നിത്യാനന്ദയും ഉണ്ണിത്താനും ടൈഗർ വൂഡ….

അടുക്കളെയെ പലരും കപട സദാചാരത്തിന്റെ വക്താവായി കുറ്റപ്പെടുത്താറുണ്ട്‌. പ്രത്യേകിച്ചും പുരോഗമനം എന്നത്‌ സദാചാരത്തിന്റെ വിപരീതമായി കരുതുന്നവർ. അങ്ങനെ കരുതുന്നവരിൽ നിന്നും അടുക്കള മുഖം മറക്കുന്നില്ല. കാരണം കപടം എന്നതിന്റെ അർത്ഥം ശരിക്കും അറിയുന്നവരാണല്ലോ അവർ. എങ്കിലും ഒന്നു പറയട്ടെ, അടുക്കള വക്താവാണ്‌, കപട സദാചാരത്തിന്റെയല്ല, സദാചാരത്തിന്റെ. കാപട്യത്തെ അടുത്തറിഞ്ഞ അവർക്ക്‌ അതിൽ നിന്നും അടുക്കളയിലേക്കുള്ള ദൂരം അറിയാനാത്തതിലുള്ള സങ്കടത്തോടെ തന്നെ ഇന്നത്തെ കഥ തുടങ്ങട്ടെ.

-സ്‌നേഹിക്കുന്നത്‌ കുറ്റമാണോ?

-അല്ല.

-സ്‌നേഹം പ്രകടിപ്പിക്കുന്നതോ?

-അല്ലെ അല്ല.

അടുത്തിടെ നടന്ന, നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മനസ്സിൽ സ്വാഭാവികമായി ഉയർന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌. അതോടൊപ്പം മനസ്സിനോട്‌ യുക്തി ചോദിച്ച ചില ചോദ്യങ്ങളും ഇവിടെ കുറിക്കാതെ വയ്യ.

-സ്‌നേഹം സന്തോഷം മാത്രമാണോ നല്‌കുന്നത്‌?

-പലപ്പോഴും.

-അങ്ങനെ എങ്കിൽ ചിലപ്പോഴെങ്കിലും പ്രിയപ്പെട്ടവർക്ക്‌ വേദന നല്‌കുന്ന സ്‌നേഹം കുറ്റമാണോ?

തെറ്റല്ല എന്ന്‌ വേണമെങ്കിൽ പറയാം. സ്‌നേഹം, പ്രണയം എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടവരുടെ മാത്രം സ്വകാര്യതതന്നെയാണെന്ന്‌ നിങ്ങൾക്കൊപ്പം അടുക്കളയും പലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. എന്നാൽ ആ സ്വകാര്യത സ്വന്തം കർത്തവ്യങ്ങളെ കടമകളെ മറക്കാനോ മാറ്റാനോ ഉള്ള ന്യായീകരണം ആവുമ്പോൾ…. ഇല്ല. അടുക്കളക്ക്‌ അതൊടൊപ്പം നില്‌ക്കാനാവില്ല ഒരിക്കലും.

