2006 ഡിസംബർ 30 ലോകമെമ്പാടുമുള്ള മുസ്ലീം ജനതയുടെ പുണ്യദിനങ്ങളിൽ ഒന്നായ ഈദ് – ഉല് അസഹയുടെ ആദ്യദിനം. ആഹ്ലാദപൂർവ്വം കൊണ്ടാടേണ്ട ആ ദിനത്തിലേക്ക് ലോകം ഞെട്ടി ഉണർന്നത് അത്യന്തം സംഘർഷഭരിതമായ മറ്റൊരു വാർത്തയുടെ മുഴക്കം കേട്ടാണ്.
“മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ തൂക്കിലേറ്റപ്പെട്ടു.”
നിമിഷങ്ങൾക്കകം ഇങ്ങു കേരളത്തിലെ തെരുവുകൾ പോലും പ്രതിഷേധറാലികൾ കൊണ്ട് നിറഞ്ഞു. ഒരു നിമിഷം കൊണ്ട് സദ്ദാം വീരനായത് പോലെ. പക്ഷെ അടുക്കള ഏറെ ചിന്തിച്ചത് സദ്ദാമിനെ കുറിച്ചോ അദ്ദേഹത്തെ വധിച്ച ഭരണകൂടത്തെ കുറിച്ചോ ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ ഇവിടെ പ്രകടനം നടത്തിയ സഹോദരരെ കുറിച്ചായിരുന്നു. സ്വന്തം രാജ്യത്ത് അഭയാർത്‌ഥികൾ ആകേണ്ടിവന്ന ഇറാഖിലെ ലക്ഷക്കണക്കിന് സഹോദരർക്ക് വേണ്ടി ഇവിടെ ആരും ഒരു പ്രകടനവും നടത്തികണ്ടില്ല. ഭക്ഷണത്തിനു പകരം എണ്ണ എന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ പദ്ധതിയിൽ അഴിമതി നടത്തി എന്ന് യു. എൻ. കണ്ടെത്തിയ ഇന്ത്യയിലെ അന്നത്തെ വിദേശകാര്യ മന്ത്രിക്കെതിരെയോ അതിന്റെ പങ്കു പറ്റി എന്ന് പറയപ്പെടുന്ന പ്രമുഖ രാഷ്‌ട്രീയ പാർട്ടിക്കെതിരെയോ ഒരു റാലികളും ഇവിടെ നടത്തപ്പെട്ടില്ല. പിന്നെ എന്താണ് സദ്ദാം ഹുസൈനോട് മാത്രം ഇവർക്കിത്രയും സ്‌നേഹം.
അടുക്കളക്ക് ഉറപ്പാണ്. അത് സദ്ദാമിനോടുള്ള സ്‌നേഹം ഒന്നും ആയിരുന്നില്ല. അല്ലെങ്കിലും സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന് വംശീയതയുടെ പേരിൽ പൗരന്മാരെ നിഷ്‌ടൂരം കൊല ചെയ്‌ത ഒരു ഭരണാധികാരിയെ ജനാധിപത്യത്തിന്റെ വക്താക്കൾക്കു എങ്ങനെ സ്‌നേഹിക്കാനകും. ചരിത്രത്തിൽ ഹിറ്റ്‌ലർക്കൊപ്പം എഴുതപ്പെടേണ്ട നാമമാണ് സദ്ദം ഹുസൈന്റേതും. ഹിറ്റ്‌ലർ പക്ഷെ ഒരു ദേശീയവാദി കൂടിയായിരുന്നു. എന്നാൽ സദ്ദാം സ്വന്തം രാജ്യത്തെ ജനങ്ങളെ തന്നെയാണ് വംശിയതയുടെ പേരിൽ വേട്ടയാടിയത്. അത് തന്നെയാണ് സദ്ദാം ഇറാഖിൽ ഇപ്പോഴും എതിർക്കപ്പെടുന്നതിന്റെ കാരണവും. അതെ സദ്ദാം ഇറാഖിനെ അല്ല സ്‌നേഹിച്ചിരുന്നത്. ഇറാഖിന്റെ അഘണ്‌ഡതയായിരുന്നില്ല സദ്ദാമിന്റെ ലക്ഷ്യവും.
