനിലേക്കുള്ള ദൂരം അളക്കാൻ ശ്രമിച്ച എഴുത്തുകാരൻ ഒടുവിൽ രാമനിൽ നിന്നും അനുനിമിഷം വർധിച്ചു വരുന്ന ദൂരത്തെക്കുറിച്ചുള്ള ആശങ്ക നമ്മിലേക്കും പടർത്തുമ്പോൾ; ഇല്ല നമുക്ക്‌ ഉറക്കം നടിച്ചു കിടക്കാനാവില്ല. അത്‌ തന്നെയല്ലെ ഓരോ കഥകളുടെയും ആത്യന്ത ലക്ഷ്യമാവേണ്ടതും. അതിൽ താൻ വിജയിച്ചിരിക്കുന്നു എന്ന്‌ ശ്രീ. എം.കെ. ചന്ദ്രശേഖരനു തീർച്ചയായും അഭിമാനിക്കാം.

(രാമനിലേയ്‌ക്കുളള ദൂരം (കഥകൾ). പ്രസാധകർഃ എച്ച്‌ ആന്റ്‌ സി പബ്ലിഷിംഗ്‌ ഹൗസ്‌)

Generated from archived content: vayanayute21.html Author: anitha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English