മാധ്യമങ്ങൾ വിളയാടുമ്പോൾ

‘ദു;ഖ സംഖ്യ ഃ46’

തേക്കടി ബോട്ട്‌ ദുരന്തത്തിനെ പ്രതിപാദിച്ചു നമ്മുടെ പ്രധാന പത്രങ്ങളിൽ ഒന്നി​‍്‌ൽ വന്ന തലക്കെട്ട്‌ ആണിത്‌. യഥാർത്ഥത്തിൽ അവിടെ പൊലിഞ്ഞത്‌ 45 ജീവൻ ആയിരുന്നു. അവർ എഴുതിയ ഈ ദുഃഖ സംഖ്യ ഒരു കൈപ്പിഴയായി തള്ളിക്കളയാൻ കഴിയില്ല. കാരണം ആ തലക്കെട്ട്‌ ഒന്നാം പേജിലെ പ്രധാന വാർത്ത ആയിരുന്നു. സംഭവങ്ങളും വച്ചു നോക്കിയാൽ ഇന്നത്തെ മാധ്യമങ്ങളുടെ യഥാർത്ഥ മുഖവും അത്‌ തന്നെയാണ്‌. വായനക്കാരിൽ പരമാവധി ഞെട്ടൽ അല്ലെങ്കിൽ സ്‌തോഭം ജനിപ്പിക്കാൻ കേട്ടു കേൾവികളിലെ വസ്‌തുതകളെ അന്വേഷിക്കാതെ തങ്ങളുടെ പങ്കും ചേർത്ത്‌ വിസർജിക്കുന്ന ആധുനിക അന്വേഷണാത്മകപത്ര പ്രവർത്തനം.

പത്രത്തിലെ ചിത്രങ്ങളെക്കാളും (അവയും പലതും അരോചകം തന്നെ) ഭീകരമായത്‌ ചാനലുകൾ ആ വാർത്ത അവതരിപ്പിച്ച ശൈലിയാണ്‌. മരണ സഖ്യ എത്രയും കൂടാമോ അത്രയും കൂടണമെന്ന ആഗ്രഹം ധ്വനിപ്പിക്കുന്നതായിരുന്നു എല്ലാ അവതാരകരുടെയും അവതരണം. അതെ, എല്ലാവരും ജീവന്‌ വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവർ മരണസംഖ്യ ഉയരാൻ പ്രാർത്ഥിക്കും. കാരണം ഉയരുന്ന ആ സംഖ്യയിലാണ്‌ വാർത്താമൂല്യം എന്നൊരു അലിഖിത സങ്കല്‌പം തന്നെ അവർക്കിടയിലുണ്ടെന്നു തോന്നും. കാരണം സന്നദ്ധപ്രവർത്തകർ രക്ഷിച്ചെടുത്ത ജീവന്റെ എണ്ണം അവർക്ക്‌ അറിയേണ്ട. അറിയേണ്ടത്‌ ഒന്നു മാത്രം. എത്ര പേര്‌ മരിച്ചു. ഇനി എത്ര പേര്‌ കൂടി മരിക്കും. ഓർമ്മ വരുന്നതു 1994 – ൽ പുലിറ്റ്‌സർ സമ്മാനം കിട്ടിയ കെവിൻ കാർട്ടിന്റെ പ്രശസ്‌തമായ ഒരു ചിത്രമാണ്‌. തന്റെ വിശപ്പടക്കാനായി മുന്നില്‌ ഇഴയുന്ന അസ്‌ഥിപഞ്ചരമായ ബാലന്റെ മരണം കാത്തിരിക്കുന്ന കഴുകന്റെ ചിത്രം.

‘കാള പെറ്റെന്ന്‌ കേട്ടാൽ കയറെടുക്കുന്ന നിലയിലേക്ക്‌ പത്രങ്ങൾ അധഃപതിച്ചിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണം ആണല്ലോ അമേരിക്കക്കാരൻ പട്ടിയെ തിന്നു റെക്കോറഡ്‌ സ്‌ഥാപിച്ചു എന്ന്‌ നമ്മൾ വായിക്കാൻ ഇടയായത്‌. അതിനേക്കാൾ അരോചകമായ ദൃശ്യങ്ങൾ ആയിരുന്നു ഒരു കേസിന്റെ നാർക്കോ പരിശോധനയുടെ സംപ്രേഷണത്തിലൂടെ നമ്മൾ അനുഭവിച്ചത്‌. മാധ്യമങ്ങൾ പറയുന്നുണ്ട്‌ ഞങ്ങൾ ഇടപെടുന്നത്‌ കൊണ്ടാണ്‌ കേസുകൾ മാഞ്ഞുപോകാതെ നില്‌ക്കുന്നതെന്ന്‌. ഒന്നു ചോദിച്ചോട്ടെ മാധ്യമങ്ങൾ അമിത താത്‌പര്യം കാട്ടിയ ഏത്‌ കേസാണ്‌ ഇവിടെ തെളിഞ്ഞിട്ടുള്ളതും, ശിക്ഷിക്കപ്പെട്ടിട്ടുള്ളതും. പെൺവാണിഭം, കൊലപാതകം, അഴിമതി മാധ്യമങ്ങൾ ഇടപെട്ട ഏത്‌ മേഖലയിലെ കേസുകളും ഒരിടത്തും എത്തിയില്ല. അല്ലാത്ത കേസുകൾ കോടതിയിൽ നീതിപൂർവ്വം തന്നെ നടക്കുന്നു.