അറേബ്യൻ രാഷ്‌ട്രങ്ങളിൽ സാംസ്‌കാരിക പൈതൃകത്താലും ഭൂപ്രകൃതിയാലും ഏറ്റവും സമ്പന്നമായ പ്രദേശങ്ങൾ ആയിരുന്നു ഇറാനും ഇറാഖും. സൗദിയിലേയും എമിറേറ്റ്‌സുകളിലേയും മരുഭൂമികളെ അപേക്ഷിച്ചു നോക്കുമ്പോൾ പൊന്നു വിളയേണ്ട ഭൂമി. പക്ഷെ വംശീയ വെറിക്ക് സദ്ദാമിന്റെ മനസ്സിൽ രാജ്യ പുരോഗതിയെക്കാൾ സ്‌ഥാനം ഉണ്ടായിരുന്നു. അല്ലെങ്കിൽ ഇരുപക്ഷത്തിനു നാശം മാത്രം സംഭവിച്ച ഇറാൻ – ഇറാഖ് യുദ്ധം ഇത്രയും നീളുമായിരുന്നോ? അന്ന് ഇരു രാജ്യങ്ങൾക്കും ആയുധം വില്‌പന നടത്തിയവരിൽ അമേരിക്ക മാത്രമായിരുന്നില്ല. യുഗോസ്ശാവിയയും റഷ്യയും ഒക്കെ ഉണ്ടായിരുന്നു. അതെ ചുറ്റം കൂടി ഇരിക്കുന്നവരുടെ ആക്രോശങ്ങൾക്ക് നടുവിൽ കൊത്തി ചോര ചിന്തുന്ന പൂവൻകോഴികൾ മാത്രമായിരുന്നു അന്ന് ഇറാനിലെയും ഇറാഖിലെയും ജനത.
ഭരണാധികാരിയായിരുന്ന സമയത്തിന്റെ ഏറെ ഭാഗവും യുദ്ധത്തിനായി ചെലവിട്ട സദ്ദാം എന്ന ഭരണാധികാരി തന്നെയാണ് ഇറാഖിന്റെ ഇന്നത്തെ ദയനീയാവസ്‌ഥയുടെ പ്രധാന കാരണക്കാരൻ. സദ്ദാം നടത്തിയ യുദ്ധങ്ങളിൽ പലതും അദ്ദേഹത്തിനു ഒഴിവാക്കാൻ ആവുമായിരുന്നു. ഇറാനുമായുള്ള യുദ്ധവും കുവൈറ്റിനെ ആക്രമിച്ചതും എല്ലാം തുടങ്ങിയത് സദ്ദാമിന്റെ ഉത്തരവ് പ്രകാരം ഇറാഖി സേനയായിരുന്നു. ഇറാഖിന്റെ പത്തിലൊന്ന് വിഭവശേഷി ഇല്ലാത്ത യു.എ.ഇയും ഖത്തറും ഒമാനും എല്ലാം ലോകത്തെ അസൂയപ്പെടുത്തുന്ന വേഗത്തിൽ സമ്പന്നതയിലേക്കും വികസനങ്ങളിലേക്കും കുതിച്ചപ്പോൾ അക്കാലയളവിൽ രാജ്യത്തിന്റെ വിഭവശേഷി ഒട്ടും തന്നെ ക്രിയാത്മകമല്ലാത്ത സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് സദ്ദാം ശ്രമിച്ചത്. അതും കേവലം നിസ്സാരമായ കാരണങ്ങൾക്കായി. അറേബ്യയിലെ മറ്റേതൊരു രാജ്യത്തോടും കിടപിടിക്കാവുന്ന പെട്രോളിയം നിക്ഷേപം ഉണ്ടായിട്ടും ഇറാഖികൾ ഇന്ന് അഭയാർത്‌ഥികളെപ്പോലെ വിശന്നിരിക്കുന്നതിന്റെ ഉത്തരവാദിയും സദ്ദാം എന്ന ഭരണാധികാരിതന്നെയാണ്. രാജ്യത്തിനെ നാശത്തിലേക്ക് നയിച്ച ഭരണകർത്താക്കളിൽ മുൻപന്തിയിൽ തന്നെയാണ് സദ്ദാമിനു സ്‌ഥാനം. ആ സദ്ദാമിനെയാണ് ദേശാഭിമാനിയായി ഇവിടെ വാഴ്‌ത്തുന്നത്.
