ഇതവസാനിപ്പിച്ചേ തീരൂ !!! എനിക്കീ ഭരണം വേണ്ട !!!
ഒരു നിമിഷത്തെ സ്വസ്‌ഥത പോലും അറിഞ്ഞിട്ടു എത്രയോ കാലമായി…… എല്ലാം മറക്കാൻ ശ്രമിച്ച് പുലരും വരെ എഴുത്ത് മേശക്കരികിൽ ഇരുന്നാലും വാക്കുകൾ അകന്നു നില്‌ക്കുന്നു. എന്നെയിത് ഭ്രാന്തു പിടിപ്പിക്കും. നിങ്ങളുടെയെല്ലാം മുന്നിൽ യാചിക്കുന്ന ഈ രാജാവിനെയോർത്തു നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ!!!“
ഇതു പറയുമ്പോൾ ഒരു പക്ഷെ സ്വാതി തിരുനാൾ രാമവർമ്മ വിജയിക്കുകയായിരുന്നിരിക്കാം. തന്റെ പ്രേയസ്സിയെ തന്നിൽ നിന്നും അകറ്റിയരോടെല്ലാം…. തന്റെ ഭാര്യ നാരായണിയോട് പോലും!!! സ്വാതിതിരുനാൾ എന്ന നാദോപാസകന്; പ്രണയം നഷ്‌ടമായ കാമുകൻ വിജയിക്കുകയായിരുന്നിരിക്കാം. പക്ഷെ ഇതിനെല്ലാം അപ്പുറം രാമവർമ്മക്ക് മറ്റൊരു നിയോഗമുണ്ടായിരുന്നു. പിറക്കും മുൻപ് തന്നെ തന്നിൽ നിഷിപ്‌തമായ കർത്തവ്യം. വഞ്ചിനാടിന്റെ രാജാവ് എന്ന കടമ. ആ രാജാവിനെ വിശ്വസിച്ചു ജീവിച്ച തിരുവിതാംകൂറിലെ പ്രജകളുടെ സുരക്ഷ. ആ വാക്കുകളിലൂടെ പക്ഷെ അദ്ദേഹം തോല്‌പ്പിച്ചത് ജനസഹസ്രങ്ങളുടെ മനസ്സുകളിലെ ആ വിശ്വാസത്തെ ആയിരുന്നു.
ഇന്നു അടുക്കളയിൽ ആ രാജാവിന്റെ കഥയാണ്. നാം ഇന്നു അദ്ദേഹത്തെ ആരാധനയോടെ ഓർക്കുന്ന ചില കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹം ബലി കഴിച്ച മറ്റു ചില കാര്യങ്ങളുടെ കഥ. ചരിത്രത്തിന്റെ താളുകൾക്ക് കനം കൂടുന്നതനുസരിച്ച് പലതും വിസ്‌മൃതിയുടെ കാണാക്കയങ്ങളിലേക്ക് പറിച്ചെറിയപ്പെടും. അക്കൂട്ടത്തിൽ തിരുവിതാംകൂർ എന്ന രാജ്യവും ആ രാജ്യത്തെ രാജ പരമ്പരയും മനസ്സുകളിൽ നിന്നു മാഞ്ഞു പോയേക്കാം. എങ്കിലും കർണാടക സംഗീതത്തിന്റെ അവസാന സ്വരവും നിലക്കുന്നതു വരെ സ്വാതി തിരുനാളിന്റെ നാമം ഒരു പ്രളയത്തിനും തുടച്ചു നീക്കാനാവില്ല.
