തിളക്കമില്ലാത്ത താരങ്ങൾ….

ചന്ദ്രനെ കാണാത്തവരായി കാഴ്‌ചയുള്ളവരിൽ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയിൽ ദൂരെ മാനത്ത്‌ കുളിർമ്മയുള്ള നിലാവ്‌ പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാൾ മുതലേ കണ്ടു തുടങ്ങിയതാണ്‌ എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ മന്ദസ്‌മിതം നമ്മുടെ മനസ്സിലും നിലാവ്‌ പൊഴിച്ചിരിക്കുന്നു. ദേവനായും കളിക്കൂട്ടുകാരനായും സങ്കല്‌പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്‌പനികതയുടെ വക്താക്കൾക്ക്‌ ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്‌ത്ര ലോകത്തിനും. പക്ഷേ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൗന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത്‌ അറിഞ്ഞപ്പോഴാണ്‌ നമ്മൾ തിരിച്ചറിഞ്ഞത്‌. നമ്മുടെ ഊഷര മരുഭൂമികളെക്കാൾ വരണ്ട്‌ ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൗന്ദര്യത്തിന്റെ ഉപമയായി സങ്കല്‌പിച്ചത്‌. ഇന്നു അടുക്കളക്ക്‌ പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെക്കുറിച്ചാണ്‌. അടുത്തറിയും മുൻപ്‌ പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളിൽ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്‌. പിന്നെ ഏതൊരു താരത്തിന്റെയും തിളക്കത്തിന്റെ ഇടയിൽ കാണുന്ന ചില കറുത്ത പൊട്ടുകൾ. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.

ഇന്നും കഥ പറയുന്നതു നിങ്ങളിൽ പലർക്കും അജ്ഞാതയായ ഒരു സഹോദരി ആണ്‌. പാട്രീഷ്യ ഹെയിൽ എന്ന പാറ്റ്‌. ഇംഗ്ല​‍്ടിലെ ബർമിംഗ്‌ ഹാമിലെ പാവപ്പെട്ട ഒരു ക്ലാർക്കിന്റെ മകളായി പിറന്നു. പിന്നീട്‌ വലിയ സ്വപ്‌നങ്ങളുമായി ഓക്‌സ്‌ഫോർഡ്‌ സർവകലാശാലയിലേക്ക്‌ പഠിക്കാൻ എത്തിയ കൗതുകമുണർത്തുന്ന സുന്ദരമായ മുഖത്തോട്‌ കൂടിയ വെളുത്ത്‌ മെലിഞ്ഞ പെൺകുട്ടി. പക്ഷെ ഒരുപാടു പ്രതീക്ഷകളും പേറിയുള്ള ആ യാത്ര തന്റെ സ്വപ്‌നങ്ങളുടെ വിലാപയാത്ര ആയിരുന്നെന്ന്‌ അവൾ തിരിച്ചറിയുന്നത്‌ നീണ്ട 44 വർഷങ്ങൾക്കു ശേഷം രോഗവുമായുള്ള മല്ലയുദ്ധത്തിനിടക്ക്‌ ആശുപത്രിക്കിടക്കയിൽ വച്ചാണ്‌. കാരണം അത്‌വരെയും അവൾ വിശ്വസിച്ചിരുന്നു. ‘ഞാൻ എന്റെ വിദ്യയുടെ പ്രിയ പത്‌നി ആണ്‌.’ തനിക്കും എഴുത്തിനുമിടയിൽ എന്നും കടന്നു വരാൻ പാടില്ലെന്നും തങ്ങൾ മാത്രമുള്ള സ്വകാര്യതയാണ്‌ തനിക്ക്‌ വേണ്ടതെന്നും പറഞ്ഞു അമ്മയാകാനുളള മോഹത്തെ അയാൾ നിരാകരിക്കുമ്പോഴും അവൾ വിശ്വസിച്ചു;‘ ഞാൻ എന്റെ വിദ്യയുടെ എല്ലാമാണ്‌.’

