ജീവനെ ഇല്ലാതാക്കുന്ന മതങ്ങൾ…..

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു,

മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു,

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണ്‌ പങ്കു വച്ചു, മനസ്സു പങ്കു വച്ചു…..

അച്‌ഛനും ബാപ്പയും – വയലാർ രാമവർമ്മ

വീണ്ടും ഒരു ഡിസംബർ – 6. നമ്മുടെ മനസ്സിൽ സംഭവങ്ങൾ തീയതികളുടെ രൂപത്തിൽ രേഖപ്പെടുത്താൻ തുടങ്ങിയിട്ട്‌ നാളുകൾ ഏറെ ആകുന്നു. സപ്‌തംബർ 11, നവംബർ-26…… ഭീകരതയുടെ കയ്യൊപ്പുകൾ ഹൃദയങ്ങളിൽ രേഖപ്പെടുത്തുന്നത്‌ ഇപ്പോൾ അങ്ങനെ ആണ്‌. ഓരോ ഓർമ്മകളിലും നിറയുന്നത്‌ അസുഖകരമായ നാദങ്ങൾ, സമൂഹത്തിന്റെ സ്വസ്‌ഥതയ്‌ക്ക്‌ മേൽ വീശി അടിച്ച അശാന്തിയുടെ കാറ്റിന്റെ അലയൊലികൾ

ആധുനിക ലോകത്തിന്റെ ചിന്തയെന്നു പറയപ്പെടുന്ന കമ്മ്യൂണിസ്‌റ്റ്‌ ചിന്താഗതിയുടെ ഉപജ്ഞാതാവ്‌ 19 – ​‍ാം നൂറ്റാണ്ടിൽ കണ്ടെത്തിയത്‌ ലോകത്തെ മനുഷ്യരിൽ രണ്ടു വർഗ്ഗമേ ഉള്ളൂ എന്നാണ്‌. ഉള്ളവനും, ഇല്ലാത്തവനും. അവർ തമ്മിലുള്ള പോരാട്ടങ്ങൾ അഥവാ വർഗ്ഗ സമരങ്ങളൾ ആണ്‌ ലോകത്ത്‌ നടക്കുന്നത്‌ എന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു പരിധിവരെ ശരിയും ആയിരുന്നു. 16-​‍ാം നൂറ്റാണ്ടിൽ വ്യാപിച്ചു തുടങ്ങിയ വ്യവസായ വിപ്ലവം പഴയ ഫ്യൂഡലിസത്തെ ഇല്ലായ്‌മ ചെയ്യുമെന്ന്‌ കരുതിയവരുടെ കൺമുന്നിൽ തന്നെ മറ്റൊരു രൂപത്തിൽ ആ വ്യവസ്‌ഥയുടെ ഘടനയുടെ പുനർനിർമ്മാണമായിരുന്നു നവോത്‌ഥാന കാലമെന്ന്‌ പുകൾകൊണ്ട ആ കാലത്തും സംഭവിച്ചത്‌. സമ്പത്ത്‌ വീണ്ടും കേന്ദ്രീകൃതമായി. പോരാട്ടങ്ങൾ ജന്‌മിയും കുടിയാനും എന്നത്‌ മാറി മുതലാളിയും തൊഴിലാളിയും തമ്മിലായി മാറി. കുപ്പായങ്ങൾ മാറിയതൊഴിച്ചാൽ പോരാളികൾ പഴയവർ തന്നെ. മാർക്‌സ്‌ തന്റെ സിദ്ധാന്തം രൂപപ്പെടുത്തിയത്‌ ഈയൊരു പാശ്ചാത്തലത്തിൽ ആയിരുന്നിരിക്കണം.

പക്ഷെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന്‌ പറഞ്ഞ അദ്ദേഹത്തിന്‌ അതിനെക്കുറിച്ച്‌ അതിന്റെ സ്വാധീനത്തിന്റെ വ്യാപ്‌തിയെക്കുറിച്ച്‌ ചിന്തിക്കാൻ ആയിക്കാണില്ല. കാരണം അദ്ദേഹം ജീവിച്ച നൂറ്റണ്ട്‌ മതങ്ങൾ അപചയം നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു. ശാസ്‌ത്രത്തിന്റെ വളർച്ച അത്‌വരെ മതങ്ങൾ യുക്തിക്ക്‌ പകരം കായിക ശക്തികൊണ്ടു അതിനെ നേരിട്ടപ്പോൾ മതങ്ങൾ തോല്‌വി സമ്മതിച്ചു തുടങ്ങിയിരുന്നു. മനുഷ്യർ വിദ്യാഭ്യാസം നേടാൻ തുടങ്ങിയതും മതങ്ങളെക്കാൾ ശാസ്‌ത്രങ്ങളുടെ യുക്തിചിന്ത മനസ്സുകളെ കീഴടക്കാൻ കാരണമായി. അക്കാലത്ത്‌ ശാസ്‌ത്രത്തെ കൂടെ നിർത്തി അതിനോടൊപ്പം ഉയരാൻ ശ്രമിക്കാതെ അതിനെ പാടെ എതിർത്തത്‌ മതത്തിന്റെ വക്താക്കളുടെ അമിതമായ ആത്മവിശ്വാസം എന്നതിനേക്കാൾ ബുദ്ധിശൂന്യത എന്ന്‌ വിശേഷിപ്പിക്കുന്നതാവും ഉചിതം. അത്‌ കൊണ്ടു തന്നെ ഫ്യൂഢലിസത്തിൽ ഉന്നത സ്‌ഥാനവും ആജ്ഞാശക്തിയും ഉണ്ടായിരുന്ന പുരോഹിതർ എന്ന വർഗ്ഗം മാർക്‌സിന്റെ നവോത്‌ഥാന കാലത്തു സമൂഹത്തിൽ അവഗണിക്കപ്പെടാൻ തുടങ്ങിയിരുന്നു. മാർക്‌സ്‌ ചിന്തിച്ചത്‌ ലോകം ഇനി ഒരിക്കലും തിരികെ പോകില്ല എന്നായിരുന്നിരിക്കണം. അത്‌കൊണ്ട്‌ പുതിയ വരാനിരിക്കുന്ന സാമൂഹിക വ്യവസ്‌ഥയിൽ ഔപചാരികതയുടെ മാത്രം അനിവാര്യതയായ മതങ്ങളെയും മതത്തിന്റെ വക്താക്കളെയും അർഹിക്കുന്ന അവഗണനയോടെ തന്നെ മാറ്റി നിർത്താൻ അദ്ദേഹം ആഗ്രഹിച്ചുകാണും.

വർഗ്ഗസമരം എന്ന ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടം തന്നെ ആയിരുന്നിരിക്കണം മനുഷ്യർ തമ്മിൽ ആദ്യം ഉണ്ടായത്‌. പക്ഷെ മതങ്ങൾ തമ്മിലുള്ള സ്‌പർദ്ധക്കും മാനവരാശിയുടെ എഴുതപ്പെട്ട ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌. ബൈബിളിലെ പഴയ നിയമത്തിൽ പ്രതിപാദിക്കുന്ന യുദ്ധങ്ങൾ എല്ലാം തന്നെ വിരുദ്ധങ്ങളായ രണ്ടു വിശ്വാസങ്ങൾ (ആരാധനാക്രമത്തിലും ആരാധനാ മൂർത്തിയിലും ഉള്ള വൈരുദ്ധ്യം) തമ്മിലായിരുന്നു. മോശയും ജോഷ്വയും ദാവീദും ഒടുവിൽ യേശു ക്രിസ്‌തുവും പട നയിച്ചതും പൊരുതിയതും മറ്റു വിശ്വാസങ്ങൾക്ക്‌ മേൽ തങ്ങളുടെ വിശ്വാസങ്ങളെയും ആരാധനാ മൂർത്തികളെയും സ്‌ഥാപിക്കാനായിരുന്നു. അക്കാലത്തെ പീഢനങ്ങൾ വിശ്വാസങ്ങളുടെ അടിസ്‌ഥാനത്തിൽ ആയിരുന്നു. എന്നും നമുക്കു കാണാം. ക്രൈസ്‌തവർ മാത്രമല്ല ജൂതന്മാരും മുസ്ലീംകളും ഹിന്ദുക്കളും ഒക്കെ ഇതിഹാസങ്ങളിൽ പട നയിച്ചത്‌ ഇതര വിശ്വാസങ്ങൾക്ക്‌ മീതെ ആയിരുന്നു. ഹൈന്ദവ ഇതിഹാസങ്ങൾ മാത്രമാണ്‌ അല്‌പം വ്യത്യസ്‌തമെന്നു പറയാൻ കഴിയുന്നത്‌. അവിടെ പോരാട്ടങ്ങൾ പലപ്പോഴും ധർമ്മവും അധർമ്മവും തമ്മിലായിരുന്നു. ഈ രണ്ടു പക്ഷങ്ങളുടെയും ആധ്യാത്മിക ചിന്തകളും അനുഷ്‌ഠാനം പലതും ഒന്നായിരുന്നു. എന്നാൽ മറ്റു ഇതിഹാസങ്ങളിൽ അധർമ്മികൾ എന്നത്‌ മറ്റു മതവിശ്വാസി എന്ന നിലയിലാണ്‌ കാണപ്പെടുന്നത്‌. യഥാർത്ഥത്തിൽ മതങ്ങളുടെ പേരിൽ മറ്റു വിശ്വാസങ്ങളുടെ നേരെ പോരടിക്കുന്നത്‌. യഥാർത്ഥത്തിൽ മതങ്ങളുടെ പേരിൽ മറ്റു വിശ്വാസങ്ങളുടെ നേരെ പോരടിക്കാൻ വഴി കാട്ടുന്നത്‌ ഇത്തരം പുരാണ ഇതിഹാസങ്ങൾ തന്നെയാണ്‌.