32 വർഷം മാത്രം നീണ്ടു നിന്ന ആ ജീവിത യാത്രയിൽ അദ്ദേഹം സംഗീതത്തിനു നല്‌കിയ സംഭാവനകൾ ആർക്കു മറക്കാൻ കഴിയും. അദ്ദേഹത്തിന്റെ പേരു കൊത്തിവച്ച കീർത്തനങ്ങളും വർണ്ണങ്ങളും സംഗീതാസ്വാദകരുടെ മനസ്സുകളിൽ അദ്ദേഹത്തിന് അമരത്വം നല്‌കും. പക്ഷെ ആ യാത്രക്കിടയിൽ അദ്ദേഹം മറന്നുപോയ ചില കാര്യങ്ങൾ (നിങ്ങൾക്ക് അതെക്കുറിച്ച് ഓർക്കേണ്ട കാര്യം ഉണ്ടാവില്ല. അതിന്റെ ദുരിത പർവ്വം താണ്ടേണ്ടത് ഒരിക്കലും നമ്മൾ ആരും അല്ലല്ലോ) മരണം വരെ മനസ്സിൽ കൊണ്ടു നടന്ന ചിലരും ഇവിടെ ജീവിച്ചിരുന്നു. നിങ്ങൾ ഓർക്കാത്ത പലരും. ഇന്ന് അടുക്കളയിലേക്കു ഓർമ്മകളുടെ കൂട് തുറന്നു വിടുന്നത് അവരിൽ ഒരുവളാണ്. നാരായണി പിള്ള. സ്വാതി തിരുനാളിന്റെ ധർമ്മപത്‌നി. ക്ഷമിക്കുക അവളുടെ വാക്കുകൾ നിങ്ങളുടെ ആരാധനാവിഗ്രഹത്തിനു പോറൽ ഏൽപ്പിച്ചെങ്കിൽ. ക്ഷമിക്കുക, കാരണം അവൾ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു. മനസ്സും ശരീരവും സംഗീതത്തിനു മാത്രം നല്‌കിയ സ്വാതിതിരുന്നാളിന്റെ മാത്രം ഭാര്യ.
”അമ്മ മഹാറാണിയോട് യാത്ര പറഞ്ഞു കൊട്ടാരത്തിൽ നിന്നും തിരുവട്ടാര് തറവാട്ടിൽ എത്തും വരെ മനസ്സിൽ അവരുടെ വാക്കുകൾ ആയിരുന്നു. ‘കുട്ടീ നിന്റെ സ്‌ഥാനം പല പെൺകുട്ടികളും മോഹിച്ചതാണ്. ഇപ്പോഴും കൊതിക്കുന്നവരുണ്ട്. അതോർമ്മവേണം.’
ശരിയായിരുന്നു. പല പെൺകുട്ടികളും മോഹിച്ചിരുന്നു. ഞാനും. പക്ഷെ ഇപ്പോൾ ആ മോഹങ്ങളെ പറിച്ചെറിഞ്ഞു മടക്കയാത്രയാണ്. എനിക്ക് പകരം വേറെ ഏതെങ്കിലും പെൺകുട്ടി ആയിരുന്നെങ്കിൽ ഇപ്പോൾ ഈ യാത്ര ഇങ്ങനെ ഒറ്റക്കാകുമായിരുന്നോ? ആർക്കറിയാം. ചിലപ്പോൾ ആകുമായിരിക്കും. ഒരു സാധാരണ നായർ കുടുംബമായ ആയ്‌ക്കുട്ടി വീട്ടിലെ ഈ പാവം കുട്ടിയുടെ പാട്ടുകേൾക്കാൻ അദ്ദേഹം എത്തിയപ്പോൾ ഒരിക്കലും കരുതിയില്ല ജീവിതത്തിൽ അദ്ദേഹമാണ് എന്റെ പാതിയായി വരുന്നതെന്ന്. ഞാൻ പാടുന്നത് കേൾക്കെ അടഞ്ഞിരിക്കുന്ന അദ്ദേഹഹത്തിന്റെ മിഴികളുടെ ആഴങ്ങളിൽ ഞാൻ നിറയണമേ എന്ന് അറിയാതെ പ്രാർത്‌ഥിച്ചിരുന്നു. ഞാൻ വീണ മീട്ടുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ താളം പിടിക്കുന്നത് എന്റെ ചുമലിൽ ആയിരുന്നെങ്കിലെന്നു കൊതിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഞങ്ങളെ തിരുവട്ടാര് അമ്മവീട്ടിലേക്ക് ദത്തെടുക്കാനും ജീവിത സഖി ആക്കാനും തീരുമാനിച്ചതറിഞ്ഞ നിമിഷം ആഹ്ലാദത്തേക്കാൾ ഏറെ അത്ഭുതം തന്നെ ആയിരുന്നു. വിവാഹവും ചടങ്ങുകളും ഒക്കെ സ്വപ്‌നമല്ല എന്ന് ചിന്തിയ്‌ക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി.