അടുത്തിടെ അറിയപ്പെടുന്ന രാഷ്‌ട്രീയ പ്രവർത്തകനായ രാജ്‌മോഹൻ ഉണ്ണിത്താനെയും സഹപ്രവർത്തകയായ ഒരു യുവതിയെയും മഞ്ചേരിയിലെ ഒരു വീട്ടിൽ നിന്നും പോലീസ്‌ പിടിച്ചു കൊണ്ടുപോയ സംഭവം ഏറ്റവും പ്രകോപിതരാക്കിയത്‌ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ആയിരുന്നില്ല എന്നതാണ്‌ രസകരം. കേരളത്തിലെ സാംസ്‌കാരിക രംഗത്തെ പുരോഗമന വാദികൾ എന്ന പട്ടം സ്വയം കയ്യാളുന്നവർ ആയിരുന്നു ആ ചിത്രം കണ്ടു രോഷാകുലർ ആയത്‌. എഴുത്തുകാരും സാംസ്‌കാരിക നായകരും സമൂഹത്തിലെ സദാചാര പോലീസിനെത്രെ ഉറഞ്ഞുതുള്ളി. ഉണ്ണിത്താനും സഹപ്രവർത്തകക്കും അങ്ങനെ ഒരു മോഹമുണ്ടെങ്കിൽ അതിനു സഹായിക്കേണ്ടവരായിരുന്നു ഇടതുപക്ഷ പ്രവർത്തകർ എന്ന ധ്വനിയായിരുന്നു പലരുടെയും വാക്കുകളിൽ മുഴുങ്ങിയത്‌. (ശ്രീമാൻ സക്കറിയക്ക്‌ പയ്യന്നൂരിൽ നിന്നും ലഭിച്ച സ്വീകരണത്തോടെ കേരളത്തിലെ ഇടതുപക്ഷം തങ്ങളുടെ അത്ര പുരോഗമിച്ചിട്ടില്ല എന്ന്‌ കുറഞ്ഞത്‌ അദ്ദേഹത്തിനെങ്കിലും ബോധ്യമായിക്കാണും. അല്ലെങ്കിലും ഇവർ വിഭാവനം ചെയ്യുന്ന പുരോഗമനം ബന്ധങ്ങൾക്ക്‌ ശിലായുഗത്തിലെ നിർവ്വചനങ്ങൾ നല്‌കുക എന്നതാണല്ലോ) ഉണ്ണിത്താന്‌ തന്നെ പിടിക്കാൻ വന്ന ജനങ്ങളോടും പോലീസിനോടും “ഞങ്ങൾ തമ്മിൽ ഒന്നുമില്ല” എന്ന്‌ പറഞ്ഞതിന്‌ പകരം “ഞങ്ങൾ തമ്മിൽ പലതും ഉണ്ടാകാം, അതിനു നിങ്ങൾക്കെന്താ” എന്ന്‌ ചോദിക്കണമായിരുന്നു എന്ന അർത്ഥത്തിലാണ്‌ ഇക്കഴിഞ്ഞ മാതൃഭൂമി വരാന്ത്യപ്പതിപ്പിൽ ഒരു സഹോദരി എഴുതിയത്‌.

ആ സഹോദരിക്കും അങ്ങനെ ചിന്തിക്കുന്ന ചുരുക്കം ചിലർക്കും കഴിഞ്ഞേക്കാം. പക്ഷെ ഒരു ഭർത്താവിനു, സഹോദരന്‌, പിതാവിന്‌ ഒരിക്കലും അങ്ങനെ പറയാനാവില്ല. അങ്ങനെ പറഞ്ഞാൽ അവർ അവരല്ലാതാകും. അത്‌ വെളിവാക്കുന്നത്‌ സ്‌നേഹിക്കുന്നതിൽ ശരിയോടൊപ്പം തെറ്റും ഉണ്ട്‌ എന്ന്‌ തന്നെയല്ലേ.

സ്വാർത്ഥരാവുമ്പോൾ മാത്രമേ മനുഷ്യനു തന്നെ വളർത്തിയ സമൂഹത്തെയും കടമകളെയും മറക്കാനാവൂ. പക്ഷെ അവരോർക്കുന്നില്ല അവരെപ്പോലെ മുൻതലമുറയും ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെ നടക്കാൻ അവർ വളരില്ലായിരുന്നു എന്ന്‌. ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ്‌ സന്തോഷകരമായ കുടുംബാന്തരീക്ഷം. അങ്ങനെ അല്ലാത്ത സാഹചര്യങ്ങളിൽ വളരുന്ന മക്കളുടെ മാനസിക സംഘർഷങ്ങൾ ഒരു പക്ഷെ ഈ പുരോഗമന വാദികൾക്ക്‌ അറിയാൻ കഴിഞ്ഞേക്കില്ല. സ്വന്തം സുഖങ്ങൾക്കപ്പുറത്തെ യാതൊന്നും അവർക്കറിയെണ്ടല്ലോ!!! പക്ഷെ ഒന്നുണ്ട്‌, ആ മക്കളാണ്‌ പലപ്പോഴും സമൂഹത്തിന്റെ അരക്ഷിതാവസ്‌ഥയ്‌ക്ക്‌ കാരണമായിട്ടുള്ളത്‌. വഴിതെറ്റിപോകുന്ന മനുഷ്യരിൽ പലർക്കും കാരണമായി പറയാനുള്ളത്‌ ബാല്യത്തിലും കൗമാരത്തിലും വീട്ടിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയും കുടുംബത്തിലെ അന്തഃഛിദ്രങ്ങളും ഒക്കെയാണ്‌, അതല്ലെങ്കിൽ അനുഭവിക്കാൻ കഴിയാതെ പോയ സ്‌നേഹം. അതെല്ലാം വെളിവാക്കുന്നത്‌ പുരോഗതിയിലേക്കുള്ള യാത്രയിൽ കുടുംബഭദ്രതക്കുളള പ്രാധാന്യത്തെ തന്നെയാണ്‌.

