ഇനി അരുണ മൃത്യുവിലേക്കുണരട്ടെ……

മഹാത്മാഗാന്ധി ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പ്രതിഷേധമാർഗങ്ങൾ എല്ലാത്തിന്റെയും അടിസ്‌ഥാനം ഒന്നായിരുന്നു. അഹിംസ, ഉപവാസവും, സത്യാഗ്രഹവും, നിസ്സഹകരണവും എല്ലാം അതിന്റെ ഓരോരോ ഭാവങ്ങൾ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിനങ്ങളായി ആ വാക്കുകൾക്കു മുഖ്യധാരയിൽ വാർത്താ പ്രാധാന്യം കൈവന്നിരിക്കുന്നു. ഒരു സംസ്‌ഥാനത്തിന്‌ വേണ്ടി അവിടത്തെ രാഷ്‌ട്രീയ നേതാവ്‌ മരണം വരെ ഉപവാസം തുടങ്ങിയതും, അങ്ങ്‌ കിഴക്ക്‌ ഒരു കിരാത നിയമത്തിനെതിരായി ഒരു യുവ കവയത്രി തുടരുന്ന ഉപവാസം പത്താം വർഷത്തിലേക്ക്‌ കടന്നതും കഴിഞ്ഞ നാളുകളിൽ ഇവിടെ ഓളങ്ങൾ ഉയർത്തി. ഇവർ നടന്നടുക്കുന്നത്‌ മരണത്തിലെക്കാണെങ്കിലും ഇരുവർക്കും ലക്ഷ്യം ഒരിക്കലും മരണമായിരുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്നവർക്കിടയിൽ രണ്ടാം തരമാക്കപ്പെട്ടുപോയ തന്റെ നാട്ടുകാരുടെ ഉയർച്ചയായിരുന്നു തെലുങ്കാനയിലെ ചന്ദ്രശേഖരറാവുവിന്റെ ലക്ഷ്യമെങ്കിൽ തന്റെ നാട്ടിൽ ഇനി ഒരു പെൺകുട്ടിക്കും തന്റെ കൺമുന്നിൽ വച്ചു സ്വന്തം പിതാവിനെയും സഹോദരന്മാരെയും ഭർത്താക്കന്മാരെയും നിഷ്‌ടൂരം കൊലചെയ്യുന്നത്‌ കാണേണ്ടി വരരുതെന്ന പ്രാർത്ഥനയാണ്‌ മണിപ്പൂരുകാരിയായ ഇറോം ഷർമിള നൂറുകോടി ജനങ്ങൾക്ക്‌ മുന്നിൽ നിശബ്‌ദം മന്ത്രിക്കുന്നത്‌. എന്നാൽ ഇന്ന്‌ അടുക്കളയിൽ കഥ പറയുന്ന സഹോദരിക്ക്‌ യാചിക്കാനുള്ളത്‌ മരണമാണ്‌. ക്രൂരമായി ബലാല്‌സംഗത്തിനിരയായി മുപ്പത്തിയാറു വർഷമായി ചലനമറ്റു ആശുപത്രി കിടക്കയിൽ ഉറങ്ങുകയാണ്‌ അവൾ. അതെ അവൾക്ക്‌ ഇനി ഉണരേണ്ടത്‌ ജീവിതത്തിന്റെ ദുരിത പർവ്വത്തിൽ നിന്നും മൃത്യുവിന്റെ പ്രത്യാശയിലെക്കാണ്‌.

ഇതിനിടയിൽ തന്നെ നമ്മളിൽ പലരും കേട്ട്‌ കാണും അവളെപറ്റി. ഇല്ലേ, അരുണ രാമചന്ദ്ര ഷാൻബാളിനെപറ്റി. കാർവാറിൽ നിന്നും സ്വപ്‌നങ്ങൾ നിറഞ്ഞ മനസ്സുമായി മുംബയിലെത്തി ഒടുവിൽ തളിർത്ത സ്വപ്‌നങ്ങൾ പൂവിടും മുൻപേ തല്ലികൊഴിക്കപ്പെട്ട ഹതഭാഗ്യയായ ആ സഹോദരിയെ പറ്റി.

“ഞാൻ ഉണ്ട്‌. മുംബയിലെ കിംഗ്‌ എഡ്വേർഡ്‌ മെമ്മോറിയൽ (കെ.ഇ.എം.) ആശുപത്രിയുടെ നാലാം വാർഡിലെ കട്ടിൽ ശരശയ്യയാക്കി ഇപ്പോഴും ജീവന്റെ ഒരു നേർത്ത കണവുമായി ഞാൻ കിടക്കുന്നുണ്ട്‌. ഒന്നും മിണ്ടാനാവാതെ, ഒന്നും കേൾക്കാനാവാതെ, ഒന്നും അറിയാതെ….നീണ്ട 36 വർഷങ്ങളായി തുടരുന്ന കഠിന വ്രതം.