നിങ്ങൾക്കറിയില്ലേ പാറ്റിന്റെ വിദ്യയെ??? ഇന്ത്യൻ വേരുകളുള്ള, ആധുനിക ഇംഗ്ലീഷ്‌ ഗദ്യസാഹിത്യ ലോകത്തെ കുലപതികളിൽ ഒരാളായ വി.എസ്‌. നൈപാൾ എന്ന സർ വിദ്യാധർ സൂരജ്‌ പ്രസാദ്‌ നൈപാളിനെ എങ്ങനെ അറിയാതിരിക്കാനാണ്‌. നോബൽ സമ്മാനവും ബുക്കർ സമ്മാനവും അടക്കം സാഹിത്യത്തിനു ലഭിക്കാവുന്ന ബഹുമതികളിൽ ഏറെയും നേടിക്കഴിഞ്ഞ ലോകത്തെ സാഹിത്യപ്രേമികളുടെ മനസ്സിൽ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ നൈപാൾ എന്ന സാഹിത്യ നഭസ്സിലെ താരത്തെ!!! പക്ഷെ പാറ്റിന്‌ പറയാനുള്ളത്‌ ആ തിളക്കത്തിന്റെ തീവ്രതയല്ല. മറിച്ചു ആ തിളക്കത്തിനപ്പുറത്തെ ഇരുൾ കൂടിയാണ്‌. വാക്കുകൾ കൊണ്ടു സ്‌ത്രീ വംശത്തിനു പട്ടു മെത്ത ഒരുക്കിയ പ്രവൃത്തി കൊണ്ടു അതെ സ്‌ത്രീത്വത്തിനു പട്ടട ഒരുക്കിയ നൈപാൾ എന്ന മനുഷ്യന്റെ മറ്റാർക്കും കാണാൻ കഴിയാതിരുന്ന മുഖങ്ങളെക്കുറിച്ച്‌. “മരണം കാത്തു കിടക്കുക എന്നതിനോളം വലിയ ശിക്ഷ ഈ ലോകത്ത്‌ അനുഭവിക്കാനില്ല. പക്ഷെ ആ കാത്തിരിപ്പിനും ചിലപ്പോഴൊക്കെ മധുരമുള്ള സമ്മാനങ്ങൾ നല്‌കാനാവുമെന്നും തിരിച്ചറിഞ്ഞത്‌ രാവിലെ ഹെഡ്‌ നേഴ്‌സ്‌ കൊണ്ടു വന്ന ഫാക്‌സ്‌ വായിച്ചപ്പോഴാണ്‌. ജക്കാർത്തയിൽ നിന്നും വിദ്യയുടെ സന്ദേശം. ”പല കാര്യങ്ങളും കേട്ടത്‌ ഹൃദയം കീറി മുറിയുന്ന വേദനയോടെയാണ്‌ പാറ്റ്‌. എന്റെ ആ വാക്കുകൾ എന്നെക്കുറിച്ചായിരുന്നു എങ്കിലും നീ അറിയരുത്‌ എന്ന്‌ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ അത്‌ നിന്നെ ഇത്ര തളർത്തി എന്ന്‌ കേൾക്കുമ്പോൾ….. ഞാൻ എന്ത്‌ ചെയ്യണം എന്നാണ്‌, എന്താകണം എന്നാണ്‌ നീ ആഗ്രഹിക്കുന്നതെന്ന്‌ എന്നോട്‌ പറയൂ പാറ്റ്‌. നീ എന്തായിരുന്നുവോ, അതിനെല്ലാം ഈ വിതുമ്പുന്ന ഹൃദയത്തിന്റെ നന്ദി. ഞാൻ അറിയുന്നു, ഞാൻ ഒരിക്കലും നിന്റേതു മാത്രമായിരുന്നില്ല എന്നറിഞ്ഞിട്ടും നീ എന്നും എനിക്ക്‌ മാത്രമായി കാത്തിരുന്നു എന്ന്‌. With tremendous and endusing love,always your’s VIDDYA”