പുരോഗമന വാദികളുടെ ഇരട്ട മുഖം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഈ ആഴ്‌ച നടന്നു. സൺ ടി.വി.യിലെ നിജം എന്ന പരിപാടിയിൽ തമിഴ്‌നാട്ടിലെ നിത്യാനന്ദ പരമഹംസൻ എന്ന സന്യാസിയും ഒരു പ്രശസ്‌ത നടിയും ഉൾപ്പെട്ട കിടപ്പറരംഗങ്ങൾ പ്രക്ഷേപണം ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്‌. പ്രധാന മാധ്യമങ്ങളിൽ എല്ലാം അപ്രധാനമല്ലാത്ത രീതിയിൽ വാർത്തകളും വന്നു. പുരോഗമന വാദികൾ ആരും തന്നെ സ്വാമിയുടെ സ്വകാര്യതയെ ന്യായീകരിച്ചു കണ്ടില്ല. ഉണ്ണിത്താൻ ആരോ ആയിക്കൊള്ളട്ടെ പക്ഷെ മനുഷ്യന്റെ സ്വകാര്യതയെ കടന്നുകയറാൻ മറ്റൊരാൾക്ക്‌ അധികാരമില്ല എന്ന്‌ പറഞ്ഞവർ സ്വാമി ആരോ എന്തോ ആകട്ടെ അയാളുടെ സ്വകാര്യതയിൽ ടി.വി. ചാനലിനെന്തു കാര്യമെന്നും, ചാനൽ ചെയ്‌തത്‌ മഹാപരാധമെന്നും ചിലപ്പോൾ പറഞ്ഞേക്കാം. തെറ്റ്‌ ചെയ്യുന്നവരല്ലല്ലോ, അത്‌ കണ്ടെത്താൻ നടക്കുന്നവരാണ്‌ തെറ്റുകാർ എന്നാണല്ലോ അവരുടെ മതം. താൻ ബ്രഹ്‌മചാരിയെന്നു പറഞ്ഞിരുന്ന സ്വാമി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നതിൽ എന്നെ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. അതെ അപ്പോൾ അവിടെ സ്വകാര്യത എന്നത്‌ വഞ്ചന ആവുന്നു. ആ സ്വകാര്യതയെ എങ്ങനെ ന്യായികരിക്കാൻ കഴിയും? അതുപോലെ തന്നെയല്ലേ കുടുംബജീവിതത്തിലേക്ക്‌ കടന്ന ഒരു ഭാര്യയുടെയും ഭർത്താവിന്റെയും പരസ്‌പരമുള്ള വാഗ്‌ദാനം. ആ ബന്ധത്തിനപ്പുറത്തു സ്വാതന്ത്ര്യം തേടി പുത്തൻ സ്വകാര്യതകൾ തീർക്കുന്നവർ അതെ വഞ്ചന തന്നെ അല്ലെ ചെയ്യുന്നത്‌. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാൻ കഴിയും?

പ്രായപൂർത്തിയായ സ്‌ത്രീക്കും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാനും താമസിക്കാനും എല്ലാം സ്വാതന്ത്ര്യം വേണമെന്ന വാദത്തിനും ചില മറുമുഖങ്ങൾ ഉണ്ട്‌. ഇങ്ങനെ സ്വന്തം ഇഷ്‌ടപ്രകാരം യാത്ര ചെയ്‌ത ചില സഹോദരിമാരെ പിന്നീടു ഇന്റർ നെറ്റിലൂടെയും എം.എം.എസുകളിലൂടെയും ആണ്‌ ലോകം കണ്ടത്‌. സ്വതന്ത്ര്യത്തിന്റെ നല്ല നല്ല ഓർമ്മകൾ അവരെ ഈ ജീവിതകാലം മുഴുവൻ വേട്ടയാടാതെ തരമില്ല. അത്‌ മലയാളി പുരുഷസമൂഹത്തിന്റെ മനോരോഗമെന്ന്‌ വേണമെങ്കിൽ തള്ളിക്കളയാം. പക്ഷെ അത്തരം മനോരോഗികളുടെ നാട്ടിൽ ഇത്തരം സ്വാതന്ത്ര്യം എത്ര കണ്ടു സുരക്ഷിതമാണെന്ന്‌ നിങ്ങൾ ഓർക്കാത്തതെന്തേ? അതോ ഞങ്ങൾക്ക്‌ സുരക്ഷ വേണ്ട, സ്വാതന്ത്ര്യം മാത്രം മതി എന്ന ചിന്തയിലോ?

