സഹചാരി

ഞാന്‍ സ്‌കൂട്ടറിന്റെ വേഗത കൂട്ടികൊണ്ടിരുന്നു, ‘എത്രയും വേഗം എനിക്ക് വീട്ടില്‍ എത്തണം നാളെ ഒരുപാട് പണി ഒള്ളതാണ്… ‘ എന്റെ മനസ് തിരക്ക് കൂടി കൊണ്ടിരുന്നു , തിരക്കേറിയ നഗര വീഥിയിലുടെ മുമ്പോട്ടുപോകുമ്പോഴും എന്റെ മനസ് നാളെ ചെയ്തു തീര്‍ക്കുവാനുള്ള കാര്യങ്ങളെ പറ്റി ചിന്തിച്ചു കൊണ്ടിരുന്നു….

‘നാളെ കുഞ്ഞിനു മരുന്ന് വാങ്ങണം , അളിയന്റെ പെണ്ണ് കാണല്‍, അവളുടെ ചിട്ടി, അങ്ങനെ പോകുന്നു തിരക്കിന്റെ ദിനം , ആകെകൂടി നാളെ നിന്ന് തിരിയാന്‍ സമയം കിട്ടുമെന്ന് തോന്നുന്നില്ല ‘

ചൂടേറിയ ചിന്തകള്‍ക്കിടയില്‍ മഴ ചാറി തുടങ്ങിയത് ഞാന്‍ അറിഞ്ഞതേയില്ല. ചിന്തകളില്‍ നിന്ന് ഉണര്‍ന്ന് മഴയില്‍ നിന്നു ഓടിയൊളിക്കാന്‍ വണ്ടിക്കു വേഗത കൂട്ടികൊണ്ടിരുന്നു ,…….. ഒരു നിമിഷം ഞാന്‍ ശ്രദ്ധിച്ചു ‘ ആരോ എന്നെ പിന്തുടരുന്നപോലെ ?……… ഇല്ല ……എനിക്ക് തോന്നിയതാവും ,……… ആരോ എന്നെ ശ്രദ്ധിക്കുന്നപോലെ ……. ഏയ് വെറുതെ തോന്നിയതാവും, വീണ്ടും മുന്നോട്ടു തന്നെ’.

ഒരു നിമിഷം , ആരോ എന്റെ കണ്ണുകള്‍ പൊത്തിയപോലെ, മുഴുവനും അന്ധകാരം, ഹൃദയസ്പന്ദനം പോലും ഒരു നിമിഷം നിലച്ചപോലെ, എങ്ങും കറുപ്പ് മാത്രം , എന്റെ കണ്ണുകള്‍ കറുപ്പു വിഴുങ്ങിയ പോലെ .

വെളിച്ചം വന്നപ്പോള്‍ ഞാന്‍ ചോരയില്‍ കുതിര്‍ന്നു കിടക്കുകയായിരുന്നു , ഞാന്‍ പരിഭ്രമത്തോടെ നോക്കി , അതെ എന്റെ ശരീരത്തില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്നു , എന്റെ സ്‌കൂട്ടര്‍ തകര്‍ന്നു തെറിച്ചു പോയിരിക്കുന്നു , മുമ്പില്‍ ഭികര രൂപിയെപോല്‍ തോന്നിയ ലോറിയില്‍ എന്റെ രക്തം പറ്റിപിടിച്ചിരിക്കുന്നു.

‘അതെ ഞാന്‍ തിരിച്ചറിയുന്നു എനിക്ക് അപകടം പറ്റിയിരിക്കുന്നു ‘.

ആളുകള്‍ ഓടിക്കുടുന്നു , ആളുക ള്‍ എത്ര വേഗമാണ് എന്റെ ചുറ്റിനും കൂടിയത് സ്ത്രീകളും കുട്ടികളും കണ്ണുപൊത്തി കരയുന്നു , പുരുഷന്മാര്‍ക്ക് ഒരു നിമിഷത്തെ സ്തഭനം പിന്നെ എന്റെ അടുക്കലേക്കു ഓടിയടുക്കുവാനുള്ള ശ്രമം.