ഇനി ഒരിക്കൽ കൂടെ വായിക്കാനാവാത്ത വിധം എന്റെ മിഴിനീരാൽ ആ കടലാസു കഷണം നനഞ്ഞു കുതിർന്നിരിക്കുന്നു. എന്താണ്‌ ഞാൻ അദ്ദേഹത്തോട്‌ പറയേണ്ടത്‌. കൈകളിൽ വിറയ്‌ക്കുന്ന ഈ തുണ്ട്‌ കടലാസിനു എന്ത്‌ മറുപടിയാണ്‌ ഞാൻ പറയേണ്ടത്‌??? കഴിയില്ല. ഒരു ജീവിതം മുഴുവൻ ഒരു വാക്കിൽ ഉൾക്കൊള്ളിക്കാൻ അദ്ദേഹത്തിന്റെ പ്രതിഭക്കെ കഴിയൂ…. എന്നും എഴുത്തിലൂടെ ആയിരുന്നല്ലോ അദ്ദേഹം എല്ലാരെയും പോലെ എന്നെയും കീഴടക്കിയത്‌…… അന്ന്‌, കോളേജ്‌ ഓഡിറ്റോറിയത്തിൽ ആദ്യമായും അവസാനമായും വേദിയിൽ നൃത്തമാടിയ എനിക്ക്‌ ആദ്യമായി കിട്ടിയ അഭിനന്ദനം രണ്ടു വാക്കുകൾ മാത്രം കുത്തിക്കുറിച്ച ഒരു കൊച്ചു കടലാസ്‌ തുണ്ട്‌. അതായിരുന്നു വിദ്യ ആദ്യം എനിക്ക്‌ തന്ന സമ്മാനം. പിന്നീട്‌ ഓക്‌സ്‌ഫോർഡിൽ വച്ചു മനസിന്റെ വിലാസത്തിലേക്കയച്ച ഒരു പാടു എഴുത്തുകൾ എന്നെ മോചിപ്പിക്കുകയായിരുന്നു!!!! ഭക്ഷണം പോലും ചുരുക്കി എന്നെ പഠിക്കാൻ അയച്ച പാവം മാതാപിതാക്കളിൽ നിന്ന്‌, ബ്ലാക്ക്‌ ആൻ​‍്‌ വൈറ്റ്‌ ടെലിവിഷൻ സെറ്റ്‌ വാങ്ങാൻ കൊതിയോടെ കൂട്ടിവച്ചിരുന്ന പണക്കുടുക്ക പൊട്ടിച്ചു എന്റെ മടിത്തട്ടിലേക്ക്‌ ചൊരിഞ്ഞ അനുജത്തിയിൽ നിന്ന്‌, വെക്കേഷന്‌ ചെല്ലുമ്പോൾ അടുത്ത കുടുസ്സു മുറിയിലേക്ക്‌ സ്വയം മാറി മാതാപിതാക്കൾ എനിക്കായി തുറന്നിടാറുള്ള കിംഗ്‌ സ്‌റ്റനിലെ കുഞ്ഞു ഫ്ലാറ്റിലെ ഒറ്റ ജാലകമുള്ള മുറിയിൽ നിന്ന്‌, പിന്നെ എന്നെ കാത്തിരുന്ന ഒരു പാടു വേദികളിൽ നിന്ന്‌, എന്റെ വിരലുകൾക്കായി കാത്തിരുന്ന താളുകളിൽ നിന്ന്‌ എല്ലാം ഞാൻ മോചിപ്പിക്കപ്പെടുകയായിരുന്നു. പക്ഷെ അതോടൊപ്പം തന്നെ ഞാൻ പറിച്ചെറിയപ്പെടുകയായിരുന്നു. എന്റെ കൊച്ചു കൊച്ചു സ്വപ്‌നങ്ങളിൽ നിന്ന്‌. പക്ഷെ അതൊന്നും തന്നെ എന്നെ ഒട്ടും തന്നെ വേദനിപ്പിച്ചില്ല. കാരണം ഇപ്പറഞ്ഞ എല്ലാം ഒരു തട്ടിൽ വച്ചു തുലാഭാരം നടത്തിയപ്പോഴും മനസ്സിൽ അപ്പോൾ വിദ്യയുടെ തട്ട്‌ താഴ്‌ന്നു തന്നെ കിടക്കുകയായിരുന്നു.