സദ്ദാം ഒരു യുദ്ധക്കൊതിയൻ ആയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പുത്രന്‌മാർ അതിലേറെ അപകടകാരികൾ ആയിരുന്നു. രാജ്യത്തിനകത്ത് സ്‌ത്രീ പീഢനങ്ങൾ ഉൾപ്പെടെ ഒരുപാട് കുറ്റകൃത്യങ്ങളിൽപെട്ട ഉദയ് ഹുസൈൻ രക്ഷപ്പെട്ടത് സദ്ദാം ഹുസൈന്റെ മകന് എന്ന പേരിൽ ആണ്. ഇറാഖിലെ ജനങ്ങൾ യുദ്ധക്കെടുതിയിൽ ബുദ്ധിമുട്ടുമ്പോൾ സദ്ദാമും കുടുംബവും കൊട്ടാരങ്ങളിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. സൈനിക നിധിയിലേക്ക് ജനങ്ങളിൽ നിന്നും നിർബന്ധപൂർവ്വം പിരിച്ചെടുത്ത സ്വർണാഭരണങ്ങളിൽ ഒരു പങ്കു സദ്ദാമിന്റെ ആദ്യ പത്‌നി സാജിദയുടെ സ്വകാര്യ ശേഖരത്തിലേക്കായിരുന്നു എത്തിയത്. ഷോപ്പിങ്ങുകൾ നടത്തുകയും പണം നല്‌കാതെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്ന അവർ അക്കാലത്ത് തന്നെ ഇറാഖിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. സദ്ദാമിന്റെ മറ്റു ഭാര്യമാരായ സമീരയും നിദാലും, വഫയും എല്ലാം തന്നെ ആഡംഭര ജീവിതത്തിന്റെ സഖിമാരായിരുന്നു. അതെ, അതിനു മുൻപത്തെ നൂറ്റാണ്ടുകളിൽ ജന മുന്നേറ്റങ്ങൾ കട പുഴക്കിയെറിഞ്ഞ ധൂർത്തരായ രാജ പരമ്പരകളുടെ തനി സ്വരൂപമായിരുന്നു സദ്ദാമിന്റെ കുടുംബവും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ ലോകത്തിന്റെ അശാന്തിക്കു കാരണം ഏകാധിപതി ആയിരുന്ന ഹിറ്റ്‌ലർ ആയിരുന്നു എങ്കിൽ അവസാന പാദത്തിൽ മറ്റൊരു ഏകാധിപതി ആയിരുന്ന സദ്ദാം ആയിരുന്നു.