പക്ഷെ വ്യവസായ വിപ്ലവം ആ ഒരു ചിന്തകൾക്ക്‌ ഒരു പുതിയ വഴിത്തിരിവുണ്ടാക്കി. പുതിയ വ്യാപാര ബന്ധങ്ങളും കുട്ടുകെട്ടുകളും ഉണ്ടായി. മതം എന്ന അടിസ്‌ഥാനത്തിനപ്പുറത്തായിരുന്നു പല ബന്ധങ്ങളും.

വ്യവസായത്തിലെ മത്സരങ്ങൾ പതിയെ മതത്തെ പുറകോട്ടടിക്കാൻ തുടങ്ങി. മുതലാളിത്തം എന്ന പ്രവണതയുടെ മുഖമുദ്രയായ അമിതമായ ചൂഷണം മതങ്ങളുടെ പേരിലുള്ള പോരാട്ടങ്ങൾക്ക്‌ ഇടവേള നല്‌കി പകരം ചൂഷണത്തിന്‌ ഇരയാക്കപ്പെട്ടവരും ചൂഷകരും തമ്മിലുള്ള സമരങ്ങൾ കൊണ്ടു ലോകം പ്രക്ഷുബ്‌ധമാവാൻ തുടങ്ങി. ആ കാലത്തും ശാസ്‌ത്രത്തിന്റെയും യന്ത്രങ്ങളുടെയും യുക്തി ചിന്തകളുടെയും തണലിൽ വർഗ്ഗസമരങ്ങൾ വ്യാപകമായതോടെ മതങ്ങൾ പതിയെ പിൻനിരയിലേക്ക്‌ മടങ്ങി. ആ ഒരു പോരാട്ടത്തിലെ ജയാപചയങ്ങളിലൂടെ ലോകം മുന്നോട്ടു നീങ്ങും എന്നാണു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദം വരെ ഏവരും കരുതി പോന്നത്‌. പുരോഗതിയിൽ നിന്നും പരിഷ്‌കൃതിയിൽ നിന്നും ചിന്തകൾക്ക്‌ പുറകോട്ടു പോകാനാവുമോ? പ്രവഹിച്ചു തുടങ്ങിയാൽ അരുവിക്ക്‌ തിരികെ ഒഴുകാൻ ആവുമോ??? ഇല്ല തന്നെ.

ഭാരതത്തിൽ പുരാണകാലങ്ങൾ മുതൽ തന്നെ പേരാട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന്‌ മത വിശ്വാസങ്ങളുടെ നിറം കലരുന്നത്‌ മുസ്‌​‍്ലീം ഭരണാധികാരികളുടെ ആവിർഭാവത്തോടെയാണ്‌. ശൈവ വൈഷ്‌ണവ പോരാട്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും തീവ്രത കൈ വരുന്നതു ആ കാലത്താണ്‌. മുഗൾ ഭരണകാലത്തും അതിന്‌ മുൻപും രജപുത്രന്‌മാരും മറ്റു രാജാക്കന്മാരുമായുള്ള പോരാട്ടങ്ങളിലെല്ലാം രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ എന്നതിലപ്പുറം രണ്ടു മത വിഭാഗങ്ങൾ തമ്മിലുള്ള സ്‌പർദ്ധകൾ ആയിരുന്നു അവ എല്ലാം. സിഖ്‌ ഗുരുക്കന്മാരായ അർജുൻ ദേവും തേജ്‌ ബഹാദൂറും മുഗൾ രാജാക്കന്മാരാൽ കൊല ചെയ്യപ്പെട്ടതും ഇതേ പാശ്ചാത്തലത്തിൽ വായിക്കാവുന്നതാണ്‌. എന്നാൽ യൂറോപ്പിൽ വ്യവസായ വിപ്ലവം മതത്തെ അപ്രസക്തമാക്കിയത്‌ പോലെ ഇവിടെയും മാറ്റങ്ങൾ ഉണ്ടായി. 19, 20 നൂറ്റാണ്ടുകളിൽ മതത്തെക്കാൾ നമ്മുടെ ആവശ്യം സ്വാതന്ത്ര്യമായത്‌ പൊതു ശത്രുവിനെതിരെ പൊരുതുമ്പോൾ തല്‌ക്കാലത്തേക്കെങ്കിലും മതം മറന്നു ഒന്നു ചേരാൻ ഇവിടത്തെ ജനങ്ങളെ നിർബന്ധിതരാക്കി. എന്നാലും 1857- ശിപ്പായി ലഹള എന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം മതവുമായി ബന്ധപ്പെട്ടതാണ്‌ എന്നത്‌ വിസ്‌മരിക്കാവുന്നതല്ല. അത്‌ പോലെ കഴിഞ്ഞ നൂറ്റണ്ടിൽ ജെർമ്മനിയിൽ അഡോൾഫ്‌ ഹിറ്റ്‌ലർ ഒരു ജനതയെ മുഴുവൻ തന്റെ പിന്നിൽ അണി നിരത്തിയത്‌ വംശീയമായ വാദഗതികളുടെ പിൻബലത്തിൽ ആണെന്നത്‌ കാണിച്ചു തരുന്നത്‌ അക്കാലത്തും മതങ്ങളും ജാതിയും മനുഷ്യന്റെ മനുഷ്യന്റെ മനസ്സിൽ എപ്പോഴും പൊട്ടിച്ചിതറാൻ അന്തർലീനമായി കിടന്നിരുന്നു എന്ന്‌ തന്നെയാണ്‌. മറ്റു പല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ തല പൊക്കാൻ പറ്റാതെ കിടക്കുക ആയിരുന്നു എന്ന്‌ മാത്രം.

പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ (ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ) മതങ്ങൾ പൂർവാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാൻ തുടങ്ങിയിരിക്കുന്നു. ഭാരതത്തിൽ അതിന്റെ ശംഖൊലി ആയിരുന്നു 1992 ഡിസംബര 6-നു അയോധ്യയിൽ സംഭവിച്ചത്‌. ഇതേ സമയം തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മത തീവ്രവാദങ്ങൾ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു. ഇവിടെ അയോധ്യ സംഭവമായിരുന്നു കാരണമെങ്കിൽ അവിടെ പ്രധാന കാരണമായത്‌ പഴയ സോവിയറ്റ്‌ യൂണിയന്റെ തകർച്ചയായിരുന്നു. ശീതയുദ്ധകാലത്തു അമേരിക്ക ശത്രുക്കൾക്കെതിരെ പ്രയോഗിക്കാൻ വളർത്തി കൊണ്ടു വന്ന താലിബാൻ പോലെയുള്ള സംഘടനകളെ അമേരിക്ക തന്നെ വേട്ടയാടാൻ തുടങ്ങിയത്‌ അക്കാലത്തായിരുന്നു. എന്നും ജയിച്ചു നില്‌ക്കാൻ ശക്തർ ആയാൽ മാത്രം പോരല്ലോ. അത്‌ തെളിയിക്കാനായി തോല്‌പ്പിക്കാനായി ആരെങ്കിലും ഉണ്ടാകേണ്ടേ. മുസ്ലീം തീവ്രവാദത്തിന്റെ കാരണക്കാരും അനുഭാവോക്താക്കളും ഒരു വിഭാഗമായത്‌ വൈരുദ്ധ്യമായി തോന്നമെങ്കിലും അത്‌ ചരിത്രത്തിന്റെ ആവർത്തനം മാത്രമായിരുന്നു.

മതങ്ങളുടെ അന്തസത്ത സ്‌നേഹവും കാരുണ്യവും ഒക്കെയാണെന്ന്‌ പറയുമ്പോഴും ഇതര മതങ്ങളുടെ കാര്യം വരുമ്പോൾ അതെല്ലാം ഇന്നത്തെ കോർപ്പറെറ്റ്‌ കമ്പനികളുടെ പ്രവർത്തനങ്ങൾ പോലെ ആവുകയാണ്‌. ഒന്നുകിൽ വിഴുങ്ങി തന്റെതാക്കുക. അല്ലെങ്കിൽ ഇല്ലാതാക്കുക. സഹിഷ്‌ണുത എന്ന വാക്കു തന്നെ അപ്രസക്‌തമാവുകയാണ്‌ ഇവിടെ.

ചോദ്യം ചെയ്യപ്പെടാനുള്ള കഴിവില്ലായ്‌മ തന്നെയാണ്‌ മതങ്ങളെ അസഹിഷ്‌ണുക്കൾ ആക്കി മാറ്റുന്നത്‌. ചെറിയ ചോദ്യങ്ങൾക്ക്‌ മുന്നിൽ പോലും പതറിപ്പോകുന്ന അവർ പഠിപ്പിക്കുന്നത്‌ നിങ്ങൾ ചോദ്യം ചോദിക്കരുത്‌, എല്ലാം വിശ്വസിക്കുക മാത്രം ചെയ്യുക എന്നത്രേ!!! ചിന്തകൾ ആകാശത്തിനും അപ്പുറത്തേക്ക്‌ വളരുന്ന ഇക്കാലത്തു മനുഷ്യർ മസ്‌തിഷ്‌കങ്ങൾ മരവിപ്പിക്കുന്നു എന്ന കേൾക്കുമ്പോൾ അതിശയം തോന്നാം, പക്ഷെ പച്ചയായ യാഥാർത്ഥ്യം മാത്രമാണത്‌. തങ്ങളുടെ വിശ്വാസികളിൽ നിന്നും അനുയായികളിൽ നിന്നും ഒരാൾ മറു പക്ഷത്തേക്ക്‌ പോയാൽ അത്‌ തങ്ങളുടെ തോൽവി ആണെന്നും മറു പക്ഷത്ത്‌ നിന്നു വന്നാൽ അത്‌ വിജയമാണെന്നും ഉള്ള ധാരണ ഈ അസഹിഷ്‌ണുതയുടെ ഫലമാണ്‌. അങ്ങനെ

