സ്വയം വിൽപ്പനച്ചരക്കാകുന്നവർ……

അനുഭവമാണ്‌ ഏറ്റവും വലിയ ഗുരു.

അടുക്കളയുടെ മാത്രം വാക്കുകൾ അല്ലട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്‌. ശരിയാണ്‌, അനുഭവങ്ങൾ പകർന്നു തരുന്ന ആഴത്തിൽ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവിൽ നമുക്കു നേരിടേണ്ടിവരുന്ന അനുഭവങ്ങൾ എത്രയുണ്ടാവും വളരെ തുച്ഛം. എങ്കിലും, നമ്മൾ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തിൽ നിഴലും നിലാവും പരത്താറില്ലേ!!! അനേകം അനുഭവസ്‌ഥരുടെ വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ പാഠങ്ങൾ നമ്മിലേക്കും പടരാറില്ലേ!!! ഇന്നു അടുക്കള നിങ്ങളോട്‌ പങ്കു വയ്‌ക്കുന്നത്‌ അത്തരം അനുഭവക്കുറിപ്പുകളുടെ ചില പുതു പ്രവണതകളെക്കുറിച്ചുള്ള ചിന്തകളാണ്‌.

കഴിഞ്ഞ ദിവസം സ്വീകരണമുറിയിൽ നിന്നും ഒരു സഹോദരി തന്റെ ആത്‌മകഥ എഴുതുവാൻ ഉണ്ടായ സാഹചര്യം പറയുന്നതു കേൾക്കാനിടയായി. അച്ചടക്കം മുഖമുദ്രയാകേണ്ട ഒ​‍ുരു സംഘത്തിൽ പ്രവർത്തിക്കുന്ന ആ സഹോദരി; ആ സംഘത്തിന്റെ ചില നിയമങ്ങളെയും നിലപാടുകളെയും എതിർക്കുന്ന പരാമർശങ്ങളും ഉള്ള ആത്മകഥ എഴുതാനുണ്ടായ സാഹചര്യത്തെപ്പറ്റി അവർ പറഞ്ഞ വാക്കുകൾ ആത്മകഥയുടെ അന്തസത്തയെത്തന്നെ അടിമുടി അവഹേളിക്കുന്നതായി. പണത്തിനു അത്യാവശ്യം നേരിട്ട ഒരവസരത്തിൽ ഒരു പ്രസാധകൻ വച്ചു നീട്ടിയ പണമായിരുന്നത്രേ ആ സഹോദരിയെ ആത്‌മകഥയെഴുതാൻ പ്രേരിപ്പിച്ച പ്രധാന ഘടകം.

ആരെല്ലാം എത്ര എഴുതിയാലും ആ എഴുത്തുകൊണ്ട്‌ മാത്രം ലോകം നന്നാവുമെന്നുള്ള വ്യാമോഹമോന്നും അടുക്കളക്കില്ല. എങ്കിലും ആത്‌മകഥ എന്നൊക്കെ പറയുമ്പോൾ, അതിന്‌ മറ്റു കെട്ടുകഥകളിൽ നിന്നെല്ലാം എന്തൊക്കെയോ സവിശേഷതകൾ ഉള്ളതായി തോന്നാറുണ്ടായിരുന്നു. പ്രധാനമായും തുടക്കത്തിൽ പറഞ്ഞ കാര്യം. നമ്മുടെ ജീവിതത്തിൽ നാം അഭിമുഖീകരിച്ച പ്രതിസന്ധികളുടെ നേരെഴുത്ത്‌ ഇനിയും അത്തരം അനുഭവങ്ങളെ നേരിടേണ്ടി വരുന്നവർക്ക്‌ ഒരു മുൻകരുതലായി മാറിയേക്കാം. അത്‌ കൊണ്ടു തന്നെ നമ്മൾ ചെയ്‌തതോ, നമുക്കു പറ്റിപോയതോ ആയ തെറ്റുകൾപോലും; എഴുതുന്നത്‌ അത്‌ മറ്റൊരാൾ വായിക്കുമ്പോൾ ആവർത്തിക്കരുത്‌ എന്ന തോന്നലുണ്ടാകണം എന്ന ലക്ഷ്യത്തോടെയാവണം.