ഹിറ്റ്‌ലർ ആര്യൻ വംശത്തിന്റെ പേരിലാണ് ജർമ്മനിയെ തനിക്കു കീഴെ നിർത്തിയത്. അത് പോലെ അല്ലെങ്കിലും ആദ്യകാലത്ത് മതത്തോട് വലിയ പ്രതിപത്തിയൊന്നും ഇല്ലാതിരുന്ന സദ്ദാം അവസാന കാലത്ത് മതത്തിന്റെ ചിഹ്‌നങ്ങളും പേറിയാണ് ലോക ജനതയുടെ മനസ്സിൽ സഹതാപവും എതിരാളികളോടും സ്‌പർത്‌ഥയും വളർത്താൻ ശ്രമിച്ചത്. യധാർത്തത്തിൽ ഇങ്ങനെ ഉള്ളവരാണ് ആ മതത്തിന്റെ മറ്റു വിശ്വാസികളെ കൂടി പ്രതിക്കൂട്ടിൽ നിർത്താൻ കാരണമാകുന്നത്. അടുത്തിടെ കേരളത്തിലെ ഒരു സംഘടനയുടെ നേതാവ് തനിക്കും തന്റെ കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങളെ എതിരിടാൻ മതത്തിന്റെ തണൽ തേടുന്നതും നാം കണ്ടു. അങ്ങനെയുള്ളവർക്ക് തണൽ നല്‌കാനായി കൊമ്പുകൾ മുറിക്കുമ്പോൾ നാം നമ്മുടെ തണലാണ് മുറിക്കുന്നതെന്ന് ആരും തിരിച്ചറിയുന്നില്ല. മത വിശ്വാസങ്ങളോ ആചാരങ്ങളോ അനുഷ്‌ടിക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ ആകരുത്, പകരം മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ അടിസ്‌ഥാനത്തിൽ ആകണം ഓരോ മനുഷ്യരെയും വിലയിരുത്തേണ്ടത് എന്നാണ് അടുക്കളക്ക് തോന്നിയിട്ടുള്ളത്.
സദ്ദാമിനെ രക്തസാക്ഷിയാക്കി കൊണ്ടാടിയത് ഇക്കാര്യങ്ങൾ എല്ലാം അറിയാത്തത് കൊണ്ടാവില്ല എന്ന് അടുക്കളക്ക് ഉറപ്പാണ്. കാരണം നമ്മെക്കാൾ ലോകത്തിന്റെ ചലനങ്ങൾ അറിയുന്നവർ ആണല്ലോ അവർ. പിന്നെ എന്തായിരിക്കാം കാരണം? രാഷ്‌ട്രീയ മുതലെടുപ്പ് തന്നെ. നാല് വേദികളിൽ കത്തിക്കയറാനുള്ള ഒരു വിഷയം. അതിനപ്പുറം ഒന്നുമായിരുന്നില്ല സദ്ദാം ഇവർക്ക്. ഒരു പക്ഷെ അമേരിക്ക എന്ന പദത്തോടുള്ള അന്ധമായ ശത്രുത തന്നെയാവണം സദ്ദാമിനെ ഇത്ര കണ്ടു സ്വികാര്യൻ ആക്കിയത്. രസകരമായ കാര്യം ഇവർക്ക് ചതുർഥി ആയ അമേരിക്കതന്നെയാണ് ഇറാഖിനെ ഇത്ര കണ്ടു വളർത്തിയതും എന്നതാണ്. ഈ അമേരിക്കൻ വിരോധത്തിന്റെ അടിസ്‌ഥാനവും എത്ര ചിന്തിച്ചിട്ടും അടുക്കളക്ക് മനസ്സിലാവുന്നില്ല. നമുക്ക് കയറ്റുമതിയിലൂടെ നല്ല വരുമാനം ലഭിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അത് പോലെ തന്നെ സാമ്പത്തിക രാജ്യങ്ങൾക്കായി ഏറ്റവും ആശ്രയിക്കുന്നതും അവരെ തന്നെ. എന്തിനു നമ്മുടെ ഒരു മുൻമുഖ്യൻ അമേരിക്കയെ എതിർക്കുന്നവരിലും മുഖ്യൻ ആയിരുന്നു ഇദ്ദേഹം) ചികിത്സതേടി പോയതും ഈ അമേരിക്കയിലേക്ക് തന്നെ. അപ്പോൾ ഇവരുടെ അമേരിക്കൻ വിരോധം എന്ന മുഖം മൂടി ഊട്ടി ഉറപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ സദ്ദാം സ്‌നേഹം എന്ന് തോന്നി പോകുന്നു.