മാധ്യമങ്ങൾ വാർത്തകൾക്ക്‌ നല്‌കുന്ന പ്രധാന്യങ്ങൾ തന്നെയാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്‌. സംഭവങ്ങൾ അല്ല, വ്യക്തികൾക്കനുസരിച്ചാണ്‌ വാർത്തയുടെ പ്രാധാന്യം ഇന്നു നിർണ്ണയിക്കപ്പെടുന്നത്‌. പ്രശസ്‌തർ തുമ്മിയാൽ, പച്ചക്കറി വാങ്ങിയാൽ, പൊട്ടു തൊട്ടാൽ, മായ്‌ച്ചാൽ എല്ലാം വാർത്ത. അതിനേക്കാൾ വലിയ സംഭവങ്ങൾ ഒന്നും വാർത്തയല്ല. കാരണം അത്‌ ചെയ്‌തത്‌ പ്രശസ്‌തർ അല്ല. സമൂഹത്തിൽ നിലയും വിലയും ഉള്ളവരെ ലക്ഷ്യമിടുക എന്നൊരു ദുഷ്‌പ്രവണതയും മാധ്യമങ്ങൾ ഇന്നു സ്വീകരിക്കുന്നു. രസകരമായ വസ്‌തുത വേട്ടയാടപ്പെടുന്ന ചിലരെ പ്രശസ്‌തരാക്കിയതും ഈ മാധ്യമങ്ങൾ തന്നെ ആണെന്നതാണ്‌. ആടിനെ പട്ടിയാക്കുക. പിന്നെ അതിനെ പേപ്പട്ടി എന്നും പറഞ്ഞു ഓടിച്ചിട്ട്‌ തല്ലി കൊല്ലുക. എല്ലാം വാർത്ത തന്നെ.

മറ്റൊരു കാഴ്‌ച മാധ്യമ പ്രവർത്തകർക്ക്‌ സമൂഹത്തോടും സമൂഹത്തിലെ ആദരണീയരോടും ഉള്ള ബഹുമാനമില്ലായ്‌മയാണ്‌. എന്തിനും ഏതിനും സമൂഹത്തെ കുറ്റപ്പെടുത്തുന്ന കാഴ്‌ചയാണ്‌ ഇന്നു കൂടുതലും കാണുന്നത്‌. മാധ്യമ പ്രവർത്തനം എന്നാൽ സമൂഹത്തെ നേരിന്റെ നന്മയുടെ പുരോഗമനത്തിന്റെ ദിശയിലേക്ക്‌ നയിക്കുക എന്നതായിരുന്നു ഒരു കാലത്തെ അർത്ഥം. അങ്ങിനെ ചെയ്‌ത സമാദരനീയരായ പത്രാധിപരുടെയും പത്രപ്രവർത്തകരുടെയും നാടായിരുന്നു ഇത്‌. മറ്റെവിടെയും എന്നപോലെ പാശ്ചാത്യ സംസ്‌കാരം മാധ്യമങ്ങളെയും ബാധിച്ചതാണ്‌ ഇത്തരമൊരു അവസ്‌ഥയിൽ എത്താൻ കാരണം. പ്രശസ്‌തരുടെ പിന്നാലെ ഉള്ള ഓട്ടം അവിടത്തെ പത്രപ്രവർത്തനം ആയിരുന്നു. ഇന്നു ഇവിടെ നടമാടുന്നതും മറ്റൊന്നല്ല. അവിടെ പ്രശസ്‌തർക്ക്‌ പിന്നാലെ ഓട്ടം ആയിരുന്നെങ്കിൽ ഇവിടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം പ്രശസ്‌തർ സ്വയം ഇവരുടെ മുന്നിലേക്ക്‌ നിന്നു കൊടുക്കാൻ തയ്യാറായിരുന്നു. സ്വന്തം ചെലവിൽ വഴി നീളെ ബോർഡുകൾ സ്‌ഥാപിക്കുന്നതും, കാശ്‌മുടക്കി തനിക്ക്‌ തന്നെ സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നതും, ഒരു കമ്മറ്റി ഉണ്ടാക്കി അവാർഡുകൾ സ്വീകരിക്കുന്നതും ഒക്കെ പ്രശസ്‌തിയുടെ ജ്വരം തലയ്‌ക്കു പിടിച്ച ഒരു ജനതയെ തന്നെയല്ലേ കാണിച്ചു തരുന്നത്‌. ഇല നക്കി നായയുടെ കിറി നക്കി നായ എന്ന പോലെ മാധ്യമങ്ങളും പിന്നാലെ അണിനിരന്നപ്പോൾ എല്ലാം ശുഭം.