തന്റെ ജീവിതമാണ്‌ സന്ദേശം എന്ന്‌ പറഞ്ഞ ഗാന്ധിജിയുടെ ആത്‌മകഥയിൽ അദ്ദേഹം ചെയ്‌ത, മഹത്തരമെന്നു ലോകം വാഴ്‌ത്തിയ പ്രവൃത്തികൾക്കൊപ്പം തന്നെ മാനുഷികമായ ദൗർബല്യങ്ങൾ തന്നെ കീഴടക്കിയതിന്റെയും സാക്ഷ്യം ലോകത്തോട്‌ പറയുന്നുണ്ട്‌. പക്ഷെ ആ തെറ്റുകൾ തെറ്റുകൾ തന്നെ ആണെന്നും ആവർത്തിക്കപ്പെടരുതെന്നും പറയാനുള്ള തന്റേടം അദ്ദേഹം കാണിച്ചു എന്നത്‌ തന്നെയാണ്‌ ആത്മകഥ എന്ന്‌ പറയുമ്പോൾ ആദ്യം തന്നെ ഏവരുടേയും മനസ്സിൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തെളിയുന്നതിന്റെ കാരണവും. പക്ഷെ ആദ്യം പറഞ്ഞ സഹോദരിയുടെ പ്രഥമ ലക്ഷ്യം തന്നെ കച്ചവടം ആയിപ്പോയി. പണത്തിന്റെ ആവശ്യം നേരിട്ടപ്പോൾ സ്വന്തം ചിന്തകളെ മാത്രമല്ല ഓർമ്മകളെയും സ്വകാര്യതകളെയും വിൽക്കാൻ അവൾക്ക്‌ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഒരു തരത്തിൽ സ്വയം വില്‌പനചരക്കാകുകയായിരുന്നു അവൾ. ആരോടാണോ അവൾ ജീവിതം കൊണ്ടു പൊരുതുന്നത്‌, ആരിൽ നിന്നാണോ അവൾ സംരക്ഷണം തേടിയത്‌ അവരുടെ കച്ചവടക്കണ്ണുകൾക്ക്‌ മുന്നിൽ സ്വയം അനാവൃതമാവുകയായിരുന്നു അവൾ. ദൗർഭാഗ്യമെന്ന്‌ പറയട്ടെ, നമ്മുടെ നാട്ടിൽ സ്‌ത്രീകൾക്ക്‌ വേണ്ടി, അവരുടെ മേലുള്ള ചൂഷണത്തിനെതിരെ പോരാടുന്നുവെന്നു പൊതുവെ പരസ്യം ചെയ്യപ്പെടുന്നവരിൽ മുൻപന്തിയിൽ തന്നെ അവളും ഉണ്ടെന്നത്‌ വലിയ വിരോധാഭാസമായി. ഒരർത്ഥത്തിൽ വ്യക്തമായ ലക്ഷ്യബോധമില്ലാത്ത കുറച്ചു സ്‌ത്രീ വിമോചന പ്രവർത്തകരും അവരെ പിന്താങ്ങുന്ന സ്‌ത്രീ വാദികളെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന കുറച്ചു പുരുഷൻമാരുമാണ്‌ നമ്മുടെ നാട്ടിൽ സ്‌ത്രീകൾക്ക്‌ ഉള്ള ബഹുമാനം പോലും നഷ്‌ടപ്പെടുത്തുന്നത്‌. പരിഹാസപാത്രമാക്കുന്നത്‌. ഇന്നത്തെ വിഷയം അതല്ലാത്തതിനാൽ അതെക്കുറിച്ച്‌ പിന്നീടൊരിക്കൽ സംവദിക്കാം.