മുതലാളിത്തവ്യവസ്‌ഥിതിയോടുള്ള എതിർപ്പാണ് അമേരിക്കയോടുള്ള വിരോധത്തിനു കാരണം എന്ന് ചിലപ്പോൾ പറഞ്ഞേക്കാം. പക്ഷെ ഒന്നോർക്കുക, ലോകത്ത് ഏതൊരു വ്യവസ്‌ഥിതിയെക്കാളും വിജയകരമായത് അത് തന്നെയാണെന്ന് അനുഭവങ്ങൾ പഠിപ്പിച്ചതാണ്. നമ്മുടെ സർക്കാരിനു സഹായകമായി നില്‌ക്കുന്നതും ഇത്തരം മുതലാളിത്ത സ്ഥാപനങ്ങൾ തന്നെയല്ലേ. പൊതു മേഖലയിൽ നിന്നും ലഭിയ്‌ക്കുന്ന വരുമാനത്തിന്റെ എത്രയോ മടങ്ങാണ് സർക്കാരിനു സ്വകാര്യ സ്‌ഥാപനങ്ങളിൽ നിന്നും നികുതിയായി ലഭിക്കുന്നത്. മുതലാളിത്തത്തെ നന്നായി ഉപയോഗിച്ച് രാഷ്‌ട്രങ്ങൾ നേടുന്ന അതി ശീഘ്രമായ വളർച്ച കാണിക്കുന്നത് അത് അന്ധമായി എതിർക്കപ്പെടേണ്ടതല്ല, മറിച്ചു ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ് എന്ന് തന്നെയാണ്.
അമേരിക്കൻ വിരോധത്തിനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത് മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്നതാണ്. അത് അമേരിക്ക മാത്രമാണോ, പഴയ സോവിയറ്റ് യൂണിയനും, എന്തിനു ശ്രീലങ്കൻ പ്രശ്‌നത്തിൽ ഇന്ത്യയും ഇത്തരം ഇടപെടലുകൾ നടത്തിയിട്ടില്ലേ. സദ്ദാമിനെ സ്വന്തം രാജ്യത്ത് വിചാരണ ചെയ്‌തതിനെ എതിർക്കുന്നവർ ദലേലാമയെ സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കുകയും ടിബറ്റിലെ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ നിർദ്ദയം അടിച്ചമർത്തുകയും എന്തിനു നമ്മുടെ രാജ്യത്തിന്റെ ഭാഗമായ അക്‌സായ് ചിൻ അനധികൃതമായി കൈവശം വച്ചിരിക്കുകയും അരുണാചൽ പ്രദേശിനുമേൽ അവകാശം പ്രഖ്യാപിക്കുകയും ചെയ്യുന്ന ചൈനീസ് ഭരണകൂടത്തെ മാതൃകയാക്കാൻ ആഹ്വാനം ചെയ്യുന്നതും വൈരുദ്ധ്യാത്മകതത്വശാസ്‌ത്രത്തിന്റെ പുത്തൻ പതിപ്പുകൾ ആവാം അല്ലെ.
എന്തൊക്കെ ആയാലും രണ്ടു വർഷങ്ങൾക്കിപ്പുറം ഡിസംബർ 30 സദ്ദാമിന്റെ ചെറു സ്‌മരണകൾ പോലുമില്ലാതെ കടന്നു പോകുമ്പോൾ തെളിയുന്നത് സദ്ദാം പ്രേമത്തിന്റെ പൊള്ളത്തരം തന്നെയല്ലേ? പക്ഷെ ഇത്രയേറെ ഒരു രാജ്യത്തിനെ നാശത്തിലേക്ക് തിരിച്ചു വിട്ട ഒരു ഭരണാധികാരിയെ അദ്ദേഹത്തിന്റെ പ്രവൃത്തികളെ മാറ്റി നിർത്തി സഹതാപം കൊണ്ട് മാത്രം വെള്ള പൂശാൻ ശ്രമിക്കുന്നത് ചരിത്രത്തോടും ഇറാഖിലെ ജനതയോടും ചെയ്യുന്ന പാതകം തന്നെയാണെന്നതിൽ സംശയമില്ല.
Generated from archived content: adukala9.html Author: anitha.harish_k