എങ്കിലും നിങ്ങൾ കേട്ട്‌ കാണും, പരമോന്നത നീതി പീഠത്തിന്റെ ഇടനാഴികളിൽ എന്റെ പേരും മുഴങ്ങിയത്‌. ഒരിക്കൽ എന്റെ കഥ ലോകത്തെ അറിയിച്ച പത്രപ്രവർത്തക പിങ്കി വിരാനി, ജീവിതത്തിന്റെ മുൾപ്പാതയിൽ നിന്നും എന്നെ മോചിപ്പിക്കാനായി എന്നെ മരിക്കാൻ അനുവദിക്കണമെന്ന ദയാ ഹർജിയുമായി സുപ്രീം കോടതിയുടെ കനിവ്‌ തേടിയത്‌ എന്നോടുള്ള സ്‌നേഹംകൊണ്ട്‌ തന്നെയാണ്‌. എന്നാൽ തങ്ങളുടെ ആരും അല്ലാതിരുന്നിട്ടും അറിഞ്ഞുകൊണ്ട്‌ എന്നെ മരണത്തിന്റെ കൈകളിലേക്ക്‌ വിട്ടയക്കില്ല എന്ന്‌ ഉറച്ച മനസ്സോടെ പറയുന്ന കെ.ഇ.എം. ആശുപത്രി ജീവനക്കാരും പ്രകടിപ്പിക്കുന്നത്‌ എന്നോടുള്ള സ്‌നേഹം തന്നെയാണ്‌. ലോകം എന്നും എന്നെ സ്‌നേഹത്തോടെ മാത്രമേ നോക്കിയിരുന്നുള്ളൂ. ഞാൻ ലോകത്തെയും. സിറിഞ്ചുമായി കൈത്തണ്ടയിലെ ഞരമ്പുകൾ പരതുമ്പോഴും വേദനിച്ചിട്ടും എന്റെ നേർക്ക്‌ നീളുന്ന അവരുടെ കണ്ണുകളിൽ സ്‌നേഹം മാത്രമേ എനിക്ക്‌ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ആ കണ്ണുകളിലെ അളവറ്റ സ്‌നേഹം തന്നെയായിരുന്നു എന്നും എന്റെ സ്വപ്‌നവും.

ഷിമോഗയിലെ ഹൽദിപ്പൂരിൽ നിന്നും 18-​‍ാം വയസ്സിൽ ബോംബെ മഹാനഗരത്തിലെത്തിയത്‌ ആ സ്വപ്‌നങ്ങളുടെ സാഫല്യത്തിലെക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. ശുഭ്ര വസ്‌ത്രങ്ങളും അതിലേറെ വെൺമയാർന്ന മനസ്സും പുഞ്ചിരിയുമായി ഏഴു വർഷങ്ങൾ…. ജീവിതത്തിന്റെ നാളുകൾ എണ്ണപ്പെട്ടവരോട്‌ പോലും മനസ്സിലെ വിഷമം മറച്ചു പുഞ്ചിരിയോടെ ആശ്വാസവാക്കുകൾ പറയുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം….. അതൊക്കെ തന്നെയല്ലേ നമ്മുടെ മനസ്സിലെ ഇരുളിലെ ചെറുവെട്ടങ്ങൾ….

ആ വസന്തത്തിൽ എന്നോ ഒരു നാളാണ്‌ സന്ദീപ്‌ കണ്ണുകളിൽ നിന്നും മനസ്സിലേക്ക്‌ പടർന്നത്‌. സന്ദീപ്‌ സർദേശായി. കെ.ഇ.എം. ആശുപത്രിയിലെ യുവ ഡോക്‌ടർ. ഒടുവിൽ ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ച ആ ദിനങ്ങളിൽ ഒരു പക്ഷെ ഞാൻ ഒരുപാട്‌ അഹങ്കരിച്ചു കാണും. ഒരിക്കലും നടക്കാത്ത വിവാഹത്തിന്റെ നിശ്ചയമാണ്‌ അന്ന്‌ നടക്കുന്നതെന്ന്‌ ആരെങ്കിലും അറിഞ്ഞിരുന്നോ? മനസ്സിൽ ഇപ്പോഴും ഉയരുന്ന ഓളങ്ങൾ നിറയെ ആ സന്തോഷങ്ങളുടെ ദിനങ്ങളാണ്‌. അതിനപ്പുറം ഒന്നും അറിയാനാവാത്ത വിധം ഉറക്കത്തിലേക്ക്‌ എടുത്തെറിയപ്പെട്ട ഇവളുടെ ഓർമ്മകൾക്ക്‌ മറ്റേതു നിമിഷങ്ങൾ നിറം പകരാൻ ! ! ! !

