കഴിഞ്ഞ ദവിവസമാണ് മകൾ ടെലിവിഷനിലെ ടെലിബ്രാന്റ് ഷോയിലെ പരസ്യം കണ്ടു പുതിയോരാവശ്യം പ്രഖ്യാപിച്ചത്. അവൾക്കൊരു “നസര് സുരക്ഷാ കവചം” വേണമത്രേ!!! ദൃഷ്‌ടി സംബന്ധിയായ എല്ലാ ദോഷങ്ങളും പരിഹരിക്കുന്ന ഈ യന്ത്രത്തിന് (ഒരു മാലയും രണ്ടു വളയും ചേർന്നതാണീ യന്ത്രം) വെറും 2350&- രൂപ മാത്രം. അനുഭവസ്‌ഥരുടെ വാഴ്‌ത്തലുകൾ കണ്ടതോടെ അവളുടെ ആവേശം ഇരട്ടിയായി. അതെ, തന്റെ എല്ലാ വിധ പ്രശ്‌നങ്ങളും മറ്റുള്ളവരുടെ ദൃഷ്‌ടി തട്ടിയതിന്റെ ഫലമായിരുന്നു. അതെല്ലാം ഇതാ തീരാൻ പോകുന്നു. (പാവം അവൾക്കറിയില്ലല്ലോ പണം വാങ്ങി അഭിനയിക്കുന്ന നടീ നടന്മാരാണ് ഈ അനുഭവസ്‌ഥർ എന്ന്)
ഇത്തരം അനുഭവങ്ങൾ നിങ്ങളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകാം. ആത്‌മീയത എന്ന പേരിൽ വൻ കച്ചവടങ്ങൾ നടത്തുന്നവരുടെ എണ്ണം അത്രക്കധികമുണ്ട് ഇന്നു നമുക്കിടയിൽ. നിഗൂഢതകളോടുള്ള കൗതുകം എന്നതിലുപരി മനുഷ്യനിൽ അലസത വളരുകയാണ് എന്ന സന്ദേശമാണ് ഇത്തരം ഞൊടുക്ക് വിദ്യകൾക്ക് പുറകെ പായുന്ന കാഴ്‌ചകൾ നമുക്കു പകരുന്നത്. ഒരർത്ഥത്തിൽ ആത്‌മീയതയെ ഉപാസിക്കാൻ തുടങ്ങുന്നത് ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിൽ അലസത മനുഷ്യനെ കീഴടക്കുമ്പോൾ മാത്രമാണ്. പല സഹോദരരും പറയാറുണ്ട്. സ്വന്തം കഴിവിലെ അവിശ്വാസമാണ് അവരെ മന്ത്രവാദങ്ങൾ തുടങ്ങിയവയിലേക്ക് എത്തിക്കുന്നതെന്ന്. എന്നാൽ അടുക്കളയ്‌ക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. സ്വന്തം കഴിവിലെ ആത്‌മവിശ്വാസമില്ലായ്‌മയെക്കാൾ അധ്വാനിക്കാനും ബുദ്ധിമുട്ടാനുമുള്ള മനസില്ലായ്‌മയാണ് മനുഷ്യനെ പ്രവൃത്തികളിൽ നിന്നും അകറ്റി പൂജകളിൽ അഭയം തേടാൻ പ്രേരിപ്പിക്കുന്നത്.