ഇത്തരം മനോരോഗങ്ങളിൽ നിന്നു മോചനം നേടിയെന്നു പറയുന്ന പാശ്ചാത്യ സമൂഹത്തിൽ നിന്നും അടുത്തിടെ ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാതിരിക്കാൻ വയ്യ. ലോക പ്രശസ്‌ത ഗോൾഫ്‌ കളിക്കാരനായ ടൈഗർ വൂഡ്‌സ കുറച്ചു ദിവസങ്ങൾക്കു മുൻപ്‌ ലോകത്തോട്‌ മനസ്സ്‌ തുറന്നത്‌ നമ്മളിൽ പലരും കണ്ടതാണ്‌. തന്റെ വഴി വിട്ട ജീവിതത്തിനു (ചിലർ ഇപ്പോൾ പറയുന്ന പുരോഗമന ജീവിതത്തിനു) ലോകത്തോട്‌ മാപ്പ്‌ പറയുകയായിരുന്നു അദ്ദേഹം. പുരോഗമന വാദികൾ സ്വാതന്ത്ര്യത്തിന്റെ മാതൃകയായി പറയുന്ന പാശ്ചാത്യ ലോകം കുടുംബത്തിനും സദാചാരത്തിനും എത്ര കണ്ടു പ്രാധാന്യം നല്‌കുന്നു എന്ന്‌ ടൈഗറിന്റെ ഓരോ വാക്കുകളും വിളിച്ചോതുന്നു. ബന്ധങ്ങളിൽ പരസ്‌പര സ്വാതന്ത്ര്യമോ സ്വകാര്യതയോ അല്ല. മറിച്ചു പരസ്‌പരം പുലർത്തേണ്ട പാലിക്കേണ്ട വിശ്വാസമാണ്‌ ഏറ്റവും വലുതെന്നു പറഞ്ഞ ആദ്യത്തെ പാശ്ചാത്യനല്ല ടൈഗർ. മാജിക്‌ ജോൺസൻ, ബിൽ ക്ലിന്റൻ, ബോറിസ്‌ ബെക്കർ, ഡേവിഡ്‌ ബെക്കാം തുടങ്ങി എത്രയോ പേര്‌ തങ്ങൾക്കു സംഭവിച്ച തെറ്റുകൾ ഏറ്റുപറഞ്ഞു ജീവിതം കരുപിടിപ്പിച്ചവർ ഉണ്ട്‌….. നമ്മുടെ പുരോഗമന വാദികളുടെ കണ്ണുകൾ അതൊന്നും കാണാത്തതിൽ അത്‌ഭുതമില്ല. കാരണം ഇവർ തേടുന്നത്‌ നൈമിഷിക സുഖങ്ങൾ മാത്രമാണല്ലോ. ഇപ്പോൾ. ഇന്ന്‌ അത്രമാത്രം നല്ലൊരു നാളെ എന്നത്‌ അവരുടെ ചിന്തയുടെ ചക്രവാളങ്ങളിൽ പോലുമില്ല.