അല്ലാത്ത ഏത്‌ മതമാണ്‌ ഇന്നു ഇവിടെ ഉള്ളത്‌.

ഇതര മതങ്ങളിലെ അനുയായികളുടെ സ്‌തുതികളാണ്‌ തങ്ങളുടെ ദൈവത്തിനു ശ്രേഷ്‌ടം എന്ന്‌ കരുതുന്നവരാണ്‌ ഇന്നു ഏറെയും. അത്‌ കൊണ്ടു തന്നെയാണ്‌ മറ്റു മത വിശ്വാസികൾക്കിടയിൽ തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ അവർ പാടുപെടുന്നതും. അടുത്തിടെ കണ്ട ഒരു പരസ്യം ആണ്‌ ഓർമ്മ വരുന്നത്‌ മലബാറിൽ പലയിടത്തും ഇത്തരം പരസ്യങ്ങൾ കാണാറുണ്ട്‌. “സൗജന്യ ഇസ്ലാം പഠനം (മുസ്ലീങ്ങൾ അല്ലാത്തവർക്ക്‌ മാത്രം) എന്താണ്‌ ഇതു കൊണ്ടു ലക്ഷ്യമിടുന്നത്‌. മുസ്ലീം സഹോദരർക്ക്‌ ആ സൗജ്യ പഠനം ലഭ്യമാകാത്തത്‌ കൊണ്ടാകുമോ നസീറുമാരും കസബുമാരും ഉണ്ടാകുന്നത്‌??? മത പരിവർത്തനം ലക്ഷ്യമിടുന്ന കൃസ്‌ത്യൻ മിഷനറിമാരും ഇതര മതക്കാർക്ക്‌ വൻ പ്രലോഭനങ്ങൾ ആണ്‌ ആണ്‌ നല്‌കുന്നത്‌. ക്രൈസ്‌തവർ ഒന്നേ ഉള്ളൂ എന്ന്‌ പറയുന്നവർ ഇന്നു ദളിത്‌ ക്രൈസ്‌തവർ എന്നൊരു വിഭാഗത്തിന്റെ പരിഗണനക്കായി സമരം ചെയ്യുന്നത്‌ കാണുമ്പോൾ സഹതാപമാണ്‌ തോന്നുന്നത്‌. ഹൈന്ദവ സംസ്‌കാരം എന്ന പേരിൽ പൊതു സമൂഹത്തിനു നേരെ പൊതു സമാധാനത്തിനു നേരെ കുതിര കയറുന്ന മുത്തലിക്കുമാരും നമ്മുടെ മുന്നിൽ തന്നെയാണ്‌ വിഹരിക്കുന്നത്‌. സ്‌നേഹവും കരുണയും എല്ലാം ഇന്നത്തെ മതത്തിന്റെ വക്താക്കൾക്കു അന്യമാണെന്നതിനു മറ്റെവിടെ പോകണം.

