ടൈംസ് ഓഫ് ഇന്ത്യ (2001 ജൂൺ 15)യുടെ ബിസിനസ് പേജിൽ അടുത്തിടെ ഒരു ചെറിയ വാർത്തയും ചിത്രവും ഉണ്ടായിരുന്നു. തായ്‌പേയിലെ സൈബർ കഫേകളിലൊന്നിന്റെ ചിത്രമായിരുന്നു അത്. തുടർന്ന് അടിക്കുറിപ്പെന്നപോലെ വാർത്തയും. പ്രാദേശിക സൈബർ കേന്ദ്രങ്ങളിൽ യുവജനങ്ങൾ വീഡിയോ ഗെയിമുകളുമായി മണിക്കൂറുകൾ ചെലവിടുന്നതിനെക്കുറിച്ചാണ് കുറിപ്പ്. ഇതൊരു രോഗലക്ഷണമാണെന്ന് കണ്ട അധികൃതർ 18 വയസ്സിന് താഴെയുളളവർ ഇത്തരം കഫേകളിൽ സമയം പാഴാക്കുന്നത് വിലക്കിയിരിക്കുകയാണ്. ദിവസങ്ങളോളം സ്വപ്നലോകത്തിരിക്കുന്നതിന് തടസ്സം ഉന്നയിച്ചുകൊണ്ട് കഫേകളിലെ കളികൾക്ക് സമയപരിധിവെക്കാനാണ് തീരുമാനം. ഏഷ്യയിലാകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രവണതയുടെ ലക്ഷണമാണ് തായ്‌പേയിൽ നിന്നുളള വാർത്തയെന്നും കുറിപ്പ് വ്യക്തമാക്കുന്നു. പുതിയ വ്യവസ്ഥ ഉണ്ടാക്കുന്ന സാമൂഹ്യപിൻവലിയലിന്റെയും സാമൂഹ്യനിരക്ഷരതയുടെയും ആഴം ഭീകരമാണ്. ജപ്പാനിൽ നിന്ന് അടുത്തിടെ പുറത്തു വന്ന പഠനം, യുവാക്കളുടെ സാമൂഹ്യനിരക്ഷരത കൃത്യമായി അടിവരയിടുന്നുണ്ട്. സമൃദ്ധിയുടെ തലമുറ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തലമുറ പുതിയ വ്യക്തിദ്വീപുകൾ സൃഷ്‌ടിക്കുകയാണ്. വെറും വിവരങ്ങളും ഉല്പന്നങ്ങളും കുന്നുകൂടുകയും എല്ലാ അർത്ഥത്തിലും ദാരിദ്ര്യം അനുഭവിക്കുകയുമാണ് ആഗോളവൽകരണാനന്തര സമൂഹം. ഇൻഫർമേഷന്റെ മലവെളളപ്പാച്ചലിലും അജ്ഞതയാണ് ഈ സമൂഹത്തിന്റെ മുഖമുദ്ര. അമിതോല്പാദനത്തിനിടയിലും ഭക്ഷ്യസുരക്ഷിതത്വം തകരുന്നതാണ് മറ്റൊരു പ്രവണത. ഇന്ത്യയിലാകട്ടെ, ആഗോളവൽക്കരണത്തിന്റെ ധൂർത്താഭിനിവേശങ്ങൾ കമ്പോളമൗലികവാദമെന്ന സങ്കല്പത്തിലാണ് സാമൂഹ്യനിരീക്ഷകർ വിലയിരുത്തിയിട്ടുളളത്. ആഗോളവൽക്കരണവും മധ്യവർഗ്ഗ ‘ഹിന്ദുത്വ’വും പരസ്പരപൂരകമായിരിക്കുന്നതിന്റെ മുദ്രകൾ സി.പി.ഭാംബ്രിയും അരവിന്ദ് രാജഗോപാലും മറ്റും ശ്രദ്ധിച്ചിട്ടുണ്ട്. കഴുത്തറുപ്പൻ മത്സരത്തിന്റെയും പന്തയ മനോഭാവത്തിന്റെയും ഉപഭോഗതൃഷ്‌ണയുടെയും തത്ത്വശാസ്‌ത്രങ്ങൾ കുറേയേറെ ജനവിഭാഗങ്ങളെ പ്രാന്തവൽക്കരിക്കുകയാണ്. ഈ വിഭാഗത്തിന് ആഗോളവൽക്കരണരീതികളോടൊപ്പം ചില സാന്ത്വന ചിന്തകളും ആവശ്യമാണ്. ഇവിടെയാണ് പ്രതിബിംബക്കെണിയും ആൾദൈവങ്ങളും ഉയർന്നുപൊങ്ങുന്നത്. പുതിയ വ്യവസ്ഥ പഴയ കാര്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം, പുതിയ മനുഷ്യനെ ഉൾക്കൊളളുന്ന ‘തത്ത്വചിന്ത’യും വ്യാപകമാക്കുന്നുണ്ട്. ഈയൊരു തുരുത്തുകളുടെ ഇന്ത്യൻ ചിത്രം നാം ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമാണ് ഏറെ കാണുന്നത്. സൈബർ ഇന്ദ്രജാലങ്ങൾ പുറത്തെടുക്കുന്ന ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സാമൂഹ്യദുരന്തങ്ങൾക്കിടയിൽ നാണം കെടുകയാണ്. വലിയ കമ്പ്യൂട്ടർ വിപ്ലവ വായാടിത്തത്തിനിടയിലാണ് കർഷകർ ജീവിക്കാൻ വൃക്ക വിൽക്കുന്നതും കൂട്ട ആത്‌മഹത്യകളിലേക്ക് പലായനം ചെയ്യുന്നതും. ആഗോളവൽക്കരണ നിർവചനത്തിലുളള സ്‌ത്രീകളെക്കുറിച്ച് വാചാലമാകുന്നിടത്താണ് വേശ്യാവൃത്തിയും പെൺഭ്രൂണഹത്യയും ശിശുവിവാഹങ്ങളും പെരുകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മധ്യകാലഘട്ടങ്ങളെപ്പോലും നാണിപ്പിക്കും വിധം തലയുയർത്തുകയാണ്. ഇതിന്റെ മറ്റൊരനുബന്ധമാണ് തമിഴ്‌നാട്ടിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ. വിവരസാങ്കേതിക വിദ്യാവ്യാപനവും ബയോ ടെക്‌നോളജി മുന്നേറ്റവും സാമൂഹ്യപുരോഗതിയും ഉണ്ടെന്ന് പറയുന്ന ആ സംസ്ഥാനത്തിന്റെ ഇന്നത്തെ ചിത്രം ദുരിതമയമാണ്. ദളിതർക്കും സ്‌ത്രീകൾക്കുമെതിരായ ഒടുങ്ങാത്ത സാമൂഹ്യപീഡനവും കുടുംബഭിത്തികൾക്കകത്തെ അതിക്രമവും ഏറുകയുമാണ്. ജാതി ചിന്തകളും പ്രാകൃതാചാരങ്ങളും സ്‌ത്രീജീവിതത്തിനുമേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുന്നു. ജാതി മേധാവിത്വത്തിന്റെ ലിംഗവിവേചനം ചില ഗ്രാമങ്ങളിൽ പെൺഭ്രൂണഹത്യ സർവസാധാരണമാക്കിയിരിക്കുകയാണ്. അടുത്തകാലംവരെ ചില കേന്ദ്രങ്ങളിൽ മാത്രമായിരുന്ന ഈ പ്രവണത ഇപ്പോൾ ധർമപുരി, മധുര, സേലം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചു. പെൺഭ്രൂണമരണം സംസ്ഥാന ശരാശരി ആയിരത്തിന് 44.3 ആണെങ്കിൽ അത് ധർമപുരിയിൽ 100, മധുരയിൽ 70, സേലം 85 എന്നിങ്ങനെയാണ്. സ്‌ത്രീധന സമ്പ്രദായവും ഈ പെൺഹത്യക്ക് പ്രേരണയാണെന്നതാണ് ശ്രദ്ധേയം. സ്‌ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ തമിഴ്‌നാട് രാജ്യത്ത് മൂന്നാംസ്ഥാനത്താണ്. 64.55 ശതമാനം. ശിശുമരണനിരക്ക് വളരെകുറഞ്ഞ സംസ്ഥാനവുമാണിത്. എന്നിട്ടും ജാതി ചിന്തകളും പ്രാകൃതാചാരങ്ങളും കുരുക്കുകൾ തീർക്കുന്നു. വിദ്യാസുബ്രഹ്‌മണ്യം നിരീക്ഷിച്ചതുപോലെ അവിടുത്തെ ജനങ്ങൾ കമ്പ്യൂട്ടറിനെയും ദൈവത്തെയും ആരാധിക്കുന്നു. തമിഴ്‌മത വെബ്‌സൈറ്റിൽ നിന്ന് ജീവിതപരിഹാരങ്ങൾ തേടുന്നതിലും അവർ വൈരുദ്ധ്യം കാണുന്നില്ല. ഈ പിന്നോക്കാവസ്ഥയുടെ ഏറ്റവും ഔദ്യോഗികമായ പ്രതീകം മുഖ്യമന്ത്രി ജയലളിത തന്നെയാണ്. ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ട് ദിനചര്യയാരംഭിക്കുന്ന ജയ രാഹുകാലത്ത് പുറത്തിറങ്ങാറുമില്ല. പേരുദോഷവും ദോഷകാലവും അകറ്റാൻ സ്വന്തം പേരിൽ ഒരക്ഷരം കൂട്ടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ജ്യോത്‌സ്യപ്രവചനത്തിന്റെകൂടി പിന്തുണയിലാണിത്. തമിഴിൽ മാറ്റമില്ല. ഇംഗ്ലീഷ് അക്ഷരത്തിലാണ് മാറ്റം.J. JAYALALITHA എന്നതിനു പകരം‘J. JAYALALITHAA’ എന്നാവും ഇനി. ഈ മാറ്റം ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കയാണത്രെ. ഗുരുവായൂരിൽ ആനയെ നടയിരുത്തുകകൂടി ചെയ്താൽ എല്ലാം ശുഭമാവും എന്നാണ് കൊട്ടാരം ജ്യോത്‌സ്യൻമാർ നൽകിയ പ്രതിവിധിമന്ത്രം. അതിനായി ജയ ഒരുങ്ങിക്കഴിഞ്ഞു. മൃഗരക്തംകൊണ്ട് ജയ ശുദ്ധിപൂജനടത്തിയത് കഴിഞ്ഞവർഷമായിരുന്നുവല്ലോ. ഭരണാധികാരിയുടെ അയുക്തി ചിന്തകൾ ഭരണസംവിധാനങ്ങളിലേക്ക് പടരുക സ്വാഭാവികം. അതാണ് വീരപ്പൻ വേട്ടപുനരാരംഭിക്കാൻ ‘ശുഭമുഹൂർത്തം’ കുറിച്ചതിനു പിന്നിൽ കണ്ടത്. ജൂൺ 21നാണ് അതിന്റെ തുടക്കം. രണ്ടും ഒന്നും കൂട്ടുമ്പോൾ മൂന്ന് കിട്ടുമ്പോൾ സംഖ്യാശാസ്‌ത്രമനുസരിച്ച് ഉത്തമലക്ഷണമാണെന്നതാണ് വിശദീകരണം. ജൂൺ 21 അമാവാസിയായതിനാലും കാര്യങ്ങൾ ശുഭപര്യവസായിയാവും. അന്ന് കാലത്ത് പത്തരയ്‌ക്കും പതിനൊന്നരയ്‌ക്കുമിടയിലായിരിക്കും സേനാംഗങ്ങൾ കാട്ടിൽ പ്രവേശിക്കുക. കാളിഭക്തനായ വീരപ്പനെ വീഴ്‌ത്താൻ കാളിയെത്തന്നെ കൂട്ടുപിടിക്കാനാണ് തീരുമാനം. കാളിപൂജയ്‌ക്കു ശേഷമായിരിക്കും ദൗത്യസേന വീരപ്പൻവേട്ടയ്‌ക്ക് തുടക്കമിടുക. പരമ്പരാഗത സമൂഹത്തിൽ മാത്രമല്ല, ആഗോളവൽക്കരണത്തിന്റെ അഭിരുചികൾ വാരിയെടുക്കുന്ന കോസ്‌മോപൊളിറ്റൻ നഗരങ്ങളിലും പ്രാകൃതാചാരങ്ങൾക്ക് കൊയ്‌ത്തുകാലമാണ്. ചെന്നൈ നഗരത്തിൽ രണ്ട് അഗ്‌നിഹോത്രികൾ കൂടിച്ചേരുന്നതിനെക്കുറിച്ചുളള ഫീച്ചർ (ഹിന്ദു-2001 ജൂൺ 15) അത് കൃത്യമായി അടിവരയിടുന്നു. നഗരത്തിലെ തന്നെ രാമാനുജ തഥാചാരിയരും അമേരിക്കയിൽ നിന്നുളള ഡോ.ജയന്താ കെ. ധിർഘാംഗിയും കൂടിച്ചേരുമ്പോൾ അത്ഭുതാനുഭവാശയങ്ങളുടെ വലിയ വ്യാപനമാണുണ്ടാവുന്നത്. പുതിയ കാലത്തിനനുസരിച്ച് പൂജയിലും കർമ്മങ്ങളിലും മാറ്റം കണ്ടുപിടിച്ചതായി ധിർഘാംഗി പറയുന്നു. പുകയില്ലാതെ പൂജാസാമഗ്രികൾ കത്തിക്കാനുളള പാത്രങ്ങളും ഇയാൾ കണ്ടുപിടിച്ചു. മരത്തിന്റെ ഫാബ്രിക്കേറ്റ് രൂപത്തിൽ. തിരക്ക് കൂടിയതിനാൽ പൂജയുടെ സമയനിഷ്‌ഠകളും ഉപേക്ഷിക്കേണ്ടിയും വന്നു. വ്യക്തിനേട്ടത്തിനല്ല അഗ്‌നിഹോത്രമെന്നും ധിർഘാംഗി സാക്ഷ്യപ്പെടുത്തുന്നു. ആഗോളവൽക്കരണവും മത്സരാധിഷ്‌ഠിത വ്യവസ്ഥയും പുതിയ മതത്തെതന്നെയാണ് സൃഷ്‌ടിക്കുന്നത്. ഇപ്പോഴത്തെ മനുഷ്യന് പറ്റുന്നവിധത്തിൽ.
Generated from archived content: compu_daivam.html Author: anilkumar_av