സ്വപ്‌നങ്ങളിലെ ജീവിതം യാഥാർത്ഥ്യമായപ്പോഴും മനസ്സുകൊണ്ടു ഒരു രാജപത്‌നി എന്ന പദവിയുടെ ഭാരങ്ങളെ ആശങ്കയോടെ തന്നെയാണ് ഞാനോർത്തത്. ഇതുവരെ ഞാൻ വെറുമൊരു പെണ്ണായിരുന്നു. പക്ഷെ വഞ്ചിനാടിന്റെ രാജപത്‌നി അങ്ങനെ ആണോ? മനസ് കുറേക്കൂടി പക്വമാക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ ഒരു പെൺകുട്ടിയിൽ നിന്നും ഭാര്യയിലേക്കുള്ള ദൂരം അദ്ദേഹത്തിന് ഒരിക്കലും ഉൾക്കൊള്ളാനായില്ല എന്നത് ഏറെ വൈകി ആണ് എനിക്കും മനസ്സിലാക്കാൻ കഴിഞ്ഞത്. തിരുവിതാംകൂർ മഹാരാജാവിനു ഭാര്യയെന്നാൽ ഭാവനയുടെ ലോകത്തേക്ക് വാഗ്‌ദേവതയുടെ സ്‌ഫുരണങ്ങളെ പറത്തിവിടാൻ ഉത്തേജനം നല്‌കുന്ന ഒരു സാമിപ്യം മാത്രമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല. അമ്മമഹാറാണിയും മറ്റുള്ളവരും പറഞ്ഞു തന്ന ചരിത്ര പാഠങ്ങളും എന്നെ പഠിപ്പിച്ചത് അങ്ങിനെ ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഞാൻ തന്റെ കൃതികളെ ആലപിക്കുന്ന ഗായിക മാത്രം ആയാൽ മതി. പുലരും വരെ പ്രിയ രാഗങ്ങൾ വീണ മീട്ടിയാൽ മതി. മറ്റെല്ലാം, രാജ്യത്തെ സംഘർഷങ്ങളും ഈസ്‌റ്റ് ഇന്ത്യ കമ്പനിയുമായുള്ള പോരാട്ടങ്ങളും, പട്ടിണിയും, ദാരിദ്രവും എല്ലാം മറക്കാൻ അദ്ദേഹത്തിന് സംഗീതം കൊണ്ടു കഴിയുമായിരുന്നു.
പക്ഷെ ഒരു രാജാവ് അങ്ങനെ ആകേണ്ട ഒരാൾ ആണോ? വളരെ ചെറിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. അലയടിക്കുന്ന തിരമാലയുടെ ഓളങ്ങളിൽ പറവകളുടെ ചിറകടിയുടെ താളത്തിൽ വിളഞ്ഞു നിൽക്കുന്ന വയലിലെ കാറ്റിന്റെ മൂളലിൽ എല്ലാം അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത് രാഗങ്ങളുടെ ലയമാണ്. കലാകാരന്മാർക്ക് ജീവിക്കാൻ ഭാവനകളുടെ ഊർജ്ജം മാത്രം മതി. എത്ര വിശക്കുന്ന വയറുമായും നിശ നീന്തി കടക്കാൻ രാഗമേളങ്ങളുടെ നാദം മാത്രം മതി. പക്ഷെ, അതിന്റെ എത്രയോ അധികം സാധാരണ ജനങ്ങൾ …. അവർക്കു വിശപ്പടക്കാൻ കവിതയോ കഥകളിപ്പദമോ മതിയാവില്ല. എന്നിലെ സ്‌ത്രീപോലും അദ്ദേഹത്തിന്റെ കാഴ്‌ചയുടെ ചക്രവാളങ്ങളിൽ ഉണ്ടായിരുന്നില്ല. എന്നിലെ കലാകാരിയെ മാത്രമായിരുന്നു അദ്ദേഹം ഇഷ്‌ടപ്പെട്ടത്. അംഗീകരിക്കാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഞാനും അതുമായി പൊരുത്തപ്പെട്ടിരുന്നു. അനന്തപത്‌മനാഭന് ജന്മം നല്‌കുന്നത് വരെ. പക്ഷെ ഒരമ്മക്ക് ഒരിക്കലും സ്വാർത്ഥതയാകാനാവില്ല. നീണ്ടു കിടക്കുന്ന വയലിലെ കതിരുകൾ കാണുമ്പോൾ കാറ്റിന്റെ ഈണമല്ല. മക്കൾക്ക് വയറു നിറച്ചുണ്ണാനുള്ള നെല്ലിനെ കുറിച്ചാണ് അവൾക്ക് ഓർക്കാനുണ്ടാവുക. നിങ്ങൾ അവളെ എത്ര സൗന്ദര്യബോധമില്ലാത്തവൾ എന്ന് വിളിച്ചാലും. സംഗീതം മനസ്സിനെ സന്തോഷിപ്പിക്കാനുള്ളതാണ്. പക്ഷെ അതിനെക്കാൾ എത്രയോ വലുതാണ് മനുഷ്യന്റെ വിശപ്പും ജീവിതവും.