അതെത്ര കണ്ടു ശരിയായാലും മനുഷ്യർക്ക് നിഗൂഢതകളോട് എന്നും പ്രത്യേക താത്‌പര്യം ഉണ്ടായിരുന്നു എന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാൻ ഇടയില്ല. അമാനുഷികതകൾ കാണിക്കുന്ന ചില ആത്‌മീയ സന്യാസിമാർക്ക് (കള്ള?) മുന്നിൽ സ്വന്തം യുക്തിയെ മറക്കുന്നതും ആ ആരാധന കലർന്ന താൽപര്യം ആയിരുന്നിരിക്കണം. പക്ഷെ സാധാരണക്കാർക്കു മാത്രമല്ല അവരെ ഭരിക്കുന്ന അധികാരകൊത്തളങ്ങൾക്കും ആ ആരാധന ഉണ്ടെന്ന് പരസ്യമല്ലെങ്കിലും യാഥാർത്യമാണെന്ന് തെളിയിക്കുന്ന ഒരുപാടു സംഭവങ്ങൾ നമുക്കു മുന്നിൽ ഇന്നു നടക്കുന്നു. മാന്ത്രികർ പടെന്നപോലെ ഇന്നും ഭരണയന്ത്രങ്ങളുടെ ഉപദേശികളായി നില നില്‌ക്കുന്നുണ്ട്. അവരിലൊരാള് ആയിരുന്ന, നിഗൂഢമായ ശക്തികൾ തനിക്കുണ്ടെന്ന് ലോകത്തെ വിശ്വസിപ്പിച്ച നിഗൂഢതകൾ നിറഞ്ഞ ഒരു പ്രവാചകന്റെ കഥയാണ് ഇന്നു അടുക്കളയിൽ.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം. ഒന്നാം ലോകമഹായുദ്ധത്തോടൊപ്പം ദാരിദ്രവും പട്ടിണിയും മറ്റെവിടെയും എന്ന പോലെ വ്യാപിച്ച സാർ ചക്രവർത്തിയുടെ റഷ്യൻ സാമ്രാജ്യം. ഭരണാധികാരി ചക്രവർത്തിയെങ്കിലും അദ്ദേഹത്തിന്റെ ചെയ്‌തികളെല്ലാം നിയന്ത്രിച്ചിരുന്നു എന്ന് ജനം വിശ്വസിച്ചിരുന്ന ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. ഗ്രിഗറി യെഫിമോവിച് റാസ്‌പുടിൻ. ദുർമന്ത്രവാദിയെന്ന് പിന്നീട് ചരിത്രത്തിൽ കുപ്രസിദ്ദി നേടിയ റാസ്‌പുടിൻ.
പക്ഷെ ക്ഷമിക്കുക. അടുക്കളയിൽ ഇന്നു വരക്കപ്പെടുന്നത് അദ്ദേഹത്തിനുമേൽ കാലം ചാർത്തിക്കൊടുത്ത ആ പരിവേഷങ്ങൾ ആവില്ല. കാരണം അടുക്കളയുടെ മടിത്തട്ടിലിരുന്നു ഇന്നു റാസ്‌പുടിനെ ഓർക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം ചോര തന്നെയാണ്. മട്ര്യോന റാസ്‌പുടിൻ എന്ന മരിയ റാസ്‌പുടിൻ. റാസ്‌പുടിന്റെ പ്രിയ പുത്രി. വാക്കുകൾ പെറുക്കി വച്ചു ത്രസിപ്പിക്കുന്ന മായാജാല കഥകൾ തീർക്കാൻ അവൾക്ക് കഴിഞ്ഞേക്കില്ല. മാന്ത്രികത നഷ്‌ടമായ മായാജാലക്കാരനെപ്പോൽ ജീവിതത്തിലുടനീളം അലഞ്ഞു തീർക്കാൻ മാത്രമായിരുന്നല്ലോ അവളുടെ നിയോഗം. പപ്പയുടെ അന്ത്യത്തിന് ശേഷം ലോസ് ആഞ്ഞ്‌ചലസിലെ ആഞ്ഞ്‌ചലസ്-റോസ് ഡെയിൽ സെമിത്തേരിയിൽ ഉണരാത്ത നിദ്രയിലെക്കാഴും വരെ കാബറെ നർത്തകിയായി സർക്കസിലെ മൃഗങ്ങളുടെ പരിശീലകയായി പല വേഷത്തിൽ പല പേരുകളിൽ അലഞ്ഞു തീർക്കേണ്ടി വന്ന അവളുടെ വാക്കുകളിൽ മാന്ത്രികതയുടെ വിസ്‌മയങ്ങളും നിഗൂഢതയുടെ ഭീതിയും ഉണ്ടാവില്ല എങ്കിലും പലപ്പോഴും മുന്നോട്ടു പോകാനാവാത്തവിധം ചതുപ്പിൽ ആഴ്‌ന്നു പോയ ജീവിത ചക്രത്തിന്റെ രോധനം കേൾക്കാതിരിക്കാൻ നമുക്കാവുമോ?
“ആദ്യമായി പപ്പയെ കൂടാതെ പോക്രോവെസ്‌കായിൽ എത്തിയ ശേഷം ഞാൻ കാത്തിരുന്നത് ആ ദിനത്തിന് മാത്രമായിരുന്നു. പപ്പയെ ക്രൂരമായി വധിക്കുന്നത് നോക്കി നിന്ന റൊമനോവ് രാജവംശം ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക് വരുന്ന ദിവസം. പപ്പാ എന്നും പറയാറുണ്ടായിരുന്നു. റോമനോവുകൾ ഒരിക്കൽ സാധാരണക്കാരായി ആ കൊച്ചു ഗ്രാമത്തിൽ എത്തുമെന്ന്, പലരും നടക്കാത്ത കാര്യമെന്ന് പരിഹസിക്കുമ്പോഴും. സെന്റ് പിറ്റേഴ്‌സ് ബർഗിൽ നിന്നും ഫ്രാൻസിലേക്ക് രക്ഷപ്പെടാൻ പലരും പറഞ്ഞപ്പോഴും എന്റെ ജീവൻ പണയപ്പെടുത്തിയും പോക്രോവെസ്‌കായിൽ പിടിച്ചു നിർത്തിയത് പപ്പായുടെ ആ വാക്കുകളുടെ പൂർത്തികരണം കാണാനുള്ള ആഗ്രഹമായിരുന്നു.