1973-നവംബർ-27 ലെ തണുത്ത സായാഹ്‌നം. അന്നത്തെ സൂര്യൻ ചക്രവാളങ്ങളെ ചുംബിച്ചത്‌ എന്റെ അവസാന വെളിച്ചവും കൊണ്ടായിരുന്നു. ആശുപത്രിയിലെ എന്റെ സഹപ്രവർത്തകനായിരുന്ന സോഹൻലാൽ വാല്‌മീകി അവന്റെ പ്രതികാര കോടതിയിൽ അന്നാണ്‌ എനിക്ക്‌ മരണം വിധിച്ചത്‌. പ്രിയ സഹോദരാ ഇപ്പോൾ എനിക്ക്‌ നിങ്ങളോട്‌ പരിഭവങ്ങൾ ഒന്നുമില്ല. ജീവിതത്തിന്റെ യാത്രിയിൽ മുന്നിലെ തടസ്സങ്ങൾ വെട്ടി മാറ്റിയല്ലേ നമുക്ക്‌ മുന്നേറാൻ ആവൂ. പക്ഷെ ഞാൻ ഒരിക്കലും നിങ്ങളുടെ മുന്നിലെ പ്രതിബന്ധമായിരുന്നില്ല. എന്റെ ദുർവിധി. ഞാനല്ലെങ്കിൽ മറ്റൊരാൾ, ആ സമയത്ത്‌ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ആരെങ്കിലും നിനക്കെതിരെ പറയുമായിരുന്നു സോഹൻ ശരിയാണ്‌, നിനക്ക്‌ അന്ന്‌ നിന്റെ ജോലി നഷ്‌ടമായി. പക്ഷെ അതിനു പകരം എന്നെ ഇല്ലാതാക്കാൻ തീരുമാനിച്ച നിമിഷം നീ ഇല്ലാതാക്കിയത്‌ നിന്റെ ജീവിതം തന്നെ ആയിരുന്നില്ലേ. അത്‌കൊണ്ട്‌ നീ നേടിയ ഏഴു വർഷത്തെ ജയിൽ വാസം നിനക്ക്‌ നേടിതന്നത്‌ ഒരിക്കലും സുഖങ്ങൾ ആയിരുന്നില്ലല്ലോ. സോഹൻ, ഒരാളെയും തോല്‌പ്പിച്ചുകൊണ്ട്‌ നമുക്കാർക്കും ജയിക്കാനാവില്ല. നമ്മുടെ ജയം മനസ്സിനെ നമ്മൾ ജയിക്കുമ്പോൾ മാത്രമാണ്‌.

അന്ന്‌ വൈകുന്നേരം ജോലി കഴിഞ്ഞു വസ്‌ത്രം മാറുകയായിരുന്ന എന്റെ കഴുത്തിൽ മുറുക്കാനുള്ള ചങ്ങലയുമായി നീ വന്നപ്പോൾ, ആ ചങ്ങല എന്റെ കഴുത്തിനെ വരിഞ്ഞു ശ്വാസം മുട്ടിക്കുമ്പോൾ, നീ പോലും കരുതിയിട്ടുണ്ടാവില്ല അല്ലെ, എന്റെ ഈ വിധി. പക്ഷെ പിടഞ്ഞു പിടഞ്ഞു നിശ്‌ചലയാവുമ്പോഴും നിന്റെ മനസ്സിലെ പ്രതികാരാഗ്നി കെട്ടില്ല. ആർത്തവരക്തം പുരണ്ട അടിവസ്‌ത്രങ്ങൾ കണ്ടിട്ടും നീ…. ഇല്ല, സോഹൻ, ഇപ്പോൾ എനിക്ക്‌ നിന്നോട്‌ പരിഭവങ്ങൾ ഒന്നുമില്ല. നീ കാണുന്നില്ലേ, ഈ ചുണ്ടുകളിലെ പുഞ്ചിരി ഒരിക്കലും അതവിടെ നിന്നും മായില്ല.