അദ്ദേഹത്തിന്റെ സംഗീതത്തെ ഞാനും ഇഷ്‌ടപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം എന്നിൽ നിന്നും ഓരോ നിമിഷവും അകലുകയായിരുന്നു. അദ്ദേഹത്തിന് ഉത്തേജനം നൽകാൻ കഴിവില്ലാത്തവൾ എന്ന് ഏറെ കുറ്റപ്പെടുത്തുമ്പോഴും അദ്ദേഹം ഓർത്തില്ല. ഞാൻ ചെയുന്നത് അതിനേക്കാൾ എത്രയോ വലിയ കർമ്മമാണെന്ന്. അദ്ദേഹം തന്റെ ധർമ്മങ്ങൾ സ്വയം മറന്നതായി നടിക്കുമ്പോഴും. ഒടുവിൽ തഞ്ചാവൂരിലെ സുഗന്ധവല്ലി എന്ന നർത്തകിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിര് കടക്കുന്നു എന്നറിഞ്ഞപ്പോഴും മനസിലെ വേദനയടക്കി കൊട്ടാരത്തിൽ തന്നെ ഞാൻ കഴിഞ്ഞു. വിവാഹരാത്രി കിടപ്പറയിലേക്ക് കാലെടുത്തു വക്കുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു.
‘ഈ വാതിലിനിപ്പുറം ഞാൻ രാജാവല്ല. നീ രാജപത്‌നിയുമല്ല. വെറും ഭർത്താവും ഭാര്യയുമാത്രം.
പക്ഷെ ഇപ്പോൾ ആ മുറിക്കകത്ത് അദ്ദേഹം രാജാവാണ്. ഞാൻ ആ പഴയ ദാസിയും പക്ഷെ, തിരുവാതിരക്കു സുഗന്ധവല്ലിയുടെ നൃത്തത്തിന് ഞാൻ വീണ മീട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോൾ….. എനിക്ക് വയ്യ. എനിക്കതിനെങ്ങനെ കഴിയും. എന്നെപ്പോലെ അവളും ഒരു കലാകാരി ആയിരിക്കാം. പക്ഷെ ഇപ്പോൾ ഞാൻ ഒരു ഭാര്യയും അവൾ എന്റെ ഭർത്താവിന്റെ –
ഇല്ല എനിക്കതിനു കഴിയില്ല അദ്ദേഹത്തെ ഞാൻ മനസ്സിലാക്കുന്നില്ല എന്നായിരുന്നു അതിന് ഞാൻ കേട്ട പഴി. പഴിച്ചോട്ടെ അദ്ദേഹം രാജാവാണ്. ഇഷ്‌ടമുള്ളത് ചെയ്യാം. പക്ഷെ എന്റെ ഭർത്താവ്, എന്റെ കുഞ്ഞിന്റെ പിതാവ് അങ്ങിനെ ചെയ്യുന്നത് എനിക്കൊരിക്കലും സഹിക്കാനാവില്ല. ശരിയാണ്. അദ്ദേഹം അതിനപ്പുറം പലതുമാണ്. പക്ഷെ അത്‌കൊണ്ടു അദ്ദേഹം അതല്ലതാകുമോ? ഇല്ല. ഒരിക്കലും ആകാൻ പാടില്ല ആരും.