പക്ഷെ പിന്നീട്‌ ഏറെ നാളുകൾക്കു ശേഷം വിവാഹം ഒരു കെണിയാണെന്നും സമൂഹത്തിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രക്രിയ ആണെന്നും വിദ്യ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഞാൻ അദ്ദേഹത്തിന്റെ സ്‌നേഹനിധിയായ ഭാര്യ ആണെന്ന്‌ തന്നെ ആണ്‌ വിശ്വസിച്ചത്‌.

പക്ഷെ നാല്‌പതു വർഷങ്ങൾക്കു ശേഷം വന്ന മറ്റൊരു കുറിപ്പ്‌ എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചു. ഒരു പത്രത്തിന്‌ വിദ്യ നല്‌കിയ അഭിമുഖം. അതെ കുറിച്ചു കേട്ട ഞാൻ വിദ്യയെ വിളിച്ചപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത്‌ ഇങ്ങനെ ആയിരുന്നു.‘ പാറ്റ്‌; അത്‌ നീ വായിക്കരുത്‌, ദയവായി അത്‌ നീ വായിക്കരുത്‌’ പക്ഷെ എനിക്കെങ്ങനെ അത്‌ കഴിയും. ലോകത്തിനു മുഴുവൻ അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാമെങ്കിൽ ഇത്ര കാലം അദ്ദേഹത്തെ മാത്രം ഓർത്തു ജീവിക്കുന്ന എനിക്ക്‌ മാത്രം എന്ത്‌ കൊണ്ടു പാടില്ല. ഞാൻ ആ പത്രം വാങ്ങി. പക്ഷെ ഇത്തവണ, എന്നിലേക്കതരുത്‌ എന്ന്‌ കരുതി അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ മോചിപ്പിച്ചത്‌ ഈ ജീവിതത്തിൽ നിന്ന്‌ തന്നെ ആയിരുന്നു.

“പാറ്റുമായുള്ള ദാമ്പത്യത്തിൽ എന്നും ഞാൻ അസംതൃപ്‌തനായിരുന്നു. എന്നും സ്‌ഥിരമായി വേശ്യാലയങ്ങൾ സന്ദർശിച്ചിരുന്നു എന്ന്‌ വളരെ നിരാശയോടെയാണെങ്കിലും പറയാതെ വയ്യ. ഞങ്ങൾ ജീവിതം തുടങ്ങിയ ആദ്യകാലത്തുപോലും അവൾ സ്‌കൂളിൽ പഠിപ്പിക്കാൻ പോകുന്ന സമയങ്ങളിൽ വേശ്യാലയങ്ങൾ സന്ദർശിക്കുക പതിവായിരുന്നു.”

വിദ്യ നീ വാക്കുകൾ കൊണ്ടു ഒരു കുമ്പസാരം നടത്തുകയായിരുന്നില്ല. നിന്റെ മാത്രം പാറ്റിനെ കൊല്ലുകയായിരുന്നു. ഇപ്പോൾ മനസ്സിൽ നിന്റെ തട്ട്‌ വളരെ വളരെ ഉയരങ്ങളിലേക്ക്‌ പോയിരിക്കുന്നു. ഇനി ഒരിക്കലും താഴെ എത്താനാവാത്തവിധം. നമ്മൾ ജീവിതം തുടങ്ങിയ ആദ്യനാളുകൾ ഓർക്കുന്നോ വിദ്യ. മുഴുവൻ സമയവും എഴുത്തിൽ ശ്രദ്ധിക്കാൻ പറഞ്ഞു ഞാൻ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സ്‌കൂളിൽ ജോലിക്ക്‌ പോയത്‌. പക്ഷെ നീ ആ സമയം വേശ്യാലയങ്ങൾ സന്ദർശിക്കുകയായിരുന്നു……….