ആ സഹോദരി ഒറ്റപ്പെട്ട ഒരു സംഭവമല്ല. സ്‌ത്രീകളുടെ അനുഭവ പകർത്തുകൾക്ക്‌; പ്രത്യേകിച്ച്‌ ലൈംഗികതയെ പറ്റി പരാമർശമുള്ള ഓർമ്മക്കുറിപ്പുകൾക്ക്‌ ഇന്നു മറ്റെന്തിനെക്കാളും വിപണന മൂല്യം ഉണ്ട്‌. അതിൽ മനോഹരമായ സാഹിത്യമോ, വിപ്ലവകരമായ ചിന്തകളോ ഒന്നും വേണമെന്നില്ല. സ്വന്തം ലൈംഗികാനുഭവങ്ങളുടെ വിവരണം മാത്രം ഉണ്ടായാൽ മതി. പുസ്‌തകം “ബെസ്‌റ്റ്‌ സെല്ലെർ” ആയിക്കൊള്ളും. പുരോഗമന വാദികൾ എന്തിനും ഏതിനും സമൂഹത്തെ; സമൂഹത്തിന്റെ കാഴ്‌ചപ്പാടുകളെ കുറ്റം പറയുന്ന പുരോഗമന വാദികൾ അതിനെ നെഞ്ചോടു ചേർത്തുകൊള്ളും. വിശ്വോത്തര കൃതിയെന്ന്‌ വ്യാഖ്യാനിക്കും. അവരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ചിന്ത എന്ന്‌ പറയുന്നതു ഒരു സ്‌ത്രീ ലൈഗികതയെപ്പറ്റി തുറന്നെഴുതുന്നതാണ്‌. അതിൽ നിന്നു ലഭിക്കുന്ന പുളകം ആണ്‌ സമൂഹത്തിന്റെ വളർച്ചയെ മുന്നോട്ടു നയിക്കുക. എല്ലാവരും ഇത്തരം അനുഭവങ്ങൾ തുറന്നു പറയുന്ന ഒരവസ്‌ഥ വന്നാൽ ലോകം പുരോഗമിച്ചു എന്നു ചിലപ്പോൾ ഇവർ വ്യാഖ്യാനിച്ചേക്കാം.

മനുഷ്യരുടെ മൃദുലവികാരങ്ങളെ തൊട്ടുണർത്തുന്ന ഇക്കിളിക്കഥകളുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന, ഇന്നു കമ്പോളത്തിൽ ആത്മകഥ, അനുഭവകഥ എന്നൊക്കെയുള്ള പേരിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്‌തകങ്ങളുടെ എല്ലാം പ്രധാന ലക്ഷ്യം സാമ്പത്തികം ഇല്ലെങ്കിൽ പ്രശസ്‌തി തന്നെയാണ്‌. ചിലതിനു അതിനപ്പുറം കൃത്യമായി ആരെയെങ്കിലും അധിക്ഷേപിക്കുക, അപകീർത്തിപ്പെടുത്തുക എന്നുള്ള ലക്ഷ്യങ്ങളും കാണും. സ്വയം വെള്ള പൂശാനുള്ള മാർഗമായും ചിലർ ഇതിനെ കാണുന്നുണ്ട്‌. അക്കൂട്ടർ പക്ഷെ ആത്‌മകഥക്ക്‌ മുൻപ്‌ തന്നെ പ്രശസ്‌തർ ആയിരിക്കും. ആത്‌മകഥ എഴുതി പ്രശസ്‌തരാവാൻ പോകുന്നവരാകട്ടെ, പ്രശസ്‌തരാകട്ടെ, ഇന്നു ആത്‌മകഥക്ക്‌ മൗലികമായ ഒരു മുഖമേ ഉള്ളു. അവനവർ ചെയ്യുന്നതിനെ എല്ലാം ഇടുങ്ങിയ കാഴ്‌ചപ്പാടുകൾ കൊണ്ടു (അവർ അതിനെ വിശാലമെന്നൊക്കെ പറഞ്ഞേക്കാം) ന്യായീകരിക്കുന്ന വികലമായ മുഖം. സ്വയം വിമർശനം എന്നൊന്ന്‌ മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല. അതെ ആത്‌മകഥകളെ അടിസ്‌ഥാനമാക്കിയാൽ അവർ ലോകത്തെ ഏറ്റവും സത്യസന്ധരും, വിശുദ്ധരും.