പോകാൻ തീരുമാനിച്ചപ്പോൾ ആദ്യമോർത്തത് അദ്ദേഹത്തോട് യാത്ര പറയണമെന്നാണ്. പക്ഷെ ആ മനസ്സിൽ നിന്നും ഇറങ്ങുംമ്പോഴല്ലേ യാത്ര ചോദിക്കേണ്ടൂ. ഞാനെന്ന ഭാര്യയെ ഒരിക്കലും അദ്ദേഹം മനസ്സിൽ കുടിയിരുത്തിയിരുന്നില്ല. അവിടെ ഞാനെന്ന കലാകാരിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവൾ ഇന്നില്ല. ഇനി ഒരിക്കലും തിരിച്ചുവരാൻ കഴിയുകയുമില്ല. ഇപ്പോൾ ഞാൻ അറിയുന്നു. അദ്ദേഹത്തിന് ഭാര്യ ആയിരുന്നില്ല വേണ്ടിയിരുന്നത്. പേരിനൊരു ഭാര്യ ആയിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് ഒരു സഹയാത്രിക ആയിരുന്നു. എല്ലാത്തിനും കാഴ്‌ചക്കാരി മാത്രമാകാൻ കഴിയുന്ന ഒരു സഹയാത്രിക. സുഗന്ധവല്ലി അതായിരുന്നിരിക്കാം. പുതിയ കൊട്ടാരത്തിൽ അവളെയും കുടുംബത്തെയും പാർപ്പിച്ചപ്പോഴും അവൾ പറഞ്ഞതു തനിക്കൊന്നും വേണ്ട എന്നായിരുന്നു. ഞാൻ ആവശ്യങ്ങൾ കൊണ്ടു ബുദ്ധിമുട്ടിക്കുന്നു എന്ന് പരാതി പറയുന്ന അദ്ദേഹത്തിന് എന്റെ ആവശ്യങ്ങൾ എന്റെ മാത്രം ആവശ്യങ്ങൾ അല്ല എന്ന് കാണാൻ ആവാതെ പോയി.
അദ്ദേഹം പറഞ്ഞതു ശരിയാണ്. തെറ്റിപ്പോയി. ഞാൻ അദ്ദേഹത്തെ അറിഞ്ഞതും അദ്ദേഹം എന്നെ അറിഞ്ഞതും തെറ്റിപ്പോയി.“
നാരായണിക്ക് ഇത്രയേ പറയാനാവൂ. വിലയിരുത്തേണ്ടത് നമ്മൾ ആണ്. ആർക്കാണ് തെറ്റിയത്. നാരായണി ചിന്തിച്ചതും പ്രവർത്തിക്കാൻ ശ്രമിച്ചതും ഒരു ഭാര്യയുടെ ഭാഗത്ത് നിന്നാണ്. ഒരു രാജ്യം ഭരിക്കേണ്ട രാജാവിന്റെ ഭാര്യയുടെ. പക്ഷേ സ്വാതി തിരുനാൾ പലപ്പോഴും മറന്നതും അതാണ്. താൻ സംഗീത ഉപാസകനാണ് എന്നതിനപ്പുറം തിരുവിതാംകൂർ രാജാവാണെന്ന കാര്യം. തനിക്ക് ലഭിച്ച രാജപദവി കൊണ്ടു കലാകാരന്മാരെ പ്രോൽസാഹിപ്പിച്ച അദ്ദേഹം അതിനെക്കാളുപരി ആ പദവികൊണ്ട് ചെയ്യാനുണ്ടായിരുന്ന കർത്തവ്യങ്ങളിൽ പലതും വിസ്‌മരിച്ചതിന്റെ പ്രതിഫലനമാണ് ആദ്യം കേട്ട വാക്കുകളായി തിരുവിതാംകൂറിൽ മുഴങ്ങിയത്. രാജ്യത്തിന്റെ ശക്തിയുടെ പ്രതിരൂപമാകേണ്ട രാജാവ് ഒരു സ്‌ത്രീയുടെ പേരിൽ സ്വന്തം ജീവിതം ബിലികഴിച്ചപ്പോൾ…. ഒരു കലാകാരൻ ഒരു മനുഷ്യസ്‌നേഹി കൂടി ആയിരിക്കണം എന്നൊരു ചൊല്ലുണ്ട്. തന്റെ കർത്തവ്യങ്ങളിൽ നിന്നും അകന്നു സങ്കല്‌പങ്ങളുടെ വാല്‌മികങ്ങളിൽ സുഷുപ്‌തിയിലാണ്ട് നില്‌ക്കേണ്ടവൻ അല്ല മനുഷ്യ സ്‌നേഹി. പക്ഷെ കലാകാരന്മാരുടെ ഒരു ദൗർബല്യമാണ് അംഗീകാരം, പ്രശസ്‌തി. ഒരു കുടുംബനാഥൻ എന്ന കടമ നിർവഹിച്ചാൽ ഒരിക്കലും പ്രശസ്‌തി കിട്ടില്ല. ദൗർഭാഗ്യവശാൽ നമ്മുടെ ചില കലാകാരന്മാരെങ്കിലും അത്തരം