ഞാന്‍ പതുക്കെ എഴുനേറ്റു, അവരോടു ഒരു ചെറു മന്ദഹാസത്തോടെ പറഞ്ഞു ‘ എനിക്ക് കുഴപ്പം ഒന്നുമില്ല …………’

പക്ഷെ അവര്‍ കേട്ടില്ലാന്നു തോന്നുന്നു …… വീണ്ടും കരഞ്ഞു തുടങ്ങിയിരിക്കുന്നു………

. ഞാന്‍ അവിശ്വസനിയതയോടെ നിലത്തേക്ക് നോക്കി

‘അതെ ഈ ……… നിലത്തു കിടക്കുന്നത് ഞാന്‍ തന്നെയല്ലേ ………..’ ഇപ്പോഴും ചോര വാര്‍ന്നു കൊണ്ടിരിക്കുന്നു , പക്ഷെ ഇതെങ്ങനെ ????. ആളുകള്‍ ഓടിയെത്തി നിലത്തു കിടക്കുന്ന എന്നെ പൊക്കിയെടുത്തു ………പക്ഷെ ഞാന്‍ ഇവിടെ നില്ക്കുകയല്ലേ ????? എനിക്ക് ഒന്നും മനസിലാകുന്നില്ല ഞാന്‍ ഉച്ചത്തില്‍ ആള്‍കൂട്ടത്തോട് പറഞ്ഞു

‘ഏയ് ……എനിക്ക് കുഴപ്പം ഒന്നുമില്ല ഞാന്‍ ഇവിടെ തന്നെ ഉണ്ട്…?’

പക്ഷെ ആരും എന്നെ ശ്രദ്ധിക്കുന്നില്ല , ഞാന്‍ സ്തബ്ധനായി നില്ക്കവേ അവര്‍ ചോര വാര്‍ന്നു നിലത്തു കിടക്കുന്ന എന്നെയും കൊണ്ട് , എന്റെ മുമ്പിലൂടെ നടന്നു നീങ്ങി. എന്റെ തോളില്‍ ഒരു തണുത്ത കരസ്പര്‍ശം, ഞാന്‍ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി , അതൊരപരിചിതന്‍ ആയിരുന്നു ഞാന്‍ ഇതു വരെ അയാളെ ഇവിടെ കണ്ടിട്ടില്ല പക്ഷെ അയാളുടെ മുഖത്ത് പരിചയത്തിന്റെ മന്ദസ്മിതം , അയാള്‍ പറഞ്ഞു.

‘വരൂ നമുക്കൊരിടം വരെ പോകാം …………..’

വളരെ ശാന്തമായി എന്നോട് പറഞ്ഞു കൊണ്ടയാള്‍ എന്റെ കയ്യില്‍ കടന്നു പിടിച്ചു. എന്തൊരു തണുപ്പാണ് അയാളുടെ കയ്ക്ക്, ഞാന്‍ അയാളെ തട്ടി മാറ്റാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

‘ ഏയ് കയ്യിന്നു വിട്, ഞാന്‍ എങ്ങോട്ടും ഇല്ല .’ അല്പ്പം ദേഷ്യത്തോടെ തന്നെയാണ് ഞാന്‍ പറഞ്ഞത്. എന്റെ മറുപടിയില്‍ അയാള്‍ തൃപ്തനല്ലന്നു തോന്നി , അയാള്‍ എന്റെ കൈയ്യില്‍ ഇറുക്കി പിടിച്ചു, അയാള്‍ നടന്നു നീങ്ങി .

എനിക്ക് കലശലായ ദേഷ്യം വന്നു ഞാന്‍ അലറി . ‘ നിങ്ങളാര എന്റെ കയ്യിന്നു വിടു ഞാന്‍ എങ്ങോട്ടും ഇല്ലാന്ന് പറഞ്ഞില്ലേ ….. എനിക്ക് പോകണം .’

ഞാന്‍ വളരെ ഉച്ചത്തില്‍ ബഹളം കൂടികൊണ്ടിരുന്നു, പക്ഷെ , ആ നഗരത്തിലെ തിരക്കേറിയ വീഥി യിലൂടെ ഞാന്‍ ഇത്രയും ബഹളം കൂട്ടിയിട്ടും ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ലായിരുന്നു , അതെ ആരും ഒന്ന് നോക്കുക പോലും ചെയ്തില്ല .