അടുത്തിടെ ഒരു സർവകലാശാല രണ്ടു ആധുനിക ആത്‌മകഥകൾ പാഠപുസ്‌തകം ആക്കാൻ ശുപാർശ ചെയ്‌തത്‌ വലിയ വിവാദമായി. അതിലെ പക്ഷം ഈ ലേഖനത്തിൽ കുറിക്കുന്നില്ലെങ്കിലും അടുക്കളക്ക്‌ തോന്നിയത്‌; എന്തും ചെയ്യുക, എന്നിട്ടതിനെ എങ്ങനെയും ന്യായീകരിക്കുക എന്ന അത്യാധുനിക പ്രവണതയുടെ പരിശീലനത്തിന്‌ വേണ്ടി ആകാം അവർ അങ്ങിനെ ചെയ്‌തത്‌ എന്നാണ്‌. മുൻപൊരിക്കൽ അടുക്കള പറഞ്ഞിരുന്നു, ഈ ലോകത്ത്‌ തെറ്റ്‌ എന്നൊന്നില്ല പകരം ശരികൾ മാത്രമെ ഉള്ളൂ എന്ന്‌. എന്റെ ശരികൾ നിന്റെ തെറ്റാകാം. അത്‌ എന്റെ ശരിയുടെ കുഴപ്പമല്ല നിന്റെ കാഴ്‌ചയുടെ കുഴപ്പമാണെന്ന്‌ സാരം. സഹിഷ്‌ണത എന്ന വികാരം ഇല്ലാതാവുന്നതിന്റെ ഒരു മുഖമാണ്‌ അത്‌ എങ്കിലും ഏത്‌ പ്രവൃത്തിയെയും നമുക്കു ന്യായീകരിക്കാൻ കഴിയും എന്നതിന്റെ വലിയ ദൃഷ്‌ടാന്തമാണ്‌ അത്‌. തെറ്റ്‌ ചെയ്‌തവന്‌ അതിനെ ന്യായീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. പക്ഷെ എല്ലാവരും ആ ന്യായീകരണങ്ങൾക്ക്‌ പുറകെ പായുമ്പോൾ നമുക്കു നഷ്‌ടപ്പെടുന്നത്‌ തെറ്റിനെ തെറ്റാണ്‌ എന്ന്‌ പറയാനുള്ള ആർജ്ജവം ആണ്‌. തിരിച്ചറിവിന്റെ സ്വാതന്ത്ര്യമാണ്‌.

തെറ്റ്‌ ചെയ്‌ത ആളെ തെറ്റ്‌കാരൻ അല്ലാതാക്കാൻ ന്യായീകരണങ്ങൾക്ക്‌ കഴിഞ്ഞേക്കാം. എന്നാൽ ആ തെറ്റ്‌ സൃഷ്‌ടിച്ച ദുരന്തങ്ങൾ, വേദനകൾ, കണ്ണീര്‌, അസ്വസ്‌ഥതകളെ മായ്‌ക്കാൻ ആ ന്യായീകരണങ്ങൾക്ക്‌ കഴിയുമോ? ഈ ചോദ്യമാണ്‌ നമ്മൾ പലപ്പോഴും വിസ്‌മരിക്കുന്നത്‌. അല്ലെങ്കിൽ അങ്ങനെ നടിക്കുന്നത്‌. അടുത്തിടെ ഒരു കേസിലെ പ്രതികളുടെ മനുഷ്യാവകാശത്തെ പറ്റി ചിലർ പ്രതികരിക്കുന്നത്‌ കേട്ടു. എന്നാൽ അവർ നിഷേധിച്ച മനുഷ്യാവകാശം ഇവർ മറക്കുകയാണ്‌.