അർജന്റീനയിൽ വച്ചു നിരൂപകയായ മാർഗരെറ്റിനെ പരിചയപ്പെട്ട ശേഷം നിന്റെ യാത്രകൾ എന്നും അവൾക്കൊപ്പമായപ്പോഴും, പലരും അതിനെപറ്റി എന്റെ അടുത്ത്‌ മോശമായി പരാമർശിച്ചപ്പോഴും നിന്നെ കാത്തിരുന്ന എന്റെ അരികിൽ എത്തുമ്പോൾ ഇതു വരെ നീ എന്നോട്‌ പറഞ്ഞില്ല; മറ്റു സ്‌ത്രീകളെ തേടിപ്പോകാൻ വിധത്തിൽ എന്നിൽ നീ അസംതൃപ്‌തൻ ആയിരുന്നെന്ന്‌. ഒരിക്കലും നിന്നെപ്പോലെ ഒരെഴുത്തുകാരന്‌ ചേർന്ന ഭാര്യയല്ല ഞാനെന്നു പരിതപിച്ചപ്പോഴും, ഞാൻ ഒരു ക്ലാർക്കിന്റെ ഭാര്യയെപ്പോലെ പെരുമാറുന്നുവെന്ന്‌ ശകാരിച്ചപ്പോഴും ഞാൻ ചിന്തിച്ചത്‌ എന്നോട്‌ നിനക്കുള്ള സ്‌നേഹമാണ്‌ നിന്നെ ദേഷ്യപ്പെടുത്തിയത്‌ എന്നാണ്‌. ശരിയാണ്‌, ഞാൻ ഒരു സാധാരണ പെണ്ണായിരുന്നു വിദ്യ, നീ പറക്കുന്ന വാനിനെ നോക്കി താഴെ ഇമവെട്ടാതെ കാത്തിരുന്ന ഒരു സാധാരണ ഭാര്യ. നിനക്കു സൗഹൃദങ്ങളുടെ വാനമുണ്ടായിരുന്നു, ആരാധകരുടെ സ്വപ്‌നലോകം ഉണ്ടായിരുന്നു, നിന്റെ മാത്രം കഥാപാത്രങ്ങളും ചിന്തകളും നിറഞ്ഞ സങ്കല്‌പസാമ്രാജ്യമുണ്ടായിരുന്നു. പക്ഷെ എനിക്ക്‌ നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ…… ഓമനിക്കാൻ ഒരു കുഞ്ഞിനെപ്പോലും നിനക്കിഷ്‌ടമില്ലെങ്കിൽ വേണ്ടെന്നു വച്ച ഞാൻ നിന്നെ സംതൃപ്‌തനാക്കാൻ എന്താണ്‌ ഇനി ചെയ്യേണ്ടിയിരുന്നത്‌??? ഇനി എനിക്കൊന്നും വേണ്ട. വിദ്യ, അവസാന ശ്വാസത്തിലും ഞാൻ നിന്റേതു മാത്രം ആയിരിക്കും. നിനക്കു വേണമെങ്കിലും, വേണ്ടെങ്കിലും സ്‌നേഹിക്കാൻ മാത്രമല്ലേ നമുക്കു കഴിയൂ, തിരികെ കിട്ടുക എന്നത്‌ ഭാഗ്യം മാത്രമല്ലേ!!! നിന്റെ വാക്കുകൾ ഒരു തെന്നൽ പോലെയാണ്‌ ഞാൻ വായിച്ചത്‌. എന്റെ എല്ലാ ആവശ്യങ്ങൾക്കുള്ള ഉത്തരവും അതിലുണ്ട്‌. നീ ചോദിച്ച ആ ചോദ്യം. അത്‌ തന്നെയാണ്‌ എനിക്ക്‌ കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരവും, സ്‌നേഹവും. ഇതിനപ്പുറം എന്ത്‌ മറുപടിയാണ്‌ ഞാൻ നൽകുക……“