ഞാന്‍ കൂടുതല്‍ കൂടുതല്‍ അതിശയപെട്ടു തുടങ്ങി. ഞാന്‍ അയാളുടെ മുമ്പില്‍ കൂടുതല്‍ ബലഹീനനായി കൊണ്ടിരുന്നു . ഒടുവില്‍ അയാളുടെ കരുത്തുറ്റ കയ്കളെ എനിക്ക് പിന്തുടരേണ്ടി വന്നു.

നടന്നു നടന്നു ഞങ്ങള്‍ നഗരാതിര്‍ത്തി പിന്നിട്ടിരിക്കുന്നു , നിശബ്ദനും നിര്‍വികാരനും ആയ ഇയാള്‍ എന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് ?????.

ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു ……പക്ഷെ ഇപ്പോള്‍ ഇരുട്ടു വീഴുവാനുള്ള സമയം ആയിട്ടില്ലല്ലോ????.

തീര്‍ത്തും അപരിചിതമായ സ്ഥലം , ഇരുട്ടിനു കനം കൂടി വന്നു ദൂരെ ഒരു നിലവിവിന്റെ താഴ്വാരം കണ്ടു തുടങ്ങിയിരിക്കുന്നു , അതെ ആകാശത്ത് ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു. അതൊരു നിശബ്ദത നിറഞ്ഞ കറുത്ത കുന്നിന്‍ ചെരുവായിരുന്നു , അവിടം നിഴലുകളെ പോലെ ശോഭിച്ചിരുന്നു , നിഴല്‍ പൂക്കള്‍ , നിഴല്‍ മരങ്ങള്‍ , നിഴല്‍ വീണ പുല്‍മേടുകള്‍ അങ്ങനെ എല്ലാം നിഴലുകള്‍ മാത്രം , പക്ഷെ അവിടം അനക്കമുള്ള ഒന്നിനെയും ഞാന്‍ കണ്ടില്ല .

ഞങ്ങളും ആ നിഴല്‍ താഴ്വരയോടു ഇഴ ചേര്‍ന്ന് , കയറി തുടങ്ങി , അപ്പോഴും എന്റെ സഹചാരി നിശബ്ദനായിരുന്നു , ഞാന്‍ ആ താഴ്വര ആകാംഷയോടെ നോക്കി കൊണ്ടിരുന്നു ഒടുവില്‍ ഞങ്ങള്‍ ആ കറുത്ത കുന്നിന്റെ മുകളില്‍ എത്തി , എന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല , അവിടെ ഒരുപാട് പേര്‍ , എല്ലാവരും പരിഭ്രമത്തോടെ അവിടെ അവിടെ ആയി നോക്കുന്നു .പക്ഷെ ആര്‍ക്കും ആരോടും സംസാരിക്കാനകുന്നില്ല, എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് , എല്ലാവരുടെയും കൂടെ ഓരോ സഹചാരികള്‍ ഉണ്ടായിരുന്നു അവര്‍ക്കെല്ലാം എന്റെ സഹചരിയുടെ അതെ…… മുഖം ?.

അവിടെ എല്ലാവരും രണ്ടു പേര് ചേര്‍ന്ന സംഘങ്ങള്‍ ആയിരുന്നു .

ഞാന്‍ അയാളെ നോക്കി , അയാള്‍ അപ്പോഴും നിശബ്ദമായി എന്റെ കൈയ്യില്‍ പിടിച്ചു നില്ക്കുകയായിരുന്നു, ഒടുവില്‍ എല്ലാവരെയും പോലെ ഞാനും എന്റെ ഒപ്പമുണ്ടായിരുന്ന സഹചാരിയെ തിരിച്ചറിഞ്ഞിരിക്കുന്നു , പക്ഷെ അവിടെയും എന്റെ ആശ്ചര്യത്തിനു അവസാനം ഉണ്ടായില്ല …………

ഞങ്ങള്‍ ഇപ്പോള്‍ കുന്നിന്റെ ഒത്ത മുകളില്‍ എത്തി, ഞാന്‍ പുറകോട്ടു തിരിഞ്ഞു നോക്കി ….. അതെ ആ താഴ്വര ഇപ്പോഴും നിഴലുകളില്‍ ആണ് .