ഒടുവിൽ, കമ്മ്യൂണിസ്‌റ്റ് വിപ്ലവത്തിൽ സ്‌ഥാനഭ്രഷ്‌ടനാക്കപ്പെട്ട് നാടു കടത്തപ്പെട്ട ചക്രവർത്തിയും കുടുംബവും സൈബീരിയയിലെ ജയിലിലെക്കുള്ള തീവണ്ടി യാത്രക്കിടെ പോക്രോവെസ്‌കായിൽ എത്തിയപ്പോൾ ഞാൻ കണ്ടു. പപ്പാ ഒരിക്കൽ മനസ്സിൽ കണ്ടത് ഞാൻ നേരിട്ടു കണ്ടു. രാജാധികാരങ്ങൾ എല്ലാം തന്നെ നഷ്‌ടമായി നിസ്സഹായവസ്‌ഥയിലായിരുന്നു അവർ. എങ്കിലും എന്റെ മനസ്സിൽ അപ്പോൾ നിറയെ യൂസ്സുപ്പോവിന്റെ വാക്കുകളായിരുന്നു. പപ്പായുടെ ”പ്രിയപ്പെട്ട വികൃതിപ്പയ്യന്“ ഫെലിക്‌സ് യൂസ്സുപ്പോവ്. താൻ ഏറെ വാത്സല്യത്തോടെ സ്‌നേഹിച്ച അവന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യമെന്ന് മാത്രം പപ്പാ അറിയാതെ പോയതെന്തേ? അതോ അറിഞ്ഞിട്ടും വിധിക്ക് കീഴടങ്ങിയതോ? ഒരു പക്ഷെ പപ്പാ നിനക്കു മാപ്പു നല്‌കും. അദ്ദേഹം നിന്നെ അത്രമേൽ സ്‌നേഹിച്ചിരുന്നു. പക്ഷെ എനിക്കൊരിക്കലും കഴിയില്ല, യൂസുപ്പോവ്, നീ പറഞ്ഞ വീരകഥകൾ ഇപ്പോഴും ഈ കാതുകളിൽ ആർത്തലക്കുന്നുണ്ട്. ഇല്ല, നീ അതെല്ലാം മറന്നാലും എനിക്കതിനു കഴിയില്ല. അന്ന് മോയ്‌ക്ക കൊട്ടാരത്തിൽ നീയും ദിമിത്രിയും കൂട്ടുകാരും ചേർന്ന് നടത്തിയ വീരകൃത്യം. ക്യോനിയ ഗുസേവ ഒരിക്കൽ പരാജയപ്പെട്ടത് ഓർമ്മയിലുള്ളതാകാം നീ അത്രയേറെ തയ്യാറെടുപ്പുകൾ നടത്തിയത് അല്ലെ?