അ​‍ാടുത്തിടെ ഇവിടെ ഉയർന്ന ”ലൗ ജിഹാദ്‌“ വിവാദം വെളിവാക്കിയത്‌ മതങ്ങൾ തമ്മിലുള്ള അസഹിഷ്‌ണുതയാണ്‌. പലരും അത്‌ പ്രണയത്തിനു നേരെ ഉള്ള ഭീഷണി ആയി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്‌ കണ്ടു. അവരിൽ മതത്തിന്റെ വക്താക്കളും ഉണ്ടായിരുന്നു എന്നതാണ്‌ ഏറെ രസകരം. യഥാർത്ഥത്തിൽ പ്രണയത്തെ ഇതുമായി ബന്ധിപ്പിച്ചു മതങ്ങളുടെ അസഹിഷ്‌ണതയെ സൗകര്യപൂർവ്വം മറയ്‌ക്കുകയായിരുന്നു അവർ. ഒരു മതവും പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. ദൈവം സ്‌നേഹമാണ്‌ എന്ന്‌ പറയുമ്പോഴും സ്‌നേഹത്തിനു അതിരുകളും ചങ്ങലകളും തീർക്കുന്നവരാണ്‌ എല്ലാ മതങ്ങളും. ഏറ്റവും ചിന്തിക്കേണ്ട കാര്യം മതങ്ങൾക്ക്‌ വലുത്‌ മനുഷ്യർ തമ്മിലുള്ള സ്‌നേഹമല്ല എന്നതാണ്‌. മറിച്ച്‌ മനുഷ്യർക്ക്‌ മതങ്ങളോട്‌ അഥവാ മതങ്ങളുടെ മൂർത്തികൾ ആയ ദൈവങ്ങളോട്‌ ആണ്‌ സ്‌നേഹം ഉണ്ടാകേണ്ടത്‌ എന്ന്‌ അവർ ഉദ്‌ഘോഷിക്കുന്നു. അതായത്‌ മതങ്ങളെക്കാൾ വലുതല്ല മനുഷ്യ സഹോദരങ്ങൾ എന്ന്‌ !!! മനുഷ്യന്റെ സൃഷ്‌ടികൾ പലതും മനുഷ്യന്‌ തന്നെ നാശമായിട്ടുണ്ട്‌. പക്ഷെ അവർ അറിയാതെ അവനിൽ നാശം വിതക്കുന്ന സൃഷ്‌ടികളിൽ മതത്തിനോളം വരില്ല മറ്റൊന്നും.

നമ്മുടേത്‌ ഒരു ഒരു മതേതര രാഷ്‌ട്രമാണ്‌. മതേതരം എന്നത്‌ എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമെന്നതോ അതോ ഒരു മതത്തിനും പ്രാധാന്യമില്ലാത്ത അവസ്‌ഥ എന്നതോ എന്ന്‌ ചർച്ച ചെയ്യേണ്ടതുണ്ട്‌. എന്നാലും ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്‌ (ശ്രമം മാത്രമാണ്‌) എല്ലാ മതങ്ങളെയും പരിഗണിക്കാൻ അഥവാ പ്രീണിപ്പിക്കാൻ തന്നെയാണ്‌. മത ആഘോഷദിനങ്ങൾ പൊതു അവധികൾ ആകുന്നതു അതുകൊണ്ടാണല്ലോ. മറ്റു രാഷ്‌ട്രീയങ്ങളിൽ ഇതു എത്രത്തോളമുണ്ട്‌ എന്നറിയില്ല. എന്നിട്ടും, ഇപ്പോഴും ഇവിടെ സംവരണം മതത്തിന്റെയും ജാതിയുടെയും പേരിൽ തുടരുകയാണ്‌ എന്നതാണ്‌ രസകരം. തുല്യ പ്രാധാന്യമെന്നത്‌ ഏത്‌ അളവുകോലിൽ ആണെന്നത്‌ ഇപ്പോഴും അവ്യക്തമായി നിൽക്കെ തങ്ങൾക്കു പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതി എല്ലാവരിലും നിറയുന്നു. സച്ചാർ കമ്മറ്റി, മണ്‌ഡല കമ്മീഷൻ, ഏകീകൃത സിവിൽ കോഡ്‌….. ഒരു പാടു വാക്കുകൾ നമ്മുടെ കർണ്ണങ്ങളെ തഴുകി വിസ്‌മൃതിയിലാണ്ടു പോയിക്കഴിഞ്ഞു.