ഞാന്‍ മുമ്പിലെക്കു നോക്കി ……. അതാ……… എന്റെ മുമ്പില്‍ ഒരു പുതിയ താഴ്വാരം …. ‘പച്ചപ്പിന്റെ ഒരു പുതിയ താഴ്വാരം …….’ പച്ച ‘ പ്രതീക്ഷയുടെ നിറമല്ലേ ?????’

പെട്ടന്നാണ് അത് സംഭവിച്ചത് , എന്റെ മുമ്പില്‍ നിന്നയാള്‍ അയാളുടെ സാഹചരിയുടെ കൂടെ കുന്നില്‍ നിന്നും താഴേക്ക് ചാടി , ഞാന്‍ ഞെട്ടിത്തരിച്ചു നിന്ന് പോയി , ഇങ്ങനെ ചെയ്താല്‍ അവര്‍ മരിച്ചുപോകില്ലേ?.

പക്ഷെ അവിടെ വീണ്ടും വീണ്ടും ആളുകള്‍ ചാടിക്കൊണ്ടിരുന്നു ഞാന്‍ വിറങ്ങലിച്ചു നിന്നു .

ഒടുവില്‍ എന്റെ സഹചാരി എന്നോട് പറഞ്ഞു .

‘ നമുക്കു പോകുവാന്‍ സമയം ആയി ‘…. ??

എന്റെ ഹൃദയം ഒരു നിമിഷം നിലച്ച പോലെ….. . ഞാന്‍ വിറച്ചു തുടങ്ങി അയാള്‍ സ്‌നേഹത്തോടെ എന്നെ ആലിംഗനം ചെയ്തു ഞങ്ങള്‍ ആ കറുത്ത കുന്നില്‍ നിന്നും പച്ചപ്പിന്റെ താഴ്വാരത്തെക്കു എടുത്തു ചാടി …. ഞാന്‍ എന്റെ കണ്ണുകള്‍ മുറുക്കി അടക്കാന്‍ ശ്രമിച്ചു പക്ഷെ എനിക്കായില്ല …. അയാള്‍ എന്നെ ഇറുക്കി പിടിച്ചു ….. പച്ചപ്പിലേക്കുള്ള ദൂരം കുറഞ്ഞു വന്നു ……അയാള്‍ കൂടുതല്‍ കൂടുതല്‍ എന്നെ മുറുക്കി പിടിച്ചു …. എന്റെ ശരീരം നുറുങ്ങുന്ന പോലെ തോന്നി ….. അയാള്‍ വീണ്ടും വീണ്ടും മുറുക്കി പിടിച്ചു കൊണ്ടിരുന്നു. ഒടുവിലയാള്‍ , എന്നിലേക്ക് അലിഞ്ഞു ചേര്‍ന്നു അപ്പോഴും ഞാന്‍ പച്ചപ്പിലേക്ക് വീണുകൊണ്ടിരുന്നു.

ഞാന്‍ അറിയുന്നു എന്റെ ഓര്‍മ്മകള്‍ നശിച്ചു തുടങ്ങിയിരിക്കുന്നു …… ഞാന്‍ അലറിക്കരഞ്ഞു , പച്ചപ്പ് വളെരെ അടുത്തായി കഴിഞ്ഞിരിക്കുന്നു , അതെ ഞാന്‍ എല്ലാം മറന്നിരിക്കുന്നു…….ഇപ്പോള്‍ എന്റെ കരച്ചില്‍ മാത്രം കേള്‍ക്കാം .

ഒരു നീട്ടിയ കരച്ചിലോടെ , ചോരയില്‍ കുതിര്‍ന്നു ഞാന്‍ ഒരു കോട്ടന്‍ തുണിയിലേക്ക് വീണു ………..തന്റെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എന്നെ നോക്കി ആ സ്ത്രീ വാത്സല്യത്തോടെ ചിരിച്ചു ഒപ്പം ചുറ്റും കൂടി നിന്ന ശുഭ്ര വസ്ത്രക്കാരും.

Generated from archived content: story2_apr2_14.html Author: anil_jayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English