ചിന്തകൾക്ക് അടിമപ്പെട്ടിരിക്കുന്നു. പിതാവെന്ന മകനെന്ന ഭർത്താവെന്ന അടിസ്‌ഥാന കടമകളെ അവർ പാടെ വിസ്‌മരിക്കുന്നു. അവർക്കതിനു കഴിയാതെ അല്ല. മറ്റുള്ളവർ തങ്ങൾക്കു വേണ്ടി ചെയ്യുന്ന വിട്ടു വീഴ്‌ചകളുടെ ഒരംശം തന്റെ പിടിവാശി ഉപേക്ഷിക്കാൻ അവർ തയ്യാറായാൽ അവർക്കതിനു കഴിയും. മനസ്സിലെ സ്വാർത്ഥത അല്‌പമൊന്നു കുറച്ചാൽ അവർക്കതിനു കഴിയും. പക്ഷെ ജനശതങ്ങളെ തന്റെ പ്രതിഭകൊണ്ടു ആനന്ദിപ്പിക്കുന്ന അവൻ തന്റെ ഉറ്റവരെ അങ്ങേ അറ്റം വിഷമിപ്പിക്കുന്ന കാഴ്‌ച ആനന്ദസാഗരത്തിൽ ആറാടുന്ന നമ്മുടെ നയനങ്ങൾക്ക് കാണാൻ ആയെന്നു വരില്ല. ഓരോ മനുഷ്യനും, അവൻ കലാകാരനായാലും കൊലപാതകി ആയാലും, സമൂഹത്തോട് ആവശ്യം ചെയ്യേണ്ട കടമകൾ ഉണ്ട്. ജീവിക്കാൻ അടിത്തറ ഒരുക്കി തന്നതിന്റെ പ്രത്യുപകാരം. പക്ഷെ ഓരോ സമൂഹവും തുടങ്ങുന്നത് തന്നിൽ നിന്നു തന്നെയാണ്. വ്യക്തി-കുടുംബ-സമൂഹം-രാഷ്‌ട്രം എന്നിങ്ങനെ വികസിക്കുന്ന ആ കണ്ണിയിലെ രണ്ടാമത്തെ കണ്ണി അവർ പലപ്പോഴും വിസ്‌മരിക്കുന്നു. അത്‌കൊണ്ടു തന്നെ ജീവിതത്തിൽ സ്വസ്‌ഥത എന്നത് കേവലം സങ്കല്‌പമായി തന്നെ അവശേഷിക്കുന്നു. മനുഷ്യൻ ഒരിക്കലും സങ്കല്‌പങ്ങളിൽ ഉറങ്ങേണ്ടവനല്ല. യാഥാത്ഥ്യങ്ങളോട് പൊരുതേണ്ടവനാണ്. സ്വാതി തിരുനാൾ മഹാനായ സംഗീജ്ഞനായിരുന്നു. പക്ഷെ ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന്റെ മഹത്വം എന്താണ്? അദ്ദേഹം തന്റെ ഭാര്യയെ പ്രണയിച്ചിരുന്നു. പക്ഷെ അദ്ദേഹം തിരികെ പ്രതീക്ഷിച്ച പ്രണയത്തിനു എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കുക എന്ന അർത്‌ഥമേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം എന്ന വാക്കു തന്നെ അസംതൃപ്‌തിയുടെ ഉത്‌പന്നമാണ്. സംതൃപ്‌തിയുടെ ലോകത്ത് സ്വാതന്ത്രചിന്തകൾക്ക് തന്നെ പ്രസക്തിയില്ല. പ്രണയം എന്നത് ജീവന്റെ സംതൃപ്‌തി ആണ്. എല്ലാ സ്വാതന്ത്രങ്ങളെയും അപ്രസക്തമാക്കുന്ന മനസ്സിന്റെ ഔന്നിത്യമാണ്. അതല്ലേ പ്രണയത്തിനായി മറ്റെല്ലാം ഉപേക്ഷിക്കാൻ നമ്മെ പ്രാപ്‌തരാക്കുന്നതും. സുഗന്ധവല്ലിയെ ഓർത്തു നിരാഹാരം കിടന്നു സ്വയം ജീവനൊടുക്കിയ സ്വാതി തിരുനാളും പ്രണയിനിക്കായി ബ്രിട്ടീഷ് സിംഹാസനം ത്യജിച്ച എഡ്വേർഡ് – 8 രാജാവും ചെയ്‌തതും അതിലൂടെ നമ്മോടു പറഞ്ഞതും പ്രണയം എല്ലാ സ്വാതന്ത്രങ്ങളും അപ്രസക്തമാക്കുന്ന വികാരംആണെന്ന് തന്നെയല്ലേ. സ്വതന്ത്ര മോഹികൾ തിരയുന്ന പ്രണയമല്ല. സ്വാതന്ത്ര്യം മാത്രമാണ്. അതാകട്ടെ അസ്‌ഥിരമായ ഒരവസ്‌ഥയും.
