സ്‌ത്രീജീവിതത്തിന്റെ രൂപപരിണാമം

കെ.ആർ.മല്ലിക എഴുതുമ്പോൾ വ്യവസ്ഥയുടെ ചങ്ങലക്കണ്ണികൾ പൊട്ടുന്ന ശബ്‌ദങ്ങൾ തന്നെ കേൾക്കാനാവുന്നുണ്ട്‌. ഈ പൊട്ടിത്തെറിയുടെ സാന്ത്വനങ്ങളാണ്‌ ഇവിടെ സമാഹരിച്ച കഥകളിലുളളത്‌.

ജീവിതത്തെ പൊളളിക്കാത്ത വെറും കാഴ്‌ചകളിൽനിന്ന്‌ രൂപീകരണങ്ങളിലേക്കെത്തുന്ന വ്യായാമങ്ങളെ എല്ലിൽ കുത്തുന്ന പരിഹാസത്തോടെയാണ്‌ ഈ എഴുത്തുകാരി പല കഥകളിലും പരിശോധിക്കുന്നത്‌. ‘ജാതീയം’ ഇങ്ങനെ പ്രബന്ധമാത്രസമീപനങ്ങളെ കുടഞ്ഞെറിയുകയാണ്‌. ‘ശരീരം, മനസ്സ്‌’ എന്ന സ്വപ്‌നപ്രോജ്‌ക്‌ട്‌ തയ്യാറാക്കുന്ന സുമനയുടെ വ്യാഖ്യാനങ്ങൾ എതിരിടപ്പെടുന്നത്‌ അങ്ങനെ.

കാലാവസ്ഥാമാറ്റങ്ങളും ഋതുഭേദങ്ങളും നിറപ്പകർച്ചയും കഥാതലക്കെട്ടുകൾ തന്നെയാവുമ്പോൾ സ്‌ത്രീ ജീവിതത്തിന്റെ രൂപപരിണാമങ്ങളാണ്‌ മറ്റൊരർത്ഥത്തിൽ മല്ലിക അനുഭവവേദ്യമാക്കുന്നത്‌. ‘മിത്തിൽ നിന്ന്‌ കമ്പോളത്തിലേക്ക്‌’ എന്ന സാമൂഹികശാസ്‌ത്രസങ്കല്പം മിത്തിനും കമ്പോളത്തിനുമിടയിൽ ഒരിടംപോലും അനുവദിക്കാത്തവിധം സ്‌ത്രീകളെ ആട്ടിത്തെളിക്കുന്ന പുതിയ വ്യവസ്ഥയുടെ ക്രൗര്യങ്ങളാണ്‌ അടിവരയിടുന്നത്‌. ‘അസ്‌പൃശ്യം’ എന്ന കഥയിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളെ അങ്ങനെയാണ്‌ വായിക്കേണ്ടതെന്ന്‌ തോന്നുന്നു…

സ്‌ത്രീ പ്രതിരോധത്തെ പ്രകൃതിയുമായി (ചിലപ്പോൾ പ്രകൃതിചൂഷണംതന്നെ) ഇണക്കിച്ചേർക്കുന്ന കൗതുകമെന്നു തോന്നാവുന്ന ധീരതയാലും മല്ലികയുടെ കഥകൾ ശ്രദ്ധേയങ്ങളാണ്‌. ‘മരത്തിന്റെ ഭാഷ’ തൊട്ട്‌ ഇതു പ്രകടവുമാകുന്നുണ്ട്‌. ‘വളയം’ എന്ന ഈ സമാഹാരം സമർപ്പിക്കുന്നവരുടെ കൂട്ടത്തിലെ ആദ്യ പരാമർശം പരാജിതരെക്കുറിച്ചാണ്‌. വിജയത്തിന്റെ മാനദണ്ഡങ്ങളും അതിന്റെ ഉന്മാദങ്ങളും ചരിത്രം വിജയികളുടെതാണെന്നുമാത്രം വിധി തീർക്കുമ്പോൾ, പരാജയപ്പെടുന്ന യുദ്ധങ്ങൾക്കും പോരാളികളെ ആവശ്യമുണ്ടെന്ന്‌ മല്ലിക ഓർമ്മപ്പെടുത്തുന്നു. അതു നാം കരുതുംമട്ടിൽ സൗമ്യമായ ഭാഷയിലല്ലെന്നതും ശ്രദ്ധേയമാണ്‌. ഭാഷയിലെയും ഭാവുകത്വത്തിലെയും ഈ കലാപാഹ്വാനം ചരിത്രം കുറിക്കാതിരിക്കില്ല.

-ഇന്ത്യാ ടുഡേ, ഒക്‌ടോബർ 20, 2004.

വളയം (കഥകൾ)

കെ.ആർ.മല്ലിക

കറന്റ്‌ ബുക്‌സ്‌, വില – 35 രൂപ

Generated from archived content: book2_dec1.html Author: anilkumar_av

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവികാരസാന്ദ്രമായ ഒരു കഥ
Next articleചരിത്രവേദനകൾ
കാസര്‍കോട്‌ ജില്ലയിലെ പിലിക്കോട്ട്‌ ജനനം. അച്‌ഛന്‍ഃ ടി.ശിവശങ്കരന്‍. അമ്മഃ എ.വി.ലക്ഷ്‌മി. കോഴിക്കോട്‌ സര്‍വകലാശാല ചരിത്രവിഭാഗത്തില്‍ നിന്ന്‌ രണ്ടാം റാങ്കോടെ എം.എ.പാസായി. അവിടെ എം.ഫില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ദേശാഭിമാനിയില്‍ ചേര്‍ന്നു. കുറച്ചുകാലം ‘ചിന്ത’ വാരികയുടെ പത്രാധിപസമിതിയിലും പ്രവർത്തിച്ചു. ഇപ്പോള്‍ ദേശാഭിമാനിയില്‍ സീനിയര്‍ സബ്‌ എഡിറ്റര്‍. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, കാവിനിറമുളള പ്ലേഗ്‌, ബുദ്ധിജീവികളുടെ പ്രതിസന്ധി, ആലസ്യത്തിന്റെ ആള്‍ക്കൂട്ടങ്ങള്‍, തിരസ്‌കൃത ചരിത്രത്തിന്‌ ഒരു ആമുഖം, ആഗോളവല്‍ക്കരണത്തിന്റെ അഭിരുചി നിര്‍മാണം, ഒരു ബോൾഷെവിക്കിന്റെ ജീവിതത്തില്‍ നിന്ന്‌, സിഃ പോരാളിയുടെ ചുരുക്കപ്പേര്‌, ഇടവേളകളില്ലാത്ത ചരിത്രം തുടങ്ങിയവ പ്രധാനകൃതികൾ. ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതുന്നു. ഡോ. ലേഖയാണ്‌ ഭാര്യ. അനുലക്ഷ്‌മിയും അഖിൽശിവനും മക്കൾ. വിലാസംഃ അനില്‍കുമാര്‍ എ.വി. സീനിയര്‍ സബ്‌എഡിറ്റര്‍ ദേശാഭിമാനി, കോട്ടയം-1 ഫോണ്‍ (ഓഫീസ്‌) : 583317 (വീട്‌) : 0498-240231

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here