നമ്മുടെ പ്രശസ്‌തയായ ഒരെഴുത്തുകാരി തന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട അത്‌മകഥ പ്രസിദ്ധീകരിച്ച്‌ ഏറെ വർഷങ്ങൾക്കു ശേഷം അതിലെ ചില സംഭവങ്ങൾ എങ്കിലും സാങ്കല്‌പികം ആണെന്ന്‌ പറയുകയുണ്ടായി. അന്ന്‌ വായനക്കാരെ തന്റെ വാക്കുകളിലേക്കു ആകർഷിക്കാനായി ചേർത്ത പലതും വേണ്ടിയിരുന്നില്ല എന്ന്‌ അവർക്കു തോന്നിക്കാണുമൊ? തനിക്ക്‌ വരുന്ന എഴുത്തുകളിലും, തന്നോടുള്ള സമീപനങ്ങളിലും ആളുകൾ ആ പഴയ വാക്കുകളുടെ നിഴൽ ചാലിക്കുന്നുവെന്നു അവർ പറഞ്ഞില്ല. പക്ഷെ തന്നോടു പലരും പെരുമാറിയത്‌ നല്ല രീതിയിൽ ആയിരുന്നില്ല എന്ന്‌ വിളിച്ചു പറയുമ്പോൾ അവർ ഓർക്കേണ്ടത്‌ ആ ഒരു പ്രതിബിംബം താൻ തന്നെ വാക്കുകളാൽ നിർമ്മിച്ചതായിരുന്നു എന്നതാണ്‌. സമൂഹം സ്‌ത്രീയെ വില്‌പനച്ചരക്കാക്കുന്നു എന്ന്‌ പരിതപിക്കുന്ന ഇവർ, എഴുത്തുകാർ തന്നെയാണ്‌ അതിന്റെ സാധ്യതകളെ ഏറ്റവും ഉപയോഗിക്കുന്നതും. ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും സ്‌ത്രീ ശരീരം പ്രദർശിപ്പിക്കുന്നത്‌ സ്‌ത്രീയെ വിൽപ്പനചരക്കാകുന്നതാണ്‌ എന്ന്‌ കണ്ടെത്തിയ ഇവർ വാക്കുകളിലൂടെ അവളുടെ ശരീരം വർണിച്ചു. അവളുടെ ലൈംഗീകത വർണിച്ചു. സ്വകാര്യനിമിഷങ്ങളെ വിവരിച്ചു പുസ്‌തകം വിൽക്കുന്നത്‌ സമൂഹത്തിന്റെ പുരോഗമനത്തിന്‌ വേണ്ടിയുള്ള പ്രവർത്തനമായും വ്യാഖ്യാനിക്കുന്നു. എത്ര വിരോധാഭാസം അല്ലെ. ഇതിനെ അല്ലെ ഇരട്ടത്താപ്പ്‌ എന്ന്‌ പറയുന്നത്‌?