അതെ; 19 – ​‍ാം നൂറ്റണ്ടിൽ അപചയം സംഭവിച്ച മതങ്ങൾ പൂർവ്വാധികം ശക്തിയോടെ മനുഷ്യരെ പങ്കുവക്കാൻ തുടങ്ങിയിരിക്കുന്നു. വർഗ്ഗ സമരങ്ങൾ മതങ്ങൾക്കുള്ളിൽ നടക്കുന്നുണ്ടായിരിക്കാം. പക്ഷെ മതങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ എവിടെയും….. മറ്റെന്തു സംഭവിച്ചാലും ഉണ്ടാവുന്നതിനേക്കാൾ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത്‌ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ….. ജനസഹസ്രങ്ങളുടെ ജീവൻ തന്നെ ഭീഷണിയായ മുല്ലപ്പെരിയാൽ പോലുള്ള സംഭവങ്ങളെപ്പോലും മാറ്റി നിർത്തിയാണ്‌ നമ്മൾ ”ലൗ ജിഹാദും“ ഡിസംബർ-6” ഉം ചർച്ച ചെയ്‌തത്‌. അടുത്തകാലത്ത്‌ മതങ്ങളോട്‌ പൊതുവെ വിമുഖത കാട്ടിയിരുന്നു കമ്മ്യൂനിസ്‌റ്റ്‌ പാർട്ടിപോലും ദളിത്‌ സംഘടനയെ അംഗീകരിക്കുന്നു. അടുത്തകാലത്ത്‌ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ സഖ്യങ്ങളും വിരൽചൂണ്ടുന്നത്‌ മതത്തിന്റെ ആശയസംഹിതക്ക്‌ മുന്നിൽ അവർക്കും അടിപതറി എന്നാണ്‌. ഈ നൂറ്റാണ്ടിന്റെ പ്രധാന പ്രതിസന്ധി എന്താണെന്ന്‌ ചർച്ച പലയിടത്തും നടക്കുന്നുണ്ട്‌. പരിസ്‌ഥിതി പ്രശ്‌നങ്ങൾ ആണവായുധങ്ങൾ, ഇന്ധന ക്ഷാമം, ഭക്ഷ്യക്ഷാമം എന്നിങ്ങനെ പലതും നമ്മൾ ചർച്ച ചെയ്യുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളൊക്കെ നേടുമ്പോൾ തന്നെ അതോടൊപ്പം അദൃശ്യമായി നമ്മെ വേട്ടയാടുന്ന ഏറ്റവും വലിയ ഭീഷണി മതത്തിന്റെ പേരിലുള്ള തീവ്രവാദവും പോരാട്ടങ്ങളുമായിരിക്കും എന്നത്‌ ഒരു യഥാർത്ഥം മാത്രമാണ്‌. മതങ്ങൾ തമ്മിലുള്ള സ്‌പർധ മാനവരാശിയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലേക്ക്‌ വ്യാപരിച്ചു തുടങ്ങിക്കഴിഞ്ഞു. പരസ്‌പരം ബഹുമാനിക്കനോ അംഗീകരിക്കാനോ (വാക്കുകൾകൊണ്ടോ ആശയം കൊണ്ടോ അല്ല, പ്രവൃത്തികൾകൊണ്ടു) ആവാതെ ഓരോ മതവും അതിന്റെ വക്താക്കളും നിലകൊള്ളുമ്പോൾ ഇനിയുള്ള കാലം രാഷ്‌ട്രങ്ങളുടെ അതിരുകളെക്കാൾ ഭാഷയുടെ വേർതിരിവുകളെക്കാൾ മനുഷ്യരെ അകറ്റുന്നത്‌ അവരായിരിക്കും മതങ്ങൾ. ഭരണകൂടങ്ങളും നീതിന്യായ പീഠങ്ങളും ആറു നൂറ്റാണ്ട്‌ പുറകിലേക്ക്‌, ഫ്യൂഡലിസത്തിനും പുറകിലേക്ക്‌ മടങ്ങാൻ തുടങ്ങിക്കഴിഞ്ഞു. മലയാളിയായ ഒരു ന്യായാധിപൻ അടുത്തിടെ ഒരു ചടങ്ങിൽ പറഞ്ഞതു “ഞാൻ ആദ്യം അല്‌മായനാണ്‌, പിന്നെ ഭാരതീയനും” എന്ന രീതിയിലാണ്‌, ഭരണ സാരഥികളെ നിർണ്ണയിക്കുന്നതിൽ ജനാധിപത്യത്തിലെ രാഷ്‌ട്രീയ പാർട്ടികളും മതം ഒരു ഘടകമാക്കി പരിഗണിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ക്ഷാമങ്ങളും പരിസ്‌ഥിതി പ്രശ്‌നങ്ങളും എല്ലാം ഉണ്ടാകുമ്പോഴും അതിനെ മറികടക്കാനുള്ള അല്ലെങ്കിൽ അതിനെ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ആണ്‌ നമ്മുടെ ചിന്തകളെയും ചർച്ചകളേയും മുന്നോട്ടു നയിക്കുന്നത്‌. എന്നാൽ മതത്തിന്റെ പ്രകോപനങ്ങൾ പലപ്പോഴും നമ്മെ ഉണർത്തുന്നത്‌ എങ്ങനെ തിരിച്ചടി നല്‌കാമെന്ന ചിന്തകളിലെക്കാണ്‌ (ബാബറി മസ്‌ജിദ്‌ പ്രശ്‌നത്തിൽ മലപ്പുറം ശാന്തമായി നിന്നത്‌ ഇപ്പോഴും ഒരു അത്ഭുതമാണ്‌. പക്ഷെ ഇന്നു ആ ഒരു സംയമനം ഒരിടത്തും പ്രതീക്ഷിക്കാനാവില്ല. മാറാട്‌ സംഭവിച്ചത്‌ സംയമനം പാലിച്ച അതെ മലബാറിലാണ്‌ എന്നത്‌ നമുക്കോർക്കാം) ആ ചിന്തയിൽ മറ്റു ദേശീയതകൾ എല്ലാം തന്നെ അപ്രസക്തമാവുകയാണ്‌. പാക്കിസ്‌ഥാനിലും ഭാരതത്തിലും ഒരു പോലെ ജനങ്ങളുടെ മേൽ ആക്രമണം നടത്തുന്ന ഭികര സംഘടനകൾ അതാണ്‌ തെളിയിക്കുന്നത്‌. വളരെ വേഗം മനസുകളിൽ നിന്നു മനസുകളിലേക്ക്‌ വ്യാപിക്കുന്ന ഒരു വൈറസ്‌ ആയി മാറിക്കഴിഞ്ഞിരിക്കുന്നു മത തീവ്രവാദം.