അന്ന്, 1916 ഡിസംബർ 16, കൊട്ടാരത്തിൽ വിരുന്നിനായി വിളിച്ചു വരുത്തി നീ പപ്പാക്ക് നല്‌കിയ വിഭവങ്ങൾ, മാരകമായ വിഷം ചേർത്ത കേക്കും, ചുവന്ന വീഞ്ഞും. ഗുസേവയുടെ ആക്രമണത്തിനു ശേഷം മധുരം കഴിക്കുന്നത് തന്നെ നിർത്തിയ അദ്ദേഹം അത് കഴിച്ചത് നല്‌കിയത് നീ ആയതു കൊണ്ടു മാത്രമായിരുന്നു യൂസുപ്പോവ്. പക്ഷെ നീ കലർത്തിയ വിഷം അദ്ദേഹത്തിന്റെ ജീവന് അല്‌പം പോലും പോറൽ ഏൽപിച്ചില്ല. പക്ഷെ നീ എന്നിട്ടും പിന്മാറിയില്ല. നീ പുറകിൽ നിന്നും ശിരസ്സിലേക്ക് വെടിയുതിർത്ത് അദ്ദേഹത്തിന്റെ ജീവൻ എടുക്കാമെന്ന് വ്യാമോഹിച്ചു. ശിരസ്സിൽ വെടിയേറ്റ് വീണ അദ്ദേഹത്തിന്റെ അടുത്തു ചെല്ലാൻ പോലും നീ ഭയന്ന് നിന്നു. ഏറെ നേരം കഴിഞ്ഞു ആ ശരീരം മരിച്ചു, നോക്കിയപ്പോൾ പെട്ടെന്ന് നിനക്കു നേരെ തുറന്ന ആ കണ്ണുകളിലെ അഗ്നിയെ നേരിടാൻ നിന്റെ കൂട്ടുകാർക്കു കഴിഞ്ഞില്ല അല്ലെ. നിന്റെ കയ്യിലെ കത്തി ആ ശരീരത്തിലേക്ക് ആഴ്‌ന്നിറങ്ങിയപ്പോഴും അദ്ദേഹം നിന്നെ പേരു ചൊല്ലി വിളിച്ചു, എന്റെ പ്രിയ വിക്രൃതിക്കുട്ടാ… അത് കണ്ടു വിറളി പൂണ്ട നിന്റെ കൂട്ടുകാർ പിന്നെയും അനേകം തവണ നിറയൊഴിച്ചിട്ടും അദ്ദേഹത്തിന്റെ ജീവനെ നിശ്ചലമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. ഒടുവിൽ ഒരു കാർപെറ്റിൽ കെട്ടി മഞ്ഞുമൂടിക്കിടക്കുന്ന നേവ നദിയിലേക്ക് എറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ ജീവൻ ആ ശരീരത്തിൽ തുടിച്ചിരുന്നു. കാർപെറ്റിൽ നിന്നും പുറത്തു കടന്നു നീന്താനുള്ള ശ്രമത്തിനിടെ മഞ്ഞിൽ പുതഞ്ഞു പോയ ശരീരം മൂന്നു ദിവസത്തിനു ശേഷം ചേതനയില്ലാതെ പുറത്തെടുത്തപ്പോഴും നിന്റെ മനസ്സിൽ ഭീതി ഒഴിഞ്ഞിരുന്നില്ല അല്ലെ. ഇല്ല യൂസ്സുപ്പോവ്, നിന്റെ മരണം വരെ നിനക്കു നേരെ തുറന്ന ആ കണ്ണുകളുടെ അഗ്നിയിൽ നിന്നും മോചനം കിട്ടിക്കാണില്ല. സാറിന മറവു ചെയ്‌ത പപ്പായുടെ ശരീരം വിപ്ലവത്തിനുശേഷം പുറത്തെടുത്തു കത്തിക്കാൻ ശ്രമിച്ച തൊഴിലാളികൾക്ക് മുന്നിൽ ആ അഗ്നിയിൽ എഴുന്നേറ്റു നിന്ന പപ്പയുടെ ശരീരം മരണം വരെയും അവരെയും വേട്ടയാടും.
നിങ്ങളെ റഷ്യയിലെ ജനങ്ങൾ വീരനായി കണ്ടേക്കാം. രാജ്യത്തെ നാശത്തിലേക്ക് നയിച്ച ഒരു ദുർമാന്ത്രികനെ ഇല്ലായ്‌മ ചെയ്‌ത രാജ്യസ്‌നേഹി. പക്ഷെ യൂസ്സുപ്പോവ് നീ ഇല്ലാതാക്കിയത് എന്റെ പപ്പയെ ആണ്. എന്റെ ജീവിതമാണ്. നീ എന്റെ പപ്പായിൽ നിന്നു രക്ഷിച്ച ചക്രവർത്തിയേയും കുടുംബത്തെയും സൈബീരിയയിലെ ജയിലിൽ വച്ച് കമ്മ്യൂണിസ്‌റ്റുകൾ നിർദ്ദയം വധിച്ച വാർത്ത ഞാൻ അറിഞ്ഞത് ഫ്രാൻസിൽ വച്ചാണ്. അതെ നീ രക്ഷിക്കുകയായിരുന്നില്ല ആരെയും. തകർക്കുകയായിരുന്നു.”
മരിയയുടെ കഥ ഇവിടെ തീരുന്നില്ല. അവളുടെ യാത്രയുടെ കഥ അടുത്ത പോസ്‌റ്റിൽ.
തുടരും…….
Generated from archived content: adukala5.html Author: anitha.harish_k
Click this button or press Ctrl+G to toggle between Malayalam and English