വാങ്ങാൻ ആളുള്ളത്‌ കൊണ്ടാണ്‌ ഇവിടെ ശരീര വില്‌പന നടക്കുന്നത്‌, അല്ലെങ്കിൽ ഇത്തരം ആത്‌മകഥകൾ എഴുതാൻ തയ്യാറാവുന്നത്‌ എന്ന്‌ വേണമെങ്കിൽ പറയാം. എപ്പോഴത്തെയും പോലെ സമൂഹത്തിനു എല്ലാ പഴിയും ചാർത്താം. എന്നാൽ ഒന്നു ചിന്തിക്കുക. വിൽക്കാൻ തയ്യാറല്ലെങ്കിൽ വാങ്ങാൻ നിൽക്കുന്നവർ എത്ര കാത്തു നില്‌ക്കും. നിർബന്ധിക്കപ്പെടുന്നതിനേക്കാൾ ഏറെ പണത്തിനും പ്രശസ്‌തിക്കും ഉള്ള, സ്വന്തം ഉള്ളിൽ തന്നെ ഉള്ള സ്വാർഥമായ ആഗ്രഹം തന്നെയാണ്‌ സ്‌ത്രീ ഇവിടെ വില്‌പനചരക്കായതിന്റെ കാരണങ്ങളിൽ പ്രധാനം. നേരത്തെ പറഞ്ഞ ആത്‌മകഥനങ്ങളും ഈ വില്‌പനകളിൽ പെടും എന്നത്‌ പലരും സൗകര്യപൂർവ്വം മറക്കുന്നു. കാരണം വില്‌പന എന്നത്‌ പ്രദർശനവസ്‌തു ആവുക എന്ന ഇടുങ്ങിയ ചിന്തയിലേക്ക്‌ ചുരുക്കുകയാണ്‌ ഇവിടത്തെ പ്രഖ്യാത ബുദ്ധിജീവികൾ.

അടുക്കള ഇത്തരം ആത്‌മകഥകളെ കണ്ണടച്ച്‌ വിമർശിക്കുകയല്ലട്ടോ. അവയുടെ ലക്ഷ്യം മഹത്തരമായ എന്തോ ആണെന്ന വ്യാഖ്യാനങ്ങൾ ഉയരുമ്പോൾ ആ പുകമറയിൽ കാഴ്‌ച പൂർണ്ണമായും നഷ്‌ടമാകരുത്‌ എന്ന്‌ ഓർമ്മിപ്പിച്ചതാണ്‌. കൂട്ടത്തിൽ തന്റേടത്തോടെ തന്റെ ആത്‌മകഥ എഴുതി തുടങ്ങാൻ ഉള്ള പ്രധാന കാരണം തുറന്നു പറഞ്ഞ ആ സഹോദരിക്കുള്ള അഭിനന്ദനങ്ങളും ഇവിടെ കുറിക്കട്ടെ. അവരുടെ നിലപാടുകളെ ഉൾക്കൊള്ളാൻ ആവില്ലെങ്കിലും യഥാർത്ഥ്യം തുറന്നു പറയാൻ അവർ കാണിച്ച ധൈര്യം ഇവിടെ പലർക്കും അന്യമാണ്‌.

സ്‌ത്രീയെ വില്‌പനചരക്കാക്കുന്നു എന്ന്‌ സ്വരമുയർത്തുന്ന എഴുത്തുകാർ അവരുടെ കഥാപാത്രങ്ങളിലൂടെ മറ്റൊരു തരത്തിൽ അവളെ വിൽക്കുകതന്നെയാണ്‌ ചെയ്യുന്നത്‌. അതിനെ ദാർശനികവല്‌ക്കരിക്കുകയും മറ്റുള്ളതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇവരുടെ നിലപാടുകൾ ആരും തന്നെ ചർച്ച ചെയ്യാനിടയില്ല. ഇവരൊക്കെ തന്നെയാണല്ലോ സമൂഹത്തിന്റെ എല്ലാ ചർച്ചകളുടെയും മൊത്തവ്യാപാരികൾ. തന്നെയുമല്ല, സ്വയം വിമർശനം എന്നൊന്ന്‌ നമ്മുടെ പുരോഗമന വാദികൾക്ക്‌ അന്യം നിന്നിരിക്കുകയും ചെയ്‌തിരിക്കുന്നു. സ്വയം ന്യായികരണം മാത്രമാണല്ലോ എന്നും അവർക്കു പഥ്യം. അതിലെ ഇരട്ടത്താപ്പ്‌ വിളിച്ചു പറയാൻ ഒരു നാവു അവർക്കിടയിൽ നിന്നു തന്നെ എന്നെങ്കിലും സ്വരം ഉയർത്തും എന്ന പ്രതീക്ഷയോടെ നിർത്തട്ടെ.

Generated from archived content: adukala4.html Author: anitha.harish_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here