എല്ലാം കഴിഞ്ഞു ജീവച്ഛവമായ എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ നിനക്കുറപ്പുണ്ടായിരുന്നു ഈ നാവു ഇനി ശബ്‌ദിക്കില്ല എന്ന്‌. പക്ഷെ കെ.ഇ.എം. ആശുപത്രി ഡീൻ ഡോ. ദേശ്‌പാണ്ടേക്ക്‌ അപ്പോഴും പ്രതിക്ഷയുണ്ടായിരുന്നു. അത്‌കൊണ്ടാവാം ഞാനുണരുമ്പോൾ സന്ദീപ്‌ എന്നെ തള്ളിക്കളയരുത്‌ എന്ന്‌ കരുതി പോസ്‌റ്റ്‌ മോർട്ടം റിപ്പോർട്ടിൽ നിന്റെ പരാക്രമണങ്ങളുടെ ശേഷിപ്പുകൾ രേഖപ്പെടുത്താതിരുന്നത്‌. പക്ഷെ നീ രക്ഷപ്പെടും എന്ന്‌ തോന്നിയപ്പോൾ എല്ലാം പോലീസിനോട്‌ വെളിപ്പെടുത്തിയതും എന്നോടുള്ള സ്‌നേഹമായിരുന്നു സോഹൻ. പക്ഷെ എല്ലാം വെളിപ്പെടുത്തുന്ന ആ നിമിഷം അദ്ദേഹത്തിനും ബോധ്യമായിക്കാണും ഇനി ഈ ശരീരം ചലിക്കില്ല എന്ന്‌.

വീട്ടുകാർപോലും ഉപേക്ഷിച്ച എന്നെ ഇപ്പോഴും ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിക്കുന്ന കെ.ഇ.എം. ആശുപത്രിയിലെ എന്റെ സഹോദരങ്ങളുടെ സ്‌നേഹവായ്‌പിനു പകരം നല്‌കാൻ ഈ ജന്മം കൊണ്ട്‌ എനിക്കെങ്ങനെ കഴിയും? ഇല്ല. ദയാവധമെന്നൊക്കെ പേരിട്ടു നിങ്ങൾ വിളിക്കുന്നു എങ്കിലും എനിക്ക്‌ ഇനി രക്ഷപ്പെടാനുള്ളത്‌ അവിടേക്ക്‌ മാത്രമല്ലേ. ഇനി എത്ര നീണ്ടാലും ഈ ജന്മംകൊണ്ട്‌ എനിക്കെന്തു ചെയ്യാനാവും?”

കോടതിയിൽ പിങ്കി വിരാനിയുടെ ഹർജി പരിഗണനയിൽ ഇരിക്കുമ്പോഴും മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. അരുണയെ ജീവിപ്പിച്ചുകൊണ്ട്‌ തുടരുന്നത്‌ യഥാർത്ഥത്തിൽ അവരെ ശിക്ഷിക്കുന്നതിനു തുല്യമല്ലേ. പിങ്കി വിരാനിയുടെ മനസ്സിലും ആ ചിന്തകൾ ആയിരുന്നിരിക്കണം. അരുണ സമൂഹത്തിൽ സ്‌ത്രീകളുടെ അരക്ഷിതാവസ്‌ഥയെ തുറന്നു കാട്ടുന്ന പ്രതീകം തന്നെയാണ്‌. എങ്കിലും നമുക്ക്‌ പഠിക്കാനുള്ളത്‌ അയാളുടെ പ്രവൃത്തികളിൽ നിന്നാണ്‌. സോഹൻലാലിന്റെ പ്രതികാരം കൊണ്ട്‌ അയാൾ എന്താണ്‌ നേടിയത്‌? ആശുപത്രിയിലെ കുറച്ചുപേർക്കിടിയിൽ മാത്രം ഒതുങ്ങുമായിരുന്ന തന്നിലെ കുറ്റവാളിയുടെ രൂപം ആ പ്രവൃത്തിയിലൂടെ അയാൾ ലോകത്തിനു മുന്നിൽ തന്നെ അനാവൃതമാക്കി. സോഹൻലാൽ തെറ്റുകാരൻ ആയിരുന്നു. എന്നാൽ ശരികൾപോലും സ്‌ഥാപിച്ചെടുക്കാനും നടപ്പിലാക്കാനും ഹിംസയുടെ മാർഗങ്ങൾ സ്വീകരിക്കുമ്പോൾ കളങ്കിതമാവുന്നത്‌ ശരിയായ ലക്ഷ്യങ്ങൾ കൂടിയാണ്‌. മാവോയിസ്‌റ്റുകളും തീവ്രവാദികളും മനസ്സുകളിൽ നിന്ന്‌ കുടിയിറക്കപ്പെടുന്നതും ചന്ദ്രശേഖർ റാവുമാരും ഇറോം ശർമ്മിളമാരും അവിടെ കുടിയിരുത്തപ്പെടുന്നതും അതിന്റെ പ്രതിഫലനങ്ങൾ തന്നെയല്ലെ.

Generated from archived content: adukala8.html Author: anitha.harish_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English