മറിച്ചും ഉദാഹരണങ്ങൾ കണ്ടേക്കാം. എങ്കിലും ഓരോ ബന്ധങ്ങളും തകരുന്നത്‌ സ്വാതന്ത്ര്യത്തിന്റെയോ സ്വാകാര്യതയുടെയോ പേരിൽ ആയിരുന്നില്ല. പരസ്‌പരമുള്ള വിശ്വാസങ്ങളിൽ മായം കലരുമ്പോഴാണ്‌ സ്വാർഥരാവുമ്പോൾ നമുക്ക്‌ നഷ്‌ടമാവുന്നത്‌ ആ പരസ്‌പര വിശ്വാസം തന്നെയാണ്‌. അടുത്തിടെ കണ്ട ഒരു പരസ്യവാചകമാണ്‌ ഓർമ്മ വരുന്നത്‌. വിശ്വാസം അതല്ലേ എല്ലാം. പക്ഷെ പുരോഗതിയുടെ ഇന്നത്തെ വക്താക്കൾക്കു അത്‌ ഒന്നുമല്ല എന്നത്‌ ഏറെ വേദനാജനകം തന്നെ. ഇവരിൽ ഏറെ പേരും സ്വയം സ്‌ത്രീപക്ഷവാദികൾ എന്ന്‌ സ്വയം അഭിമാനിക്കുന്നവരാണ്‌ എന്നതാണ്‌ ഏറെ രസകരം. യഥാർത്ഥത്തിൽ സ്‌ത്രീകളെ അരക്ഷിതരാക്കി ചൂഷണം ചെയ്യുക എന്നതാണ്‌ ഇവർ ചെയ്യുക എന്നതാണ്‌ ഇവർ ചെയ്യുന്ന സ്‌ത്രീപക്ഷപ്രവർത്തനം. അവരുടെ മനോ വൈകൃതങ്ങൾ ആണ്‌ ഉണ്ണിത്താൻ സംഭവങ്ങൾപോലുള്ള സന്ദർഭങ്ങളിൽ പിന്തുണയുമായെത്താൻ അവരെ പ്രേരിപ്പിക്കുന്നത്‌. അവരുടെ അരാജക ജീവിത മോഹങ്ങൾക്ക്‌ തടസ്സമാകുന്നവരെ ആണ്‌ കപട സദാചാര വാദികളായി മുദ്ര കുത്തുന്നത്‌. പക്ഷെ നിങ്ങൾ ഒന്നോർക്കുക. നിങ്ങൾ നിങ്ങൾക്ക്‌ വേണ്ടി ജീവിക്കുന്നു, ശരിയാണ്‌, പക്ഷെ അടുത്ത തലമുറക്കായി നിങ്ങൾ എന്ത്‌ നല്‌കുന്നു.?

ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണികെട്ടി നിയന്ത്രിച്ചാണ്‌ വൈദ്യുതി ഉണ്ടാക്കുന്നത്‌. ആ ഒഴുക്കിനെക്കാൾ ശക്തമാണ്‌ മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകർക്കാൻ ശേഷിയുള്ള പ്രവാഹം തന്നെയാണ്‌. എന്നാൽ ആ ഊർജ്ജത്തെ നിയന്ത്രിക്കാനായാൽ അത്‌ വ്യക്തിക്ക്‌ മാത്രമല്ല സമൂഹത്തിനു കൂടിയാണ്‌ ഉപകാരപ്രദമാവുന്നത്‌. എന്നാൽ ഇവർ ആഹ്വാനം ചെയ്യുന്നത്‌ ആ ഒഴുക്കിനെ നിയന്ത്രിക്കാതെ എല്ലാം തകർത്തെറിഞ്ഞു സ്വയം നശിക്കാൻ അനുവദിക്കണം എന്നാണ്‌. മനുഷ്യനെ കേവലം മൃഗമാക്കണം എന്നാണ്‌ അതിലൂടെ ആവശ്യപ്പെടുന്നത്‌. അതെ യുഗങ്ങൾ കൊണ്ട്‌ താണ്ടി വന്ന പുരോഗതിയിൽ നിന്നുമുള്ള തിരിച്ചുപോക്ക്‌.

എങ്കിലും പൊതുസമൂഹം ഇത്തരം കപട പുരോഗമന വാദികളുടെ ജൽപ്പനങ്ങളെക്കാൾ വില നൽകുന്നത്‌ സദാചാരമൂല്യങ്ങൾക്ക്‌ തന്നെ ആണെന്നതിന്റെ ഉത്തമ സാക്ഷ്യങ്ങളാണ്‌ ഉണ്ണിത്താൻ സംഭവങ്ങളും, പയ്യന്നൂർ സംഭവവും, നിത്യാനന്ദ സംഭവവും. സദാചാരമൂല്യങ്ങൾക്ക്‌ അനുസൃതമായി ജീവിതത്തെ നിയന്ത്രിക്കുന്നത്‌ സമൂഹത്തിന്റെ നിലനിൽപിനു വേണ്ടിയാണെന്ന്‌ അവർക്കറിയാം. ഇപ്പറഞ്ഞ പുരോഗമനവാദികളുടെ വാദങ്ങൾ അല്ല ശരി എന്നതല്ലേ “ ഞങ്ങൾ തമ്മിൽ ഒന്നുമില്ല” എന്നുപറയാൻ ശ്രമിച്ചതിലൂടെ ഉണ്ണിത്താനും പറഞ്ഞത്‌.

Generated from archived content: adukala7.html Author: anitha.harish_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English