യഥാർത്ഥത്തിൽ മാധ്യമങ്ങൾ ഇന്നു ചെയ്യുന്നത്‌ ഉത്തരവാദിത്വമില്ലാത്ത ഒരു പണിയാണ്‌. എവിടെയും ചെന്നു പ്രശ്‌നങ്ങൾ ഉണ്ടാക്കി ഇവിടെ ആകെ കുഴപ്പമാണ്‌ എന്നൊരു ഭീതി ജനിപ്പിക്കുക എന്നത്‌ മാത്രം ആയിപ്പോകുന്നു അവരുടെ പ്രവർത്തം. ഒരു സംഭവം പൂർണമാകും മുൻപ്‌ തന്നെ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നത്‌ ആർക്കു വേണ്ടിയാണ്‌. ഈ ചർച്ചകൾ കൊണ്ടു എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ? ചില ചർച്ചകളിൽ ചിലർ എനിക്ക്‌ പറയാൻ ഉള്ളത്‌ മുഴുവൻ പറയാൻ അനുവദിക്കണം എന്ന്‌ യാചിക്കുന്നതു കേൾക്കാം. അത്‌ അനുവദിച്ചില്ലെങ്കിലും പക്ഷെ അവതാരകർ തങ്ങളാണ്‌ ശരി, തങ്ങൾ ആണ്‌ സർവാധിപതി എന്ന ഹുങ്കോടെ നടത്തുന്ന ചർച്ചകളിൽ പിന്നെയും അവർ വരും. കാരണം തങ്ങളെ നാലാൾ കണ്ടുകൊണ്ടിരിക്കണം എന്ന ചിന്ത മാത്രമേ അവർക്കുളളു. ചർച്ച നിയന്ത്രിക്കുന്ന അവതാരകരും ഒരിക്കലും അതിനുള്ള പക്വത ഇല്ലാത്തവർ ആണെന്ന്‌ അവരുടെ പ്രകടനത്തിൽ നിന്നു തന്നെ മനസ്സിലാക്കാം. പക്ഷെ അവരും കളിപ്പാവകൾ മാത്രമാണ്‌. വലിയ താല്‌പര്യങ്ങളുള്ള പത്ര മുതലാളിമാരുടെ ബലിമൃഗങ്ങൾ.

വാർത്തചാനലുകൾ ആണ്‌ വാർത്തകളുടെ മൂല്യശോഷണത്തിന്‌ മറ്റൊരു കാരണം. ദിവസം മുഴുവൻ എന്തെങ്കിലും കാണിച്ചേ തീരു എന്ന അവസ്‌ഥ അവസരങ്ങളെക്കാൾ വലിയ ബുദ്ധിമുട്ടുകൾ ആണ്‌ സൃഷ്‌ടിക്കുന്നത്‌. തമിഴ്‌ നാട്ടിൽ നിന്നു രണ്ടു കുറ്റാരോപിതരെ കൊണ്ടുവരുന്ന വഴി മുഴുവൻ തല്‌സമയം കാണിച്ചത്‌ എന്തിനായിരുന്നെന്ന്‌ അവർക്ക്‌പോലും പറയാനാവില്ല. ചില വിവരങ്ങൾ, അപൂർണ്ണമായ വിവരങ്ങൾ തെറ്റിദ്ധാരണകൾ പരത്താൻ മാത്രമെ ഉപകരിക്കൂ. നിർഭാഗ്യവശാൽ മാധ്യമങ്ങൾ ഇന്നു ചർച്ച ചെയ്യുന്ന ഭൂരിപക്ഷം കാര്യങ്ങളും അവ്യക്തമായ അറിവോടെയാണണെന്നത്‌ വളരെ ഖേദകരം ആണ്‌. അറിയാത്ത കാര്യത്തെ കുറിച്ചു മിണ്ടാതിരിക്കുക എന്ന കേവല മര്യാദപോലും അവർ മറക്കുന്നു.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌ എന്നതാണ്‌ നമ്മുടെ നിയമത്തിന്റെ ആപ്‌ത വാക്യം. എന്നാൽ മാധ്യമങ്ങളുടെത്‌ നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി ശിക്ഷിക്കും. അതിൽ നിന്നൊരു മാറ്റം ഉണ്ടാവണമെങ്കിൽ സമൂഹത്തിന്റെ പ്രശസ്‌തി ഭ്രമം അവസാനിച്ചേ മതിയാവൂ. അത്‌ വരെ ഈ അഭ്യാസങ്ങൾ ഇനിയും തുടരും. കാണുക തന്നെ, കണ്ണുണ്ടായിപ്പോയില്ലേ.

Generated from archived content: essay1_oct17_09.html Author: anitha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English