ഇന്നു സദ്ദാം ഹുസൈൻ നമ്മുടെ നാട്ടിൽ ഒരു വീര പുരുഷനാണ്‌. അദ്ദേഹം എങ്ങനെ ആണ്‌ അങ്ങിനെ ഒരു പരിവേഷത്തിൽ എത്തിയത്‌? സ്വന്തം നാട്ടിലെ ജനങ്ങളെ മതത്തിന്റെ പേരിൽ കൂട്ടക്കൊല ചെയ്‌ത നേതാവാണ്‌ അദ്ദേഹം. അതെല്ലാം മറന്നു നമ്മൾ അദ്ദേഹത്തെ വാഴ്‌ത്തുന്നത്‌ തീർച്ചയായും അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ടല്ല; മറിച്ചു അതിൽ പ്രതിഫലിക്കുന്നത്‌ അമേരിക്കയോടുള്ള വിദ്വേഷം മാത്രമാണ്‌. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ പട്ടാളക്കാർക്ക്‌ രക്തം നല്‌കിയതിന്റെ പേരിൽ സ്വന്തം നേതാവിനെ പോളിറ്റ്‌ ബ്യൂറോയിൽ നിന്നും പുറത്താക്കിയ സഖാക്കളാണ്‌ ദേശസ്‌നേഹത്തിന്റെ പേരിൽ സദ്ദാമിനെ പുണ്യവാനാക്കിയതെന്ന്‌ നിലനിൽപ്പിന്റെ ആമാശയപരമായ ഇരട്ടത്താപ്പുതന്നെയല്ലേ? മതങ്ങളോട്‌ അകലാൻ ആഗ്രഹിച്ച കമ്മ്യൂണിസത്തിന്റെ ആധുനിക വക്താക്കൾ മതങ്ങൾക്ക്‌ പ്രിയപ്പെട്ടവരാകാൻ പാടുപെടുന്നത്‌ കാണുമ്പോൾ ആശയങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം മതങ്ങൾക്ക്‌ മാത്രമല്ല മതനിരപക്ഷതക്കും ഒരുപോലാണെന്ന്‌ തോന്നുന്നു.

മതങ്ങൾ നമ്മെ വിഴുങ്ങും മുൻപ്‌ അതിനനുവദിക്കാതിരിക്കാൻ നാം ഉണരേണ്ടിയിരിക്കുന്നു. മതങ്ങളുടെ ആശയങ്ങൾ സുഗന്ധപൂരിതമെങ്കിലും അതിന്റെ വക്താക്കൾ ഇന്നു പരത്തുന്നത്‌ രക്തത്തിന്റെ രൂക്ഷഗന്ധമാണ്‌. മറ്റു മതങ്ങളെക്കാൾ ശ്രേഷ്‌ഠം തങ്ങളാണെന്ന്‌ ഓരോ മതവും അസന്നിഗ്‌ദമായി പ്രഖ്യാപിക്കുമ്പോൾ ഇവിടെ മതേതരത്വം ഒരിക്കലും സമാധാനം പരത്തില്ല. ശാന്തി പുലർത്തില്ല. അതുകൊണ്ട്‌ നമുക്കു ഒരു മതം മാത്രം മതി. മനുഷ്യ മതം. രണ്ടു ജാതി, സ്‌ത്രീയും പുരുഷനും. ഒരിക്കലും സംഭവിക്കാത്ത സങ്കല്‌പ്പമാണ്‌ അതെന്നു അറിയാമെങ്കിലും പ്രതീക്ഷകളെ മനസ്സിൽ നിന്നും പറിച്ചെറിയാൻ ആവുന്നില്ല. നമ്മൾ മനുഷ്യർ ആയിപ്പോയില്ലേ. വയലാറിന്റെ അർത്ഥഗർഭമായ രണ്ടു വരികളോടെ ഈ കുറിപ്പ്‌ അവസാനിപ്പിക്കട്ടെ. ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ. ഇനി ഡിസംബർ-6കളും, സപ്‌തംബർ 11 കളും നമുക്കിടയിൽ ഉണ്ടാകാതിരിക്കട്ടെ.

ദൈവം തെരുവിൽ മരിക്കുന്നു. ചെകുത്താൻ ചിരിക്കുന്നു……

മനുഷ്യൻ തെരുവിൽ മരിക്കുന്നു;

മതങ്ങൾ ചിരിക്കുന്നൂ………

Generated from archived content: adukala3.html Author: anitha.harish_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here