വളഞ്ഞ ശിഖരങ്ങളാൽ
ഉയരാതെ കുളളനായ മാവിൻ
ചോട്ടിനരികെ രണ്ടു കൊച്ചുറുമ്പുകൾ
തണൽ തേടും സ്വകാര്യമെൻ
പകൽ കാഴ്‌ചകളിലൊന്ന്.
വർഷങ്ങളേറെ പിന്നിൽ ചീകി
ഞാനോർത്തൂ; തൻ വട്ടിയിലൊരു നാൾ
മണ്ണു പതിഞ്ഞ തൈയ്യുമായ് വന്നമ്മൂമ്മ
തന്നുമ്മയും കൈ നിറയേ കാരയ്‌ക്കയും
തൻ കൈയ്യാലെടുത്തു വീശുമാ ചെറു തൈ
പിടിച്ചു വാങ്ങീ സ്വകാര്യ മോഹമോതീ
“നീ വളരുമ്പോളിതിൻ പഴം കൂട്ടി
കറി തിന്നോർക്കേണമീ മുത്തശ്ശിയേ..”
കാരയ്‌ക്കയുണ്ണാനെത്തീ അനുജനുമന്നേരം
പുതു വീടിൻ പിറകിൽ നന്നിലം തോണ്ടീ.
പുതിയ വാസിയെ തേടിയെത്തീ കൊറ്റിയും
തുമ്പിയും കുഴിയാനയും പൂമ്പാറ്റയും.
ഇടയ്‌ക്കൊക്കെ മൂളിപ്പാടിയകന്നു പോകും
കാട്ടുവണ്ടിൻ സീൽക്കാരം കേൾപ്പാനീ കാതു
കൂർപ്പിച്ചു നിൽക്കും ഒട്ടേറെ നേരം, ഇത്തിരി
വെളളമൊഴിച്ചു കൊടുക്കും നേരമവിടെ.
മുൾമുരിക്ക് വേലിയായ് വളർന്നതിനരികെ.
മരിച്ചീനി കമ്പുകൾ കാവലായ് ഉയർന്നു.
അവിടം മാത്രം മുറുക്കി തുപ്പീലമ്മൂമ്മ
ചെറുതാമിതളുകൾ മറിച്ചും അനക്കിയും
നോക്കുമനുജനെ വിലക്കി, വെളളം
തളിയ്‌ക്കും നേരമാരും കാണായ്‌ക
നനഞ്ഞ ഇതളുകൾ കവിളിലുരസിയ
രസമോർത്തു ജനിക്കുമെൻ ഗൃഹാതുരത
ഇങ്ങനെ എത്രയോ വികൃതികൾ ചാലിച്ചൂ.
ഇങ്ങനെ എത്രയോ വികൃതികൾ ചാലിച്ചൂ
ബാല്യമെന്നോർത്തു നോവുമീ ഞാനും.
കൂടെ നട്ട പേരയ്‌ക്കയും എന്നോടൊത്ത്
വളർന്നപ്പോൾ മാവ് പിണങ്ങിയിരുന്നു
മുൾമുരിക്കും അരളിയും വേപ്പും മരിച്ചീനിയും
കാറ്റിനെ കിന്നരം പാടി കേൾപ്പാനാടി.
മാവു മാത്രം നാണിച്ചൊതുങ്ങി നിന്നു.
ഋതുക്കൾ മാറി വാസന്തവും ഗ്രീഷ്‌മവും
വാസര സ്വപ്‌നങ്ങൾ കൈമാറിയകന്നു.
ഒടുവിൽ ഓടിൻ മേടയിലെത്തി നിന്നൂ മാവ്
പിണങ്ങി പോയ അമ്മൂമ്മ തിരിച്ചെത്തീ-
മാമിതൻ മാലേയ ദിനത്തിലന്ന് ഞങ്ങളെകാട്ടീ
ഓടിൻ മടയ്‌ക്കരികിലായ് ഒരു പൂങ്കുല
പൂത്തു ചിരിച്ച് ഒളിച്ച് നാണിച്ചു നിൽപ്പൂ…
മാമ്പഴം മാത്രമെൻ മാവ് തന്നീലയെന്തേ?
മുജ്ജന്മ സുകൃതക്ഷയമേതു ശാപമോ
സസ്യശാസ്‌ത്രം പിഴച്ച ജന്മങ്ങളോ?
അമ്മയുടെ എഴുത്തുകൾ വർണ്ണിക്കും
വീട്ടുവിശേഷങ്ങൾ വായിക്കുമീ വേള
ചെറിയ നിന്നോർമ്മകൾ പെരിയ സന്തോഷങ്ങൾ
വയ്യെങ്കിലുമമ്മൂമ്മ ചായ്‌പിലൂടെ കൂനി നടക്കും
പരിഭവമില്ലാതിന്നുമാ മാവിൻ ചോട്ടിനരികെ
പൂക്കുലയെണ്ണുമ്പോൾ, എന്നവധിയ്‌ക്കെത്തുമെന്ന്
വായിച്ചപ്പോളോടി പോകുവാൻ തോന്നുന്നൂ
തണലിലൊരു ഉറുമ്പാകുവാൻ കൊതിക്കുന്നെൻ ഏകാന്തം.
Generated from archived content: poem_viraham.html Author: anish_aloshyas