മഹാന്മാരായ കലാകാരന്മാരെ നമുക്കു ആദരിക്കാം. പക്ഷെ അവരെ ജീവിതത്തിലേക്ക് പകർത്താൻ ശ്രമിച്ചാൽ ആവർത്തിക്കപ്പെടുന്നത് അതേ ദുരന്തങ്ങൾ തന്നെയാവും. ആ ദുരന്തങ്ങൾ ഇന്നിന്റെ കലാകാരന്മാർക്ക് പാഠം ആവേണ്ടതാണ്. യാഥാർതഥ്യങ്ങളുടെ ലോകത്തേക്കും കണ്ണുകൾ അയക്കാൻ അവർക്ക് സ്വപ്‌ന സഞ്ചാരികളായ മുൻഗാമികളുടെ അസ്വസ്‌ഥമാർന്ന ജീവിതം വഴികാട്ടട്ടെ. നമുക്കാർക്കും അനുകരണങ്ങളിലൂടെ മറ്റൊരു സ്വാതി തിരുന്നാൾ ആകാനാവില്ല. ഒരിക്കലും. നമ്മൾ നാളെക്കായി കോറിയിടേണ്ടത് നമ്മുടെ കൈയൊപ്പ് പതിച്ച പ്രതിഭാസ്‌ഫുരണങ്ങൾ ആണ്. അതിന് പക്ഷെ നാരായണിമാരുടെ കണ്ണീരിന്റെ കാളിമ ഉണ്ടാവാതിരിക്കട്ടെ. ജീവിതത്തിൽ മൃദുല വികാരങ്ങളാൽ മാത്രം സ്വയം മറക്കാതെ നാളയുടെ ജീവിതത്തിനു മാതൃകയായാൻ എല്ലാ കലാകാരന്മാർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ………….
കുറിപ്പ്‌ഃ രാജ കുടുംബത്തിന്റെ എതിർപ്പുണ്ടായിട്ടും തനിക്കൊന്നും വേണ്ട എന്ന് പറഞ്ഞ സുഗന്‌ധവല്ലി സ്വാതി തിരുനാളിന്റെ മരണശേഷവും തിരുവനന്തപുരത്ത് തഞ്ചാവൂർ അമ്മ വീട്ടിൽ തന്നെയാണ് മരണം വരെ ജീവിച്ചത്. അവരുടെ മരണശേഷം മഹാരാജ ഉത്രം തിരുനാൾ ആ കൊട്ടാരം രാജസ്വത്തിലേക്ക് ഏറ്റെടുത്ത നടപടിയെ അവർ മദ്രാസ് ഹൈക്കോടതിയിൽ കേസ് കൊടുത്തു ചോദ്യം ചെയ്യുകയുമുണ്ടായി. സുഗന്ധവല്ലി ആരാധിച്ചിരുന്ന ഗണപതി വിഗ്രഹം തിരുവനന്തപുരത്തെ പാൽക്കുളങ്ങര അമ്പലത്തിലേക്ക് മാറ്റുകയും ചെയ്‌തു.
കടപ്പാട്‌ഃ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്‌ത ”സ്വാതി തിരുനാൾ“ സിനിമയോട്.
Generated from archived content: adukala2.html Author: anitha.harish_k