ഓര്‍മ്മയിലെ പ്രണയം

അലയടിക്കും കടലിന്‍റെ തീരത്ത്
തെങ്ങോല മേഞ്ഞ കുടിലിനു മുന്‍പില്‍
പുലര്‍കാലേ കുളികഴിഞ്ഞു ഈറന്‍
മുടിതുമ്പ് കെട്ടി പുളിയിലക്കര
ചേലയും ചുറ്റി കൈയ്യില്‍ ഒരു ചെറു
ഇലയില്‍ തുളസിയും ചെത്തി
പൂക്കളും കൊണ്ട് അമ്പലത്തിലെക്കെന്നു
അമ്മയോട് തെല്ലുറക്കെചൊല്ലി ചെമ്മണ്‍
വിരിച്ച പാതയിലൂടെ മന്ദം നടന്നവള്‍
ദേവി നടയിലെത്തി പൂക്കള്‍ വച്ചു
കൊണ്ട് തൊഴു കൈയ്യാല്‍ ദേവിയെ
ധ്യാനിച്ച്‌ അമ്പലം ചുറ്റി പ്രദിക്ഷണം
വച്ച നേരം ആദ്യമായ് അവളില്‍ ഒരു
മോഹമുദിച്ചു പിന്നെയൊരു നാള്‍
കരയെത്തലോടിതിരികെ പോകുന്ന
തിരകളില്‍ നിന്ന് ഏതോ കടല്ചിപ്പി
ഇരുകൈയാല്‍ കോരിയെടുത്ത്
തീരത്തണഞ്ഞ നേരം എന്‍റെ മോഹം
മെല്ലെ ചൊല്ലിയ നേരം നാണത്താല്‍
ശിരസ്താഴ്ത്തി കുപ്പിവളകളും
കൊലുസും കിലുക്കി തെല്ലിടം മന്ദം
നടന്നുകൊണ്ട് പിന്നെ മുഖം മെല്ലെ
തിരിച്ചു പിന്നിലെക്കൊന്നു നോക്കി –
കൊണ്ട് കുടിലിലെക്കവള്‍ മിന്നി
മറഞ്ഞു പിന്നെ പലവട്ടം കണ്ടു ഞാന്‍
ആളൊഴിഞ്ഞ ഇടവഴിയിലും തൊടിയിലും
ഒരു നവരാത്രി ദിനത്തില്‍ ദേവി
നടയില്‍ മണ്‍ചിരാതുകളിലോന്നിച്ചു
എണ്ണത്തിരി തെളിച്ച നേരം ഇഷ്ടമെന്നവള്‍
എന്‍കാതിലോതി കുശലം പറഞ്ഞും
ഇണങ്ങിയും പിണങ്ങിയും കാലമേറെ-
കഴിഞ്ഞും പെട്ടന്നോരുനാള്‍ ഗൃഹ-
ഭാരം ചുമലിലേറ്റി ആകാശ നീലിമ-
യിലൂടെ പറക്കുന്ന വാഹനത്തില്‍
ഈന്തപ്പനകളുടെ നാട്ടിലെത്തി
വേനലും വര്‍ഷവും മാറിവന്നു
വിഷുപ്പക്ഷികളും ഓണത്തുമ്പികളും
വന്നുപോയി ഒരുനാള്‍ മിന്നല്‍ പോല്‍
എന്‍റെ കാതുകളില്‍ ആ വാര്‍ത്തയെത്തി
മറ്റൊരാളിന്‍റെ ജീവിത സഖിയായി
എന്‍റെ പ്രണയിനീ .
ഈ മരുഭുമിയില്‍ ഞാന്‍ പ്രണയ-
നൊമ്പരങ്ങളുടെ ഓര്മകള്മായ്
കാലം കഴിഞ്ഞ നാള്‍ ഒരു വേനല്‍
മഴ പെയ്തിറങ്ങി

Generated from archived content: poem1_oct19_11.html Author: anil_mk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here