പാറ്റ്‌ 1996-ൽ അന്തരിച്ചു. പക്ഷെ രണ്ടു മാസങ്ങൾക്ക്‌ ശേഷം നൈപാൾ പാകിസ്‌ഥാൻ വംശജരായ നദീര എന്ന പത്രപ്രവർത്തകയെ വിവാഹം ചെയ്‌തു. ചരിത്രത്തിൽ നൈപാളിനു ഒരുപാടു മുഖങ്ങൾ ഉണ്ടായേക്കാം. പക്ഷെ ഒരു ഭർത്താവെന്ന നിലയിൽ വിലിരുത്തപ്പെടുമ്പോൾ ലോകം കണ്ട ക്രൂരനായ മനുഷ്യരിൽ ഒരാളായി ഒരു പക്ഷെ അദ്ദേഹത്തെ ചിലരെങ്കിലും ഓർത്തേക്കാം. പക്ഷെ ചരിത്രത്തിൽ പാറ്റിനു എന്ത്‌ നിറം ആയിരിക്കും. മാതാപിതാക്കൾക്കും സഹോദരർക്കും അവൾ പ്രതീക്ഷകളെ ചതിച്ചവളാണ്‌, ആർക്കു വേണ്ടി അവൾ എല്ലാം ഉപേക്ഷിച്ചുവോ ആ ഭർത്താവിനു അവൾ ഒരിക്കലും സംതൃപ്‌തി നൽകാത്ത ഭാര്യയുമായിരുന്നു. അവളുടെ ത്യാഗങ്ങളും സ്‌നേഹവുമെല്ലാം ജലരേഖയായി മാറുമ്പോഴും നമ്മളിൽ എത്ര പേർക്ക്‌ അവളൊരു പാഴ്‌ജന്മമാണെന്നു പറയാനാവും. പ്രത്യേകിച്ചും നമ്മളിൽ പലരും അവളെപ്പോലെ നിഷ്‌ഫലമായ ത്യഗങ്ങളുടെ അനുഭവോക്‌താക്കൾ ആകുമ്പോൾ….. നൈപാൾ ആഗ്രഹിച്ച രീതിയിലേക്ക്‌ അവൾക്കൊരിക്കലും ഉയരാൻ കഴിഞ്ഞിരിക്കില്ല. പക്ഷെ നൈപാൾ അത്‌ പറയാനായി നീണ്ട 44 വർഷങ്ങൾ എടുത്തു എന്നതാണ്‌ വിചിത്രം. പക്ഷെ പാറ്റ്‌ അവൾക്കു ലഭിച്ച ജീവിതത്തിൽ സംതൃപ്‌തി കണ്ടെത്താൻ ശ്രമിച്ചവൾ ആയിരുന്നു. അത്‌ കൊണ്ടാവാം, ബന്ധുജനങ്ങളുടെ കൂടിച്ചേരലും വേർപിരിയലും വളരെ നിസാരമായ പാശ്ചാത്യ ലോകത്ത്‌ മരണം വരെ ഒരാളുടെ ഭാര്യയായി കഴിഞ്ഞതും. അതെ നമ്മളാണ്‌ ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത്‌. വേണമെങ്കിൽ കിട്ടിയതിൽ സംതൃപ്‌തി കണ്ടെത്താം. ഇല്ലെങ്കിൽ അതുപേക്ഷിച്ചു വേറെ തിരയാം. അതുമല്ലെങ്കിൽ കിട്ടിയതിനെ സംതൃപ്‌തമാക്കി മാറ്റിയെടുക്കാം. പക്ഷെ അസംതൃപ്‌തമായ ഒന്നിനെ അതുപോലെ തന്നെ തുടർന്ന്‌ കൊണ്ടു പോകുന്നത്‌ ഒരിക്കലും നന്നല്ല. അതിന്റെ ദുരന്തമാണ്‌ പാറ്റ്‌ നമുക്കു മുന്നിൽ വരച്ചിട്ടതും.

Generated from archived content: adukala1.html Author: anitha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here